"ജാതിയെന്ന ഒരു കാര്യം എല്ലാവർക്കും അറിയാം. പക്ഷേ, അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല"-

സതീഷ് ദേശ്പാണ്ഡേ

കല കലയ്ക്കു വേണ്ടിയോ, ജീവിതത്തിന് വേണ്ടിയോ എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ചോദ്യത്തിന്മേലുള്ള സംവാദം ഇപ്പോഴും തുടരുന്നുണ്ടാകാം. എന്നാൽ, റാഡിക്കലായ സംഭാവനകളൊന്നും നൽകാത്ത സാഹിത്യവും കലയും പ്രോത്സാഹനാർഹമല്ല എന്ന വാദത്തിനാണ് ആധുനിക ലോകത്തിൽ മുൻകൈ ലഭിക്കുന്നത്. സമൂഹത്തിന്റെയും സാംസ്കാരത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ അസ്ഥിരപ്പെടുത്തുന്ന പ്രതിലോമകരമായ ആശയങ്ങൾ സർവ്വ നിലയിലും പുരോഗമന പക്ഷത്ത് നിലകൊള്ളുന്നവർക്ക് അസ്വീകാര്യമാണ്. മഹത്തായ സാംസ്ക്കാരിക ഈടുവയ്പ്പുകളെ നിരാകരിക്കുന്ന, അഭിലഷനീയ മാറ്റങ്ങളെ ഉൾക്കൊള്ളുക എന്ന നൈതിക കടമ നിർവ്വഹിക്കാത്ത സാഹിത്യം ദൃശ്യമാധ്യമ സംസ്ക്കാരവും വിചാരണ ചെയ്യപ്പെടേണ്ടതാണ് എന്നതിൽ രണ്ട് പക്ഷമില്ല. സ്ത്രീവിരുദ്ധ ആശയങ്ങളും ജാതി-വംശീയ അധിക്ഷേപങ്ങളും അശ്ശീലച്ചുവയുള്ള ഡയലോഗുകളും കുത്തി നിറച്ച്, ഹാസ്യത്തിന്റെ മേമ്പൊടിയിൽ വിളമ്പുന്ന അധമ ദൃശ്യവിരുന്നുകളുടെ എണ്ണം കൂടി വരുന്ന കാലത്ത് മാധ്യമ ധാർമ്മികതയും നൈതികതയും സംബന്ധിച്ച് വാർത്താവലോകനങ്ങളിൽ മാത്രമല്ല എന്റെർടൈംമെന്റ് പ്രോഗ്രാമുകളെ സംബന്ധിച്ചും പുതിയ സംവാദങ്ങൾ അനിവാര്യമായിരിക്കുന്നു. പറഞ്ഞു വന്നത്, അതിവേഗം വ്യാപരിക്കുന്ന വൈറസായ ബോഡി ഷെയിംമിങ്ങിനെക്കുറിച്ച് തന്നെയാണ്.

ഒരാളുടെ അന്തസ്സിനെ ഹനിക്കും വിധം, അവളുടെ / അയാളുടെ ശരീരത്തെ പൊതു ഇടങ്ങളിൽ അപമാനിക്കുകയും അവമതിക്കുകയും ചെയ്യും വിധം മറ്റൊരാളുടെ ബോധപൂർവ പെരുമാറ്റത്തെയാണ് ബോഡി ഷെയിമിംഗ് എന്ന വാക്കുകളാൽ വിവക്ഷിക്കുന്നത്. ശരീരഘടന, വലിപ്പം, വർണ്ണം, എന്നിവയെല്ലാം അധിക്ഷേപിക്കപ്പെടാം. കളിയിടങ്ങൾ, ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ഓഫീസുകൾ, ആഘോഷവേളകൾ, സോഷ്യൽ മീഡിയകൾ ഇതരപൊതു ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ കളിയാക്കലുകൾ അരങ്ങേറുന്നു, പരിഹാസച്ചിരികൾ മുഴങ്ങുന്നു. വ്യക്തികളുടെ മനസ്സിനെ ഇത് പലപ്പോഴും ആഴത്തിൽ മുറിവേൽപ്പിക്കുന്നു. ചിലരെങ്കിലും ആത്മഹത്യയിൽ വിലയം പ്രാപിക്കുന്നു ! കറുത്തവർ, തടിച്ചവർ, പൊക്കം കുറഞ്ഞവർ, മെലിഞ്ഞവർ, ട്രാൻസ് ജൻഡേഴ്സ് എന്നിവരാണ് ഈ അധമ ബോധം വച്ചു പുലർത്തുന്നവരുടെ വേട്ടമൃഗങ്ങൾ. "എന്നെയൊന്ന് കൊന്നു തരൂ" എന്ന് പറഞ്ഞ് ഏങ്ങിക്കരഞ്ഞ കുഞ്ഞു ക്വാഡൻ ബെയിലിന്റെ ദയനീയ മുഖം ലോകത്തിന്റെയാകെ ഉള്ളുലച്ചു. ആ ഒൻപതു വയസ്സുകാരന് ഐക്യദാർഢവുമായി ലോകമൊന്നാകെ അണിനിരന്നതും നാം കണ്ടതാണ്.

കൊച്ചു ക്വാഡൻ ബെയിലിന്റെ ഉള്ളുപൊള്ളുന്ന നൊമ്പരം ഇത്തരത്തിൽ ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല. പ്രബുദ്ധ കേരളത്തിലെ ക്ലാസ്സ് മുറികളിൽ കറുത്ത കുട്ടികൾ നേരിടുന്ന സ്പർധയ്ക്കും വിവേചനങ്ങൾക്കും നൂറായിരം അനുഭവ സാക്ഷ്യങ്ങളുണ്ട്. അത് നഴ്സറി മുതൽ ക്ലാസ്സിന് പരിധിയില്ലാത്ത വിധം നീളുന്നു. അവരുടെ ലാസ്റ്റ് ബഞ്ച് ഇരിപ്പിടങ്ങൾക്ക് ഇന്നും സ്ഥാനചലനം വന്നിട്ടില്ല. അവർക്ക് കൂട്ടുകാർ കുറയുന്നു. കരുമാടി, കരിംഭൂതം, കരിഞ്ഞവൾ, കരിവണ്ട് എന്നിങ്ങനെ അപരനാമങ്ങളും അവരെ പിൻതുടരുന്നു. ഇങ്ങനെ കുട്ടികൾ നേരിടുന്ന അപമാനത്തിന്റെ, ഒറ്റപ്പെടലിന്റെ വേദന അധികഠിനമാണ്. നിസ്സഹായരായ പഠിതാക്കളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ സമൂഹം കേൾക്കാതെ പോകുന്നു. സമാനമായ നീചവും നികൃഷ്ടവുമായ പെരുമാറ്റം അധ്യപകരിൽ നിന്നും അവർ നേരിടുന്നുണ്ട് എന്നത് ജീർണ്ണതയുടെ ആഴം വെളിവാക്കുന്നു. അപമാനത്തിന്റെ പൊള്ളലേറ്റ് വാടിത്തളരുന്ന കുട്ടികളുടെ മനസ്സിലേൽക്കുന്ന മുറിവ് ജീവിതത്തിലുടനീളം ഉണങ്ങാതെ നിൽക്കുന്നു. സമാന അനുഭവങ്ങൾ ഒരിക്കലെങ്കിലും നേരിടാത്ത കറുത്ത വർണ്ണക്കാർ ഉണ്ടാകില്ല. പത്താംതരത്തിലെ ക്ലാസ്സ്മേറ്റ്സ് വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലേഖകനെ സഹപാഠിയായ ഒരു ലോകാ സമസ്താ സുഖ്നോ ഭവന്തുക്കാരൻ വിശേഷിച്ചത് കറുത്ത അട്ടയോടാണ് ! സർവ്വ പൊതു ഇടങ്ങളിലും കറുപ്പ് ഇത്തരത്തിൽ അപമാനിതമാകുന്നുണ്ട്. ഇത് കറുപ്പിനോടുള്ള വെറുപ്പ് മാത്രമായി ലഘൂകരിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യരുത്. കാരണം, കറുപ്പിനോട് പുലർത്തുന്ന കലിപ്പ് ജാതി ബന്ധിതമാണ്, വർണ്ണവിവേചനം ചൂഴ്ന്നു നിൽക്കുന്നതാണ്. ഇത്തരം ജീർണ്ണ സംസ്കാരത്തിന്റെ സ്വാധീനം ദൃശ്യമാധ്യമങ്ങളിൽ ഉണ്ടാകുക തികച്ചും സ്വഭാവികം മാത്രം !

സാക്ഷര കേരളത്തിന്റെ പ്രബുദ്ധ വായ്ത്താരികൾ ഒരു പെരും നുണയാണെന്ന് സാക്ഷ്യപ്പെടുത്തും വിധം ദൃശ്യമാധ്യമങ്ങളിൽ ബോഡി ഷെയിമിംഗ് വ്യാപകമാകുന്നു എന്നത് അത്യന്തം ആശങ്കാജനമാണ്. നിലവാരത്തിൽ ശരാശരിയ്ക്ക് താഴെ നിൽക്കുന്ന കോമഡി ഷോകളാണ് ശരീര അധിക്ഷേപത്തിന്റെ പ്രധാന വിപണി. കറുത്ത മനുഷ്യരെ കളിയാക്കൽ മാത്രമല്ല, ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ എന്നിവ മലയാളികളുടെ സ്വീകരണ മുറികൾക്കുള്ളിൽ കുടുംബ സദസ്സുകളെ ഹരം കൊള്ളിക്കുന്നു ! സീരിയലുകൾ ഉയർത്തുന്ന സാമൂഹിക - സാംസ്ക്കാരിക ജീർണ്ണത മറ്റൊരു ഗൗരവ വിഷയമാണ്. പ്രബുദ്ധ മലയാളികൾ സ്വന്തം വീട്ടകങ്ങളിലെ ഇത്തരം കാഴ്ച്ചാ വൈകൃതങ്ങളോട് ഐക്യപ്പെട്ട് ആസ്വാദകരാകുന്നത് തീർത്തും പ്രതിലോമകരമാണെന്ന് പറയാതെ വയ്യ. രാജ്യത്തെ ഒന്നാമത്തെ സാക്ഷരതാ നിരക്കിനോടും മെച്ചമെന്ന് മേനി നടിക്കുന്ന പ്രബുദ്ധതയോടും സാംസ്ക്കാരികോൽക്കർഷാവാദത്തിനോടും നീതി പുലർത്താത്ത ദൃശ്യമാധ്യമ സംസ്ക്കാരമാണ് കേരളം ദൈനംദിനമെന്നോണം വിനിമയം ചെയ്യുന്നത്.

ലോകത്തിന് മുന്നിൽ നാം ഊറ്റം കൊള്ളുന്ന മധുര മനോജ്ഞ കേരളം, മറുപുറത്ത് അഴുകി ദ്രവിച്ച യാഥാസ്ഥിതിക ശേഷിപ്പുകളുടെ ശവക്കൂനകൾ കൂടി സൂക്ഷിക്കുന്നുണ്ട് . ഈ ജീർണ്ണതകൾക്കിടയിലാണ് ജാതിമതിലുകൾ ഉയരുന്നത്. ദുരഭിമാന കൊലക്കത്തികൾ രാകി മിനുക്കുന്നിടവും മറ്റൊന്നല്ല.

കലാകാരന്മാർ വർണ്ണ ബോധത്തിന്റെ ഏകപക്ഷീയതയിലേക്ക് ചുരുങ്ങിപ്പോകുന്നതിന് മലയാളിയുടെ കാഴ്ച്ചാ ശീലങ്ങൾക്കും പുരോഗമന കാപട്യങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. ആഢ്യ സവർണ്ണതയുടെ ഇഷ്ടാനുഷ്ടങ്ങളോടും ജാതി- രാഷ്ട്രീയ താൽപ്പര്യങ്ങളോടും സന്ധി ചെയ്യുന്ന, വരേണ്യ മൂല്യങ്ങൾ സ്വാംശീകരിച്ച് മുന്നോട്ട് നീങ്ങുന്ന മലയാളിയുടെ കാഴ്ചാ ശീലങ്ങൾ ബഹുസ്വരവും പൊതുവായതുമായ സാംസ്കാരിക ഉണർവുകളെ അസ്ഥിരപ്പെടുത്തുന്നു. സാംസ്ക്കാരിക വ്യത്യസ്തകളുടെ അഭിസംബോധനാ സാധ്യതകളെ അത് റദ്ദു ചെയ്യുന്നു. മധ്യവർഗ്ഗ- ഉപരിവർഗ്ഗ സദാചാര സങ്കല്പങ്ങൾ പിൻപറ്റുന്ന കാഴ്ചശീലങ്ങൾ പ്രതിലോമക സദാചാര വ്യവസ്ഥയ്ക്ക് സമൂഹം ഒന്നാകെ കീഴ്പ്പെട്ടു പോകുന്ന സാഹചര്യമുണ്ടാക്കുന്നു. വെളുപ്പിനെ ഉപാസിക്കുന്ന സൗന്ദര്യ സങ്കല്പമാണ് കേരളം പോറ്റി വളർത്തുന്നത്. സ്വാഭാവികമായും വരേണ്യ ഭാഷയും വേഷവും സംസ്ക്കാരവും മാത്രം ഉൾക്കൊള്ളുന്ന സാമൂഹിക പരിസരങ്ങളിലേയ്ക്ക് മാത്രമായി ദൃശ്യാഖ്യാനങ്ങൾ പരിമിതപ്പെടുന്നു. ബഹുസ്വരമായ ജനാധിപത്യ ഭാവനകൾ ബോധപൂർവ തമസ്ക്കരണത്തിന് വിധേയമാകുന്നു. അങ്ങനെ എല്ലാവരേയും ഉൾക്കൊള്ളുന്ന പൊതുവായ സാമൂഹിക- സാംസ്ക്കാരിക നിർമ്മിതികൾക്ക് നിരന്തരം ഇടം നിഷേധിക്കപ്പെടുന്നു. വൈവിധ്യങ്ങളാണ് നാടിനെ വ്യത്യസ്തമാക്കുന്നതെന്ന് ഒരു വശത്ത് ഊറ്റം കൊള്ളുമ്പോൾ, മറുവശത്ത് വരേണ്യ ന്യൂനപക്ഷത്തിന്റെ കാഴ്ചയും കാഴ്ച്ചപ്പാടും മാത്രം കളം നിറഞ്ഞു നിൽക്കുന്നു !

ബോധി ഷെയിമിംഗ് രോഗാതുരമായ ഒരു സമൂഹത്തിന്റെ ചീഞ്ഞ അഴിയൽ പ്രതിഫലിപ്പിക്കുന്നു. നിറത്തിലും മനുഷ്യന്റെ വൈരൂപ്യങ്ങളിലും ലൈംഗിക ചുവയുള്ള പഞ്ച് ഡയലോഗുകളിലും ചിരി കണ്ടെത്തുന്ന മാനസികാവസ്ഥയെ മനോരോഗമായല്ലാതെ മറ്റെങ്ങനെയാണ് പരിഗണിക്കുക ? വൈരൂപ്യങ്ങളെ ആഘോഷിക്കുന്ന ചീത്ത സംസ്ക്കാരം സർഗ്ഗാത്മകതയുടെ ബഹിസ്ഫുരണമല്ല, മറിച്ച് സ്പർധയുടെയും വെറുപ്പിന്റേയും ദംഷ്ടകൾ ഉറപ്പിക്കലാണ്. ബോഡി ഷെയിമിംഗിനെ ചൂഴ്ന്ന് നിൽക്കുന്ന ജാതീയത കാണാതെ പോകരുത്. സങ്കുചിതത്വത്തിന്റെ ദൃഷ്ടികോണുകളാൽ നടത്തുന്ന ഇത്തരം ജാതി നോട്ടങ്ങളെക്കൂടി അപലപിക്കുമ്പോഴേ മലയാളികൾ പുരോഗമന പക്ഷത്താകുന്നുള്ളു. പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം അവകാശമാകുന്ന ഭരണഘടന നിലനിൽക്കുമ്പോൾ, ഇത്തരം നൃശംസതകളോട് സന്ധി ചെയ്യുകയെന്നാൽ അതൊരു കുറ്റകൃത്യമാണെന്ന് പറയാതെ വയ്യ ! കുറഞ്ഞ പക്ഷം ഇതെങ്കിലും ഓർത്തിരിക്കുക : കഴിവുകൾ കൊണ്ട് ലോകം കീഴടക്കിയവർ കുറവുകൾ ഇല്ലാത്തവരായിരുന്നില്ല


മുരളി തോന്നയ്ക്കൽ
Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 8:38 pm INDIA