കർഷക സമരത്തെ പിന്തുണക്കേണ്ടത് രാഷ്ട്രീയമായ ചുമതലയായിരിക്കുമ്പോൾ തന്നെ ചില ചോദ്യങ്ങൾ കൂടെ ഉണ്ടാവേണ്ടതുണ്ട്. ഒന്നര വർഷം നീണ്ടുനിന്ന കർഷകസമരം വിജയം കൈവരിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രിയ അന്തരീക്ഷത്തിൽ കേൾക്കുന്നത് ഇന്ത്യയിൽ വർഗ സമരത്തിന്റെ കാഹളം മുഴങ്ങിയെന്നും, മറ്റൊരു സാമൂഹ്യ വൈരുദ്ധ്യങ്ങളും ഇന്ത്യക്ക് ബാധകമല്ലയെന്ന നിലയിലുള്ള പ്രചാരണങ്ങൾ ഇടതുപക്ഷ ബുദ്ധിജീവികൾ ഏറ്റെടുക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ കർഷക സമരത്തിന്റെ ജാതി ബന്ധം പരിശോധിക്കപ്പെടേണ്ടതാണ്.കർഷകർ എന്ന് കേൾക്കുമ്പോൾ ഓർമ്മയിലേക്ക് വരുന്ന ചിത്രം തൂമ്പയുമായി ചേറിൽ കുളിച്ച് അർദ്ധ നഗ്നനായി പാടത്തു നിൽക്കുന്ന ഒരു ശരീരമാണ്.എന്നാൽ ഈ ശരീരം ഒരു കർഷകന്റേതല്ല, കർഷകന്റെ ഭൂമിയിൽ കൂലിക്ക് പണിയെടുക്കുന്ന ഭൂരഹിതനായ ഒരു കർഷക തൊഴിലാളിയുടെയാണ്. ഇന്ത്യയിൽ ആ കർഷക തൊഴിലാളി ദളിതരായിരിക്കും പിന്നോക്ക വിഭാഗങ്ങളായിരിക്കും. ആ കർഷക തൊഴിലാളികളുടെ വിണ്ടുകീറിയ കാലുകളും അവശമായ ശരീരങ്ങളുമാണ് കർഷക സമരത്തിന്റെ ചിത്രങ്ങളായി വ്യാപകമായി കമ്യൂണിസ്റ് പാർട്ടികൾ പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ വർഗ സമരത്തിന്റെ യുഗപിറവിയായി കർഷക സമരത്തെ ആഘോഷിക്കുന്ന കേരളത്തിലെ സവർണ ബുദ്ധിജീവികളും, ഇന്ത്യയിലെ ഭൂ ബന്ധങ്ങളിലെ ജാതിയെ വർഗത്തിന്റെ മറവിൽ മറച്ചു വെക്കുകയാണ്.

ഒന്നര വർഷം നീണ്ടുനിന്ന കർഷകസമരം വിജയിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കർഷകർ ആരാണ് എന്ന് കൂടി പരിശോധിക്കേണ്ടിവരും. 500ൽ പരം കർഷക സംഘടനകൾ ആണ് സമരം നടത്തിയത്. അതിൽ ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റ് പാർട്ടിയിലെ കർഷക സംഘടനകൾ കൂടി ഉൾപ്പെടുമെങ്കിലും സമരത്തിന്റെ നേതൃത്വപരമായ പങ്ക് വഹിച്ചത് ടിക്കായതിനെ പോലുള്ള ജാതികൾ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ ആണ്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ ഭൂഉടമകളും, മണ്ടികൾ നടത്തുന്ന ഗ്രാമ തലവന്മാരുടെ നേതൃത്വപരമായ പങ്കാണ് സമരത്തെ ഒന്നര വർഷം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു പിടിച്ചു നിർത്തിയത്. ആരാണ് ഈ കർഷക സംഘങ്ങൾ എന്ന് നോക്കിയാൽ മനസിലാവുക അവർ ജാട്ടുകളും, ടിക്കായത്തുകളും, സവർണ ജാതി സിഖ് സമുദായങ്ങളുമാണെയെന്നതാണ് .
ഭൂ ഉടമസ്ഥരായ സെമിന്ദർമാരും, ഗ്രാമമുഖ്യൻമാരുമായ ജാതികളും, അതോടൊപ്പം ചെറുകിട ഭൂമിയുള്ള കൃഷിക്കാരും, അവരുടെ ഭൂമിയിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് ഈ സമരത്തിൽ പങ്കെടുത്തിരിക്കുന്നത്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജാട്ടുകൾ പോലുള്ള പ്രബല ജാതികളുടെ വോട്ടുകൾ മുന്നിൽ കണ്ടുകൊണ്ടാണ് bjp സർക്കാർ നിയമം പിൻവലിച്ചത് എന്ന് കൂടി ഓർക്കേണ്ടതാണ്.


"കർഷക സമരത്തിൽ പങ്കെടുത്തവർ പിസ കഴിക്കുന്നതും, ഇംഗ്ലീഷ് പറയുന്നതും, BMW വന്നിറങ്ങുന്നതും എല്ലാം ഒരു അത്ഭുതം പോലെയാണ് വാർത്തയായത്."


കർഷക സമരത്തിൽ പങ്കെടുത്തവർ പിസ കഴിക്കുന്നതും, ഇംഗ്ലീഷ് പറയുന്നതും, BMW വന്നിറങ്ങുന്നതും എല്ലാം ഒരു അത്ഭുതം പോലെയാണ് വാർത്തയായത്. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല ഭൂസ്വാമിമാരായ ജാതികളുടെ മക്കളാണ് കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും പറന്ന് വന്ന് സമര മുഖത്ത് BMW യിൽ വന്നതും English പറഞ്ഞു എല്ലാവർക്കും പിസ വിതരണം ചെയ്തതും.എന്ത് കൊണ്ടാണ് BMW വിൽ വരുന്ന, ഇംഗ്ലീഷ് പറയുകയും, പിസ്സ കഴിക്കുകയും ചെയുന്ന കർഷകരെ കണ്ടപ്പോൾ അത്ഭുതം ഉണ്ടാവാൻ കാരണം, ചേറിൽ കുളിച്ചു നിൽക്കുന്ന കർഷക തൊഴിലാളിയെ ആണ് കർഷകനായി സങ്കല്പിച്ചു വച്ചിരിക്കുന്നത്. ആ സങ്കല്പത്തിന് വിരുദ്ധമായ കാഴ്ചയാണ് സമരത്തിൽ കാണുന്ന BMW വിൽ വരുന്ന കർഷകൻ.

വസ്തുക്കൾ ഇതായിരിക്കെ ഇന്ത്യയിലെ വർഗ സമരത്തിന്റെ യുഗപിറവിയായി കർഷക സമരത്തെ ആഘോഷിക്കുന്ന കേരളത്തിലെ സവർണ ബുദ്ധിജീവികളും, ഇന്ത്യയിലെ ഭൂ ബന്ധങ്ങളിലെ ജാതിയെ വർഗത്തിന്റെ മറവിൽ മറച്ചു വെക്കുകയാണ്.ഉത്തരേന്ത്യയിൽ കാലാക്കാലങ്ങളായി ഇതേ കൃഷിഭൂമിയിൽ അടിമപ്പണിക്ക് സമാനമായ കൂലിപണി എടുക്കുന്ന ദളിതരും പിന്നോകക്കാരും തങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനു വേണ്ടി സമരത്തിനിറങ്ങിയാൽ അതിനെ അടിച്ചമർത്താൻ മുന്നോട്ട് വരുന്നത് ഈ കർഷകർ എന്നുവിളിക്കുന്ന ഇതേ സവർണ ജാതികൾ തന്നെയായിരിക്കും.


അപ്പോൾ ഈ അവകാശപ്പെടുന്ന വർഗ സമരം ജാതിസമരമായി മാറുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വാസ്തവം.മാത്രമല്ല കർഷക സമരത്തെ ഏറ്റെടുത്ത മുഖ്യധാര സമൂഹത്താൽ ഈ ഭൂ സമരങ്ങളെ എല്ലാ അർത്ഥത്തിലും ഉപേക്ഷികുന്നതും കാണാനാവും. ഇന്ത്യയിലെ കർഷകർ വർഗപരമായി സംഘടിപ്പിക്കപെടുമ്പോൾ ജാതി ഘടനയിലെ കീഴ്ത്തട്ട് മനുഷ്യർ അതിൽ ഉൾപ്പെടുന്നില്ല, കർഷകർ എന്നത് ദളിതരുടെ വർഗപരമായ മറ്റൊരു പേരുമല്ല.ഇന്ത്യയിലെ അധികാര / ഭൂ ബന്ധങ്ങളിലെ ജാതിയെ മറച്ചു വച്ച് കേവലമായ വർഗ സിദ്ധാന്തങ്ങളാൽ കുത്തുന്ന ചതിക്കുഴികൾ കൂടി തിരിച്ചറിഞ്ഞു കൊണ്ടാണ് വിശാല അർത്ഥത്തിൽ കർഷക സമരത്തോട് രാഷ്ട്രീയ ഐക്യം പ്രഖ്യാപിക്കുന്നത്.

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
December 3, 2021, 6:19 pm INDIA