
സ്കൂളിൽ മൂന്നാമത്തെ ബെഞ്ചിൽ,
നാലാമതായി ഞാനും
അഞ്ചാമതായി ഉണ്ണിക്കുട്ടനുമിരിക്കും.ടീച്ചർ കടങ്കഥ പറയുകേം
ഞങ്ങൾ ഒരേ ഈണത്തിൽ
ഉത്തരം പറയുകയും ചെയ്യും.
ടീച്ചറെനിക്ക് മാത്രം മിട്ടായി തരും.ഡ്രിൽ പീരിഡിൽ എന്റെ
തോളത്തു കേറിയവൻ
കൊക്കണം വണ്ടി
കോഴിയിറച്ചി പാടും.
ടീച്ചറവനെ മാത്രം നോക്കി
കണ്ണുരുട്ടുംഎങ്കിലും കാല് കഴച്ചാലും
ഞാനവനെ താഴെയിറക്കില്ല.
അവൻ അള്ളിപ്പിടിച്ചിരുന്ന്
ചെവിയിൽ "കഴിഞ്ഞു പോയ കാലം"
പാടിത്തരും.കഞ്ഞീം പയറും കിട്ടുമ്പോൾ
ടീച്ചറെനിക്കു മാത്രം തോനേം തരും.പയറിന്റെ പാത്രത്തിൽ
മുക്കിയ തവികൊണ്ട്
ടീച്ചറവന്റെ പാത്രത്തിലൊന്ന് തട്ടും.പത്തു പയർ തികച്ചു വീഴില്ല.
ഞാൻ ബെഞ്ചിൽ മുള്ളുമ്പോൾ
ടീച്ചർ ചെയ്യരുതപ്പൂന്ന് സ്നേഹിച്ചു
വിലക്കും.ഉണ്ണിക്കുട്ടൻ നിക്കറിൽ മുള്ളുമ്പോൾ
ടീച്ചറവനെ ചെവിക്കു കിഴുക്കും.പൈസ കിട്ടുന്ന പിള്ളാരെ
എണീപ്പിക്കാൻ ഒച്ച കൂട്ടി
ടീച്ചറവനെ മാത്രം എണീപ്പിച്ചു
നിർത്തും.ഞാനപ്പോൾ ബെഞ്ചിൽ എന്റെയും
അവന്റെയും പേര്
കുത്തി വരയ്ക്കും.