ഞങ്ങൾ, ഉ"സ്ക്കൂളുകളിൽ, പോയി,

ചരിത്രവും,

ചില്ല്വാനങ്ങളും, പഠിച്ചും, പഠിക്കാതെയും,

പരീക്ഷകളെഴുതി.

ചിലപ്പോൾ തോറ്റു

മറ്റ് ചിലപ്പോൾ ജയിച്ചു.

പക്ഷേ,

പാഠങ്ങൾ ഒന്നും ഞങ്ങടേതല്ലാർന്നു.

പാടങ്ങളിൽ

ഞങ്ങടെ പൂർവ്വികർ

നിന്ന് കിതച്ചു.

ഞങ്ങൾ,

മണ്ണിലും, കല്ലിലും, മരത്തിലും

ഗുഹാമുഴക്കങ്ങളിലും

ചരിത്രം തേടി.

അമ്പും, ആയുധവും, മുന കൂട്ടി

തീകാഞ്ഞ്,

മഴ കൊണ്ട് തന്നെ ഇരുന്നും,

നടന്നും നീങ്ങി

അച്ഛന്റെ പേരറിയാം,

അച്ഛാച്ചന്റെയും.

അതിനപ്പുറം

ചരിത്രം..........?

ഫിൽ ഇൻ ദ ബ്ലാങ്ക്

ഇങ്ങനെ

ഒരു ചോദ്യവും

ജീവിതത്തിൽ നിന്ന്

ഞങ്ങളെ തലയുയർത്തിനോക്കിയിട്ടില്ല.

നിരവധി

യുദ്ധങ്ങൾ

തറവാട്ട് മഹിമകൾ

വംശം

കുലം

എന്തിന്

ചത്ത കുതിരയുടെ,

'സ്വദേശാഭിമാനി'യെന്ന

പേരിൻ്റെ,

ഞങ്ങളെ കൊന്ന നിങ്ങളുടെ

ജയങ്ങളുടെ,

നാളും, പേരും

മൂട്ടവിളക്കിനരുകിലിരുന്ന്

കാണാപാഠം പഠിച്ച്

ഞങ്ങൾ പരീക്ഷകളെഴുതി.

ഞങ്ങളോടാരും

ഞങ്ങളുടെ ചരിത്രം പറഞ്ഞില്ല

ആരും പഠിപ്പിച്ചില്ല

ഞങ്ങളുടെ അച്ചാച്ചൻമാർ

നിരവധി സമരങ്ങളിൽ

പങ്കെടുത്തിട്ടുണ്ടായിരുന്നിരിക്കണം

പക്ഷേ

സമരം പാഠപുസ്തകത്തിലുറങ്ങി

അച്ചാച്ചൻമാർ

പാടത്തും പറമ്പിലും

മഴയും വെയിലുംകൊണ്ട് നിന്നു.

മണ്ണിൽ നിന്ന്

ഒരു ഫ്രീ ബാന്റിന്റെ കുരുപ്പ് പിടിച്ച

സംഗീതം പോലെ

അവരുടെ ഒച്ചകൾ

പുക ചുരുൾ പോലെയുർന്നു വന്നു

പച്ചയുടെ പണ്ഢിതർ

ഉച്ചവെയിലിൽ കത്തി തീരുമ്പോഴും

ചുണ്ടിലൊരു തുടം വാക്കും, പാട്ടിൻ്റെ

തീയും കരുതിവെച്ചത് കൊണ്ട് മാത്രം

ഞങ്ങൾ ജീവിതത്തിൽ

ഞാണില്ലെങ്കിലും ആടുന്നു.

അന്നം, കണ്ടെത്തുന്നു.

ഞങ്ങളുടെ വഴിയിലൂടെ

ധൈര്യത്തോടെ നടക്കുന്നു -

വാമൊഴികളും, വഴി പാട്ടും പാടുന്നു.

ചരിത്രം,

കള്ളവാങ്മൂലങ്ങളാണ്

അതോണ്ട്

അതേന്റെതാവുന്നില്ല,

ഞങ്ങളുടേതാവുന്നില്ല

അതിന് പുറത്ത്

അച്ചനെ,അച്ചാച്ചനെ..

അച്ചാച്ചന്റെ അച്ചനെ

കണ്ടെത്തുവരെ

നിങ്ങടെ ,

ചരിത്രത്തിൻ്റെ

നെഞ്ചിൽ ഞാൻ ചവിട്ടിക്കൊണ്ടിരിക്കും

ഒടുവിൽ

നിങ്ങളുടെ ചരിത്രം

ചോരപോലെ ചർദ്ദിക്കുന്നതാണ്

എന്റെ ചരിത്രം.

Illustration by Sajana Narayanan
Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
May 15, 2021, 1:28 pm INDIA