രാജമല പെട്ടിമുടിയിലെ ദുരന്തം ഒരിക്കൽ കൂടി തോട്ടംമേഖലയിലെ ജീവിത സാഹചര്യങ്ങളെ കേരളത്തിൻെറ ‘പൊതു ധാരക്ക്' മുന്നിൽ ചർച്ചയാക്കുന്നുണ്ട്. തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ, തുച്ഛവേതനത്തിന് പണിയെടുക്കുന്ന തോട്ടംതൊഴിലാളികളുടെഅവസ്ഥ ദയനീയമാണ്. പക്ഷേ,മൂന്നാറിലെയും മറ്റും മനുഷ്യരെ ‘തമിഴരും’, ‘പട്ടികജാതി’ക്കാരുമായാണ് സർക്കാർപോലും പരിഗണിക്കുന്നത്. ഈ അനീതിയെ ചോദ്യംചെയ്യുന്ന ലേഖകൻ തോട്ടംമേഖലയിലെ അവസ്ഥകൾ വ്യക്തമാക്കുന്നു.

പ്രിവിലേജ് എന്നത് നൂറ്റാണ്ടുകളായുള്ള ‘പൊതുബോധം’ നിർമിച്ച സാമൂഹികനിർമിതിയാണ്. ആഗ്രഹിച്ചാൽ പോലും എല്ലാവർക്കുമത് അനുഭവവേദ്യമാകില്ലായെന്നതാണ് യാഥാർഥ്യം. സമൂഹത്തിലെ പാർശ്വവത്കൃതരും കീഴാളരും ആദിവാസികളും ബഹിഷ്കൃതരും എന്നുമതിന് പുറത്താണ്. ജൂലൈ ആറിന് രാത്രിയിലും ഏഴിന് സന്ധ്യ കഴിഞ്ഞും ദാരുണമായ രണ്ടു ദുരന്തങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടന്നത്. ഏത് ദുരന്തങ്ങളിലായാലും ജീവൻ നഷ്ടപ്പെടുന്ന മനുഷ്യരോടുള്ള സാമൂഹിക പൊതുബോധം തുല്യത പുലർത്തണമെന്നത് മാനവികതയെ സൂചിപ്പിക്കുന്നതാണ്. പക്ഷേ, നമ്മുടെ സംസ്ഥാനത്ത് ഈ വിഷയങ്ങളിൽ അത്തരം രീതിയിലല്ല,

പെട്ടിമുടിയിലെ അപകടം നടന്നു കഴിഞ്ഞുള്ള ചിത്രം

വിവേചനപരമായാണ് സമീപിച്ചതെന്ന് മനസ്സിലാക്കാൻ സൂക്ഷ്മനിരീക്ഷണത്തിെന്റ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ജൂലൈ ആറിന് രാത്രിയിൽ മൂന്നാർ പെട്ടിമുടിയിൽ കെ.ഡി.എച്ച് കമ്പനിയുടെ ലയങ്ങളിൽ താമസിക്കുന്ന എൺപതോളം തോട്ടംതൊഴിലാളികൾ, കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പെട്ട് മണ്ണിനടിയിലാകുന്ന അവസ്ഥയുണ്ടായി. പിറ്റേന്ന് നേരം വെളുത്തതിന് ശേഷമാണ് ആ വിവരം പുറംലോകം അറിയുന്നതുതന്നെ. അതിൽ വളരെ കുറച്ചു പേരെ അടുത്ത ലയങ്ങളിൽ താമസിക്കുന്നവർക്ക് രക്ഷിക്കാൻ കഴിഞ്ഞു. ബഹുഭൂരിപക്ഷം പേരും മണ്ണിനടിയിൽപ്പെട്ടുപോയി. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ എട്ട് കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന പെട്ടിമുടി ലയത്തിൽ, പുറമെനിന്നുള്ളവർക്ക് എത്താൻ കഴിയാതിരുന്നതിന്റെ കാരണം ഈ അന്തർ സംസ്ഥാനപാതയിലെ പെരിയവുരെ പാലം തകർന്നുപോയത് കാരണമാണ്. 2018ലെ പ്രളയത്തിൽ തകർന്നു പോയ ഈ പാലം ഇന്നേവരെ പണിപൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തൊട്ടടുത്ത ലയങ്ങളിലുള്ളവർ നടത്തിയ പ്രാരംഭഘട്ട രക്ഷാപ്രവർത്തനങ്ങൾക്കപ്പുറം ഔദ്യോഗിക സംവിധാനങ്ങൾ പെട്ടിമുടിയിൽ എത്തിച്ചേരാൻ പിന്നെയും മണിക്കൂറുകൾ വേണ്ടിവന്നു.

പെട്ടിമുടിയിലെ അപകടം നടന്നു കഴിഞ്ഞുള്ള ചിത്രം

ലാൻഡിങ്ങിൽ സംഭവിച്ച പിഴവുമൂലം കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് പതിനട്ടോളം മനുഷ്യർ മരിക്കാൻ ഇടയായ സംഭവം നടക്കുന്നത് ജൂലൈ ഏഴിന് രാത്രി ഏഴര മണിക്കാണ്. തീർച്ചയായും ഏത് ദുരന്തങ്ങളിലായാലും മനുഷ്യജീവൻ മൂല്യമേറിയതായതുകൊണ്ടുതന്നെ എല്ലാത്തരം പരിഗണനയും ലഭിക്കേണ്ടതുമാണ്. പക്ഷേ, പെട്ടിമുടിയിൽ മണ്ണിനടിയിലായ മനുഷ്യരുടെ കാര്യത്തിൽ ഉണരാത്ത ഭരണാധികാരികളും ഔദ്യോഗിക സംവിധാനങ്ങളും പൊതുബോധവും കരിപ്പൂരിൽ ഉണർന്ന് പ്രവർത്തിച്ചത് എല്ലാവരും കണ്ടു. അത് ദുരന്തത്തിനിരയായവരുടെ പ്രിവിലേജ് നോക്കിയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പെട്ടിമുടിയിലടക്കം, ഇടുക്കി ജില്ലയിലെ തോട്ടംമേഖലയിൽ ജോലിചെയ്യാൻ വിധിക്കപ്പെട്ടവർ, സംസ്ഥാനത്ത് മാറി മാറി വരുന്ന സർക്കാറുകളുടെ ഒരുവിധ പരിഗണനയിലുംപെടാതെ ആടുമാടുകൾ ജീവിക്കുന്ന ജീവിതസാഹചര്യങ്ങളിൽ കഴിയാൻ നിർബന്ധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരാണ്. മൂന്നാറിലെ മനുഷ്യർ കേരളീയർ അല്ലെന്നും അവർ വെറും ‘തമിഴർ’ ആണെന്നും ‘പട്ടികജാതി’ക്കാർ ആണെന്നുമുള്ള പൊതുബോധത്തിെൻറ നിഷ്ഠുരത എന്നുമുണ്ട്. സർക്കാറുകളുടെ സമീപനവും അത്തരത്തിലാണ്. ഇവിടെ മലയാളിയുടെ സങ്കുചിത ദേശീയ ബോധവും വരേണ്യബോധവും ഒരുമിക്കുന്നു. ആയിരത്തിയെണ്ണൂറുകളിൽ ബ്രിട്ടീഷുകാരുടെ കാലത്താണ് മൂന്നാർ മേഖലയിൽ തോട്ടം വ്യവസായം ആരംഭിക്കുന്നത്. അതിന് മുമ്പ് മൂന്നാർ പ്രദേശം വനമേഖലയായിരുന്നു. പ്രാക്തന ആദിവാസി വിഭാഗമായ മുതുവാൻ സമുദായക്കാരുടെ ആവാസകേന്ദ്രം. വനമേഖലയെ തകർത്ത് തോട്ടം നിർമാണം തുടങ്ങിയതോടെ അവർ ആട്ടിപ്പായിക്കപ്പെട്ടു. അവരിൽ പലരും തോട്ടത്തിൽ കൂലി അടിമകളായി. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽനിന്നും തേയിലത്തോട്ടങ്ങളിൽ ജോലിക്കായി കൊണ്ടുവരപ്പെട്ടവരുടെ പിന്മുറക്കാരാണ് മൂന്നാറിലടക്കം ഇടുക്കിയിലെ തോട്ടംമേഖലയിലുള്ള നല്ല പങ്കും. കാടുകൾ കൈയേറി സൗധങ്ങൾ നിർമിക്കുന്ന പരിഷ്കൃത മലയാളികളെപ്പോലുള്ള കുടിയേറ്റക്കാരല്ല അവർ, ക്ഷണിച്ചു വരുത്തിയ അതിഥി തൊഴിലാളികളാണ്. അവരുടെ പിൻതലമുറക്കാരാണ് അവകാശനിഷേധങ്ങളിൽപെട്ട് ലയങ്ങളിൽ നരകജീവിതം അനുഭവിക്കുന്ന ഇപ്പോഴത്തെ തലമുറ. അവർക്കിഷ്ടമുള്ളതുകൊണ്ടല്ല റിസർവ് ഫോറസ്റ്റിനും തേയിലക്കാടുകൾക്കുമിടയിൽ ഈ ദുരന്തജീവിതം തള്ളിനീക്കുന്നത്, ഭരണകൂടങ്ങളും പരിഷ്കൃത സമൂഹവും അവരെയതിന് നിർബന്ധിക്കുന്നതുകൊണ്ടാണ്; ഇട്ടെറിഞ്ഞ് പോയാൽ കേറിക്കിടക്കാൻ വേറെ ഇടമില്ലാത്തതുകൊണ്ടാണ്. അഞ്ചുലക്ഷം ഏക്കറിലധികം വരുന്ന കാലാവധി കഴിഞ്ഞ സർക്കാർ ഭൂമി തോട്ടഭൂമിയായി ഉള്ള നമ്മുടെ സംസ്ഥാനത്, ഭൂരഹിതരായ ആദിവാസികൾക്കും ദലിതർക്കും തോട്ടംതൊഴിലാളികൾക്കും ഭൂമി നൽകണമെന്ന് ഒരു ജനാധിപത്യസർക്കാറിനും തോന്നാത്തത് അവർ പ്രിവിലേജ് ഇല്ലാത്ത ജനതയായതുകൊണ്ടുതന്നെയാണ്.

ലയങ്ങൾ എന്നറിയപ്പെടുന്ന വലിയ കോഴിക്കൂടുകൾക്ക് ഉള്ളിൽ ഒരുവിധ സ്വകാര്യതക്കും ഇടമില്ലാതെ ജീവിതം നരകിച്ച് തീർക്കുകയാണ് തോട്ടംതൊഴിലാളികൾ. നീളത്തിലുള്ളലയങ്ങൾ ശരിക്കും ഒറ്റമുറി വീടുകളാണ്. ഒരുമുറിയും ഒരടുക്കളയും. ഈയടുത്ത കാലത്ത് അടുക്കളയോട് ചേർത്ത് ഒരു കക്കൂസും പണിതു. നേരത്തേ പൊതു കക്കൂസ് ആണ് മിക്ക ലയങ്ങളിലും ഉണ്ടായിരുന്നത്. ഒരു വീടാണ് ഒരു കുടുംബത്തിന്. എത്ര അംഗങ്ങളുണ്ടായാലും ഈയൊരു മുറിക്കുള്ളിൽ കിടക്കേണ്ട അവസ്ഥ. കുടുംബത്തിലെ ഒരംഗം വിവാഹിതരായാൽ ഒരുകട്ടിലിന്റെ അളവിൽ തുണിയോ മറ്റെന്തെങ്കിലും സാധനങ്ങളോ ഉപയോഗിച്ച് മറയ്ക്കുന്നു.

അപകടം നടക്കുന്നതിന് മുമ്പ്,തോട്ടംതൊഴിലാളികൾ താമസിച്ചിരുന്ന ലയം,

ഒരു സ്വകാര്യതയും ഇല്ലെന്നതാണ് യാഥാർഥ്യം. കല്യാണം കഴിയുന്ന മകനോ മകൾക്കോ അൽപം സ്വകാര്യത നൽകണമെങ്കിൽ കുടുംബത്തിലെ മറ്റംഗങ്ങൾ മറ്റ് വീടുകളിലേക്ക് പോകേണ്ടി വരുന്ന ഗതികേടുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് പണിത ലയങ്ങളാണ് ഇന്നും തോട്ടംതൊഴിലാളികൾക്ക് താമസത്തിനായി ലഭിക്കുന്നത്. ഓരോ വീട്ടിലും ഒരു സ്ഥിരതൊഴിലാളി ഉണ്ടെങ്കിൽ മാത്രമേ ലയങ്ങളിൽ താമസം അനുവദിക്കൂ. ഒരിക്കലും ലയങ്ങളിലെ വീടുകൾ അതിലെ താമസക്കാർക്ക് സ്വന്തമാകില്ല. കണ്ണൻദേവൻ കമ്പനിയുടെയും എസ്റ്റേറ്റ് ഉടമകളുടേതുമാണ് ലയങ്ങൾ.അവിടെ തോട്ടത്തിൽ പണിയെടുക്കുന്നവർക്ക് പണിയെടുക്കുന്ന കാലംവരെ ജീവിക്കാമെന്ന് മാത്രം. 58 വയസ്സാണ് വിരമിക്കൽപ്രായം. വീടു പൂട്ടി താക്കോൽ നൽകിയാലേ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാകൂ. വീട് ഒഴിയാതിരിക്കാൻ അതിനാൽ, പുതിയ തലമുറയിലെ യുവതി യുവാക്കൾ തോട്ടം പണിക്ക് നിർബന്ധിതമാകുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, വൃത്തിശൂന്യമായ ഈ ലയങ്ങളിൽനിന്നും പുറത്ത് വന്നാൽ എവിടെ താമസിക്കുമെന്നുള്ളത് തോട്ടം തൊഴിലാളിക്കു മുന്നിൽ എന്നും ചോദ്യചിഹ്നം തന്നെയാണ്. സ്വന്തമായി ഭൂമിയില്ലാത്തവർ എങ്ങോട്ടുപോകാൻ? പെട്ടിമുടിയിൽ ദുരന്തം സംഭവിച്ചിട്ട് 11 ദിവസമായിട്ടും ആലയങ്ങളിൽ താമസിച്ചവരെ പുനരധിവസിപ്പിക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല. നയ്മക്കാടുള്ള ലയങ്ങളിലേക്ക് താൽക്കാലികമായി മാറ്റിയിരിക്കുകയാണിപ്പോൾ. പുനരധിവാസം KDHP കമ്പനിയെയാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. പകരം ഭൂമി സർക്കാർ കണ്ടെത്തി വീട് വെച്ച് നൽകുമെന്നാണ് മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിച്ചപ്പോൾ പറഞ്ഞത്. എവിടെയാണ് ഭൂമിയെന്നോ എന്താണ് സംവിധാനമെന്നോ പറഞ്ഞിട്ടില്ല. അതിനാൽതന്നെ സർക്കാർ പുനരധിവാസം കണ്ടറിയണം. ഈ ദുരന്തത്തിൽപെട്ടവരെ സഹായിക്കേണ്ട ബാധ്യതയിൽനിന്ന് കെ.ഡി.എച്ച്.പിയും മാറിനിൽക്കുകയാണ്. നിലവിലുള്ള സ്ഥലത്ത് ലയം വീണ്ടും നിർമിക്കൽ സാധ്യമല്ല. സ്വന്തമായി ഭൂമി നൽകാതെ വീടുകൾ പണിതാൽ അത് കമ്പനിയുടെ സ്വന്തമായി തീരുകയെയുഉള്ളൂ.

തോട്ടംമേഖലയിലെ സാഹചര്യവും

കേരളത്തിൽ ഒരിടത്തും നിലനിൽക്കാത്ത സേവന വേതന വ്യവസ്ഥയാണ് തോട്ടംമേഖലയിലുള്ളത്. അത്തരം വേതനവ്യവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയാത്തതു കൊണ്ടാണ് ഇടുക്കിയിലെ തോട്ടംമേഖലയിൽ ‘മലയാളിസാന്നിധ്യം’ വളരെ കുറവായത്. പ്രതിമാസം ലഭിക്കുന്ന അങ്ങേയറ്റം തുച്ഛമായവരുമാനത്തിൽനിന്ന് കുടുംബ ചെലവും കുട്ടികളുടെ മിനിമം വിദ്യാഭ്യാസ ചെലവുമൊഴിച്ച് ബാക്കിവെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് ഈ ദുരിതജീവിതത്തിനപ്പുറം ‘റിട്ടയേർഡ്’ ആയി കഴിയുമ്പോൾ ശിഷ്ട ജീവിതവുംകൊണ്ട് തമിഴ്നാട്ടിലെ ഊരുകളിലേക്ക് പോകാൻ പലരും നിർബന്ധിതരാകുന്നത്. തോട്ടം തൊഴിലാളികൾക്ക് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും കഴിയാറില്ല. നാലാം ക്ലാസ് കഴിഞ്ഞാൽ തൊഴിലാളികളുടെ മക്കൾക്ക് തുടർപഠനത്തിന് അടുത്തെങ്ങും സ്കൂളുകൾ ഇല്ലാത്തതുതന്നെ കാരണം. പഠിപ്പിക്കണമെങ്കിൽ കിലോമീറ്ററുകൾക്കപ്പുറത്ത് കുട്ടികളെ അയക്കണം. ആഘോഷിക്കപ്പെടുന്ന അവകാശബോധത്തിൽ അഭിരമിക്കുന്ന തൊഴിലാളി വർഗ സംഘടനകൾ ഈ തൊഴിൽ മേഖലയിൽ ഇടപെടുന്നതെങ്ങനെയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. മറ്റു മേഖലയിലെ സേവന വേതന വ്യവസ്ഥകൾ തോട്ടംമേഖലയിൽ ലഭ്യമാകാത്തതിന് ഉത്തരവാദിത്തം തൊഴിലാളി സംഘടനകൾക്കുതന്നെയാണ്. മതിയായ വേതനമില്ലാതെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ നീണ്ട പന്ത്രണ്ട് മണിക്കൂർ തോട്ടങ്ങളിൽ ജോലിചെയ്യാൻ നിർബന്ധിതരാണ് തോട്ടം തൊഴിലാളികൾ. മിക്കപ്പോഴും ഭക്ഷണംപോലും കഴിക്കാനില്ലാതെ തേയിലവെള്ളം മാത്രം കുടിച്ചുവേണം പണിയെടുക്കാൻ. സുരക്ഷിതത്വങ്ങളൊന്നുമില്ലാതെ കൊടും തണുപ്പിൽ അട്ടകടിയും ഏറ്റ് നിന്നും നടന്നും വേണം ജോലി ചെയ്യാൻ. ഭാരിച്ച കത്രികയുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ വേറെ. 380 രൂപയാണ് ഇപ്പോൾ പ്രതിദിന വേതനം. തൊഴിലാളികൾ ലയങ്ങളിൽ ദുരിതജീവിതം നയിക്കുമ്പോൾ തോട്ടംമേഖലയിൽ ഒരുവിധ തൊഴിലും ചെയ്യാതെജീവിക്കുന്ന ട്രേഡ് യൂനിയൻ നേതാക്കൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങളാണ് കമ്പനി സൗജന്യമായി അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ അവകാശങ്ങൾക്ക് വേണ്ടിയുള്ള തോട്ടം തൊഴിലാളികളുടെ സമര പോരാട്ടങ്ങൾ പാതിവഴിയിൽ നിലയ്ക്കപ്പെടുകയോ ഇടനാഴികളിലെ ഒത്തുതീർപ്പുകളിൽ അവസാനിക്കുകയോ ആണ് ചെയ്യുന്നത്.

പെമ്പിളൈ ഒരുെമെ സമര വിജയ ചിത്രം

അത്തരം വഞ്ചനകളിൽപ്പെട്ട ജനതയാണ് പെമ്പിളൈ ഒരുെമെ എന്ന കൂട്ടായ്മയിൽ പോരാട്ടത്തിനിറങ്ങിയത്. പേക്ഷ, സാധാരണക്കാരായ തോട്ടംതൊഴിലാളി സ്ത്രീകളുടെ നേതൃത്വമായതു കൊണ്ട് തന്നെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കാനും വിഘടിപ്പിക്കാനും യൂനിയനുകൾക്ക് കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നാർ ഗ്രാമപഞ്ചായത്തിൽ 2 അംഗങ്ങളെയും ഒരു ബ്ലോക്ക് പഞ്ചായത്തംഗത്തെയും വിജയിപ്പിക്കാൻ പെമ്പിളൈ ഒരുമൈക്ക് കഴിഞ്ഞു. ആ കൂട്ടായ്മയെ വിഭജിച്ച് തകർത്ത് കൂടെ നിർത്താൻ ചില ട്രേഡ് യൂനിയനുകൾ ശ്രമിക്കുകയും അവരതിൽ വിജയിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങളോടും ട്രേഡ് യൂനിയനുകളോടും വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാവാം തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികൾക്ക് മൂന്നാറിലെ തമിഴ് മേഖലകളിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞത്. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ, കരുണാനിധിയുടെ ഡി.എം.കെ, തിരുമാവളവെന്റെ പാർട്ടിയായ വിടുതലൈ സിറുതെകൾ എന്നിവക്ക് പല എസ്റ്റേറ്റുകളിലും സ്വാധീനമുണ്ടായിരുന്നു. ഇതിൽ എ.ഐ.എ.ഡി.എം.കെ ക്കും വിടുതലൈ സിറുതെകൾക്കും മറയൂർ, ദേവികുളം, മൂന്നാർ ഗ്രാമപഞ്ചായത്തുകളിൽ അംഗങ്ങളും ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ തമിഴ് കക്ഷികൾക്ക് കേരള രാഷ്ട്രീയത്തോട് താൽപര്യം കുറവായതു കൊണ്ടാവാം അവർ കൂടുതൽ ശ്രദ്ധ കൊടുക്കാതിരിക്കുകയും അതുമൂലം സ്വാധീനം കുറയുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ ട്രേഡ് സംവിധാനം ശക്തമായി നിൽക്കുന്ന മേഖലയാണ് തോട്ടംമേഖല. ട്രേഡ് യൂനിയനുകൾക്ക് വലിയ രീതിയിൽ ഫണ്ടഖരിക്കാനും ഈ മേഖലയിൽനിന്നും കഴിയുന്നു. ഒരേസമയം കമ്പനിയുടെ എല്ലാവിധ ഔദാര്യങ്ങളും സ്വീകരിച്ച് പരോക്ഷമായി അവരെ പിന്തുണക്കുകയും തൊഴിലാളികളുടെ പണം വാങ്ങി, അവരെ ഒപ്പം നിർത്തി ട്രേഡ് യൂനിയൻ പ്രവർത്തനവും നടത്തുന്ന ഇരട്ട മുഖമാണ് തോട്ടം മേഖലയിലെ ട്രേഡ് യൂനിയനുകൾ കാലങ്ങളായി അനുവർത്തിച്ചുവരുന്നത്. ഏതൊരു സാമൂഹികദുരവസ്ഥയുടെയും ആദ്യ ഇരകൾ ആ സമൂഹത്തിലെ സ്ത്രീകളും കുട്ടികളുമാണ്. മെച്ചപ്പെട്ട വേതനവും ജീവിതസാഹചര്യവുമാവശ്യപ്പെട്ടുകൊണ്ടാണ് പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികളായ സ്ത്രീകൾ മൂന്നാറിൽ സമരത്തിനിറങ്ങിയത്. ഒരു തൊഴിലാളി സംഘടനയെയോ നേതാവിനെയോ അവർ ആ സമരത്തിൽ പങ്കെടുപ്പിച്ചില്ല. സമരം ഏറക്കുറെ വിജയിച്ചുവെങ്കിലും ആ ഐക്യത്തെ ട്രേഡ് യൂനിയനുകൾ ഗൂഢാലോചന നടത്തി പൊളിച്ചു. കാരണം, അവകാശബോധത്തോടെ ഉയർന്നുവരുന്ന ഇത്തരം കൂട്ടായ്മകൾ ട്രേഡ് യൂനിയൻ കച്ചവടം നടത്തുന്നവർക്ക് തിരിച്ചടിയാകുമെന്ന് മറ്റാരെക്കാളും അവർക്ക് നന്നായി അറിയാം. നിലവിലെ ട്രേഡ് യൂനിയൻ സംവിധാനം കൊണ്ട് തോട്ടം തൊഴിലാളിക്ക് മെച്ചപ്പെട്ട ഒരു അവസ്ഥയും ഉണ്ടാകാൻ പോകുന്നില്ല. യൂനിയൻ നേതാക്കളിൽ ഭൂരിപക്ഷവും ഭൂമിയായും വീടായും മറ്റു പലതായും കമ്പനിയുടെ ഔദാര്യങ്ങൾ ഇരുകൈയും നീട്ടി വാങ്ങുന്നവരാണ്.

മുഖ്യമന്ത്രിയും മറ്റ് നേതാകളും കരിപ്പൂർ അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നു

നമുക്ക് ലേഖനത്തിെന്റെ തുടക്കത്തിൽ പറഞ്ഞ സംഭവങ്ങളിലേക്ക് തന്നെ പോകാം. ജൂലൈ ആറിന് രാത്രി പെട്ടിമുടി ദുരന്തം ഉണ്ടായി പന്ത്രണ്ട് മണിക്കൂറുകൾക്ക് ശേഷവും ഉണ്ടാകാത്ത ഇടപെടലുകളും ഉണരാത്ത പൊതുബോധവും കരിപ്പൂരിൽ ഉണ്ടായി. കരിപ്പൂരിൽ അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ശക്തമായി ഇടപെടുന്നു. ആഗസ്റ്റ് എട്ടിന് സംസ്ഥാന ഗവർണറും രണ്ട് കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എം.പി മാരും എം.എൽ.എമാരും ഉൾപ്പെടെ വൻനിരതന്നെ കരിപ്പൂരിൽ എത്തുന്നു. അപ്പോഴും അറുപതോളം മനുഷ്യർ പെട്ടിമുടിയിൽ മണ്ണിനടിയിലായിരുന്നു. കരിപ്പൂരിലേക്ക് പോകാൻ തോന്നിയവർക്ക് അതേ ഗൗരവത്തിൽ പെട്ടിമുടിയിലേക്ക് പോകാൻ തോന്നാത്തതെന്തുകൊണ്ടാണ്? ആശ്വാസ ധന പ്രഖ്യാപനത്തിൽപോലും തുല്യത ആവശ്യമില്ലെന്ന് ഭരണാധികാരികൾക്ക് എന്തുകൊണ്ട് തോന്നി? തോട്ടംതൊഴിലാളികൾക്കും ദലിതർക്കും ആദിവാസികൾക്കും ഇങ്ങനെയൊക്കെ മതിയെന്ന പൊതുബോധം ഭരണകർത്താക്കൾ കൊണ്ടുനടക്കുന്നുവെന്നതാണ് യാഥാർഥ്യം. കരിപ്പൂരപകടത്തിന് കാരണം തേടി സംവാദങ്ങളിൽ അരങ്ങ് തകർക്കുമ്പോൾ പെട്ടിമുടിയിലെ ദുരിതസാഹചര്യത്തിലെ മനുഷ്യജീവിതങ്ങളും ആഴ്ചകളായി മുടങ്ങിയ വൈദ്യുതിയും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും, ഭരണകൂടങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഒരു കുറ്റമോ പുനർചിന്തക്ക് വിധേയമാകേണ്ട കാര്യമോ ആകുന്നില്ല. അത് നൂറ്റാണ്ടുകളായി കേരളീയ പൊതുബോധം കൊണ്ടുനടക്കുന്ന നിസ്സാരവത്കരിക്കപ്പെട്ട യാഥാർഥ്യങ്ങൾ മാത്രമാണ്. ദിവസങ്ങളും ആഴ്ചകളും മാറിമറിയുമ്പോൾ എല്ലാം ഓർമകളിൽനിന്ന്മായും. ലയങ്ങളിലെ മനുഷ്യരുടെ ദുരന്തജീവിതങ്ങൾക്ക് ഒരു മാറ്റവുമില്ലാതെതുടരും. പരീക്ഷിക്കപ്പെട്ട എല്ലാ പ്രത്യയ ശാസ്ത്രങ്ങൾക്കും മനുഷ്യരെല്ലാം തുല്യരല്ലായെന്നതാണ് യാഥാർഥ്യം. പ്രിവിലേജ്ഡ് എന്നും പ്രിവിലേജ്ഡ് തന്നെയാണ്.

ആഗസ്റ്റ് 31 മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം : photos from Google- Credited to Original Auhors
Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 8:25 pm INDIA