
ജനകീയ അഭിപ്രായത്തിന് വിരുദ്ധമായി, മണിരത്നത്തിന്റെ പ്രത്യയശാസ്ത്രത്തിന് ആര്‍എസ്എസ് ബിജെപി തുടങ്ങി സംഘപരിവാറിലെ മറ്റ് വലതുപക്ഷ സംഘടനകളുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി മറ്റെന്തിനെക്കാളും സാമ്യമുണ്ട്.
എഴുതിയത് : രാജേഷ് രാജമണി || വിവർത്തനം : ആരതി.എം.ആര്

2019 ജൂലൈ മാസം, ഇന്ത്യയിലെ 49 പ്രശസ്തര്‍ (49 celebrities) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു തുറന്ന കത്തെഴുതി. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അഭിനേതാക്കളുമാണ് ആ കത്തില്‍ ഒപ്പിട്ടിരുന്നത്. ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കയായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. പ്രശസ്ത ചലച്ചിത്രകാരന് മണിരത്നം ആ കത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒപ്പിന്റെ ആധികാരികതയെക്കുറിച്ച് ചില വൈരുദ്ധ്യാത്മകമായ റിപ്പോര്‍ട്ടുകള്‍(reports) പുറത്തവന്നു. ആദ്യത്തെ ചില അഭ്യൂഹങ്ങള്‍ക്ക് ശേഷം മണിരത്നം ആ കത്തില്‍ ഒപ്പിട്ടുവെന്നത് സ്ഥിതീകരിച്ചു. 'രാജ്യത്തിന്റെ പ്രതിഛായയ്ക്ക് കളങ്കം വരുത്തി' എന്നാരോപിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ ആ 49 'പ്രോ-ലെഫ്റ്റ് ലിബറല്‍' (pro left-liberals) സിനെതിരെ ബീഹാറിലെ മുസാഫര്‍പൂരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.
അതിനും മുമ്പ് 2017 ഏപ്രിലില്‍, കാട്രു വെളിയിടയ്(2017) എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തമിഴ്നാട് ന്യൂസ് 18 ചാനലിലെ ചീഫ് എഡിറ്റര്‍ ഗുണശേഖരന് മണിരത്നവുമായി അഭിമുഖം നടത്തിയിരുന്നു (interviewed). അഭിമുഖത്തിനിടെ ഭരദ്വാജ് രംഗന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്ന മണിരത്നവുമായുള്ള സംഭാഷണശകലം ഉദ്ദരിച്ചുകൊണ്ട് മണിരത്നത്തിലുണ്ടായ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഗുണശേഖരന് ചോദിച്ചു.
അദ്ദേഹം അതിന് മറുപടി പറഞ്ഞതിങ്ങനെയാണ്. 'യുക്തിവാദി പ്രസ്ഥാനം പോലെ എന്തെങ്കിലും ഉണ്ടാകുക എന്നത് വളരെ നല്ലതാണ്-അത് പിന്നോക്കക്കാര്‍ക്കായി നിലകൊണ്ടു. അത് ജനങ്ങളുടെ ചിന്താഗതിയെ വിശാലമാക്കി... ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ വികാസം പ്രാപിച്ചുകൊണ്ടിരുന്ന വര്‍ഷങ്ങളില്‍ രണ്ട് കാര്യങ്ങളാണ് വളരെ വളരെ പ്രധാനപ്പെട്ടതായിരുന്നത്. ഒന്ന്, ചലച്ചിത്രമെന്ന മാധ്യമത്തിന് ഉണ്ടായി വന്ന പ്രാബല്യം. രണ്ട്, ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചിന്താഗതി. അത് അത്ര ശക്തമായ പ്രസ്ഥാനമായിരുന്നു.' പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന തന്റെ അഭിപ്രായത്തിന് ഊന്നല്‍ നല്‍കികൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കൂടാതെ, ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളുടെ 50 വര്‍ഷത്തെ ഭരണം സംസ്ഥാനത്തെ പുരോഗമനത്തിന്റെ പാതയിലെത്തിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.
പരസ്പര ബന്ധമില്ലാത്ത ഈ രണ്ട് സംഭവങ്ങളും ദ്രാവിഡ പ്രസ്ഥാനത്തിനോട് മൃദുസമീപനം സൂക്ഷിക്കുന്ന ഇടത് ചായ്വുള്ള വ്യക്തിയാണ് മണിരത്നമെന്ന പൊതുജനാഭിപ്രായത്തെ ശരിവെക്കുന്നതാണ്. എന്നാല്‍ ഈ പൊതുജനവിശ്വാസത്തിന് വിരുദ്ധമായി ചില അക്കാദമിക് പണ്ഡിതന്മാര് വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 1992ല്‍ ഇറങ്ങിയ 'റോജ', 1995ല്‍ ഇറങ്ങിയ 'ബോംബെ' എന്നീ സിനിമകളുടെ രാഷ്ട്രീയം മണിരത്നം ഒരു 'ഇടത്-ലിബറല്‍' ആണെന്ന പൊതുധാരണയെ നിലനിര്‍ത്തുന്നതാണ്.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ സിനിമകളെ മൊത്തത്തില്‍ വിമര്‍ശനാത്മകമായി പരിശോധിച്ചാല്‍, അമിതമായ ദേശസ്നേഹം, ഭരണകൂട വിരുദ്ധത, ഭരണകൂട അടിച്ചമര്‍ത്തല്‍ എന്നിവക്ക് അനുകൂലമായ വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത് നിഷ്പ്രയാസം നിരീക്ഷിക്കാന്‍ സാധിക്കും. ജനകീയ അഭിപ്രായത്തിന് വിരുദ്ധമായി, ചലച്ചിത്രകാരന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ആര്.എസ്.എസ്, ബി.ജെ.പി, തുടങ്ങി സംഘ്പരിവാറിലെ മറ്റ് വലത്പക്ഷ സംഘടനകളുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി മറ്റെന്തിനേക്കാളും സാമ്യതയുള്ളതായി കാണാം.
തുടരെ വിഷയമാക്കപ്പെടുന്ന തീവ്രദേശസ്നേഹം
2016 സെപ്തംബറില്‍, സിനിമാപ്രദര്‍ശനത്തിന് മുമ്പ് സിനിമാ ഹാളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി (an order) . ഇത് തുടര്‍ച്ചയായി നാടകീയമായ സംഭവവികാസങ്ങള്‍ക്ക് കാരണമായി.
വിനോദത്തിനും സ്വാതന്ത്ര്യത്തിനും വിശ്രമത്തിനുമുള്ള ഇടമായി പൊതുവെ കണക്കാക്കുന്ന സിനിമാ ഹാളുകള്‍ വളരെ പെട്ടെന്ന് ഒരു സംഘര്‍ഷാഭരിതമായ ഇടമായി. തീവ്രദേശവാദികളായ വലതുപക്ഷ സഹയാത്രികര്‍ക്ക് മറ്റുള്ളവരുടെ 'ദേശസ്നേഹ'ത്തെയും 'ദേശവിരുദ്ധത'യെയും അളക്കാനുള്ള അളവുകോലായി അത് മാറി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ വലതുപക്ഷ ആള്‍ക്കൂട്ടം എങ്ങനെയൊക്കെയാണ് ആക്രമിക്കുകയും ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിനെക്കുറിച്ച് രാജ്യത്തുടനീളം റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. നാല് പതിറ്റാണ്ടിലേറെയായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഒരു ഡിസ്എബിലിറ്റി ആക്ടിവിസ്റ്റിനെ ആക്രമിച്ചുവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു.
യതാര്‍ത്ഥ ദേശസ്നേഹമെന്ന മൂടുപടമണിഞ്ഞ തീവ്ര ദേശീയവാദത്തിന്റെ അക്രമാസ്ക്തമായ രൂപമാണ് മണിരത്നത്തിന്റെ ആദ്യ രാഷ്ട്രീയ ചിത്രമായ റോജക്ക് ജന്മം നല്‍കിയത്. ഇവിടെ രസകരമായതെന്തെന്നാല്‍, ചലച്ചിത്രകാരന് തന്നെ ഇത് അംഗീകരിച്ചിട്ടുണ്ടെന്നതാണ്. റോജയുടെ ഇരുപത്തഞ്ചാം വാര്‍ഷികവേളയിലാണ് മണിരത്നം ഇത് വെളിപ്പെടുത്തിയത്. കെ.ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ (1975) എന്ന സിനിമയില്‍, ദേശീയഗാനം ആലപിക്കുമ്പോള്‍ ച്യൂയിംഗ് ഗം കഴിക്കുന്ന ഒരാളെ നായകന് അക്രമാസക്തനായി ഇടിക്കുന്ന രംഗത്തില്‍ നിന്നാണ് റോജ സിനിമയുടെ ആശയം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ, തീവ്രദേശീയതക്ക് സമാനമായ വികാരം റോജയുടെ(Roja’s) രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നതില്‍ അതിശയപ്പെടാനൊന്നുമില്ല. അതുവരെയും കാശ്മീരോ അതിന്റെ രാഷ്ട്രീയമോ തമിഴ്നാട്ടിലെ ജനങ്ങളുടെ പൊതുവ്യവഹാരത്തില്‍ ജനകീയമായ ഒന്നായിരുന്നില്ല. എന്നാല്‍ ആ സിനിമയുടെ വിദഗ്ദമായ രൂപകല്‍പ്പനയും, തയാറാക്കിയ രീതിയും പുറത്തിറക്കിയ സമയവും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങളെക്കുറിച്ച് പ്രേക്ഷകരില്‍ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. 1992ലെ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങിയ റോജക്ക് മികച്ച 'ദേശീയോദ്ഗ്രഥന സിനിമക്കുള്ള അവാര്‍ഡ്' ലഭിച്ചു.
ഇവിടെ സിനിമ പുറത്തിറക്കിയ സമയം പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ്. രാജീവ് ഗാന്ധി വധത്തിന് തൊട്ടുപിന്നാലെ നിര്‍മ്മിച്ചതാണ് ഈ ചിത്രം. തമിഴ് ഈലം ശ്രീലങ്കയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള സാധ്യതകള്‍ നിലനിന്നിരുന്ന, അത് തമിഴ്നാട്ടില്‍ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനങ്ങളെക്കുറിച്ചും ഇന്ത്യന്‍ സംസ്ഥാനവുമായി ഉണ്ടായേക്കാവുന്ന ബന്ധങ്ങളെക്കുറിച്ചും ആകാംഷാഭരിതമായ ചര്‍ച്ചകള്‍ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഈ വൈകാരികാവസ്ഥയെ മണിരത്നം മുതലാക്കി. എന്നാല്‍ തമിഴ് ദേശീയവാദ രൂക്ഷതകളെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കുന്നതിന് പകരം ഇന്ത്യയിലെ മുഴുവന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി അദ്ദേഹം കഥാപരിസരത്തെ കാശ്മീരിലേക്ക് കേന്ദ്രീകരിച്ചു.
കാശ്മീരിനെക്കുറിച്ചോ അവിടെ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചോ പ്രത്യേകിച്ച് ശക്തമായ അഭിപ്രായങ്ങളൊന്നും തന്നെയില്ലാത്ത കാഴ്ചക്കാര്ക്കിടയില് മനപൂര്‍വം തീവ്ര ദേശഭക്തി ഉണര്‍ത്തുന്ന നിരവധി നിമിഷങ്ങള്‍ ആ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തെ കുറിച്ച് പ്രതിപാദിക്കാതെ, കാശ്മീര്‍ ഭൂമിക്കായുള്ള അവകാശവാദങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു സീനില്‍, നായകന് കത്തി നശിക്കുന്ന ഇന്ത്യന്‍ പതാകയെ രക്ഷിക്കുന്നതും, തുടര്‍ന്നുള്ള പശ്ചാത്തല സംഗീതവും ദേശീയതയുടെ പേരില്‍ കാശ്മീരിനുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ തമിഴരെ പ്രേരിപ്പിച്ചു. മറ്റ് ഭാഷകളിലേക്കും ഈ സിനിമ മൊഴിമാറ്റം ചെയ്യപ്പെട്ടു. സമാനമായ കോലാഹലങ്ങള്‍ ആ വിപണികളിലും ഉണ്ടായി.
വലതുപക്ഷ ശക്തികളുടെ തീവ്ര രാജ്യസ്നേഹ പ്രകടന പ്രവണതകളോടുള്ള ചായ്വ് മണിരത്നത്തിന്റെ മറ്റ് സിനിമകളിലും തുടര്‍ന്നു. 1998ല്‍ ഇറങ്ങിയ ദില്‍ സേയാകട്ടെ, അസമില്‍ തുടങ്ങി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്വയംനിര്ണായകാവകാശത്തിലേക്ക് പൊതുശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അസാധാരണമായി, റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്ന ഒരു വിമോചനവാദസംഘത്തിന്റെ ഭാഗമാണ് നായിക എന്ന് കാണിക്കാന്‍ കഥാപരിസരം ഉടന്‍ തന്നെ ലഡാക്കിലേക്ക് തിരിക്കുന്നു.
ചാവേറിനെക്കുറിച്ചുള്ള പരാമര്‍ശം തന്നെ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിന്റെ (എല്‍ടിടിഇ) ബ്ലാക്ക് ടൈഗേഴ്സിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അടിസ്ഥാനപരമായി, മൂന്ന് വ്യത്യസ്ഥ മേഖലകളിലെ സംഘര്‍ഷങ്ങളെ സിനിമയില്‍ കൂട്ടിക്കുഴക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് അതിര്‍ത്തികളിലെ പ്രാദേശിക സംഘര്‍ഷങ്ങള്‍ പ്രതിപാദിക്കാനായാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍, ശ്രീലങ്കയുടെ തമിഴ് ഭൂഭാഗങ്ങള്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നത്.
90കളില്‍ ആ മേഖലകളിലുണ്ടായിരുന്ന സംഘര്‍ഷങ്ങളോടുള്ള ഒരു ദേശീയ പ്രതികരണമാണ് റോജയിലും ദില്‍ സേയിലുമെന്ന് വാദിക്കാന്‍ കഴിയുമെങ്കിലും, 2017ല്‍ പുറത്തിറങ്ങിയ കാട്രു വെളിയിടയ് എന്ന സിനിമയില്‍ എന്തുകൊണ്ടാണ് മണിരത്നം തീവ്രരാജ്യസ്നേഹത്തെ കൂട്ടുപിടിക്കുന്നതെന്നത് ചിന്തിക്കേണ്ടതാണ്. തമിഴ് ദമ്പതികളായ, ഇന്ത്യന്‍ വ്യോമസേന യുദ്ധവിമാന പൈലറ്റും ഡോക്ടറും തമ്മിലുള്ള വളരെ മോശം പ്രണയബന്ധത്തിലെ ഉയര്‍ച്ച താഴ്ചകളെ വിവരിക്കുന്ന ഈ കഥ കാശ്മീരിലാണ് നടക്കുന്നത്. തമിഴ് ദമ്പതികളെക്കുറിച്ചുള്ള ഒരു സിനിമ എന്തുകൊണ്ടാണ് കാശ്മീരില്‍ ഒരുക്കിയത് എന്നത് ഇന്നും വിചിത്രമായ ഒന്നാണ്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന കാശ്മീരികളാകട്ടെ, നായകരുടെ വീടുകളില്‍ പണിയെടുക്കുന്ന അപ്രധാനരായ സ്ത്രീ കഥാപാത്രങ്ങളാണ്. അവര്‍ക്ക് വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ സ്ക്രീനില്‍ നല്കുന്നുമുള്ളൂ.
ഒരു വ്യോമാക്രമണത്തിനിടെ പാകിസ്ഥാനില്‍ യുദ്ധതടവുകാരനാക്കപ്പെടുന്ന ജെറ്റ് പൈലറ്റ് ജയിലില്‍ നിന്നും രക്ഷപ്പെടുന്നതാണ് സിനിമയുടെ കഥ. ഈ രക്ഷപ്പെടലിനിടയില്‍, നായകന് സഞ്ചരിക്കുന്ന ട്രക്ക് പാകിസ്ഥാന് പതാക ഉയര്‍ത്തിയിരിക്കുന്ന കൊടിമരത്തില്‍ ഇടിച്ച് താഴെയിടുന്നതായി ഒരു നാടകീയ രംഗം മണിരത്നം മനപൂര്‍വം അവതരിപ്പിക്കുന്നുണ്ട്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനാത്മകമായി ഉയരുന്ന വളരെ നേരിയ ശബ്ദത്തെ പോലും 'രാജ്യ ദ്രോഹികള്‍' അല്ലെങ്കില്‍ 'പാകിസ്ഥാന് ഏജന്റ്' എന്ന് ചാപ്പകുത്തുന്ന പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഇത് ചിത്രീകരിച്ചതെന്നത് യാദൃച്ഛികവും രസകരവുമാണ്.

മുസ്ലീമുകളെ മതേതരവല്‍ക്കരിക്കാന്‍ പരിശീലിപ്പിക്കുന്നു
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മുത്തലാഖ് നിരോധനബില്‍ പാസാക്കുന്നതിനായി ഷാ ബാനോ (Shah Bano case) കേസുമായി 1970കളില്‍ അവര്‍ ആരംഭിച്ച നിരന്തരമായ സമരപ്രചാരണം 2019 ജൂലൈയില്‍ ഫലം കണ്ടു. ലിംഗനീതിയുടെ വിജയമായി സര്‍ക്കാര്‍ അതിനെ ആഘോഷിച്ചു. നിരവധി പൗര സമൂഹ അംഗങ്ങള്‍ അതിനെ നിശിതമായി വിമര്‍ശിക്കുകയും (critiqued) അതൊരു കണ്കെട്ട് വിദ്യയാണെന്നും ന്യൂനപക്ഷ വിരുദ്ധ നിയമമാണെന്നും മുദ്രകുത്തി. രാജ്യത്തെ മുസ്ലീമുകളെ 'മതേതരവല്‍ക്കരിക്കുക' അതിനുവേണ്ടി അവരെ പ്രത്യേകരീതിയില്‍ പരിശീലിപ്പിക്കുക, ഹിന്ദു ആധിപത്യശക്തികള്‍ക്ക് കീഴ്പ്പെട്ടവരാക്കുക എന്നത് വലതുപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയലക്ഷ്യങ്ങളിലൊന്നാണ്.
ബോംബെയില്‍ മണിരത്നം ഹിന്ദു-മുസ്ലീം ദ്വന്ദ്വത്തെ ഹിന്ദുഭൂരിപക്ഷത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന രീതിയിലാണ് അവതരിപ്പിച്ചത്. പരസ്പരം പ്രണയത്തിലായിരിക്കുന്ന, ഇരു മതവിഭാഗത്തില്‍പ്പെട്ട ദമ്പതികളുടെ കഥ പറയുന്ന ഈ സിനിമ പുറമെ പുരോഗമനാത്മകമായാണ് കാണപ്പെടുക. എന്നാല്‍ പ്രണയമോ വിവാഹമോ പിന്തുടരാനുളള ഏജന്‍സി ഇവിടെ സവര്‍ണ ഹിന്ദു പുരുഷന് മാത്രമാണ് നല്‍കിയിട്ടുള്ളത്. അവന്റെ സഹായത്തോടെ മാത്രമേ അക്രമാസക്തമായ പുരുഷാധിപത്യ കുടുംബവ്യവസ്ഥയില്‍ നിന്നും മുസ്ലീം സ്ത്രീയായ നായികക്ക് രക്ഷപ്പെടാനാകൂ. ഇത് 'ഉയിരേ ഉയിരേ' എന്ന ഗാനത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കുന്നുമുണ്ട്. താന്‍ ആഗ്രഹിക്കുന്ന പുരുഷന്റെ അടുത്തേക്കെത്താന്‍ തന്റെ ബുര്‍ഖ തടസമാണെന്നും അതുകൊണ്ട് തന്റെ ബുര്‍ഖ ഉപേക്ഷിക്കാന്‍ അവള് നിര്ബന്ധിതയാകുന്നുവെന്നുമാണ് അവതരിപ്പിച്ചിരിക്കുന്നത്. യാഥാസ്ഥിതികയും മതബോധവുമുള്ള മുസ്ലീം സ്ത്രീയെ മതേതരത്വം എന്ന കപടത കൊണ്ട് ഹിന്ദു സമൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കഥയാണ് സിനിമ അനാവരണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് ഈ ഒറ്റ ദൃശ്യം കൊണ്ട് മുന്‍കൂറായി പറഞ്ഞുവെക്കുന്നു.
മുംബൈ നഗരത്തിലേക്ക് ദമ്പതികളെ സിനിമ പിന്തുടരുന്നു. ബാബ്രി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന 1992ലെ ബോംബെ കലാപത്തിനിടയില്‍ അവരുടെ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചിത്രീകരിച്ചിക്കുന്നു. മുംബൈ കലാപത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ട് (Srikrishna Commission’s)അന്ന് നഗരത്തിലുണ്ടായ രക്തച്ചൊരിച്ചിലിന് ഉത്തരവാദികള്‍ ആസൂത്രണം ചെയ്തവരാണെന്ന് ചൂണ്ടിക്കാട്ടി ശിവസേനയെ പ്രതി ചേര്‍ത്തിട്ടുണ്ട്.
സിനിമ പക്ഷേ സംഭവങ്ങളെ വളരെ വ്യത്യസ്തമായാണ് ചിത്രീകരിച്ചത്. സിനിമയുടെ സുഗമമായ റിലീസ് ഉറപ്പാക്കാന്‍ വേണ്ടി ശിവസേനയെ നേരിട്ട് സൂചിപ്പിക്കുന്ന രംഗങ്ങള്‍ മണിരത്നത്തിന് എഡിറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ (edit out scenes) ആക്രമണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍, പ്രകോപിതരാക്കിയവര് മുസ്ലീമുകളാണെന്ന ആഖ്യാനമാണ് കഥ ഇന്നും അടയാളപ്പെടുത്തുന്നത്.
എന്തായാലും, ഹിന്ദു സംഘടനകളുടെ പങ്ക് അവ്യക്തമെന്ന രീതിയിലോ പ്രതികാരമെന്ന രീതിയിലോ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുപക്ഷത്തെയും ആക്രമണത്തിന് ഒരുപോലെ ഉത്തരവാദികളാക്കി, വളരെ 'സന്തുലിതമായ സമീപനമാണ്' സിനിമ തെരഞ്ഞടുത്തത്. ഈ കലാപങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് മുസ്ലീങ്ങളാണെന്നിരിക്കെ, സിനിമയുടെ ക്ലൈമാക്സില്‍ തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും സാര്‍വത്രിക സാഹോദര്യത്തെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ബോംബെയില്‍ മുസ്ലീമിനെ മതനിരപേക്ഷവത്കരിക്കാനാണ് ശ്രമിച്ചതെങ്കില്‍ റോജയില്‍ സിനിമ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് അനുകൂലമായി സംസാരിക്കുകയും അവരുടെ മനുഷ്യത്വത്തെ അംഗീകരിക്കാന്‍ കാശ്മീരി മുസ്ലീമുകള്‍ക്ക് സൂചന കൊടുക്കകയുമാണ് ചെയ്യുന്നത്. ക്ലൈമാക്സ് രംഗത്ത്, കശ്മീരി വിഘടനവാദി നേതാവ്, ഉയര്‍ന്ന ജാതിക്കാരായ തമിഴ് ബന്ദികളെ സ്വതന്ത്രരാക്കുകയും 'ഒരു തീവ്രവാദിയില്‍ മനംമാറ്റം ഉണ്ടാക്കിയതില്‍' നന്ദി പറയുകയും ചെയ്യുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ ഇരവാദം ഉയര്‍ത്തുന്നതിലൂടെ ഇവിടെയും ചലച്ചിത്രകാരന് സ്വീകരിച്ച നിലപാട് ആര്‍എസ്എസിന്റെയും ബിജെപിയുടെയും നിലപാടിനോട് വളരെ സാമ്യമുള്ളതാണ്.
പ്രാകൃതമാക്കപ്പെടുന്ന ദ്രാവിഡ പ്രസ്ഥാനം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആര്‍എസ്എസും ബിജെപിയും ഡോ.ബി ആര് അംബേദ്കറിനെ ദലിതരുടെ വോട്ട് ചൂഷണം ചെയ്യാനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പേരില്‍ അവര്‍ അത്തരം തന്ത്രങ്ങള്‍ പരിക്ഷീക്കാന്‍ തയാറാകാറില്ല. ഇതിന് പ്രധാന കാരണം, ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിജയം ദ്രാവിഡ മുന്നേറ്റ കഴഗം(ഡിഎംകെ), അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം(എഐഎഡിഎംകെ) എന്നീ ദ്രാവിഡ പാര്‍ട്ടികളിലൂടെ ജനങ്ങളുടെ ഏകീകരണം ഇതിനകം തന്നെ സാധിപ്പിച്ചുവെന്നതാണ്. പെരിയാറിനെ അവര്‍ തിരഞ്ഞെടുക്കുന്നത് തന്നെ നിഷ്ഫലമായ കാര്യമാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ അസാധുവാക്കാനായി ദ്രാവിഡ പ്രസ്ഥാനത്തിനെയും അദ്ദേഹത്തെയും ശക്തമായി വലതുപക്ഷ സംഘടനകള്‍ ആക്രമിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുവര്‍(1997) സിനിമയിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര ശക്തിയെ പൂര്‍ണമായും രൂപമാറ്റം വരുത്തി (completely disfigured), സമാനമായ തന്ത്രമാണ് മണിരത്നം പ്രയോഗിക്കാന്‍ ശ്രമിച്ചത്. ബ്രാഹ്മണിക മേധാവിത്വ ശക്തികള്‍ക്കെതിരെ, എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ക്കായി ജനങ്ങള്‍ നയിച്ച ജാതിവിരുദ്ധ പോരാട്ടമായിരുന്നു ദ്രാവിഡ പ്രസ്ഥാനത്തിന്റെ കാതല്‍.
എന്നാല്‍ ഇരുവറില്‍, കലൈനര്‍ എം കരുണാനിധിയുടെയും എംജി രാമചന്ദ്രന്റെയും വളര്‍ച്ചയെ വിശാലമായി അവതരിപ്പിച്ചു കൊണ്ട് പ്രസ്ഥാനത്തിന്റെ ജാതിവിരുദ്ധ സ്വഭാവത്തെ മണിരത്നം ഏറെക്കുറെ മായ്ച്ചുകളഞ്ഞു. പകരം, അധികാരത്തിന്റെ ദുഷിച്ച സ്വഭാവത്തെ വിമര്‍ശിക്കുന്നതിന്റെ മറവില്‍, ഈ നേതാക്കളുടെ പ്രണയജീവിതത്തിലേക്കും െൈലംഗീക ജീവിതത്തിലേക്കുമുള്ള ഒളിഞ്ഞുനോക്കുന്നതിലേക്കാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഇവിടെ, കലൈനര്‍ കരുണാനിധിയെയാണ് തന്റെ പ്രണയബന്ധങ്ങളെ ഉറപ്പിക്കാന്‍ പാര്‍ട്ടി അംഗങ്ങളെ പോലും ഉപയോഗിക്കാന്‍ മടിക്കാത്ത, ക്രൂരനും അധികാര ദാഹിയുമായി ചിത്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ എംജി രാമചന്ദ്രന്റെ കഥാപാത്രത്തെയാകട്ടെ വളരെ അനുകമ്പയുള്ളതായാണ് അവതരിപ്പിച്ചിരിക്കുന്നത്. കൗശലക്കാരനും തന്ത്രശാലിയുമായി അവതരിപ്പിച്ചിരുന്ന എം കരുണാനിധിയുടെ കഥാപാത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ദരിദ്രരായ ജനങ്ങളുടെ വേദനയും പട്ടിണിയും മനസിലാക്കുന്ന, വളരെ സ്വാഭാവികമായി അധികാരത്തിലെത്തുന്ന ഒരാളായാണ് എംജിആറിനെ കാണിച്ചിരിക്കുന്നത്. എം കരുണാനിധിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എംജി രാമചന്ദ്രന് സ്ഥാനമാനങ്ങള്‍ ലഭിച്ചുവെന്നതില്‍ ആശ്ചര്യപ്പെടാനായി ഒന്നുമില്ല. കാരണം, സംസ്ഥാനത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവന്നിട്ടും എംജി രാമചന്ദ്രന് ആര്‍എസ്എസുമായും ബിജെപിയുമായും ചില കാര്യങ്ങളില്‍ സമാനതകളുണ്ടായിരുന്നു.
ഒരു മികച്ച ഉദാഹരണം ചൂണ്ടിക്കാട്ടാനാണെങ്കില്‍, രാജ്യത്ത് ഉയര്‍ന്ന ജാതിക്കാര്‍ക്കായി സാമ്പത്തിക അധിഷ്ഠിത സംവരണം (economic based reservation) ഏര്‍പ്പെടുത്താന്‍ ആദ്യ ശ്രമങ്ങള്‍ നടത്തിയ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിക്ക് ശേഷം അദ്ദേഹം അതില്‍ നിന്നും പിന്മാറി. അടുത്തിടെ, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് അഥവാ പൊതുവിഭാഗത്തില്‍ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കൊണ്ട് ഇതേ നയം ബിജെപി സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. പ്രസ്ഥാനത്തിന്റെ ജാതി വിരുദ്ധ സ്വാഭാവം മായ്ച്ചുകളയുന്നതിന് പുറമേ, ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ എം കരുണാനിധിയും കാമുകിയാകാന്‍ സാധ്യതയുണ്ടായിരുന്ന കഥാപാത്രവും തമ്മില്‍ കൂടിക്കാഴ്ച ഒരുക്കാനുള്ള താല്‍ക്കാലിക പ്രോപ്പര്‍ട്ടിയായി മാത്രം ചുരുക്കിക്കളഞ്ഞു. വ്യക്തികളിലെ പ്രണയവും അമിതമായ ലൈംഗികതാല്പര്യവും അശ്ലീലമായി അവതരിപ്പിച്ചു കൊണ്ട് സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ദ്രാവിഡപ്രസ്ഥാനത്തെയും അവരുടെ ആത്മാഭിമാനത്തെയും താഴ്ത്തികെട്ടുകയാണ് ഇവിടെ. അടിസ്ഥാനപരമായി, പ്രസ്ഥാനത്തെ നിസാരവല്‍ക്കരിക്കുകയും പൊതുജനത്തിന് ഉണ്ടായിരുന്ന മതിപ്പ് ഇല്ലാതാക്കുകയുമാണ് സിനിമയുടെ ഏക ലക്ഷ്യമെന്ന് തോന്നുന്നു.
ഇടതുപക്ഷത്തിന്റെ വീര്യം ചോര്‍ത്തപ്പെടുന്നു
ഇടതുപക്ഷ-ലിബറല്‍ എന്ന പ്രതിഛായ ഉണ്ടായിരുന്നിട്ടും, രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെ അദ്ദേഹം മിക്കവാറുമൊക്കെ വിമര്‍ശിച്ചിരുന്നു. ദ്രാവിഡ പാര്‍ട്ടികള്‍ക്കും അവരുടെ രാഷ്ട്രീയത്തിനും എതിരായി വരുമ്പോള്‍ മാത്രമാണ് നല്ല രീതിയില്‍ അതിനെ പ്രതിനിധീകരിച്ചിട്ടുള്ളത്. അദ്ദേഹം എഴുതിയതല്ലെങ്കിലും, 1984ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം ഉണരൂവില് ട്രേഡ് യൂണിയനുകളിലെ അഴിമതിയെക്കുറിച്ചും അവ അധികാരത്തിലിരിക്കുന്ന ഉന്നതരുടെ താല്പര്യങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും കാണിക്കുന്നു.
2004ല്‍ പുറത്തിറങ്ങിയ ആയുധ എഴുത്തില്‍ (ഹിന്ദിയില്‍ യുവ) നായകനായ മൈക്കിള്‍ വസന്തിനായി ഉസ്മാനിയ സര്‍വകലാശാലയിലെ ഒരു മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവായ ജോര്‍ജ് റെഡ്ഡിയെയാണ് (George Reddy) മാതൃകയാക്കിയിരിക്കുന്നത്. ജീവിച്ചിരുന്ന വ്യക്തിയില്‍ നിന്ന് കഥാപാത്ര സവിശേഷതകളെ കടംകൊണ്ടുവെങ്കിലും കേവലം ഉപരിവിപ്ലവമായ വിശദാംശങ്ങള്‍ക്കാണ് മണിരത്നം ഊന്നല്‍ നല്‍കിയത്. ക്യാമ്പസിന് അകത്തും പുറത്തും ദരിദ്രരുടെയും വനിതാ വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്കായി പോരാടിയ വിദ്യാര്‍ത്ഥി നേതാവിന്റെ സമൂലമായ രാഷ്ട്രീയത്തിനെ വകവെച്ചില്ല. എന്തായാലും, ഫ്യൂഡല്‍ അനുകൂല, വലതുപക്ഷ ശക്തികള്‍ ക്യാംപസില്‍ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തി.
അഭ്യസ്ത വിദ്യരായ സവര്‍ണ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യത്ത് സ്ഥിരതാമസമാക്കാനുള്ള സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് പ്രോല്സാഹിപ്പിക്കുന്നതിനപ്പുറം മണിരത്നം പുനരാവിഷ്കാരണം ചെയ്ത ജോര്‍ജ് റെഡ്ഡിയുടെ ജീവിതത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇത് ഇടതുപക്ഷ ചായ്വിനേക്കള് ആം ആദ്മി പാര്‍ട്ടിയുടെ(എഎപി) പ്രാരംഭകാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്.

ഇവിടെ മണിരത്നം വീണ്ടും, വളരെ നേര്‍പ്പിച്ച ജോര്‍ജ് റെഡ്ഡിയുടെ കഥാപാത്രത്തെ ദ്രാവിഡ നേതാവും ഡിഎംകെയുടെ ആദ്യ മുഖ്യമന്ത്രിയുമായ സി.എന്‍ അണ്ണാദുരൈയ്ക്കെതിരായി സ്ഥാപിച്ചു. അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം പെരിയാറിസ്റ്റുകള്‍ ധരിക്കുന്ന പോലുള്ള കറുത്ത ഷര്‍ട്ടും സി.എന്‍ അണ്ണാദുരൈയുടെ ജനപ്രിയ ഉദ്ധരണിയായ 'വടക്ക് വാഴ്കിറത്, തെക്ക് തേയ്കിറത്'(വടക്ക് ഭരിക്കുമ്പോള്‍, തെക്ക് ക്ഷയിക്കുന്നു) എന്ന മുദ്രാവാക്യവും വിളിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അണ്ണാദുരൈയെ 'അണ്ണാ' എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു. എന്നാല്‍ അതേ പദം ഇവിടെ പരിഹാസ്യകരമായി ഉപയോഗിച്ചിരിക്കുന്നു.
സിഎന്‍ അണ്ണാദുരൈയെ (CN Annadurai) പരിഹാസരൂപേണ കഥാപാത്രവല്ക്കരിക്കുന്നതിനപ്പുറം അദ്ദേഹത്തിന്റെ പാര്‍ട്ടിയെ അങ്ങേയറ്റം അഴിമതി നിറഞ്ഞതും ജനങ്ങളെ അണിനിരത്താനായി പണവും ഗുണ്ടായിസവും ഉപയോഗിക്കുന്നതുമായി മണിരത്നം ചിത്രീകരിച്ചു. വാസ്ത്വത്തില്, ഡിഎംകെയുടെ ആദ്യ വര്‍ഷങ്ങളില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ചെറുപ്പക്കാര്‍ രാഷ്ട്രീയവല്ക്കരിക്കുന്നതായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ മണിരത്നം സിനിമയില്‍, ഉയര്‍ന്നു വരുന്ന ഇതര ശബ്ദങ്ങളെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്ന, യുവാക്കളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ അത്യധികം അരക്ഷിതമാകുന്ന പാര്‍ട്ടിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിന് മുമ്പും മണിരത്നത്തിന്റെ സിനിമകളില്‍ ഇടത്പക്ഷത്തെയും ദ്രാവിഡ പാര്‍ട്ടികളെയും പരസ്പരം എതിര്‍വശങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ മൗനരാഗത്തിലെ ഫ്ളാഷ് ബാക്ക് സീക്വന്‍സില്‍ നായികയുടെ കാമുകനെ ഇടത്പക്ഷ വിമതനായാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഷോട്ടില്‍ തന്നെ ധനികനും പാര്‍ലമെന്റ് അംഗവുമായ തമിഴ്മണിയുടെ മകനെ അക്രമാസക്തമായി അടിക്കുന്നുണ്ട്.
വീണ്ടും ദ്രാവിഡ പാര്‍ട്ടി അംഗമെന്ന് പരാമര്‍ശിക്കാനാണ് 'തമിഴ് മണി' എന്ന പേര് മനപൂര്‍വം തെരഞ്ഞെടുത്തിരിക്കുന്നത്. സിനിമ മുന്നോട്ട് പോകുമ്പോള്‍, എച്ച് ആര് മാനേജരായ നായികയുടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കാരണത്തിനാല് യൂണിയന് തൊഴിലാളി മര്‍ദ്ദിക്കുന്നുണ്ട്. ദ്രാവിഡ പ്രസ്ഥാനങ്ങളെ തുടരെ അക്രമാസക്തവും അഴിമതി നിറഞ്ഞതുമായി മണിരത്നം അവതരിപ്പിക്കുമ്പോള്‍, ഇടതുപക്ഷത്തിന് താരതമ്യേന മൃദുസമീപനമാണ് സ്വീകരിക്കുക.
എന്നാല്‍ നേരെമറിച്ച്, ധീരുഭായ് അംബാനിയെപ്പോലൊരു മുതലാളിയുടെ ജീവിതത്തെ കാല്പനികവല്‍ക്കരിച്ചും മഹത്വവല്‍ക്കരിച്ചുമാണ് 2007ല്‍ പുറത്തിറങ്ങിയ ഗുരു സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് വ്യവസായങ്ങളുടെ ഉയര്‍ച്ചക്ക് സഹായകമായ നിയമലംഘനങ്ങളും നിയമത്തെ വളച്ചൊടിക്കലും ലൈസന്‍സ് രാജിന് മുകളിലേക്കുള്ള മനുഷ്യന്റെ കഠിനാധ്വാനമായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ജനങ്ങളില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വിജയിച്ച ടാറ്റാ, ബിര്‍ലാ വ്യവസായ മുതലാളിമാരില്‍ നിന്ന് വ്യത്യസ്തമായി, 'മൈത്രീ മുതലാളികള്‍' (crony capitalists) എന്ന പേരില്‍ കനത്ത വിമര്‍ശനങ്ങളേറ്റ് വാങ്ങിയാണ് അംബാനികള്‍ വളര്‍ന്നത്. എന്നിരുന്നാലും ധീരുഭായി അംബാനിയെക്കുറിച്ചുള്ള മണിരത്നത്തിന്റെ ചിത്രത്തില്‍ ബിസിനസുകാരനോടുള്ള ആരാധന മുഴച്ചു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഓര്‍ഗനൈസേഷനുകളെയും കുറിച്ച് നല്ല പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഒരു പ്രധാന പങ്ക് സിനിമ വഹിക്കുകയും ചെയ്യുന്നു.
ഇവിടെ രസകരമായ കാര്യമെന്തെന്നാല്‍, മണിരത്നത്തിന്റെ മദ്രാസ് ടോക്കീസിനൊപ്പം റിലയന്‍സ് എന്റര്ടൈന്മെന്റും കൂടി ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

രാമായണത്തിന്റെ ഇതിവൃത്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാവണന് (ഹിന്ദിയില്‍ രാവണ്‍) 2010ലിറങ്ങുന്നത്. കടത്തിക്കൊണ്ട് പോകലിനെയും രക്ഷപ്പെടുത്തലിനെയും അടിസ്ഥാനമാക്കിയാണ് മണിരത്നം കഥ വിവരിച്ചിരിക്കുന്നത്. ഇത്തവണ അദ്ദേഹം ആദിവാസികള്‍ അധിവസിക്കുന്ന മധ്യ ഇന്ത്യയിലെ ഉള്‍വനമാണ് തിരഞ്ഞെടുത്തത്. ഇവിടെ, സിനിമ പശ്ചാത്തലമായി നക്സലൈറ്റ്-മാവോയിസ്റ്റ് ഗ്രൂപ്പുകളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തിരുകികയറ്റിരിക്കുന്നു.
എന്നാല്‍ രാമായണത്തെ നിര്‍ബന്ധ പൂര്‍വം ആദിവാസി ജീവിതത്തില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിക്ക് സമാനമാണ്. സംഘപരിവാര്‍ ആദിവാസികളെ വനവാസികളെന്ന് പുനര്വിശേഷിപ്പിക്കുകയും അവരെ ഹിന്ദു വിശ്വാസത്തിലേക്ക് 'തിരിച്ചു കൊണ്ടുവരാന്‍' ശ്രമിക്കുകയും ക്രിസ്തുമതത്തിലേക്കുള്ള അവരുടെ പരിവര്‍ത്തനങ്ങളെ 'പരിശോധിക്കുകയും' ചെയ്യുന്നു.
സേവാഭാരതി എന്ന വലതുപക്ഷ സംഘടന ആദിവാസി യുവാക്കള്‍ക്ക് 'ശ്രീരാമകഥ പ്രവചന്' (രാമായണത്തിലെ പ്രഭാഷണങ്ങള്‍' ) സംബന്ധിച്ച് പരിശീലനം നല്‍കുന്നുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ (reports) പോലും ഉണ്ടായിട്ടുണ്ട്.
സംഘര്‍ഷമേഖലകളിലെ ഭരണകൂട അടിച്ചമര്ത്തലുകളെപ്പറ്റിയോ ആദിവാസികള്‍ നേരിടുന്ന ഉപജീവന പ്രശ്നങ്ങളെക്കുറിച്ചോ മണിരത്നത്തിന്റെ സിനിമകള്‍ നിശബ്ദമായിരിക്കുമ്പോള്‍, കൂടുതല്‍ ദേശീയ സമന്വയത്തിനായി ആദിവാസികളെ 'ഹിന്ദുവല്ക്കരിക്കുന്ന' സംഘപരിവാറിന്റെ പദ്ധതി പൂര്‍ണമായും യോജ്യമാകുന്നു.

ഇന്ത്യന്‍ ദേശീയത മുതല്‍ സിംഹള ദേശീയത വരെ
മണിരത്നത്തിന്റെ മിക്കവാറും എല്ലാ രാഷ്ട്രീയ സിനിമകളും ദേശീയവാദ പദ്ധതികളാണെങ്കിലും 2002ല്‍ ഇറങ്ങിയ കണ്ണത്തില്‍ മുത്തമിട്ടാല്‍ സിനിമയില്‍ അദ്ദേഹം സിംഹള ദേശീയവാദത്തെയാണ് കൂട്ടുപിടിച്ചത്. ശ്രീലങ്കയില്‍ മാതൃരാജ്യത്തിനായുള്ള തമിഴ് വംശജരുടെ പോരാട്ടത്തിനെതിരെയാണ് മണിരത്നം ക്യാമറ തിരിച്ചത്. ശ്രീലങ്കയിലെ തമിഴ് ഭാഗങ്ങളിലേക്ക് വളര്‍ത്തച്ഛനും വളര്ത്തമ്മക്കുമൊപ്പം ചെന്നൈയില്‍ നിന്ന് തന്റെ പെറ്റമ്മയെ തേടിപ്പോകുന്ന ഒരു പെണ്‍കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്.
ചാവേര്‍ ആക്രമണങ്ങളും ബാല സൈനികരും മാത്രം നിറഞ്ഞതാണ് തമിഴരുടെ പോരാട്ടമെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്. നാടുകടത്തല്‍, മരണം, അക്രമം എന്നിവക്കപ്പുറം സിംഹള ഫാസിസത്തിന്റെ ഉദയത്തെക്കുറിച്ചോ തമിഴ് ജനത ആയുധമെടുക്കാന്‍ കാരണമായ ശ്രീലങ്കന്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലിന്റെ പങ്കിനെക്കുറിച്ചോ സിനിമ ഒന്നും പറയുന്നില്ല. സിനിമയിലെ ഒരേയൊരു സിംഹള കഥാപാത്രമാകട്ടെ, ഇന്ത്യന്‍ തമിഴ് കുടുംബത്തെ സഹായിക്കാനായെത്തുന്ന വളരെ വിശാലഹൃദയനും ദയാലുവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വളര്‍ത്തച്ഛനും സിംഹളക്കാരനും തമ്മിലുള്ള സുപ്രധാനമായ സംഭാഷണത്തില്‍, ശ്രീലങ്കയിലെയും മറ്റ് സമാന രാജ്യങ്ങളിലെയും ആഭ്യന്തരയുദ്ധത്തിന് കാരണം ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന പാശ്ചാത്യരാജ്യങ്ങളാണെന്ന് ആരോപിക്കുന്നുണ്ട്. പേരില്ലാത്ത ഏതോ പാശ്ചാത്യരാജ്യങ്ങളിലേക്ക് കുറ്റാരോപണം നടത്തുന്നതിലൂടെ, തമിഴരെ അവരുടെ സ്വന്തം ഭൂമിയില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും സിംഹള-ബുദ്ധ ദേശീയവാദികളുടെയും സിംഹള ജനതയുടെയും പങ്കിനെ ഒറ്റയടിക്ക് കുറ്റവിമുക്തമാക്കുകയാണ് ഇവിടെ.

സിനിമയെക്കുറിച്ചുള്ള സംഭാഷണത്തിനിടയില്‍, ശ്രീലങ്കയിലെ തമിഴരെ 'വരുത്തന്മാര്' എന്ന് മോശം രീതിയില്‍ മണിരത്നം പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തിനകത്തേക്കുള്ള അവരുടെ കടന്നുകയറ്റമാണ് എല്ലാ കോലഹലങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. സിംഹളന്മാര് മാത്രമാണ് വംശീയ ജനസമൂഹമെന്നും തമിഴര്‍ പുറത്ത് നിന്നു വന്നവരാണെന്നുമുള്ള സിംഹള ഫാസിസ്റ്റ് വാദവുമായി ഇത് യോജിക്കുന്നതാണ്. എന്നാല്‍ വാസ്തവത്തില്‍, ശ്രീലങ്കയിലെ തമിഴ് ജനസംഖ്യ തമിഴ് വംശജരും ഇന്ത്യന്‍ തമിഴ് വംശജരും ചേര്‍ന്നതാണ്. കാപ്പി, തേയില, റബര്തോട്ടങ്ങളിലേക്ക് തൊഴിലാളികളായി കുടിയേറിയവരാണ് അവിടുത്തെ ഇന്ത്യന്‍ തമിഴ് വംശജര്‍.
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭാഷ്യത്തില്‍, മണിരത്നം പരോക്ഷമായി ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയാണ്. തമിഴ് ദേശീയവാദ ആഖ്യാനത്തിന്റെ വ്യാപാനം ഇന്ത്യന്‍ സമുദ്രത്തിലെ സംസ്ഥാനങ്ങളുടെ പ്രാദേശിക സ്ഥിരതയും അധികാരവും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ദ്വീപ് രാഷ്ട്രത്തിലെ തമിഴ് വംശജരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ വളച്ചൊടിച്ചാണ് കണ്ണത്തില്‍ മുത്തമിട്ടാല്‍ ഈ ലക്ഷ്യം നിറവേറ്റുന്നത്.
ജാതിയും സ്വജാതി വിവാഹവും
ആര്‍എസ്എസും ബിജെപിയും തൊട്ടുകൂടായ്മയ്ക്കും മറ്റ് ജാതി വിവേചനങ്ങള്‍ക്കുമെതിരായി നിലകൊള്ളുന്നുണ്ടെങ്കിലും, ഹിന്ദുമതത്തില്‍ അന്തര്‍ലീനവും സുപ്രധാനവുമായ വര്‍ണാശ്രമ ധര്‍മ്മത്തെ (considered) അവര്‍ മുറുകെ പിടിക്കുന്നുണ്ട്. വര്‍ണാശ്രമ ധര്‍മത്തെ പിന്തുടരുന്ന ഒരു സമൂഹം വിവാഹമുള്‍പ്പെടെയുള്ള അതിന്റെ എല്ലാ സാമൂഹിക ബന്ധങ്ങളിലും പ്രവര്‍ത്തനങ്ങളിലും കടുത്ത സ്വജാതീയത പ്രതിഫലിപ്പിക്കും.
മണിരത്നത്തിന്റെ റൊമാന്റിക് സിനിമകളെ ക്ലാസിക്കുകളെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അവ സ്വജാതീയതയെ മഹത്വവല്‍ക്കരിക്കുന്നതാണ്. 1986ല്‍ പുറത്തിറങ്ങിയ മൗനരാഗത്തില്‍ അറേഞ്ച്ഡ് മാര്യേജിലെ ബ്രാഹ്മണ ദമ്പതികളുടെ ഒത്തുചേരലിനെയാണ് അദ്ദേഹം പകര്‍ത്തുന്നത്. 2000ല്‍ ഇറങ്ങിയ അലൈ പായുതേയിലാകട്ടെ വ്യത്യസ്ത ക്ലാസുകളില്‍ നിന്നുള്ള രണ്ട് സവര്‍ണ-ബ്രാഹ്മണ വ്യക്തികള്‍ തമ്മിലുള്ള പ്രണയവും മാതാപിതാക്കളുടെ സമ്മതിയില്ലാതെയുള്ള അവരുടെ വിവാഹവുമാണ് അവതരിപ്പിക്കുന്നത്.
2015ല്‍ ഇറങ്ങിയ ഓ കാതല്‍ കണ്മണിയില് സ്ത്രീ കഥാപാത്രത്തെ ഗൗണ്ടറായാണ് കാണിക്കുന്നത്. സ്ത്രീ കഥാപാത്രം ബ്രാഹ്മണ ഇതര ജാതിയാണെങ്കിലും പുരുഷനെ ബ്രാഹ്മണനായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെയും, ദമ്പതികള്‍ക്ക് ലിവ്-ഇന്‍-റിലേഷന്‍ഷിപ്പില്‍ തുടരാന്‍ സാധിക്കുന്നത് സ്ത്രീ തന്റെ കര്‍ണാടക സംഗീതത്തിലുള്ള നൈപുണ്യം ഭൂവുടമയെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ്. യാദൃശ്ചികമെന്ന പോലെ, അലൈ പായുതേയിലും പുരുഷന്റെ വീട്ടിലേക്ക് സ്ത്രീയുടെ ആദ്യ വരവില്‍ അവള്‍ക്ക് കര്‍ണാടക സംഗീതം ആലപിക്കേണ്ടി വരുന്നുണ്ട്. ഇതര മതത്തില്‍ നിന്നുള്ള ദമ്പതികളുടെ പ്രണയബന്ധം ബോംബെയില്‍ അവതരിപ്പിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ മറ്റ് മിക്ക സിനിമകളിലെയും പ്രണയബന്ധങ്ങള്‍ വ്യക്തമായി സ്വജാതീയമായതും സവര്‍ണ ബ്രാഹ്മണ പാരമ്പര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതുമാണ്.

സുഹാസിനി മണിരത്നം സംവിധാനം ചെയ്ത, മണിരത്നവുമായി ചേര്‍ന്ന് തിരക്കഥ നിര്‍വഹിച്ച ഇന്ദിരയില്‍(1995), ഒരു യുവ ദലിത് സ്ത്രീയുടെ രാഷ്ട്രീയവല്‍ക്കരണവും സമുദായത്തെ പ്രതിനിധീകരിക്കുന്നതിലേക്കുള്ള അവളുടെ വളര്‍ച്ചയെയുമാണ് വിവരിച്ചിരിക്കുന്നത്. ഇവിടെ, ദലിത് സ്ത്രീയുടെ സാമൂഹിക യാതാര്ത്ഥ്യത്തെ നശിപ്പിക്കുകയും അവളുടെ സവിശേഷതകള്‍ ഒരു സവര്‍ണ ബ്രാഹ്മണ ജാതിയില്പെട്ടയാളുടേതെന്ന പോലെ അവതരിപ്പിച്ചിരിക്കുകയും ചെയ്യുന്നു.
അവര്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരാണെന്ന് നമുക്ക് ആവര്‍ത്തിച്ച് പറയാമെങ്കിലും, സംസാരിക്കുന്ന ഭാഷ, ധരിക്കുന്ന വസ്ത്രം, പാര്‍പ്പിടം, കഥാപാത്രത്തിന്റെ സാംസ്കാരിക സവിശേഷതകള്‍, അവളുടെ ചുറ്റുമുള്ള ആളുകള്‍ എന്നിവ തികച്ചും ബ്രാഹ്മണികമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
ഇവിടെ ദളിതരെ മധ്യവര്ഗജാതിക്കാര്ക്കെതിരെയാണ് പ്രതിഷ്ഠിക്കുന്നത്. ഈ രണ്ട് ഗ്രൂപ്പുകളെയും സംഘട്ടനത്തിലേക്ക് നയിക്കുന്ന ഭൗതിക വ്യത്യാസങ്ങളെ മനസിലാക്കാനോ അതില്‍ അഭിപ്രായം രേഖപ്പെടുത്താനോ സിനിമ മെനക്കെടുന്നില്ലെങ്കിലും, മധ്യവര്‍ഗ ജാതികളെ അക്രമാസക്തരും കൊലപാതകികളുമായ ജാതിവാദികളായി വിശാലമായി ചിത്രീകരിച്ചിരിക്കുന്നു.
ഇന്ദിരയില്‍, അടുത്തുള്ള ഒരു കോളേജില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു പ്രത്യേക രംഗമുണ്ട്. ഒരു ദലിത് സ്ത്രീയുടെ കഥ പറയാന്‍ ശ്രമിക്കുന്ന ചിത്രമായിരുന്നിട്ട് പോലും സംവരണത്തെ പരിഹസിക്കുകയും, ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്നു.
1986ല്‍ ഇറങ്ങിയ നായകനില്‍, മുംബൈയിലെ അധോലോകനായകനായ തമിഴ് ഡോണ്‍ വരദരാജന് മുദലിയാറിനെ ആദാരമാക്കി, വേലു നായകറിന്റെ കഥ മണിരത്നം വിവരിക്കുന്നു. ഇവിടെ, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ഉല്‍സവങ്ങളും ആവര്‍ത്തിച്ച് കാണിക്കുന്നതിലൂടെ, അടിസ്ഥാനപരമായി താഴ്ന്ന ജാതിക്കാരും വര്‍ഗക്കാരും ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായ ധാരാവിയുടെ സംസ്കാരത്തെ ഹിന്ദുവല്ക്കരിക്കുന്നുണ്ട്.
അഖണ്ഢ ഭാരതത്തിന്റെ വക്താവ്
മണിരത്നത്തിന്റെ സിനിമകളുടെ രാഷ്ട്രീയം സംശയലേശമന്യേ അഖണ്ഡ ഭാരതത്തിന്റെ രാഷ്ട്രീയത്തെ സംഗ്രഹിക്കുന്നതാണ്. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളെ ദളപതി(1991), റോജ(1992), രാവണന്(2010) എന്നീ തന്റെ സിനിമകളിലൂടെ സമകാലികവല്ക്കരിക്കാനും അവയെ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രസക്തമാക്കാനും നിരന്തരം അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1998ല്‍ ഇറങ്ങിയ റോജ, ദില്‍ സേ സിനിമകളിലൂടെ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രശ്നങ്ങളിലെ ഉത്കണ്ഠ പിടിച്ചെടുത്തിട്ടുണ്ട്. രാവണനിലാകട്ടെ, സായുധ കലാപത്തിലെ പ്രശ്നങ്ങള്‍ ഭരണകൂടത്തിന്റെ കണ്ണുകളിലൂടെയാണ് നോക്കിക്കണ്ടത്. 2002ല്‍ ഇറങ്ങിയ കണ്ണത്തില്‍ മുത്തമിട്ടാല്‍, 2017ല്‍ ഇറങ്ങിയ കാട്രു വെളിയടയ് സിനിമകളില്‍ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ അയല്‍രാജ്യങ്ങളുമായുള്ള വിദേശനയത്തെ പല രീതിയില്‍ ആവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന്റെ സിനിമകളിലുടനീളം ജാതി സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ പൂര്‍ണമായും ഇല്ലാതിരിക്കുമ്പോള്‍ തന്നെ, ധാരാവിയിലെ ദലിത്-ബഹുജനങ്ങളെയും മധ്യ ഇന്ത്യയിലെ ആദിവാസികളെയും ഹൈന്ദവവല്ക്കരിക്കുന്നുണ്ട്.
ഹിന്ദു-മുസ്ലീം ദ്വന്ദങ്ങളെ ബോെബെയില്(1995) ആവിഷ്കരിക്കുന്നുണ്ടെങ്കിലും മുസ്ലീമിനെ ആക്രമണകരിയായി ചിത്രീകരിക്കാന്‍ മാത്രമാണ് അത് ഉപകരിച്ചത്. ഫെഡറലിസത്തെ പരിരക്ഷിച്ച ദ്രാവിഡ പ്രസ്ഥാനത്തെയും തൊഴിലാളികളുടെ ദുരവസ്ഥയെ അഭിസംബോധന ചെയ്ത ഇടതുപക്ഷ പ്രസ്ഥാനത്തെയും ഹാസ്യാത്മകമായി ചിത്രീകരിക്കുകയും, അതേസമയം ക്രൂരമായ മുതലാളിത്തത്തെ കാല്പനികവല്ക്കരിക്കുകയും ചെയ്തിരിക്കുന്നു.
മനോഹര കലയിലെ അപകടങ്ങള്‍
ചലച്ചിത്ര നിരൂപകന് റിച്ചാര്‍ഡ് ബ്രോഡി എഴുതിയ 'ഒരു ദേശത്തിന്റെ ജനനത്തിലെ ഏറ്റവും മോശം കാര്യം ന്യൂയോര്ക്കുകാരന് എത്ര നല്ലതാണ്' (The Worst Thing About “Birth of a Nation” Is How Good It Is) എന്ന ലേഖനത്തില്‍, സംശയാസ്പദമായ രാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചും മികച്ച ചലച്ചിത്ര നിര്‍മ്മാണത്തിലൂടെ അത് എങ്ങനെ ഫലപ്രദമാക്കുന്നുവെന്നതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഡി.ഡബ്യൂ ഗ്രിഫിത്തിന്റെ ബെര്‍ത്ത് ഓഫ് എ നേഷന്‍ (1915) എന്ന ചിത്രം നിന്ദ്യമായ രീതിയില്‍ വംശീയമായിരുന്നെങ്കിലും, നൂതനമായ സിനിമ എങ്ങനെ ഞെട്ടിപ്പിക്കുന്ന അനീതികളുമായി പൊരുത്തപ്പെടുന്നുവെന്നതിനെ അവഗണിക്കാന്‍ സാധിക്കില്ല. കൂടാതെ ഗഹനമായ മാനുഷിക നിമിഷങ്ങള്‍ ആ സിനിമ പ്രദാനം ചെയ്യുന്നുവെന്നത് ഒരു വസ്തുതയാണ്.

ട്രയംഫ് ഓഫ് വില്‍(1935), ഒളിമ്പിയ(1938) എന്നീ സിനിമകളില്‍ ജര്‍മന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ലെനി റീഫെന്‍സ്റ്റാള്‍ നാസി പ്രചാരണത്തിനായി കാഴ്ചവെച്ച ആശ്ചര്യമുണര്‍ത്തുന്ന വളരെ മികച്ചതായ ഛായാഗ്രഹണത്തിന് സമാനമാണിത്.
ഇതേ വിഭാഗത്തില്‍ തന്നെയാണ് മണിരത്നത്തിന്റെ ചലച്ചിത്രനിര്‍മാണവും ഉള്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമകല് പിസി ശ്രീറാമിന്റെയും സ്ന്തോഷ് ശിവന്റെയും, രാജീവ് മേനോന്റെയും, മറ്റുള്ളവരുടെയും മനോഹരമായ ദൃശ്യാവിഷ്കാരത്തിനൊപ്പം ഇളയരാജയുടെയോ എ.ആര് റഹ്മാനിന്റെയോ സംഗീതം ചേരുമെങ്കിലും, അവ വലതുപക്ഷ രാഷ്ട്രീയത്തെയാണ് മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ ഡി.ഡബ്ല്യൂ ഗ്രിഫിത്തില്‍ നിന്നും ലെനി റീഫെസ്റ്റാലില് നിന്നും വ്യത്യസ്തമായി, മണിരത്നം വളരെ സൂക്ഷ്മമായ സമീപനം തിരഞ്ഞെടുത്താണ് ഹിന്ദുത്വത്തിന്റെ മൃദു രൂപത്തെ കൊണ്ടുനടക്കുന്നത്.
പക്ഷേ നിര്‍ഭാഗ്യവശാല്‍, ഫാസിസ്റ്റ്, ജാതി, പ്രചാരണ സിനിമകളേക്കാള്‍ ഹിന്ദുത്വ ആശയങ്ങളുടെ സൂക്ഷ്മമായ പ്രചാരണം വളരെ അപകടകരമാണ്. കാരണം, അത്തരം സിനിമകളിലെ പ്രശ്നങ്ങള്‍ കാണുകയും എതിര്‍ക്കുകയും ചെയ്യുന്നത് എളുപ്പമാണെങ്കിലും, സൂക്ഷ്മമായ സമീപനം മിക്കവാറും ശ്രദ്ധിക്കപ്പെടാറില്ല. അതുകൊണ്ട് തന്നെ അതിനെതിരായ ഏത് വിമര്‍ശനവും അമിതമായ പ്രതികരണമായി കണ്ട് ബഹിഷ്കരിക്കപ്പെടും.
HuffPost India യിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം : വിവർത്തനം : ആരതി എം ആർ