
ഫോക്ലോറിന്റെ സാമൂഹിക പരിസരം
ഫോക്ലോര് പഠനങ്ങള്‍ നമ്മുടെ സാമൂഹിക സാംസ്കാരിക ചരിത്രങ്ങളുടെ ഒരു വീണ്ടെടുപ്പാണെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. ഫോക്ലോര് ഒരു സമൂഹത്തിന്റെ നിലനില്പിനെയും അതിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഒരു ജനസാമാന്യത്തിനിടയില്‍ കൃത്യമായ ഒരു ധര്‍മ്മം ഫോക്ലോറിന് ചെയ്യാനുണ്ടെന്നും അല്ലാത്തപക്ഷം അത് സമൂഹത്തില്‍ നിന്നും സ്വാഭാവികമായും അപ്രത്യക്ഷമാകുമെന്നും പ്രശസ്ത ഫോക്ലോര് ഗവേഷകനായ രാഘവന് പയ്യനാട് നിരീക്ഷിക്കുന്നു. ജനസമൂഹത്തിന്റെ അഥവാ അടിസ്ഥാന ജനതയുടെ സാമൂഹികാവസ്ഥകള്‍ പ്രതിഫലിക്കുന്നതും ഭാവനയുടെ പുതിയ ലോക മാതൃകകള്‍ നിര്‍മ്മിക്കുന്നതുമാണ് ഫോക്ലോര് എന്നും അഭിപ്രായങ്ങളുണ്ട്. ചരിത്രപരമായ സംഭവവികാസങ്ങള്‍, മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപാടുകള്‍ തുടങ്ങിയവ നാടന്‍കലകളുടെ രീതിശാസ്ത്രത്തെ നിര്‍ണ്ണയിക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യന്‍ സാമൂഹിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഫോക്ലോര് പഠനങ്ങളില്‍ ജാതി, സാമൂഹിക അസമത്വങ്ങള്‍, വിലക്കുകള്‍, ചൂഷണങ്ങള്‍ തുടങ്ങിയവ സൃഷ്ടിച്ച സാംസ്കാരിക സംഘര്‍ഷങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവും. ഫ്യൂഡല്‍ കാലഘട്ടം കീഴാള ജനതക്ക്മേല്‍ നടത്തിയ അടിച്ചമര്‍ത്തലുകളോടുള്ള വിസമ്മതങ്ങളും പ്രതിരോധങ്ങളും ഫോക്ലോറിന്റെ വികാസത്തിലും അതുവഴി നാടന്‍കലാരൂപങ്ങളുടെ നിര്‍മ്മിതിയിലും സ്വാധീനം ചെലുത്തിയ മുഖ്യ ഘടകങ്ങളാണ്.
ഒരു സമൂഹം പരമ്പരാഗതമായി നേടിയെടുക്കുന്നതും കൈമാറ്റം ചെയ്തു വരുന്നതുമായ അറിവ് നാടന്കലാരൂപങ്ങള്ക്ക് നിയതമായ ഒരു ഘടന നിര്‍മ്മിച്ച് കൊടുക്കുന്നുണ്ട്. നിരന്തരമായ അവതരണങ്ങളിലൂടെയും പ്രയോഗത്തിലൂടെയും വികസിക്കുന്ന ഒരു സാംസ്കാരിക പരിസരം നാടന്‍കലാരൂപങ്ങളുടെ സവിശേഷതയാണ്. ലിഖിതരൂപങ്ങളെ ആശ്രയിക്കാതെ വാമൊഴി പാരമ്പര്യത്തിലൂടെ ജ്ഞാനോല്പാദന മണ്ഡലത്തിന്റെ ഭാഗമായ അടിമജാതി വിഭാഗങ്ങളുടെ ബൗദ്ധിക-കലാ ശേഷികളിലേക്ക് കൂടെ ഫോക്ലോര് പഠനങ്ങള്‍ വെളിച്ചം വീശുന്നു. ഫ്യൂഡല്‍ ജാതി വ്യവസ്ഥ തീവ്രമായിരുന്ന കേരളത്തില്‍ വിവിധ അടിമജാതി വിഭാഗങ്ങളുടെ ചൂഷണങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്ക്കുമെതിരെയുള്ള പ്രതി-സാംസ്കാരിക മുന്നേറ്റങ്ങള്‍ (counter-cultural movements) കൂടെയായിരുന്നു നാടന്‍കലാരൂപങ്ങള്‍.
പൊറാട്ടുനാടകം – ചരിത്രം, രാഷ്ട്രീയം
“കാട് മലകള്‍ കൂടി പിടയുന്ന
നാടാണ് നമ്മടെ പാലക്കാട്
പൊരിയുന്ന വെയിലത്ത്
തുടികൊട്ടി പാടുന്ന
കരിമ്പനക്കാടുണ്ട് കള്ളുമുണ്ട്...” (കെ.വിശ്വം)
കേരളത്തിലെ, പാലക്കാട് ജില്ലയിലെ അടിമജാതി വിഭാഗങ്ങള്‍ പ്രതി-സാംസ്കാരിക കലാപ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സ്വത്വം (identity) സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ നിന്നാണ് ‘പൊറാട്ട്നാടകം’ രൂപംകൊള്ളുന്നതെന്ന് ചരിത്രപരമായി പറയാം. പൊതുവില്‍ കേരളത്തില്‍ ഉണ്ടായിരുന്ന അനുഷ്ഠാന കലാരൂപങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ മാത്രം നടത്തുന്നതും അതിന്റെ അടിസ്ഥാനപരമായ വരേണ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതുമായിരുന്നു. ഈ മതില്‍ക്കെട്ടുകള്‍ക്ക് അകത്തേക്ക് പ്രവേശനം നല്‍കാതെ അയിത്തം കല്പിച്ച് പുറത്താക്കപ്പെട്ട അടിമജാതികള്‍ തങ്ങളുടെ സ്വത്വാന്വേഷണത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായാണ് പൊറാട്ട്നാടകത്തിന്റെ സൃഷ്ടിയിലേക്ക് എത്തിച്ചേരുന്നത്. ‘പുറം’, ‘ആട്ടം’ എന്നീ വാക്കുകള്‍ ലോപിച്ച് പുറത്താക്കപ്പെട്ട ജനതയുടെ ആട്ടം എന്ന അര്‍ത്ഥത്തിലാണ് ‘പൊറാട്ട്’ ഉണ്ടാകുന്നത്. ഒരുകാലത്ത് ‘പെലാട്ട്നാടകം’ (പുലയാട്ടു നാടകം) എന്ന് സവര്‍ണ്ണ ജാതി വിഭാഗങ്ങളാല്‍ അധിക്ഷേപ്പിട്ടിരുന്ന ചരിത്രത്തില്‍ നിന്ന് തന്നെ ഈ കലാരൂപം സൃഷ്ടിച്ച രാഷ്ട്രീയ-സാമൂഹിക സംഘര്‍ഷങ്ങള്‍/ആഘാതങ്ങള്‍ നമുക്ക് വ്യക്തമാകുന്നതാണ്.
അസാമാന്യമായ കലാ-ബൗദ്ധിക ശേഷികള്‍ പ്രകടമാക്കിയിരുന്ന ‘പാണന്’ സമുദായമാണ് പൊറാട്ട്നാടകത്തിന്റെ നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ളതെന്ന് കളിയാശാന്മാര് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളില്‍ ‘പാണപൊറാട്ട്’ എന്ന പേരിലും ഈ കലാരൂപം അറിയപ്പെടിരുന്നു. തമിഴ് സംസ്കാരം, ഭാഷ എന്നിവയുടെ സ്വാധീനം പാലക്കാടന്‍ ഗ്രാമങ്ങളില്‍ ശക്തമായിരുന്നതിനാല്‍ അവയുടെ പ്രതിഫലനങ്ങള്‍ സ്വാഭാവികമായും പൊറാട്ട്നാടകത്തിലും കാണാന്‍ കഴിയുന്നതാണ്. പൊറാട്ട്നാടകം രൂപംകൊണ്ട കാലഘട്ടം സംബന്ധിച്ച് ഇപ്പോഴും ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ക്കും ഇടയിലാണ് പൊറാട്ടുനാടകം രൂപം കൊണ്ടതെന്ന് വാമൊഴി ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ കരുതാവുന്നതാണ്. ഈ കലാരൂപത്തെ ആധുനികവത്കരിക്കുന്നതില്‍ പൊല്‍പ്പുള്ളി മായന്‍, പുത്തൂര്‍ ചാമുക്കുട്ടി തുടങ്ങിയ കളിയാശാന്മാര് നല്കിയ സംഭാവനകള്‍ അതുല്യമാണ്. അടിസ്ഥാനപരമായ കൃതികളോ മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥയോ ഇല്ലാതെ കാണികളോട് നേരിട്ടുള്ള സാമൂഹിക-സാമുദായിക വിമര്‍ശനങ്ങളാണ് പൊറാട്ടുകള്‍ നടത്തുന്നത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലുമായി മകരം മുതല്‍ ഇടവം വരെയുള്ള മാസങ്ങളിലാണ് സാധാരണഗതിയില്‍ പൊറാട്ട്നാടകങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. ഒരു പൊറാട്ടുനാടക സംഘത്തില്‍ പതിനഞ്ചോളം കലാകാരന്മാര് ഉണ്ടായിരിക്കും. പൊതുവെ പുരുഷന്മാര് തന്നെയാണ് സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതെങ്കിലും അടുത്തകാലങ്ങളിലായി ഈ രീതിക്ക് ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. രാത്രി എട്ടു മണിയോടെ ചെണ്ടയും ഇലത്താളവും ഉപയോഗിച്ചുള്ള കേളികൊട്ടോടെയാണ് പൊറാട്ടുകളി ആരംഭിക്കുക. നാലു കാലുകള്‍ നാട്ടി മുകള്ഭാഗം മറച്ച ഒരു പന്തലില്‍ പെട്രോമാക്സ് വെളിച്ചത്തിലാവും കളി നടക്കുക. പന്തലിന്റെ പിന്‍ഭാഗം അണിയറയും മുന്‍ഭാഗം അരങ്ങും ആയിരിക്കും. ചോദ്യക്കാരന്‍ എന്ന് വിളിക്കപ്പെടുന്ന വിദൂഷകനാണ് സാമൂഹിക വിമര്‍ശനങ്ങളിലൂടെ കളിയെ മുന്നോട്ടു കൊണ്ട് പോകുന്നത്. പന്ത്രണ്ട് മണിക്കൂര്‍വരെ നീണ്ടു നില്ക്കാറുള്ള പൊറാട്ട് നാടകത്തില്‍ വിവിധ അടിമജാതികളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്തമായ നിരവധി പൊറാട്ടുകള്‍ അവതരിപ്പിക്കപ്പെടും. സാധാരണ കലാരൂപങ്ങളില്‍ നിന്നും ഭിന്നമായി, ഉയര്‍ത്തിക്കെട്ടിയ സ്റ്റേജിനു പകരം തറ നിരപ്പില്‍ തന്നെയാണ് പൊറാട്ടുനാടകം അരങ്ങേറുന്നത്. അടിമജാതികളായ കളിക്കാരും കാണികളും തുല്യ സാമൂഹികാവസ്ഥ പങ്കിടുന്നതിന്റെ പ്രതീകവത്കരണമാണ് ഇത്തരം അരങ്ങുകള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം എന്ന് തോന്നുന്നു. പൊതു കീഴാള ഇടങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ തമ്മില്‍ സംഭവിക്കേണ്ട സാമുദായിക രാഷ്ട്രീയ ഐക്യം പൊറാട്ടുനാടകത്തിന്റെ രംഗവേദികള്‍ പോലും കൃത്യമായി സംവദിക്കുന്നുണ്ട്. വരേണ്യ കലാരൂപങ്ങള്‍ ഉദ്പാദിപ്പിക്കുന്ന ‘ശുദ്ധ’വാദ നിലപാടുകളെയും അയിത്താചാരങ്ങളെയും പ്രശ്നവത്ക്കരിക്കുന്നതോടൊപ്പം ജാതി വ്യവസ്ഥയെ തന്നെയാണ് പൊറാട്ടുനാടകം വിമര്‍ശന വിധേയമാക്കുന്നത്.
സാമൂഹിക ബഹിഷ്കരണങ്ങളോട് കീഴാള ജനത നടത്തിയ കലഹങ്ങളാണ് പൊറാട്ട്കളിയിലേക്കും അത് വഴി നവ സാമൂഹിക ഇടങ്ങളുടെ നിര്‍മ്മിതിയിലേക്കും നയിച്ചതെന്ന് ചരിത്രപരമായി സമര്‍ത്ഥിക്കാവുന്നതാണ്. ഫ്യൂഡല്‍ സാമൂഹിക വ്യവസ്ഥിതിയില്‍ സവര്‍ണ്ണ ഭൂവുടമകളും ജന്മികളും നടത്തിയ അടിച്ചമര്‍ത്തലുകളും അത് സൃഷ്ടിച്ച അടിമത്ത സംസ്കാരവും കീഴാള ജനതയെ പൊതുവിടങ്ങള്‍ അപ്രാപ്യമാക്കിക്കൊണ്ട് അതിരുകളിലേക്ക് മാറ്റി നിര്‍ത്തുകയാണ് ഉണ്ടായത്. സാമൂഹിക ഇടങ്ങള്‍ എന്നത് ഒരു സാമൂഹിക ഉത്പന്നമാണെന്നും അത് സ്വാഭാവികമായി രൂപംകൊള്ളുന്നതല്ല മറിച്ച് നിര്‍മ്മിക്കപ്പെടുന്നതാണെന്നും മാര്‍ക്സിസ്റ്റ് ചിന്തകനായ ലെഫബര്‍ നിരീക്ഷിക്കുന്നു. ആ അര്‍ത്ഥത്തില്‍ വ്യവസ്ഥാപിത മുഖ്യധാര ഇടങ്ങളോടും ജാതി നിയമങ്ങളോടും കലഹിച്ചു കൊണ്ട് പൊറാട്ട് നാടകങ്ങളിലൂടെ പ്രതി-കീഴാള ഇടങ്ങള്‍ (subaltern counter-space) അടിമജാതികള്‍ ബോധപൂര്‍വ്വം തന്നെ നേടിയെടുത്തതാണ്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ പൊതുവഴി, ചന്തകള്‍, സ്കൂള്‍, ആശുപത്രികള്‍, കോടതി തുടങ്ങി മുഖ്യധാരയുടെ ഭാഗമായ സവര്‍ണ്ണ നിര്‍മ്മിത ഇടങ്ങളും കൂത്ത്, കൂടിയാട്ടം, കഥകളി പോലുള്ള വരേണ്യ കലാരൂപങ്ങളും അകറ്റിനിര്‍ത്തിയ കീഴാള ജനതക്ക് പരസ്പരം ഒത്തുകൂടി തങ്ങള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ പങ്കുവെക്കാനും വിളിച്ചു പറയാനുമുള്ള സാമൂഹിക ഇടങ്ങളായി പൊറാട്ടുകള്‍ നടക്കുന്ന കൊയ്തു തീര്‍ന്ന പാടശേഖരങ്ങള്‍ മാറുകയുണ്ടായി. അടിമജാതികളായ കളിക്കാരും കാണികളും ചേര്‍ന്ന് തങ്ങളുടെ ആശയവിനിമയത്തിനുള്ള, പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരിടമായി പൊറാട്ട്നാടകത്തെയും പരിസരത്തെയും ക്രിയാതമകമായി നിര്‍മ്മിച്ചെടുത്തു. ഫ്യൂഡല്‍ സവര്‍ണ്ണ ജാതികളുടെ ഉടമസ്ഥതയിലുള്ള പാടങ്ങളിലും പറമ്പുകളിലും പകല്‍വെളിച്ചത്തില്‍ അടിമകളായി പണിയെടുക്കാന്‍ വേണ്ടി നിശബ്ദരായി മാത്രം ഒത്തുകൂടാന്‍ കഴിഞ്ഞിരുന്നവര്‍ സൂര്യന് അസ്തമിക്കുന്നതോടെ പൊറാട്ട് കാണാന്‍ പോവുകയും അതിലൂടെ സംഘടിക്കാനും ശബ്ദിക്കാനുമുള്ള പുതിയൊരു സാമൂഹിക ഇടം കണ്ടെത്തുകയും ചെയ്തു. പരസ്പരം കൂടിച്ചേരാനുള്ള പുതിയൊരു ഇടം നിര്മ്മിച്ചെടുത്തതിലൂടെ ജാതി നിയമങ്ങളെ അതിലംഘിച്ചു കൊണ്ട് സവര്‍ണ്ണ വ്യവസ്ഥിതിയോടുള്ള തങ്ങളുടെ വിസ്സമ്മതം രേഖപ്പെടുത്തുകയാണ് അടിമജാതികള്‍ ചെയ്തത്.
പൊറാട്ടുകളിലൂടെ തങ്ങളുടെ ജാതി സ്വത്വം വിളിച്ചു പറഞ്ഞും അതിന്റെ സാമൂഹികാവസ്ഥ പരിശോധിക്കാന്‍ കാണികളായി എത്തുന്ന അടിമ വിഭാഗങ്ങളെ പ്രചോദിപ്പിച്ചുമാണ് പൊറാട്ട് നാടകം പുരോഗമിക്കുന്നത്. അടിസ്ഥാനപരമായി ജാതി അടിമത്വത്തെ പ്രശ്നവത്ക്കരിക്കുകയും സാമൂഹിക, ഭൗതിക ഇടങ്ങള്‍ക്കു മുകളിലുള്ള വരേണ്യ ജാതികളുടെ അധികാരത്തെ പരോക്ഷമായി ചോദ്യം ചെയ്യുകയുമെന്ന ദൗത്യമാണ് വിവിധ പൊറാട്ടുകള്‍ നിര്‍വ്വഹിക്കുന്നത്. നാം ഇന്ന് സാക്ഷ്യം വഹിക്കുന്ന നവ കീഴാള/സ്വത്വ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയെല്ലാം സാംസ്കാരിക തലത്തിലുള്ള ആദ്യകാല ഇടപെടലുകളില്‍ ഒന്നായി പൊറാട്ട് നാടകത്തെ വിശേഷിപ്പിക്കാവുന്നതാണ്. അക്കാദമിക വ്യവഹാരങ്ങള്‍ കീഴാള രാഷ്ട്രീയ പരിസരങ്ങളില്‍ സജീവമാകുന്നതിനു മുന്‍പ് പൊറാട്ടുകളിലൂടെ അടിമജാതികള്‍ നടത്തിയ സാമൂഹിക-സാംസ്കാരിക വിമര്‍ശനങ്ങളും ജാതി വ്യവസ്ഥയോട് നടത്തിയ വെല്ലുവിളികളും കൂടുതല്‍ ഗൗരവത്തോടെ തന്നെ ഈ കലാരൂപത്തെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന വസ്തുതകളാണ്.
വിവിധ പൊറാട്ടുകള്‍
ദാസിപൊറാട്ട്, മണ്ണാത്തി പൊറാട്ട്, ചക്കിലിച്ചി പൊറാട്ട്, ചെറുമി പൊറാട്ട്, മാതുച്ചി പൊറാട്ട്, കുശവനും കുശത്തിയും, കുറവനും കുറത്തിയും, കവറയും കവറച്ചിയും തൊട്ടിയനും തൊട്ടിച്ചിയും തുടങ്ങി വിവിധ സമുദായങ്ങളെ കുറിക്കുന്ന നിരവധി പൊറാട്ടുകള്‍ ഒരു പൊറാട്ട് നാടകത്തില്‍ അവതരിപ്പിക്കപ്പെടും. ഇതില്‍ ആദ്യമായി അവതരിപ്പിക്കുന്ന ദാസി പൊറാട്ട് ദേവദാസി സമ്പ്രദായത്തിലൂടെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള ആക്ഷേപഹാസ്യങ്ങളാണ് മുന്നോട്ടു വെക്കുന്നത്. മറ്റു പൊറാട്ടുകള്‍ എല്ലാം വ്യത്യസ്ത അടിമജാതി സമൂഹങ്ങളുടെ സാമൂഹികാവസ്ഥകളും അവര്‍ നേരിടുന്ന അരക്ഷിതാവസ്ഥകളും ജാതി സമ്പ്രദായത്തോടുള്ള കടുത്ത പ്രതിഷേധങ്ങളും സംവദിക്കുന്നവയാണ്. ഫ്യൂഡല്‍ ജാതി വ്യവസ്ഥയുടെ ഭാഗമായി ‘കുലത്തൊഴില്‍’ എന്ന അടഞ്ഞ സംവിധാനത്തില്‍ കുടുങ്ങിപ്പോകുന്ന കീഴാള ജനതയുടെ പ്രതിഷേധം പൊറാട്ടുകളില്‍ പ്രകടമായി കാണാം. ‘കര്‍ഷകത്തൊഴിലാളി’ പോലുള്ള മാര്‍ക്സിസ്റ്റ് നിര്‍വ്വചനങ്ങള്‍ അപ:നിര്‍മ്മിച്ചാല്‍ കൊളോണിയല്‍ കാലഘട്ടത്തിലെ പാലക്കാടന്‍ പ്രദേശങ്ങളില്‍ ആ പദം കൂടുതലായും ഉള്‍ക്കൊള്ളുന്നത് ചെറുമന്, കണക്കന് പോലുള്ള അടിമജാതി വിഭാഗങ്ങളെയാണെന്ന് എളുപ്പം മനസിലാക്കാന്‍ സാധിക്കും. ഇത്തരം ഇടതുപക്ഷ ‘റൊമാന്റിക്’ പ്രയോഗങ്ങളെയും ‘മണ്ണിന്റെ മക്കള്‍’ പോലുള്ള സവര്‍ണ്ണ ഭാവനകളെയും സാമൂഹിക സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ആധുനിക കാല പൊറാട്ടുകള്‍ വിമര്‍ശനപരമായി സമീപിക്കുന്നുണ്ട്.
ഭാഷാശാസ്ത്രപരമായും സാമൂഹികപരമായും ഒരു പ്രതി സാംസ്കാരിക മുന്നേറ്റം തന്നെയാണ് പൊറാട്ടുനാടകം ഫ്യൂഡല്‍ കാലഘട്ടത്തില്‍ സാധ്യമാക്കിയത്. സംസ്കൃതവും, സംസ്കൃതം കലര്‍ന്ന വരേണ്യ ‘ശുദ്ധ’ മലയാള ഭാഷാ വ്യവഹാരങ്ങളും മാത്രം ഉപയോഗിച്ചിരുന്ന സവര്‍ണ്ണ കലാരൂപങ്ങളെ കലര്‍പ്പുകളുടെ ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് നേരിടുകയാണ് പൊറാട്ടുനാടകം ചെയ്തത്. ഉപദേശീയതകളും സാമുദായികമായ പ്രത്യേകതകളും മറ്റ് പ്രാദേശികമായ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന കീഴാള ജനതയുടെതായ ഒരു ഭാഷാ വ്യവഹാരം തന്നെ പൊറാട്ടുകള്‍ സൃഷ്ടിച്ചെടുത്തു. ഭാഷയിലെ ശ്ലീല-അശ്ലീല സങ്കല്പങ്ങളെ പുന:ര്നിവ്വചിച്ചും, വ്യവസ്ഥാപിത സദാചാര സങ്കല്പങ്ങളെ അപകടപ്പെടുത്തിയും ലൈംഗികത, തെറി തുടങ്ങിയ പ്രയോഗങ്ങള്‍ പോലും കളിയില്‍ സ്വാഭാവികതയോടെ തന്നെ അവതരിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. കേരളീയ ജാതി സമൂഹം നിര്‍മ്മിച്ചെടുത്ത ഭാഷാ-സാമൂഹിക സദാചാരപരതയെ വെല്ലുവിളിച്ചു കൊണ്ട് അടിമജാതി സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ പൊറാട്ടുനാടകങ്ങളില്‍ പ്രതിഫലിച്ചു.
സാധാരണയായി പുരാണേതിഹാസങ്ങളുടെ പരിസരങ്ങളില്‍ ചുറ്റിത്തിരിയുന്ന വരേണ്യ അനുഷ്ഠാന കലാരൂപങ്ങള്‍ മൃദു ഹൈന്ദവ ബോധം പൊതു ഇടങ്ങളില്‍ നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്. ഭാഷാപരമായ വരേണ്യതക്കപ്പുറം പ്രമേയപരമായും അധീശ സാംസ്കാരിക ഇടപാടുകള്‍ ഇത്തരം അനുഷ്ഠാന കലാരൂപങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനാല്‍ അതിനോട് വിസ്സമ്മതിച്ചു കൊണ്ട് പൊറാട്ടുനാടകം പോലുള്ള പ്രതി സാംസ്കാരിക നിര്‍മ്മിതികളിലേക്ക് അടിമ ജാതികള്‍ എത്തിച്ചേരുകയാണ് ഉണ്ടായത്. ഒരുപോലെ ഭാവനാത്മകവും സര്‍ഗ്ഗാത്മകവുമായ പൊറാട്ടുനാടകം മനുഷ്യാനുഭവങ്ങളുടെ തീക്ഷണതയില്‍ നിന്നും അദൃശ്യമാക്കപ്പെട്ട സാമുദായിക-സാംസ്കാരികതയില്‍ നിന്നുമാണ് രൂപം കൊണ്ടത്. പ്രാദേശികമായ പരിമിതികള്‍ നിലനില്ക്കുമ്പോള് പോലും ജാതി വ്യവസ്ഥയോട് സാധ്യമായ രീതികളിലെല്ലാം പൊറാട്ടുകള്‍ നടത്തിയ കലഹങ്ങള്‍ അനിഷേധ്യമായ ചരിത്രമാണ്. അസാധാരണമായ ബഹ്വര്ത്ഥക വ്യവഹാരങ്ങള്‍ അടിമ ജാതികള്‍ക്കിടയില്‍ രൂപപ്പെടുത്തുവാനും തങ്ങളുടെ രാഷ്ട്രീയ ഉണര്‍വ്വുകള്‍ മുന്നോട്ടു വെയ്ക്കാനും പൊറാട്ടുനാടകങ്ങള്‍ കാരണമായിട്ടുണ്ട്. ജാതി അടിമത്തത്തിനെതിരെ പ്രതിരോധം തീര്‍ത്തും അത് ഉദ്പാദിപ്പിച്ച അന്യവത്കരണത്തിനും അരികുവത്കരണത്തിനുമെതിരെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കിടയില്‍ സ്വത്വബോധം രൂപപ്പെടുത്തിയെടുക്കുന്നതിലും ഈ കലാരൂപം വഹിച്ച പങ്ക് ചെറുതല്ല. വരേണ്യ കലാരൂപങ്ങളില്‍ നിന്നും ഭിന്നമായി സവിശേഷമായ സാമൂഹികമൂല്യങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് തങ്ങളുടേതായ കര്‍തൃത്വം സ്ഥാപിച്ചെടുക്കാന്‍ പൊറാട്ടുകളിയിലൂടെ കീഴാള ജനവിഭാഗങ്ങള്‍ക്ക് സാധിച്ചിരുന്നു. നൈമിഷികമായ ആസ്വാദനത്തോടൊപ്പം പൊറാട്ടുനാടകങ്ങളും അതിന്റെ കാണികളും ചേര്‍ന്ന് സാധ്യമാക്കിയ ഇടങ്ങളും രാഷ്ട്രീയ വ്യവഹാരങ്ങളും പുതിയൊരു ഭാവനാത്മകമായ ലോകമാണ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചെടുത്തത്. മറ്റൊരു തരത്തില്‍, പൊറാട്ടുനാടകം അടിമജാതികളുടെ ധിഷണാപരമായ ചിന്താപദ്ധതികളില്‍ നിന്നും ആവിഷ്കരിക്കപ്പെട്ട ഒരു പ്രതി സാംസ്കാരിക വിപ്ലവമായും കരുതാവുന്നതാണ്.
ശ്രുതീഷ് കണ്ണാടി
കുറിപ്പുകള്‍
- 1. പൊറാട്ടുകളി, കെ.വിശ്വം (1979)
- 2. നവസംസ്കാര പഠനങ്ങള്‍, ഡോ.അസീസ് തരുവണ
- 3. തിരൂര്‍ മലയാളം ബ്ലോഗ് (http://tirurml.blogspot.com/p/24.html)
- 4. പൊറാട്ടുനാടകം, ഡോക്യുമെന്ററി (https://www.youtube.com/watch?v=sq7gBz8oL4w)
- 5. കരിമ്പനക്കാട്, ഡോക്യുമെന്ററി (https://www.youtube.com/watch?v=ltQTmDrtHCg)
- 6. ഇന്‍ഡസ് ആര്‍ക്കൈവ് (http://indpaedia.com/ind/index.php/Cheruman)
- 7. സംസ്ഥാന സാംസ്കാരിക വകുപ്പ് (http://www.keralaculture.org/porattu-folk-art/643)
അഭിമുഖങ്ങള്‍
- 1. കളപ്പെട്ടി വേലായുധന് (കളിയാശാന്)
- 2. മണികണ്ഠന് പന്നിക്കോട് (കളിക്കാരന്)