അറുപതു വർഷത്തിലേറെ പഴക്കമുള്ള 'വിമോചന സമരത്തിന്റെ ഭൂതം' ഇപ്പോഴും കേരളത്തെ വിട്ടുപോയിട്ടില്ല. അതിനെ ഉച്ചാടനം ചെയ്യാനുള്ള മനക്കരുത്ത് രണ്ടു മുന്നണികളും ഇതുവരെ കാണിച്ചിട്ടുമില്ല. അതുകൊണ്ട്, ഈ ചോദ്യം കേരളത്തിലെ എൽ ഡി എഫ് സർക്കാരിനോട് മാത്രമല്ല. മാറിമാറി ഭരണം കയ്യാളിക്കൊണ്ടിരിക്കുന്ന രണ്ടു മുന്നണികളോടും കൂടിയാണ്. വിമോചനസമരത്തിന്റെ പാപക്കറകളെ കഴുകാൻ തയ്യാറുണ്ടോ എന്ന്.

ഒരു കൂട്ടർക്ക് അത് ഒരു കുറ്റസമ്മതവും പ്രായശ്ചിത്തവുമാവും. അതിന്റേതായ അഭിമാന പ്രശ്നങ്ങളും അതോടൊപ്പമുണ്ടാവും. എന്നാലും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറായവർ എന്ന തരത്തിൽ അവർ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. മറ്റേ കൂട്ടർക്കാവട്ടെ, തങ്ങൾ പണ്ടേ കൊണ്ടുവന്ന ഒരു നയത്തിന്റെ വിജയമായി അത് ആഘോഷിക്കുകയും ചെയ്യാം. അങ്ങനെയൊക്കെ ആണെങ്കിലും രണ്ടു കൂട്ടരും അന്നേ 'പരവതാനിക്കടിയിൽ പൂഴ്ത്തിവച്ച' ആ വിഷയത്തിൽ പിന്നീട് ഒരിക്കലും കൈവയ്ക്കാൻ ഇരു കൂട്ടരും തയ്യാറാവാഞ്ഞത് എന്തുകൊണ്ടാവും? ആരെങ്കിലും എപ്പോഴൊക്കെ അതിനെപ്പറ്റി ശബ്ദമുയർത്താൻ തുനിഞ്ഞോ അപ്പോഴെല്ലാം അത് ഒതുക്കപ്പെട്ടത് എന്തുകൊണ്ടാവും?

അതെ, എയ്‌ഡഡ്‌ സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് തന്നെയാണ്.

ആദ്യ കേരള സർക്കാരിന്റെ വിദ്യാഭ്യാസനയം

"ഇ എം എസ് സർക്കാറിനെതിരായ വിമോചനസമരത്തിലേക്ക് പള്ളീലച്ചന്മാരും നായർ പ്രമാണിമാരും എത്തിച്ചേർന്നതെങ്ങനെ എന്ന ചോദ്യത്തിന് ചരിത്രം പ്രധാനമായും രണ്ട് ഉത്തരങ്ങൾ നൽകുന്നു. അവ രണ്ട് നിയമങ്ങളാണ്; വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണ ബില്ലും. ആദ്യം വന്നത് ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലാണ്." (മുഹമ്മദലി കിനാലൂർ, വിമോചന സമരത്തിന്റെ അറുപതാണ്ടുകൾ, സിറാജ് ഓൺലൈൻ, ജൂൺ 14, 2019)

ആ സൂചിപ്പിച്ച വിദ്യാഭ്യാസ ബില്ലിലെ പ്രധാനപ്പെട്ട ഒരൈറ്റമായിരുന്നു എയ്‌ഡഡ്‌ (അഥവാ സർക്കാർ ശമ്പളം കൊടുക്കുന്ന) സ്‌കൂളുകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടുക എന്നത്.

1957 ജൂലായിൽ ശ്രീ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ അതേ വർഷം സെപ്റ്റംബർ രണ്ടിന് കേരള നിയമസഭ അംഗീകരിക്കുകയും പ്രസിഡന്റ് ഒപ്പിടുന്നതിനു മുമ്പായി ബിൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോവുകയും ചെയ്തു. അങ്ങനെ ഒരു ബിൽ വരുന്നതിന്റെ ചരിത്ര പശ്ചാത്തലത്തെപ്പറ്റിയും ആ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങളെപ്പറ്റിയും ശ്രീ. ടി ഗോപകുമാർ ഇങ്ങനെ നിരീക്ഷിക്കുന്നു :

"1957 ജൂലൈ 7-ന് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് വഴി സർക്കാർ ശ്രമിച്ചത് വിദ്യാഭ്യാസമേഖലയിൽ ഒരു സാമൂഹ്യനിയന്ത്രണം കൊണ്ടുവരാനാണ്. ഗുണപരമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്താൻ ഈ സാമൂഹികനിയന്ത്രണം അത്യാവശ്യവുമായിരുന്നു. പുതിയ നിയമം വഴി സർക്കാർ ചെയ്തത് അംഗീകൃതനിയമത്തിനും ചട്ടത്തിനുമനുസരിച്ച് മാത്രമേ സ്കൂൾ തുടങ്ങുവാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യലാണ്. മാനേജർമാരുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടു. മാനേജർമാർ പിരിക്കുന്ന ഫീസ് ഖജനാവിലേക്ക് അടയ്ക്കണം. പകരം അധ്യാപകർക്ക് സർക്കാർ വിദ്യാലയങ്ങളിലേതിന് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ നേരിട്ട് നൽകും. അധ്യാപകർക്ക് ജോലിസ്ഥിരതയും ഉറപ്പാക്കി. അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് അധികാരപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അനുവാദം വാങ്ങിയിരിക്കണം. ദുർഭരണം ഒഴിവാക്കുന്നതിനും പൊതുതാല്പര്യ സംരക്ഷണത്തിനും വേണ്ടി സ്വകാര്യ വിദ്യാലയങ്ങളേറ്റെടുക്കുന്നതിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി അധ്യാപകയോഗ്യത നിശ്ചയിക്കുന്നതിനുള്ള അധികാരം സർക്കാരിനായിരിക്കും.

ബിൽ നിർദ്ദേശിച്ച നടപടിക്രമം അനുസരിച്ച് സർക്കാർ സ്കൂളിലും എയ്ഡഡ് സ്കൂളിലും അധ്യാപകനിയമനത്തിന് യോഗ്യതയുള്ളവരെ തെരെഞ്ഞെടുക്കുന്നത് പി.എസ്.സി. ആയിരിക്കും. ഓരോ വർഷവും സംവരണനിയമങ്ങൾക്കനുസൃതമായി ജില്ലാടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കും. നിയമനം മാനേജർമാർക്ക് തന്നെ നടത്താം. എന്നാലത് പി.എസ്.സി. ലിസ്റ്റിൽ നിന്ന് മാത്രമേ പാടുള്ളൂ. ഇതൊക്കെയായിരുന്നു വിദ്യാഭ്യാസബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങളോടുള്ള എതിർപ്പായിട്ടാണ് കുപ്രസിദ്ധമായ വിമോചന സമരം നടന്നതെന്നാണ് വയ്പ്. തീർച്ചയായും വിമോചന സമരത്തിന് ഒരു പ്രധാന കാരണം ഈ ബില്ലിലെ വ്യവസ്ഥകൾ തന്നെയായിരുന്നു.." (പൊതുവിദ്യാഭ്യാസ സംരക്ഷണം കമ്മ്യൂണിസ്റ്റുകളുടെ മാത്രം ബാധ്യതയോ?, ടി ഗോപകുമാർ, 18 ജൂൺ 2016, അഴിമുഖം.)

'വിമോചന' സമരം

വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്കരണ ബില്ലും 'വിമോചന'സമരത്തിനുള്ള പെട്ടെന്നുള്ള കാരണങ്ങളായി പറയാമെങ്കിലും ക്രിസ്തീയ സഭകളുടെയും എൻ എസ് എസ്സിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധത തന്നെയായിരുന്നു ആ സമരത്തിന്റെ പ്രധാന ഊർജ്ജമായി പ്രവർത്തിച്ചത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിനുള്ള ഭൂമിയുടെയും അതോടൊപ്പം തങ്ങളുടെ സ്‌കൂളുകളുടെയും കോളേജുകളുടെയും എല്ലാം മേലുള്ള അധികാരങ്ങൾ നഷ്ടപ്പെട്ടു പോവുമോ എന്ന പേടി ഇരുകൂട്ടരെയും വിറളി പിടിപ്പിച്ചു. അതുവരെ കത്തോലിക്കാ സഭയ്ക്ക് ഏറെ അഭിമതനല്ലാതിരുന്ന മന്നത്ത് പദ്‌മനാഭനുമായി കൈ കോർത്തുകൊണ്ടാണ് സഭ സമരത്തിനിറങ്ങിത്തിരിച്ചത്. കമ്മ്യൂണിസ്റ്റുകാർ ദൈവ വിരോധികളാണെന്ന പൊതുബോധവും സമരത്തിന് ജനപിന്തുണ നേടിക്കൊടുക്കുന്നതിൽ അവരെ സഹായിച്ചു. രാഷ്ട്രീയമായി ഇതൊരവസരമായി കണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നീ പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോടൊപ്പം മുസ്‌ലിം ലീഗ്, ആർ എസ് പി, കേരളാ സോഷ്യലിസ്റ്റ് പാർട്ടി (കെ എസ് പി) എന്നീ പാർട്ടികളും സമരത്തിന്റെ ഭാഗമായി.

കമ്മ്യൂണിസത്തോടും കമ്മ്യൂണിസ്റ്റ് സർക്കാരിനോടും വിയോജിപ്പുള്ളപ്പോൾത്തന്നെ ഭൂമി ഉടമസ്ഥതയുടെയും വിദ്യാഭ്യാസ മേഖലയുടെയും നീതി ഉറപ്പുവരുത്തുകയും വേണമെന്ന ആഗ്രഹത്തോടെ അല്പമെങ്കിലും ക്രിയാത്മകമായി സമരത്തിൽ ഇടപെടാൻ ശ്രമിച്ച ഒരു ന്യൂനപക്ഷവും സമരത്തിലുണ്ടായിരുന്നു. അവർ വൈകാതെ 'ഒതുക്ക'പ്പെടുകയും ചെയ്തു. സമരത്തിന്റെ ഭാഗമായിരുന്ന ഫാദർ ജോസഫ് വടക്കൻ ആ കാലവും സമരത്തിലെ അദ്ദേഹത്തിന്റെ ഇടപെടലും അതിനോട് സമര നേതാക്കൾക്കുണ്ടായിരുന്ന നീരസവും ഇങ്ങനെ ഓർത്തെടുക്കുന്നു :

"വിമോചനസമരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മിക്ക സമ്മേളനങ്ങളിലും മന്നത്തു പത്മനാഭനോടൊപ്പം ഞാനും പ്രസംഗിച്ചിരുന്നു. ലക്ഷങ്ങള്‍ പങ്കെടുത്ത തൃശൂര്‍, പാലക്കാട്, കൊല്ലം സമ്മേളനങ്ങളില്‍ പ്രസംഗിക്കവേ കമ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്ന ഭൂനിയമത്തെ തുരങ്കംവെക്കാന്‍ ജന്മികളും ഭൂവുടമകളും ഗൂഢാലോചന നടത്തരുതെന്നും, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്‍ അറബിക്കടലില്‍ എറിഞ്ഞശേഷം അദ്ധ്യാപകരെ ചൂഷണം ചെയ്യാമെന്നു മാനേജര്‍മാര്‍ സ്വപ്നം കാണരുതെന്നും, വിമോചനസമരം കമ്യൂണിസ്റ്റുകാര്‍ അഴിച്ചുവിട്ട ഭീകരാന്തരീക്ഷത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാനുള്ള കുരുക്ഷേത്രയുദ്ധം മാത്രമാണെന്നും ഉയര്‍ന്ന സ്വരത്തില്‍ ഞാന്‍ പ്രസംഗിക്കുകയും ജനക്കൂട്ടം കൈയടിക്കുകയും ചെയ്തപ്പോള്‍ മന്നത്തു പത്മനാഭന്റെ പ്രസന്നവദനത്തില്‍ പ്രകാശം കുറഞ്ഞുവരാറുണ്ടായിരുന്നു. ഈവിധം ഞാന്‍ പ്രസംഗിച്ചിരുന്നതുകൊണ്ട് എന്നെ ചില ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ നോക്കാനുള്ള രഹസ്യ ചരടുവലികളും അന്നു നടന്നിരുന്നു. വിരുദ്ധമുന്നണിക്കും സോഷ്യല്‍സ്‌കൗട്ടിനും ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന ചങ്ങനാശ്ശേരിയിലേക്കു വിമോചനസമരം രൂക്ഷത പ്രാപിച്ച സന്ദര്‍ഭത്തില്‍ എന്നെ ക്ഷണിക്കുകയുണ്ടായില്ല. വിദ്യാഭ്യാസ ബില്‍ വിരുദ്ധരും ഭൂനിയമവിരുദ്ധരും പള്ളിയും എന്‍.എസ്.എസ്സും ഒറ്റക്കരളായി നീങ്ങുന്ന ആ ഘട്ടത്തില്‍ എന്റെ സാന്നിധ്യം ഉപകാരത്തിലേറെ ഉപദ്രവം ചെയ്‌തെങ്കിലോ എന്ന് സംഘാടകപ്രമാണികള്‍ ഭയപ്പെട്ടിരുന്നു. തൃശൂര്‍ പട്ടണത്തിലെ മുതലാളികള്‍പോലും എന്നെ വിമോചനസമരവേദിയില്‍നിന്നു പുറംതള്ളാന്‍ ചില പാഴ്‌വേലകള്‍ നടത്തിയെന്നതും വിസ്മരിക്കത്തക്കതല്ല." (ഫാദർ ജോസഫ് വടക്കൻ, 'എന്റെ കുതിപ്പും കിതപ്പും' എന്ന ആത്മകഥയില്‍ നിന്ന് )

വിദ്യാഭ്യാസ ബിൽ കോടതിയിൽ

വിദ്യാഭ്യാസ ബിൽ കോടതി കയറുകയുണ്ടായി എന്നു സൂചിപ്പിച്ചല്ലോ. അതിനെപ്പറ്റി കുറച്ചുകൂടി വിശദമായി പറയാം.

അധ്യാപക നിയമനം പി എസ് സി വഴിയാക്കണമെന്ന നിർദ്ദേശമാണ് കത്തോലിക്കാ സഭയെ ഏറ്റവുമധികം ചൊടിപ്പിച്ചത്. വിദ്യാഭ്യാസ ബില്ലിലെ പതിനൊന്നാമത്തെ വകുപ്പ് / clause ആയിരുന്നു അത്. (പതിനൊന്നാം വകുപ്പിന്റെ പൂർണ്ണരൂപം ഇമേജിൽ). ഇതിനെതിരെ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തുകയും കത്തോലിക്കാ ബിഷപ്പ് സമ്മേളനം വിളിച്ചുകൂട്ടി അന്നത്തെ സർക്കാരിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. ബില്ല് നിയമമാക്കാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ്സ് ഗവർണർക്കും രാഷ്ട്രപതിക്കും നിവേദനം നൽകി. ഇന്ത്യൻ ഭരണഘടനയുടെ 26, 30 വകുപ്പുകളുടെ ലംഘനമാണ് വിദ്യാഭ്യാസ ബിൽ എന്ന് കത്തോലിക്കാ സഭയും കോൺഗ്രസ്സും സുപ്രീംകോടതിയിൽ വാദിച്ചു. മതപരമായ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അധികാരത്തെപ്പറ്റിയാണ് 26 ആം വകുപ്പ്. മുപ്പതാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പാകട്ടെ ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തെക്കുറിച്ചുള്ളതും. അതനുസരിച്ച് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാനോ ഏറ്റെടുക്കാനോ സർക്കാരിന് അധികാരമില്ലെന്നും, അതുകൊണ്ടു തന്നെ മുണ്ടശ്ശേരി അവതരിപ്പിച്ച ആ വിദ്യാഭ്യാസബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതിയിൽ വാദികൾ സമർത്ഥിച്ചു. 30(1) പ്രകാരം, ന്യൂനപക്ഷ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിൽ സർക്കാർ ഇടപെടാൻ ശ്രമിക്കുന്നത് തെറ്റായ നടപടിയാണ് എന്ന് വാദികളുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചു.

ബ്രിട്ടീഷ് നിയമപണ്ഡിതനായിരുന്ന ഡി.എൻ.പ്രിറ്റ് ആയിരുന്നു സർക്കാരിന്റെ അഭിഭാഷകൻ. വാദികളുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ച വകുപ്പുകൾക്കെതിരായിരുന്നില്ല അദ്ദേഹത്തിന്റെ പ്രധാന വാദം, മറിച്ച് ന്യൂനപക്ഷങ്ങളുടേതടക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളംകൊടുക്കാനും, അവരുടെ നിയമനം സാമൂഹ്യ നീതി ഉറപ്പുവരുത്തിക്കൊണ്ട് സർക്കാരിന്റെ കൈയ്യിലൂടെ നടത്താനും സർക്കാരിന് അധികാരമുണ്ടെന്നതായിരുന്നു. കോടതി അത് അംഗീകരിച്ചു. പി എസ് സി വഴി എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനം സർക്കാരിന് നടത്താമെന്നു പറയുന്ന വിദ്യാഭ്യാസ ബില്ലിലെ പതിനൊന്നാം വകുപ്പ് ഉൾപ്പെടെ, ബില്ലിലെ 8 (3), 9, 10, 11, 12 എന്നീ വകുപ്പുകൾ ഭരണഘടനയിലെ 26, 30(1) എന്നീ വകുപ്പുകളുടെ ലംഘനമല്ല എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതേ സമയം ബില്ലിലെ 14, 15 എന്നീ വകുപ്പുകൾ അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു (11 ഒഴികെയുള്ള വകുപ്പുകളുടെ വിശദാംശങ്ങളിലേക്ക് ഞാൻ പോവുന്നില്ല). (വിധിയുടെ പ്രസക്ത ഭാഗങ്ങൾ അറ്റാച്ച് ചെയ്ത ഇമേജിൽ) 1958 ജൂൺ മാസത്തിൽ ബില്ലിന് ഭേദഗതികളോടെ കോടതിയുടെ അംഗീകാരം കിട്ടി. (source : കോടതി proceedings, സുപ്രീം കോടതി വിധിയുടെ പകർപ്പ്, via അഡ്വ. സജി കെ ചേരമൻ).

സുപ്രീം കോടതി നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയ ബില്ലിൽ 1959 ഫെബ്രുവരി മാസം പ്രസിഡന്റ് ഒപ്പിടുകയും അത് കേരള വിദ്യാഭ്യാസ നിയമമായി മാറുകയും ചെയ്തു.

സമരവിജയം

പിന്നെയുണ്ടായത് ചരിത്രമാണ്. 1959 ജൂണിൽ വിമോചനസമരം ആരംഭിച്ചു, അത് രണ്ടുമാസത്തോളം നീണ്ടുനിന്നു. ജൂലായ് രണ്ടാം വാരത്തോടെ സമരം അക്രമാസക്തമാവാൻ തുടങ്ങി. അങ്കമാലിയിൽ നടന്ന പൊലീസ് വെടിവെയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് പുതിയ തുറയിൽ നടന്ന വെടിവെയ്പിൽ ഗർഭിണിയായ ഫ്ലോറി എന്ന യുവതി അടക്കമുള്ളവർ കൊല്ലപ്പെട്ടു. "തെക്കു തെക്കൊരു ദേശത്ത് / തിരമാലകളുടെ തീരത്ത് / ഭര്‍ത്താവില്ലാ നേരത്ത് / ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ / ചുട്ടുകരിച്ചൊരു സര്‍ക്കാരെ / പകരം ഞങ്ങള്‍ ചോദിക്കും" എന്ന മുദ്രാവാക്യം കേരളമെങ്ങും 'വൈറൽ' ആയി. ‘അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല, ആ കല്ലറയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും’ എന്ന മറ്റൊരു മുദ്രാവാക്യവും ഇതോടൊപ്പം ഉയർന്നു. (അട്ടിമറിക്കപ്പെട്ട ജനാധിപത്യത്തിന് 60, Asiaville News, 31 ജൂലായ് 2019). ഒടുവിൽ വിമോചന സമരം ലക്‌ഷ്യം നേടി, ഭരണഘടനയുടെ 356 ആം വകുപ്പ് ഉപയോഗിച്ച് 1959 ജൂലായ് 31 ന് ഇ എം എസ് സർക്കാർ പിരിച്ചുവിടപ്പെട്ടു. കേരളത്തിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു.

എന്നിട്ടെന്തുണ്ടായി?

1960 ഫെബ്രുവരി ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പി എസ് പി - കോൺഗ്രസ് മുന്നണി സർക്കാർ അധികാരത്തിൽ വന്നു. കോൺഗ്രസിലെ ശ്രീ. പി പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. (കോൺഗ്രസ്സിന് 63 സീറ്റും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് 20 സീറ്റുമാണ് ഉണ്ടായിരുന്നതെങ്കിലും കോൺഗ്രസ്സിന്റെ അന്നത്തെ പ്രധാന നേതാവ് ശ്രീ. ആർ ശങ്കർ ആയിരുന്നു, ഈഴവ സമുദായാംഗമായിരുന്ന അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിനോട് എൻ എസ് എസിന് എതിർപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രി ആവുകയും ചെയ്തു).

ആ വർഷം ജൂലായ് മാസത്തിൽത്തന്നെ ശ്രീ. പി പി ഉമ്മർകോയ കേരള വിദ്യാഭ്യാസ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടാൻ നിർദ്ദേശിക്കുന്ന പതിനൊന്നാം വകുപ്പ് താത്കാലികമായി സസ്‌പെൻഡ് ചെയ്തുകൊണ്ടായിരുന്നു അത്. (ഫോട്ടോ കാണുക) ശ്രദ്ധിക്കുക, ഇത് തത്കാലത്തേക്ക് സസ്‌പെൻഡ് ചെയ്യുക മാത്രമാണ് എന്നും വൈകാതെ ഈ വകുപ്പ് പുനഃസ്ഥാപിക്കും എന്നുമാണ് അന്ന് ശ്രീ. ഉമ്മർകോയ അവകാശപ്പെട്ടത്. ആ ഭേദഗതി സഭ പാസാക്കി.

എന്നിട്ട്?

അത് കഴിഞ്ഞ് 60 വർഷം തികയുന്നു. ഇന്നുവരെ മാറിമാറി വന്ന ഒരൊറ്റ സർക്കാരും താത്കാലികമായി അന്നെടുത്തുകളഞ്ഞ ആ വകുപ്പ് പുനഃസ്ഥാപിക്കാൻ മുൻകൈ എടുത്തിട്ടില്ല. അതൊരു കറയായി, വിമോചനസമരത്തിന്റെ മായാത്ത ഒരടയാളമായി, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ തുടരുന്നു.

കോളേജുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 1967ൽ വന്ന കേരളാ യൂണിവേഴ്‌സിറ്റി ബിൽ 1969ൽ നിയമമാവുമ്പോഴേക്ക് മാനേജുമെന്റുകൾക്ക് അനുകൂലമായ ചില മാറ്റങ്ങൾ സുപ്രീം കോടതി നിർദ്ദേശപ്രകാരം അതിൽ കയറിക്കൂടിയിരുന്നു (ഓ പി രവീന്ദ്രൻ, പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ, മുദ്ര ബുക്സ്, 2019). ശ്രീ. സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ 1972ലെ ഡയറക്റ്റ് പേയ്‌മെന്റ് സിസ്റ്റം നിലവിൽ വന്നതോടെയാവട്ടെ, സർക്കാരിന് മാനേജ്‌മെന്റുകളുടെ മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടമാവുകയായിരുന്നു. ശ്രീ. ഓ പി രവീന്ദ്രൻ മേൽസൂചിപ്പിച്ച അദ്ദേഹത്തിൻറെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു, "കുപ്രസിദ്ധമായ രണ്ടു കാര്യങ്ങൾ ഈ കരാർ വഴി നടപ്പാക്കപ്പെട്ടു. 1. ഭരണഘടനാ വിരുദ്ധമായി 50% നിയമനങ്ങൾ അതാത് മാനേജ്‌മെന്റ് സമുദായങ്ങൾക്ക് സംവരണം ചെയ്തു. 2. വിദ്യാർത്ഥി പ്രവേശനത്തിൽ 20% സീറ്റുകൾ എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് നീക്കിവച്ച ഈ കരാർ അധ്യാപക / അനധ്യാപക നിയമനങ്ങളിൽ സംവരണ തത്വം പാലിക്കാൻ തയ്യാറായില്ല.1956 യു ജി സി ആക്റ്റ് 20(1) പ്രകാരം സർക്കാർ ഗ്രാൻഡ് നൽകുന്ന സ്ഥാപനങ്ങളിൽ (കോളേജുകളിൽ) നിർബന്ധമായും സംവരണം നടപ്പിലാക്കേണ്ടതുണ്ട് എന്ന നിയമം നിലവിലുള്ളപ്പോഴാണ് കേരള സർക്കാർ 1972-ൽ ഭരണഘടനാവിരുദ്ധമായ ഒരു കരാറുണ്ടാക്കുന്നത്." (ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും കോടതിയിൽ കേസ് നടക്കുന്നുണ്ട്).

അധ്യാപകരുടെ എണ്ണം നിജപ്പെടുത്തുന്നതിനപ്പുറം സർക്കാരിന് ഒരു നിയന്ത്രണവുമില്ലാത്ത ഈ അവസ്ഥ മുതലെടുത്ത് മാനേജർമാർ സ്‌കൂളുകളിലും കോളേജുകളിലും പതിനഞ്ചും ഇരുപതും ഇരുപത്തി അഞ്ചും മുപ്പതും നാല്പതും ലക്ഷങ്ങൾ വാങ്ങിയും സമുദായ / കുടുംബ മഹിമ നോക്കിയും അധ്യാപകരെ നിയമിക്കുന്നു. വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങൾ മാത്രം കോഴ വാങ്ങാതെ നിയമനങ്ങൾ നടത്തുന്നു. ഇത്രയും പണമുണ്ടാക്കാൻ പറ്റാത്തതുകൊണ്ട് ദലിത്-ആദിവാസി വിഭാഗങ്ങൾ ഏതാണ്ട് മുഴുവനായും മറ്റുള്ള സമുദായങ്ങളിലെ പാവപ്പെട്ടവരും ഈ കളിയിൽ നിന്ന് പുറത്താവുന്നു. (2010-11 ലെ കണക്ക് പ്രകാരം എയ്‌ഡഡ്‌ കോളേജുകളിൽ എസ് സി / എസ് ടി അധ്യാപക പ്രാതിനിധ്യം 0.15% ആണെന്നും ഹൈസ്‌കൂൾ, യു പി സ്‌കൂൾ, എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ ഇത് യഥാക്രമം 0.24%, 0.40%, 0.65% എന്നിങ്ങനെ ആണെന്നും മേൽ സൂചിപ്പിച്ച പുസ്തകത്തിൽ ശ്രീ. ഓ പി രവീന്ദ്രൻ നിരീക്ഷിക്കുന്നു).

ബോധപൂർവ്വമായ ഒരു മൗനം (മന്ത്രി പറഞ്ഞത്)

എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന്റെ വിഷയം പിന്നീടൊരിക്കലും നിയമസഭയിൽ ചർച്ചയായില്ല എന്നല്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, 2014ൽ, അന്ന് പ്രതിപക്ഷത്തായിരുന്ന ശ്രീ. കോടിയേരി ബാലകൃഷ്ണൻ സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗത്തിലുള്ളവർക്ക് സംവരണമേർപ്പെടുത്തുന്നതിനു വേണ്ടി ഒരു ബിൽ അവതരിപ്പിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട ചർച്ചയിൽ അന്നത്തെ പട്ടികജാതി-പിന്നാക്ക സമുദായക്ഷേമ മന്ത്രി ശ്രീ. എ പി അനിൽകുമാർ ഇങ്ങനെ പറഞ്ഞു :

"ആശയപരമായി എല്ലാ അർത്ഥത്തിലും ഇതിനോട് യോജിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതിനോടോപ്പം വളരെ വിപുലമായ ചർച്ചകളും ആലോചനകളും ഇതിനാവശ്യമാണ് എന്നുള്ളതുകൊണ്ടു തന്നെ ഈ സ്വകാര്യ ബില്ലിനെ ഗവൺമെന്റ് അനുകൂലിക്കുന്നില്ല. അതോടൊപ്പം തന്നെ ഒരു കാര്യം കൂടി സൂചിപ്പിക്കാം, ഇന്ന് ഗവൺമെന്റ് സെക്ടറിനും പ്രൈവറ്റ് സെക്ടറിനുമിടയിൽ എയ്‌ഡഡ്‌ സെക്ടർ എന്നു പറയുന്ന ഒരു പ്രധാനപ്പെട്ട മേഖല കൂടിയുണ്ട്. ആ മേഖലയിൽ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന നമ്മൾ അവിടെ ബോധപൂർവ്വമായ ഒരു മൗനം പാലിക്കുകയാണ്. സ്വകാര്യ മേഖലയിൽ സംവരണം എന്നത് വളരെ വിപ്ലവകരമായ ഒരാശയമാണ്. പക്ഷേ പൂർണ്ണമായും ഗവണ്മെന്റ് വേതനം കൊടുക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാൻ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. അപ്പുറവും ഇപ്പുറവും ഇരിക്കുന്ന എല്ലാവരും അക്കാര്യത്തിൽ ഒരുപോലെ പ്രതികളായി നിൽക്കേണ്ട സാഹചര്യമുണ്ട്. ഞാൻ കൂടുതൽ സംസാരിക്കുകയല്ല ഈ ബില്ല് വന്ന സാഹചര്യത്തിൽ ഞാൻ നമ്മുടെ ഗവണ്മെന്റ് സ്‌കൂളുകളുടെ കണക്കെടുത്ത് പരിശോധിച്ചപ്പോൾ 5250 ഗവണ്മെന്റ് സ്‌കൂളുകൾ, 7947 എയ്‌ഡഡ്‌ സ്‌കൂളുകൾ, 148 എയ്‌ഡഡ്‌ കോളേജുകൾ, 38 ഗവണ്മെന്റ് കോളേജുകൾ എന്നിങ്ങനെയാണുള്ളത്. അവിടത്തെ അധ്യാപക- അനധ്യാപകരുടെ എണ്ണമാകട്ടെ എയ്‌ഡഡ്‌ സെക്ടറിൽ (സ്‌കൂളുകളിൽ) ഏതാണ്ട് 1,12,941-ഉം എയ്‌ഡഡ്‌ കോളേജുകളിൽ ഏതാണ്ട് 10,000-ഉം രണ്ടും കൂടി വരുമ്പോൾ 1,22,000-ത്തോളം വരും. ഇത്രത്തോളം അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഗവണ്മെന്റ് ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. അവിടെ സംവരണം നടപ്പാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. അങ്ങനെ കൊടുക്കുകയാണെങ്കിൽ ഏതാണ്ട് 12,000-ത്തോളം വരുന്ന എസ് സി / എസ് ടി വിഭാഗത്തിലുള്ള അധ്യാപകർക്ക് ഇന്ന് ജോലിക്കുള്ള സാധ്യതയുണ്ട് എന്നുള്ളത് വളരെ വലിയൊരു സത്യമാണ്. നമ്മുടെ ഈ സഭയും മാധ്യമങ്ങളും ഒന്നും ചർച്ച ചെയ്യാതെ പോവുന്നൊരു കാര്യമാണിത്.." (നിയമസഭാ proceedings. ഇമേജ് അറ്റാച്ച് ചെയ്തിട്ടുണ്ട്)

എ എസ് 4

ഈ 'ബോധപൂർവ്വമുള്ള മൗനം' അവസാനിപ്പിക്കാൻ സമയമായി എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി AS4 (എയ്‌ഡഡ് സെക്ടർ സംവരണ സമര സമിതി) എന്ന ബാനറിൽ ഒരു സംഘം ആളുകൾ ചെറുതും വലുതുമായ കാമ്പെയിനുകൾ / സമരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അഡ്വ. സജി കെ ചേരമൻ, ശ്രീ. സന്തോഷ് പാലത്തുംപാടം, ശ്രീ. ഓ പി രവീന്ദ്രൻ എന്നിവരെല്ലാം അതിന്റെ ഭാഗമാണ്. 2020 ഫെബ്രുവരി 24 മുതൽ 26 വരെയുള്ള മൂന്നു ദിവസങ്ങളിലായി AS4 സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു രാപ്പകൽ സമരം സംഘടിപ്പിക്കുകയുണ്ടായി. 'എയ്‌ഡഡ്‌ മേഖലയിലെ നിയമനങ്ങൾ പി എസ് സിക്ക് വിടുക' എന്നതായിരുന്നു അവർ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ഏപ്രിൽ 18 മുതൽ മെയ് 13 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇതേ ആവശ്യമുന്നയിച്ച് 'രണ്ടാം നിവർത്തന പ്രക്ഷോഭ ജാഥ' എന്ന പേരിൽ ഒരു യാത്ര സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചിരുന്നു, എന്നാൽ ലോക്ക്ഡൗൺ കാരണം അത് നീട്ടിവയ്‌ക്കേണ്ടിവന്നു.

പി എസ് സിക്ക് വിടുന്നതിനെപ്പറ്റി പറയാതെ, 'എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ സംവരണം നടപ്പിലാക്കുക' എന്ന ആവശ്യമുന്നയിച്ച് ഫെബ്രുവരി 29 ന് പട്ടികജാതി ക്ഷേമസമിതി (പി കെ എസ്) നടത്തിയ ഏകദിന സത്യാഗ്രഹം ശ്രീ. കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സർക്കാരിന്റെയും സി പി എമ്മിന്റെയും ഭാഗമായ ആളുകൾ ഉൾപ്പെട്ട സമരമായിട്ടും വലിയ ചലനമൊന്നും ഉണ്ടാക്കാനോ പൊതു ഇടങ്ങളിലോ മാധ്യമങ്ങളിലോ ഈ വിഷയം ചർച്ചയാക്കാനോ ആ സമരത്തിനും കഴിഞ്ഞില്ല. ജാതി തന്നെയായിരിക്കണം പ്രധാന കാരണം.

നീതി കിട്ടുമോ?

എയ്‌ഡഡ്‌ സെക്ടറിൽ കാലങ്ങളായി തുടരുന്ന ഈ അനീതിയുടെയും അഴിമതിയുടെയും ഏറ്റവും വലിയ ഇരകൾ ദലിതരും ആദിവാസികളുമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം മറ്റു സമുദായങ്ങളിലെയും യോഗ്യതയുള്ള, എന്നാൽ കൈക്കൂലി കൊടുത്ത് സ്‌കൂൾ / കോളേജ് അധ്യാപക ജോലി 'വാങ്ങാൻ' സാമ്പത്തിക ശേഷിയില്ലാത്ത ആളുകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹ്യനീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന ഓരോരുത്തരും ഈ വിഷയം ശ്രദ്ധിക്കുവാനും ബോധപൂർവ്വമുള്ള മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കളെ അവർ നടിക്കുന്ന ഉറക്കത്തിൽ നിന്ന് ഉണർത്തുവാനും തയ്യാറാവേണ്ടതുണ്ട്.

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 6:35 pm INDIA