മലയാളത്തിൽ ഈയിടെ ഇറങ്ങിയ രണ്ടു പുതിയ റാപ്പുകളെക്കുറിച്ചും അവ തമ്മിലുള്ള സ്വീകാര്യതയുടെ സവിശേഷതകളും ചർച്ചചെയ്യാനാണ് ഈ കുറിപ്പിൽ ലേഖകൻ ഉദ്ദേശിക്കുന്നത്. ഒന്ന് വേടൻ എഴുതിയ "വോയ്‌സ് ഓഫ് ദി വോയ്‌സ്ലെസ്സ്" എന്ന റാപ്പും രണ്ടാമത്തേത് നീരജ് മാധവ് എഴുതിയ “പണി പാളി”യും.

ഒറ്റ നോട്ടത്തിൽ എന്തിനാണ് ഇത്തരത്തിൽ രണ്ട് പ്രകടനങ്ങളെ വിലയിരുത്തുന്നത് എന്നുള്ള സംശയം പൊതുവിൽ എല്ലാവരിലും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു പ്രകടനങ്ങളുടെയും പ്രത്യയശാസ്ത്രപരിസരങ്ങളും സമൂഹത്തിൽ വളരെ ചടുലമായി സംഭവിക്കുന്ന മാറ്റങ്ങളുമായും അവക്ക് ശക്തമായ ബന്ധം ഉള്ളതുകൊണ്ടുമാണ് ഇത് അനിവാര്യമാകുന്നത്. ഒരർത്ഥത്തിൽ ഈ മാറ്റം കേവലമായ റാപ്പുകളിൽ വന്ന മാറ്റമല്ലെന്നും കേരളത്തിന്റെയും രാജ്യത്തിന്റെയും തന്നെ സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ ഒരു പ്രത്യേക കലുഷിത കാലഘട്ടത്തിന്റെ മാറ്റത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ബോധ്യമുള്ളവർക്ക് ഇത് എളുപ്പത്തിൽ മനസിലാകുകയും അല്ലാത്തവരെ ഇതൊരു ബാധിക്കാത്ത പ്രശ്നമായി തീരുകയും ചെയ്യും.

വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്സ് ഇറങ്ങി ഒരു ആഴ്ചയാകുന്നതിനു മുൻപേ പണി പാളിയും ഇറങ്ങിയിരുന്നു എന്നാൽ വളരെ പെട്ടെന്ന് തന്നെ പണി പാളി മൂന്ന് മില്യൺ കാഴ്ചക്കാരിലേക്കെത്തി ഒരു മാസം പിന്നിടാറാകുമ്പോൾ ആണ് വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്സ് ഒരു മില്യൺ കാഴ്ചക്കാരിലേക്കെത്തുന്നത്.ഇത് വളരെ പ്രധാനമായി കാണപ്പെടേണ്ട വസ്തുതയാണ്. തുടർന്ന് വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്സ് വളരെയധികം പ്രശംസകൾ നേടുകയും പണി പാളി കാമ്പില്ലാത്ത ഒരു പ്രകടനമായിട്ടു കൂടി അതിന് എന്തുകൊണ്ട് ആദ്യത്തേതിനേക്കാൾ സ്വീകാര്യത ലഭിച്ചു എന്നുള്ള വളരെ പ്രസക്തമായ രാഷ്ട്രീയ ചോദ്യങ്ങൾ ഒരുപാട് ഇടങ്ങളിൽ ഉണ്ടാകുകയും ചെയ്തു. നീരജ് മാധവിന്റേത് ഒരു വിനോദമാണെന്ന് നിഷ്പക്ഷ നിഷ്കളങ്ക നിഗമനങ്ങൾ പലയിടത്തു നിന്നും ഉയർന്നു വരികയും ഉണ്ടായി.

വേടനും നീരജ് മാധവും സുഹൃത്തുക്കൾ ആണെന്നും വേടന്റെ പ്രകടനം പങ്കുവച്ചവരുടെ കൂട്ടത്തിൽ ആദ്യ നാലുപേരിൽ ഒരാൾ നീരജ് ആണെന്നെല്ലാം വരെ വാദങ്ങൾ വന്നു. എഴുത്തുകാരിൽ ഒരാളുടെ സാമൂഹിക സ്ഥാനവും, മുന്നോട്ട് വയ്ക്കുന്ന പ്രകടനങ്ങളുടെ നരേറ്റീവുകളുടെ പ്രത്യയശാസ്ത്ര പരിസരവും എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. ആ ഞെട്ടൽ ഉണ്ടാക്കിയത് തീർച്ചയായും നീരജ് മാധവിന്റെ പണി പാളി അല്ല എന്നതാണ് സത്യം. വിശേഷിച്ചും നീരജ് മാധവിന്റേത് ഒരു നേരം കൊല്ലി റാപ്പ് ആകുകയും വേടന്റേത് നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതിയുടെയും നിഷേധവും അപനിർമാണവും ആകുമ്പോൾ.

വളരെ സിമ്പിൾ ലോജിക്കിൽ വ്യക്തമാക്കിയാൽ നീരജ് പ്രിവിലേജുകളിൽ അടിച്ചുപൊളിച്ചു ജീവിക്കുന്ന ഒരു നേരംപോക്ക് വരികൾ എഴുതുകയും വേടൻ ഇവിടുത്തെ ദളിതരുടെയും ആദിവാസികളുടെയും പോരാട്ടങ്ങളുടെയും അവരേറ്റ അടിച്ചമർത്തലിന്റെയും വരികൾ എഴുതുകയും ചെയ്യുന്നു.

സ്വാഭാവികമായും ദളിത് ആദിവാസി പോരാട്ടങ്ങൾ അരാഷ്ട്രീയ അടിച്ചുപൊളിയെക്കാൾ മൂല്യം കുറവായ ഒന്നായതുകൊണ്ട് പൊതുവിൽ ആളുകൾ പണി പാളിയുടെ രസത്തോട് കൊഞ്ചിക്കുഴയാൻ ആഗ്രഹിച്ചു. ഇവിടെയാണ് മുൻപ് സൂചിപ്പിച്ച സാമൂഹികമായ കലുഷിത കാലഘട്ടത്തിന്റെ സാന്നിധ്യം സവിശേഷമാകുന്നത്. ഒരുപക്ഷെ കുറച്ചധികം കാലം മുന്പായിരുന്നെങ്കിൽ "എന്തുകൊണ്ട് വേടന്റെ വരികളേക്കാൾ പണി പാളി എന്ന ഒരു നേരം കൊല്ലി സ്വീകരിക്കപ്പെട്ടു?" എന്ന ചോദ്യം പോലും ഉണ്ടാകില്ല എന്ന് ഉറപ്പാണ്. അതിനു കാരണം അക്കാലത്തെ അപേക്ഷിച്ച് സമൂഹത്തിന്റെ താഴെത്തട്ടിൽ ആക്രമണങ്ങൾ ഏറ്റുവാങ്ങിയവരുടെ ശബ്ദത്തിനു കൂടുതൽ ദൂരത്തിലേക്കും കൂടുതൽ ആളുകളിലേക്കും സഞ്ചരിക്കാനാകുന്നുണ്ട് എന്നതാണ്. അവരുടെ ദൃശ്യതയെ തടഞ്ഞു നിർത്താനുള്ള കഴിവ് ഈ ഹിന്ദുത്വ സാമൂഹിക ഘടനക്ക് കൈമോശം വന്ന് തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് ഇന്ന് ഈ രണ്ടു റാപ്പുകളുടെയും കാഴ്ചക്കാരുടെ എണ്ണത്തിൽ ഉണ്ടായ വ്യത്യാസം സമൂഹത്തിന്റെ മുഖ്യധാരയിൽ ഒരു പ്രധാന ചർച്ച വിഷയമാകുന്നത്.

ഇതൊരു മലയാളം റാപ്പ് ആയതുകൊണ്ട് തന്നെ വ്യക്തമാക്കട്ടെ കേരളത്തിലെ മുഖ്യധാര ഇപ്പോൾ അടിച്ചമർത്തപ്പെട്ടവരുടെ ഇത്തരം ചോദ്യങ്ങളോട് ഉത്തരം പറയേണ്ടതായി വന്നിരിക്കുന്നു. ഈയടുത്ത കാലത്തായി കേരളത്തിൽ സംഭവിച്ച നീതിനിഷേധങ്ങളിലെല്ലാം അവർ താഴെത്തട്ടിലുള്ളവരോട് ന്യായീകരണങ്ങൾ വ്യക്തമാക്കാൻ നിര്ബന്ധിതരായിട്ടുണ്ട്. ഇത് വെറുതെ സംഭവിച്ചുപോകുന്നതല്ല എന്ന് സാരം. വേടന്റെ വോയ്‌സ് ഓഫ് ദി വോയ്‌സ്ലെസ്സിനേക്കാൾ വളരെ ലളിതമായ ഒരു നേരംകൊല്ലിയാണ് നീരജ് മാധവിന്റെ പണി പാളി എന്നും അതുകൊണ്ടാണ് ഞങ്ങളത് കൂടുതൽ തവണ കേട്ടതെന്നും കേരളത്തിലെ ദലിതുകളോടും ആദിവാസികളോടും മുസ്ലിങ്ങളോടും കേരളത്തിലെ മുഖ്യധാരാ മറുപടി പറയേണ്ടി വരുന്നത് ലേഖകൻ മുൻപ് സൂചിപ്പിച്ച കലുഷിതമായ സമകാലീന ചരിത്ര കാലഘട്ടത്തിലാണ് എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. അവരത്‌ പറഞ്ഞേ തീരു.

ഓൺലൈൻ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഘടനാപരമായി വിവേചനം ചെയ്യപ്പെട്ട് ദേവിക ആത്മഹത്യ ചെയ്തപ്പോൾ അത് ടി.വി ഇല്ലാത്തതുകൊണ്ടാണെന്ന വിഡ്ഢിത്തം മലയാളി മുഖ്യധാരാ പറയുന്നത് ദലിതുകൾ കരുത്താർജിച്ചു വരുന്നതുകൊണ്ടാണ്. പൂന്തുറയിൽ സമരം ചെയുന്ന മത്സ്യത്തൊഴിലാളികൾ സ്വന്തം പ്രശ്നങ്ങളെ തിരിച്ചറിയാതെ ആരുടെയോ സ്വാധീനങ്ങൾക്ക് വഴങ്ങി നിയന്ത്രവിധേയമാകാത്തവരായി മാറുന്നവരാണെന്ന് കേരളത്തിലെ മുഖ്യധാരാ അധിക്ഷേപിക്കുന്നത് അവർക്ക് മുൻകാലങ്ങളിലേതുപോലെ മത്സ്യത്തൊഴിലാളികളെ തിരസ്കരിക്കാൻ കഴിയാത്തതുകൊണ്ടാണ്. ദളിത് വനിതകൾക്ക് മാലിന്യം സംസ്കരിക്കാൻ ഇൻസിനറേറ്റർ പദ്ധതി ഒരുക്കിയപ്പോൾ ദളിതുകളോട് അവർ മറുപടി പറഞ്ഞത് അത് ശവം ദഹിപ്പിക്കുന്ന പദ്ധതി അല്ല മാലിന്യ നിർമാർജന പദ്ധതി ആണെന്നാണ്. ദളിത് സ്ത്രീകൾക്ക് മാലിന്യ സംസ്കരണ പദ്ധതികൾ കൊണ്ടുവരുന്ന ഭരണകൂടത്തിന്റെ ജാതി വെറിയാണ് പ്രശ്നമെന്നത് അവർക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ, ദളിതുകളോട് മറുപടി പറയുമ്പോൾ ഇവരുടെ കൃത്യത നഷ്ടപെട്ടുപോകുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. അതിരപ്പിള്ളിയിൽ ആദിവാസികൾക്ക് വനവകാശമുണ്ടെന്ന് അംഗീകരിക്കാതെ “പിന്നെ വൈദ്യുതി എവിടെ നിർമിക്കും?” എന്ന് ആദിവാസികളോട് അവർ ചോദിക്കുന്നത് ഇതുപോലെ തന്നെ ഉത്തരം മുട്ടിപോയതുകൊണ്ടാണ്. അങ്ങനെ അനേകം അനേകം ചോദ്യങ്ങൾ.ഏറ്റവും ഒടുവിൽ പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷവും കരിപ്പൂരിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷവും നഷ്ടപരിഹാരം നൽകി വിവേചനം ചെയ്തപ്പോഴും അവർ മറുപടി പറയേണ്ടതായി വന്നു. ഇനിയും നഷ്ടപരിഹാരം നൽകും എന്നാണ് അവർ വിവേചനപരമായ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.

ഈ ചരിത്രഘട്ടത്തിലാണ് വേടന്റെ ശബ്ദം മലയാളി മുഖ്യധാരയെ അസ്വസ്ഥപ്പെടുത്തുന്നത്. ഹിന്ദു ബ്രഹ്മണ്യ സമൂഹിക ഘടന രാജ്യത്തെ മറ്റുപലയിടത്തും എന്നതുപോലെ കേരളത്തിലും ശക്തമാണ്. എന്നിരുന്നാലും കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ജാതി ഘടന അപ്രത്യക്ഷമായി എന്ന് കരുതുന്ന മുഖ്യധാരയുടെ ശ്രദ്ധയിലേക്കാണ് വേടന്റെ ശബ്ദം തുളച്ചുകയറുന്നത്.

ഭൂമി അടക്കമുള്ള വിഭവങ്ങളുടെ പങ്കിൽ ദലിതുകളും ആദിവാസികളും എന്തുകൊണ്ട് തിരസ്കരിക്കപ്പെട്ടു എന്ന അതിപ്രധാനമായ ചോദ്യത്തിൽ നിന്നുമാണ് വേടന്റെ വരികൾ ആരംഭിക്കുന്നത്.

"നീർനിലങ്ങളിൻ അടിമയാരുടമയാര്? എന്ന ചോദ്യം കേരളത്തിലെ ബ്രഹ്‌മണ്യ-നായർ അധീശത്വത്തെ മാത്രമല്ല അസ്വസ്ഥപ്പെടുത്തുന്നത്. അത് ഭൂമി അധികാര ബന്ധങ്ങൾ കേരളത്തിൽ തച്ചുടച്ചു എന്ന് പ്രചാരണം നടത്തുന്ന കേരള മുഖ്യധാരയിലെ ഇടതുപക്ഷത്തെ കൂടിയാണ് അസ്വസ്ഥപ്പെടുത്തുന്നത്.

"നീ പിറന്ന മണ്ണിൽ നിന്നെ കണ്ടാൽ വെറുപ്പ്

പണിയെടുക്കും മേനി വെയിൽ കൊണ്ടേ കറുപ്പ്

നിന്റെ ചാഇയിൽ എരിയുന്നില്ല അടുപ്പ്

പിഞ്ചുകുഞ്ഞവൾ അര വയറിൽ കിടപ്പ്

രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്ഞ്

"ചോര നീരാക്കി നീര് മുഴുവൻ വറ്റി വാർന്ന്

നാട് നഗരമാക്കി കൂട് കൂടാരമാക്കി

മണ്ണ് പൊന്നാക്കി, പൊന്ന് നിനക്കന്യമാക്കി"

പോപ്പുലർ ദളിത് ചിത്രീകരണങ്ങളിൽ കാണുന്ന ബലമില്ലായ്മയുടെയും ദൗര്ബല്യത്തിന്റെയും തിരസ്കരമാണ് സത്യത്തിൽ വേടന്റെ ദളിത് ചിത്രീകരണം. പണിയെടുക്കാത്ത കള്ളുകുടിക്കുന്ന വഴിപിഴച്ച ദളിതനല്ല വേടന്റെ ചിത്രീകരണത്തിൽ മറിച്ച് വ്യവസ്ഥയിൽ കൃത്യമായി അവൻ ചൂഷണം ചെയ്യപ്പെടുന്നു എന്ന് ചരിത്രപരമായി വേടൻ വിളിച്ചു പറയുകയാണ്. ദലിതന്റെ അധ്വാനം, അവന്റെ മൂല്യം ഇവിടുത്തെ ഹിന്ദു ബ്രാഹ്മണിക് നായർ ബോധം തകർത്തിരുന്നു എന്ന് അയാൾ വിളിച്ചുപറയുന്നു. അവന്റെ ജീവിത സാഹചര്യങ്ങൾ അവൻ അനുഭവിക്കുന്ന ചൂഷണത്തിന്റെ ഫലമാണെന്നാണ് വേടൻ മലയാളിയോട് പറയുന്നത്. കോളനി വാണങ്ങൾ എന്ന് ദളിതുകളെ അധിക്ഷേപിക്കാൻ ആഗ്രഹമുള്ള മലയാളി മുഖ്യധാരക്ക് അതെല്ലാം സഹിക്കാവുന്നതിനും അപ്പുറമാണ്. കോളനികളിൽ ഉള്ളവരുടെ ജീവിതം അവരുടെ തിരഞ്ഞെടുപ്പാണെന്ന്(Choice) വിശ്വസിക്കുന്ന നിഷ്കളങ്ക ജാതിവെറിയന്മാരാണ് മലയാളികൾ മുഖ്യധാരാ അവരുടെ തലയിലാണ് വേടൻ ആണി അടിക്കുന്നത്.

അടുത്ത വരികൾ അതിലും കൃത്യവും അതിന്റെ പ്രയോഗം അതിലും മൂർച്ചയുള്ളതുമാണ്.

“പൊന്ന് കേട്ടവൻ പിടഞ്ഞു വീണ് ചോരതുപ്പി

നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി

പൊന്നും നീതിയും വിളച്ചെടുത്ത ഭൂമിയും വിളിച്ച് കേണ സാമിയും വെളിച്ചമുള്ള ഭാവിയും

നീ നേടിയില്ല എങ്കിലും നീ വാടിയില്ല, അഗ്നിയിൽ കുരുത്ത്, കണ്ണീരാഴിയിൽ കുളിച്ച്, തുണ്ട് മണ്ണിനായ് കൊതിച്ച്, മണ്ണ് നിന്നെ ചതിച്ച് ,പിന്നിലാരോ കളിച്ച് ,നീതി പണ്ടെ മരിച്ച്.

ദളിതന്റെ അധ്വാനവും അവന്റെ സർഗാത്മകതയും ഊറ്റിയെടുത്ത് വിളിയിച്ച പൊന്ന് തിന്ന കണക്കാണ് സവര്ണരെ വേടൻ ഓർമിപ്പിക്കുന്നത്. ദളിതുകൾ പണിയെടുത്ത് വിളയിച്ച സ്വർണ്ണം പത്മനാഭ ക്ഷേത്രത്തിൽ പൂത്തി വെച്ചിട്ട് അതിൽ ഇപ്പോഴും രാജാക്കന്മാർക്ക് അവകാശമുണ്ടെന്ന് വിധിക്കുന്ന കോടതിയുള്ള, അതിന് കയ്യടിക്കുന സവർണ ബോധമുള്ള നാട്ടുക്കാരുമുണ്ടിവിടെ. അവിടെ വേടന്റെ ഇത്തരം ചരിത്ര സത്യങ്ങൾ ആളുകളെ അസ്വസ്ഥരാക്കിയില്ലെങ്കിലേ നമ്മൾ ഞട്ടേണ്ടതുള്ളൂ.

ബ്രഹ്മണ്യ നായർ അധീശത്വത്തിന്റെ ഈ സവർണ്ണ ചൂഷണത്തിൽ ഒന്നും തന്നെ നേടാൻ ദളിതന് ചരിത്രപരമായി കഴിഞ്ഞില്ലെങ്കിലും അവൻ തകർന്നു പോയില്ലെന്നും തനിക്ക് ഭാവി വിളയിച്ചെടുക്കാൻ ഒരല്പമെങ്കിലും ഭൂമി ലഭിക്കുമെന്ന് ആശിച്ചിരുന്ന ദളിതനെ പിന്നിലാരോ ചതിച്ചു എന്ന് വേടൻ കൃത്യമായി സൂചിപ്പിക്കുന്നു. ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ പോലും ജാതി കോളനികളിലേക്ക് ദളിതുകളെ ഒതുക്കിയ കേരള രാഷ്ട്രീയ ചരിത്രത്തെ കുറിച്ചാണ് അയാൾ വ്യക്തമാക്കുന്നത്. “പിന്നിൽ നിന്ന് കളിച്ചു” എന്ന് കൃത്യമായി ചെന്ന് കൊള്ളുന്നത് ഭൂപരിഷ്കരണ രേഖയിൽ ഭൂമിയുടെ ജാതി വിവേചനം വ്യക്തമാക്കാതെ ഒളിപ്പിച്ചു വെച്ച മാർക്സിസ്റ് സൈദ്ധാന്തികരിലാണ്. ഭൂഅധികാരത്തിൽ നിന്നും ദളിതുകളെ നയപരമാക്കി വിവേചനം ചെയ്ത, ദളിതുകളുടെ മുഖ്യപങ്കിന്റെ വോട്ടും വാങ്ങി ജയിച്ചിട്ടും അവർക്ക് നയപരമായി ഗുണം ചെയ്യാതെ പിന്നിൽ നിന്നും കുത്തിയതിനെക്കുറിച്ചു കൂടിയാണ് വേടന്റെ പാട്ട്.

കേരളത്തിലെ മുഖ്യധാര ഹിന്ദു നായർ അധീശത്വത്തിൽ രൂപപ്പെട്ടിരിക്കുന്നത് പോലെ ഇടത് ബ്രാൻഡ് വാല്യൂവിൽ കൂടി മെനഞ്ഞെടുത്തതാണ്. ഇടത് പ്രത്യയശാസ്ത്രങ്ങൾ ജനങ്ങൾക്കിടയിൽ പ്രബലമാണ് എന്ന അർത്ഥത്തിലല്ല മറിച്ച് ഇടത് പാർട്ടികളോട് സാംസ്കാരികമായി കൂറുള്ള ജനങ്ങളാണ് അധികവും എന്നതിലാണ്. ഇടത് പാർട്ടി ബോധത്തിലാണ് നിലനിൽക്കുന്നത് എന്ന് വിശ്വസിക്കുന്നത് ഒരു അധിക മൂല്യമായിട്ടാണ് മുഖ്യധാര കേരളം കരുതിപ്പോരുന്നത്. ഇവരെകൂടി വേടൻ ഇത്തരത്തിൽ വേദനിപ്പിക്കുന്നു. സാദാരണ ഗതിയിൽ ദളിത് സാംസ്‌കാരിക രൂപങ്ങളെയും മുന്നേറ്റങ്ങളെയും അപ്രോപ്രിയേറ്റ് ചെയ്യാൻ ശ്രമിക്കാറുള്ള ഇടത് ചേരി, വേടനെക്കുറിച്ചു നിശബ്ദമാകുന്നത് ഈ വിമർശനങ്ങൾ കൃത്യമായി അവർക്ക് ഏല്കുന്നതുകൊണ്ടാണ്.

കണ്ണിൽ കാണാത്ത ജാതി മത വേർപാട്

യുഗങ്ങളായ് തുടങ്ങി ,ഇനിയുമെന്നെ വേട്ടയാട്

അടങ്ങി നിൽക്കുവാൻ ,അയ്യോ ഞാൻ പെട്ട പാട്

എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്

ഞാൻ പാണനല്ല പറയനല്ല പുലയനല്ല, നീ തമ്പുരാനുമല്ല, ആണേൽ ഒരു മൈരുമില്ല ..

അവസാന ഭാഗങ്ങളോടടുത്ത് വേടൻ കൃത്യമായി ഇത് ഹിന്ദുത്വ സവർണ്ണ ജാതി ഘടനയാണെന്ന് പറയുന്നു. നിങ്ങൾ പ്രിവിലേജുകളിൽ അഭിരമിക്കുമ്പോൾ, ഞങ്ങൾ ചരിത്രപരമായി നിങ്ങളുടെ അടിച്ചമർത്തൽ ഏറ്റുവാങ്ങിയിരുന്നു എന്നും അയാൾ പറയുന്നു. ഇപ്പോഴും നിങ്ങളുടെ ഓർമകളിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണ്യ നായർ അധീശത്വഘടന ഞങ്ങളെ സംബന്ധിച്ച് "മൈരാണ്" എന്നാണ് വേടൻ അവരെ നോവിച്ചുകൊണ്ട് പറയുന്നത്. ചരിത്രത്തിൽ ദലിതുകലടക്കമുള്ള അടിച്ചമർത്തപ്പെട്ടവർ എപ്പോഴും അസ്വസ്ഥനായിരുന്നു എന്ന വരികൾ ജാതിവ്യവസ്ഥ ദലിതുകളുടെ തിരഞ്ഞെടുപ്പാണെന്നും അവരും ജാതി ആചരിക്കുന്നുണ്ടെന്നുമുള്ള വഞ്ചനാപരമായ വാദങ്ങളുടെ മുനയൊടിക്കുന്നു.

ഇനിയും കാലമില്ല, കാത്തിരിക്കാനാകുകില്ല പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല

എനിക്ക് വേണ്ടതോ,

എനിക്ക് വേണ്ടതല്ല, ഞങ്ങൾക്ക് വേണ്ടത്, നീ തരാൻ മടിച്ച് ,ഞങ്ങളേറേ കൊതിച്ച്

അതിനായെത്ര പേർ മരിച്ച്, കണ്ട് കണ്ട് നീ ചിരിച്ച്

വേടന്റെ രാഷ്ട്രീയ വ്യക്തതയുടെയും സമൂഹത്തിൽ ജാതി അധീശത്വത്തിന്റെയും ബോധ്യപ്പെടലുകൾ എത്രമാത്രം സൂക്ഷമമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വരികൾ. ഇനിയും ഈ അടിച്ചമർത്തൽ പൊറുക്കാൻ കഴിയില്ലെന്ന് അതിനിനി ക്ഷമ ബാക്കിയില്ലെന്നും പറഞ്ഞതിന് ശേഷം അയാൾ പറയുന്നത് എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് എന്നാണ്. അത് വെറുതെ ഭാഷയുടെ ഒഴുക്കിനായി പറയുന്നതല്ല മറിച്ച് രോഹിത് വെമുലയുടെയും രജനി എസ് ആനന്ദിന്റെയും വിനായകന്റെയും ദേവികയുടെയും അടക്കം ഈ വ്യവസ്ഥയുടെ രക്തസാക്ഷികളുടെ ശബ്ദമാണത്. ദേവികയുടെ രക്തസാക്ഷിത്വത്തിന് ശേഷം കോളനികളിലേക്ക് ടി വി യുമായി കടന്നു ചെല്ലുന്ന ഇടതു കേരളത്തിനോടാണ് ആ വാക്കുകൾ സംസാരിക്കുന്നത്. എനിക്ക് വേണ്ടതല്ല, ഞങ്ങൾക്ക് വേണ്ടത്. നിങ്ങൾക് ഒരാൾക്ക് ചെയ്തുകൊടുക്കുന്ന ചാരിറ്റി പ്രവർത്തനമല്ല ഞങ്ങളുടെ പ്രശ്നം, മറിച്ച് അത് ഞങ്ങളുടെ രാഷ്ട്രീയവും നയപരവുമായ പ്രശ്നമാണ്.

നീ തരാൻ മടിച്ചു ഞങ്ങൾ ഏറെ കൊതിച്ചു അതിനായി എത്ര പേർ മരിച്ചു എന്ന വരികൾ കേരളത്തിൽ ഭരണകൂടത്തിന്റെ നയം മാറ്റങ്ങൾക്കായി സമരം ചെയ്ത് രക്തസാക്ഷികളായവരെ കുറിച്ചാണ്. മുത്തങ്ങയിൽ വെടിവെച്ചുകൊന്ന ജോഗി മുതൽ ബീമാ പള്ളിയിൽ ഭരണകൂടം കൊന്നു തള്ളിയ മുസ്ലിങ്ങൾ വരെ അതിൽ പെടും. കേരളത്തിലെ ഭൂസമരങ്ങളിലും ദലിത് ആദിവാസി സമരങ്ങളിലും നിലനില്കുന്നവർ എന്നല്ല പോലീസുകാർ ചവിട്ടിക്കൊന്ന വിനായകൻ വരെ അതിൽ പെടും. ഇവരുടെയെല്ലാം അസ്തിത്വവും നിലനില്പും തന്നെ ഒരു സമരമാണ്. നിങ്ങൾ തരാൻ മടിച്ചു നിന്ന, അവർക്ക് അനുകൂലമായ നയങ്ങളെയാണ് വേടൻ കൃത്യമായി സൂചിപ്പിക്കുന്നത്. ഞങ്ങളുടെ രക്തസാക്ഷിത്വത്തെ "കണ്ട് കണ്ട് നീ ചിരിച്ചു" എന്നുള്ള വരികൾ ഭരണകൂടത്തിൽ "ഞങ്ങൾ ഇല്ല" എന്നുള്ളതാണ് അർത്ഥമാക്കുന്നത്. നോക്കു, നിങ്ങൾ നടപ്പാക്കുന്ന സവർണ പ്രാതിനിധ്യം തന്നെയാണത്, നിങ്ങളുടെ രാഷ്ട്രീയ പാർട്ടികളിൽ ഞങ്ങൾക്ക് വേണ്ടതായ പ്രാതിനിധ്യം ഇല്ലെന്നാണ് വേടൻ വ്യക്തമാക്കുന്നത്.

അല്ല അല്ല അല്ല അല്ലലില്ല നാളതില്ല

ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല

കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും

കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും

പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും പേറ്റുനോവെടുത്ത തള്ളപള്ളയിൽ കനൽ നിറക്കും

കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ

അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ

മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ

അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ

സമൂഹത്തിന്റെയും രാജ്യത്തിൻറെ തന്നെയും രാഷ്ട്രീയ അധികാര വ്യവസ്ഥയെയും അതിന്റെ ജീര്ണതയെയും അയാൾ വിമര്ശനവിധേയമാക്കുന്നുണ്ട്. രാജ്യത്തെ കട്ടുമുടിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ അതിനെതിരെ പോരാടുവാൻ രോഹിത് വെമുലയെപോലെ നിരന്തരം കനലായി എരിഞ്ഞു തീകൂട്ടാൻ കഴിയുന്ന മക്കളെ രാധിക വെമുലയെപോലെയുള്ള അമ്മമാർ ഈ സമൂഹത്തിനു നല്കികൊണ്ടിരിക്കും. ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ വന്നു ഭരിച്ചിട്ടും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് മെച്ചപ്പെട്ട ഭാവി കാണാൻ കഴിഞ്ഞില്ല എന്നയാൾ ഉറപ്പിക്കുന്നു. കറുത്തവരുടെ പോർക്കങ്ങളും വിജയങ്ങളും ചരിത്രത്തിലെ പുസ്തകങ്ങളിൽ ഇടം പിടിച്ചില്ല എന്ന് പറയുമ്പോഴാണ് അതിനു മുൻപേയുള്ള “പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറയ്ക്കും” എന്ന വരികൾ കൂടുതൽ അര്ഥവത്താകുന്നത്. വരും തലമുറ ഈ വ്യവസ്ഥിതിയെ എരിച്ചു കളയാൻ കഴിയുന്ന കരുത്തുറ്റവരായിരിക്കും എന്നാണ് വേടൻ പറഞ്ഞുവക്കുന്നത്.

കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി

തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി തിവ്രവാദി

എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി

കനലൊരു തരി മതി ഒരുതരി മതി തരി മതി.

പിന്നീടങ്ങോട്ടുള്ള രൂപകങ്ങൾ കുറച്ചുകൂടി എളുപ്പമുള്ളതും കൃത്യതയാർന്നതുമാണ്. സംഘപരിവാറിന്റെ നേതൃത്വത്തിൽ ദേശീയ വാദം എന്ന അക്രമണോല്സുകതയിൽ പൊതിഞ്ഞ ബ്രഹ്മണ്യ അധീശത്വ വ്യവസ്ഥയാണുള്ളത്. പൗരന്മാരുടെ നികുതിപ്പണം ധൂർത്തടിച്ച് ഊരുചുറ്റുന്ന ഭരണാധികാരി മോഡി തന്നെയാണ്, മുസ്ലിം കൂട്ടക്കൊലകൾ നടപ്പാക്കിയ അമിത് ഷായാണ് "വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി" എന്ന് വേടൻ വ്യക്തമാക്കുന്നത്. അവരെ ചോദ്യം ചെയ്യുന്ന മുഴുവൻ ആളുകളെയും ദേശദ്രോഹി പട്ടം അടിച്ചേൽപ്പിച്ചു ഉന്മൂലനം ചെയുന്ന പദ്ധതിയെയാണ് വേടൻ ഒറ്റവരിയിൽ സൂചിപ്പിക്കുന്നത്. എഴുതിയ വരികൾ മുഴുവൻ തന്റെ സ്വത്വത്തിന്റെ പേരിൽ താനേറ്റ വഞ്ചനകൾ ആണെന്നും വേടൻ വ്യക്തമാക്കുന്നു. എന്നാൽ തന്റെ വരികൾ അവസാനിപ്പിക്കുന്നത് പേറ്റു നോവെടുത്ത തള്ളമാർ പറ്റിടുന്ന അനേകം കനലെരിയുന്ന തലമുറകളെക്കുറിച്ചും അവരുടെ സംഹാര ശേഷിയെക്കുറിച്ചും ഈ അധീശത്വ വ്യവസ്ഥയെ ഓര്മിപ്പിച്ചുകൊണ്ടാണ്.

ഇത്തരത്തിൽ രാഷ്ട്രീയമായും സൈദ്ധാന്തികമായും നയപരമായും വൈകാരികമായുമുള്ള സകലപ്രതലങ്ങളെയും ദളിത് ആദിവാസി പക്ഷത്തു നിന്നും നോക്കി കാണുന്ന പുതിയ ജ്ഞാനവ്യവസ്ഥയുടെ കുന്തമുനകളിൽ ഒരാളാണ് വേടൻ. അയാൾക്ക് നവ അംബേദ്കറൈറ്റ് മുന്നേറ്റങ്ങളിലെ ഇണങ്ങാത്ത പ്രതിഷേധത്തിന്റെ സ്വരമാണ്. അതിനെ സ്വീകരിക്കുക എന്നത് മലയാളി സവർണ്ണ മുഖ്യധാരക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. അയാൾ വിളിച്ചു പറയുന്ന വസ്തുതകൾ മലയാളിയുടെ സവർണ്ണ യുക്തിക്കകത്ത് വേദന ഉണ്ടാക്കുന്നുണ്ട്. അത് കേവമായ ബ്രഹ്മണ്യ നായർ ബോധത്തെ മാത്രമല്ല പ്രബലമായ ഇടതുപക്ഷ രക്ഷാ കർത്തൃത്ത ബോധത്തെകൂടിയാണ് വേദനിപ്പിക്കുന്നത്. രണ്ടു പ്രധാന അധീശത്വ ബോധ്യങ്ങൾ ഒന്ന് ബ്രഹ്മണ്യ നായർ അധീശത്വം രണ്ട് ഇതേ അധീശത്വത്തിന്റെ മറ്റൊരു ഭാഗമായ ഇടത് രക്ഷാകര്തൃത്വ അധീശത്വം ഇതിനെ രണ്ടിനെയും നോവിക്കുന്നത്കൊണ്ടാണ് സത്യത്തിൽ നീരജ് മാധവിന്റെ പണി പാളി എന്ന നേരം കൊല്ലി കൊഞ്ചിക്കുഴയൽ വേടന്റെ പാട്ടിനേക്കാൾ സുന്ദരമായി മലയാളി മുഖ്യധാരക്ക് അനുഭവപ്പെടുന്നത്. പക്ഷെ അവർക്ക് തിരസ്കരിക്കാൻ കഴിയാത്ത അത്രകരുത്തരായി ദളിത് ആദിവാസി മുന്നേറ്റങ്ങൾ പരിണമിക്കുന്നതുകൊണ്ട് വേടന്മാർ ഇനിയും അനേകം അനേകം അവരുടെ പാട്ടുകളുമായി ഈ അധീശത്വത്തെ അപനിര്മിച്ചുകൊണ്ടിരിക്കും...

Aravind Indigenous.

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 6:39 pm INDIA