" കൊല്ലായ്കിലവൻ ഗുണമുള്ള പുമാൻ അല്ലായ്കിൽ മൃഗത്തിനു തുല്യനവൻ "
--നാരായണഗുരു

"വിവേചനം പഴിക്കുവോർ, ദേശീയം ജയ് വിളിക്കുവോർ
സർവോദയം ജപിക്കുവോർ, ഫലത്തിൽ ജാതിവാദികൾ
............................................
അംബേദ്കറെന്ന തന്നാമ ചതുരക്ഷരി മന്ത്ര മായ് ജപിക്കും
നന്ദി തിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം "
-- സഹോദരൻ അയ്യപ്പൻ, "ജാതി ഭാരതം"

""ജാതിഭാരതം'' - ഭാവിയുടെ ശരണമന്ത്രമായാണ് പുതുപുത്തരായ അംബേദ്കറുടെ വിമോചന രാഷ്ട്രീയചിന്തയെ കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സഹോദരൻ അവതരിപ്പിച്ചത്. അതു തികച്ചും കാലത്തെ കവിയുന്ന ചിന്തയും പ്രവൃത്തിയുമായിരുന്നു. ഇന്നും അതിന്റെ പ്രാധാന്യം പലരും അറിഞ്ഞു വരുന്നതേയുള്ളു. പുത്തരെ ആധുനികമായി ഓർമിപ്പിച്ചു കൊണ്ട് പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന മുദ്രാവാക്യമാണ് അംബേദ്കർ ഇന്ത്യയിലെ അധസ്ഥിത യുവചേതനയ്ക്കുനൽകിയത്. ബൗദ്ധികമായ പഠനത്തിലൂടെ പ്രബുദ്ധരാവുക, ധമ്മസമരത്തിലേക്കിറങ്ങുക, സംഘത്തിലൂടെ സംയോജിതരാവുക എന്നത് ബുദ്ധൻ നൽകിയ സന്ദേശമായിരുന്നു. ജാതിയുടേയും ചാതുർവർണ്യത്തിന്റേയും ആധാരമായ വർണാ ശ്രമധർമമെന്ന സനാതന ധർമത്തിൽ നിന്നും നൈതികമായ ബുദ്ധധമ്മത്തെ വേർതിരിക്കാനാണ് ധമ്മമെന്ന പാലിവാക്കു തന്നെ അംബേദ്കർ വീണ്ടും ഉപയോഗിച്ചത്. നീതിയും ധമ്മവുമല്ല രാഷ്ട്രവും അതിന്റെ ഭാരത മാതാവുമാണു കാര്യമെന്നാണ് ഇന്ന് ഹൈന്ദവദേശീയവാദക്കാർ പറയുന്നത്. ഹിന്ദുത്വ ദേശീയതയുടെ മുഖ്യബിംബമായ ഗോമാതാവിനും ഭാരതാംബയ്ക്കും ജയ് വിളിക്കാത്തവരെ കഴുത്തറക്കുമെന്നുവരെ ഹിന്ദുസന്യാസിമാർ ആക്രോശിക്കുന്നു. സൈനികവും സായുധവും വംശഹത്യാപരവുമായ ഈ സംസ്കാര ദേശീയവാദത്തിന്റെ സന്ദർഭത്തിലാണ് ബുദ്ധന്റേയും നവബുദ്ധന്റേയും വർണാശ്രമധർമവിമർശം പ്രസക്തമാകുന്നത്. പശുവിനേയും ഭാഷയേയും പ്രദേശത്തേയുമെല്ലാം മാതാവാക്കുന്ന വിശുദ്ധമാതാവാദം കേരളത്തിലും പലമാതിരി പെരുകുന്നു.


രാമരാജ്യമായും ഹിന്ദുരാഷ്ട്രമായും ഹിന്ദു സ്വരാജായുമെല്ലാം വിഭാവനം ചെയ്യപ്പെട്ട ഒരിന്ത്യയിൽ ജാതിഹിന്ദുത്വത്തിന്റെ അപരങ്ങളും അടിമകളുമായിരുന്ന ഒരു വമ്പിച്ച ജനതയുടെ അതിജീവന സമരവുമായി അഭേദ്യമായി ബന്ധപ്പെട്ട നാമവും വിമോചന കർതൃത്വവുമാണ് അംബേദ്കർ. ശൂദ്രരും തൊട്ടുകൂടാത്തവരും ആരായിരുന്നു എന്നും അവരെങ്ങനെ തീണ്ടൽക്കാരായി എന്നും ഇന്ത്യാചരിത്രത്തിലാദ്യമായി ചോദിച്ചതും വിശദീകരിച്ചതും അംബേദ്കറാണ്. ജാതിയും മതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുക്തിഭദ്രമായും സൈദ്ധാന്തികമായും വിശദീകരിച്ചതും അംബേദ്കറാണ്. പാശ്ചാത്യ ഇടപെടലിനെ തുടർന്നുണ്ടായ അധിനിവേശ ആധുനികതയുടെ സമ്മിശ്രമായ വിമോചന സന്ദർഭത്തിലാണ് അംബേദ്കറെ പോലൊരു കർതൃത്വം ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള തൊട്ടുകൂടാത്തവരായ ദലിതരിൽ നിന്നും ഉയർന്നു വന്നത്. വെള്ളം കുടിക്കാനും വഴിനടക്കാനും പോലും വിഷമിച്ച ആ തൊട്ടുകൂടാത്തവനാണ് ഇന്ത്യൻ പ്രബുദ്ധതയുടേയും ആധുനികതയുടേയും നൈതികമായ ഭരണഘടനയുടേയും വാസ്തുശില്പിയായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉന്നതമായ അക്കാദമിക് ബിരുദങ്ങൾ ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും നേടി തിരിച്ചെത്തിയ അംബേദ്കർക്ക് ഒരു പരമ്പരാഗത ബുദ്ധിജീവിയായി അധികാരത്തിന്റെ ആനുകൂല്യങ്ങൾ പറ്റി ഇന്ത്യയിലോ വിദേശത്തോ വലിയ നിലയിൽ ജീവിക്കാമായിരുന്നു. എന്നാൽ അടിത്തട്ടിലുള്ള ജനതയുടെ അതിജീവന സമരത്തിലേക്കിറങ്ങിയ ജൈവബുദ്ധിജീവിയായിരുന്നു അദ്ദേഹം.

ഐതിഹാസികവും സമാനതകളില്ലാത്തതുമായ ജീവിത സമരവും രചനാലോകവുമാണ് ഭീമാറാവു റാംജി അംബേദ്കർ അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നവയാനത്തിന്റെ അനുരണനങ്ങൾ ആരംഭിക്കുന്നതേയുളളു. ഇന്ത്യയിലെ വിമർശനബോധവും സർഗാത്മകതയുമുള്ള യുവജനതയുടെ ഭാവികളെ വരും കാലങ്ങളിലും പ്രചോദിപ്പിക്കുന്ന ചരിത്രപരമായ ഇടപെടലുകളും പരിവർത്തനങ്ങളും വിമോചനയാനങ്ങളുമാണ് ബാബാസാഹേബ് സാധ്യമാക്കിയത്. ഗാന്ധിജിയെ പരിശുദ്ധ പിതൃരൂപമായ ബാപ്പുവായി കാണുമ്പോൾ ഭീമിനെ തങ്ങളുടെ സ്വന്തം പ്രതീക്ഷയും വഴിയും സ്വപ്നവുമായ ബാബാ അഥവാ കുട്ടിയായും വിമോചകനായ സന്താനമായും ബഹുജനങ്ങൾ കാണുന്നു. ഇന്ത്യയിലുടനീളം ഉയരുന്ന അംബേദ്കർ പ്രതിമകൾ അധ:സ്ഥിതരുടെ ആദരവും അതിജീവന സ്വപ്നവും ഭാവിയുടെ പ്രതീക്ഷയുമായി അംബേദ്കറെ വീണ്ടും വീണ്ടും മണ്ണിലും മനസ്സിലും കുടിയിരുത്തുകയാണ്. ജനതയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാഭിമാനത്തിന്റേയും സ്വയം അടയാളപ്പെടുത്തലിന്റേയും മൂർത്തരൂപങ്ങളും കൂടിയാണ് അംബേദ്കർ ശില്പങ്ങൾ.

പൊതുവിടങ്ങളെ ജനത വീണ്ടെടുക്കുന്നതിന്റെ അടയാളങ്ങളും കാലരേഖകളും കൂടിയാണീ കലാനിർമിതികൾ. ഭരണഘടനയേന്തുന്ന ഈ രാജ്യതന്ത്രജ്ഞൻ ഒരു ദേശീയനേതാവും ഇന്ത്യൻ ഭരണവ്യവസ്ഥയെ ചിട്ടപ്പെടുത്തിയ രാഷ്ട്ര മീമാംസകനുമാണ്. അദ്ദേഹത്തിന്റെ ചൂണ്ടുവിരൽ സാമൂഹ്യനീതിയിലേക്കും ഭാവിയുടെ ജനായത്തത്തിലേക്കും വിരൽ ചൂണ്ടുന്നതാണെന്നതിൽ രുപക്ഷമില്ല. അധീശ ദേശീയവാദത്തിന്റെ വിമർശവും സാമൂഹ്യ ജനായത്തത്തിന്റെ സൂചനയും അദ്ദേഹത്തിന്റെ നിലയിലും നോക്കിലും ഉള്ളടങ്ങുന്നതായും വ്യാഖ്യാനിക്കാവുന്നതാണ്.

ഇന്ത്യയുടെ ജലസേചനം, ഊർജം എന്നീ നിർണായക മേഖലകളുമായി ബന്ധപ്പെട്ട നയസമീപനങ്ങൾ രൂപീകരിച്ചത് അംബേദ്കറാണ്. രാജ്യത്തിന്റെ പദ്ധതിയാവിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക സമീക്ഷകളും നടത്തിയത് അദ്ദേഹം തന്നെ. മിലിന്ദും സിദ്ധാർഥയുമടക്കം നിരവധി കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്കൃതർക്കായി തുടങ്ങിയതും മറ്റാരുമല്ല. പശ്ചിമേന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനവും അധസ്ഥിതരുടെ സംഘടനകളും രൂപീകരിച്ചു വികസിപ്പിച്ചതും അംബേദ്കറാണ്. ഭരണഘടനാസമിതിയുടെ അധ്യക്ഷൻ, ഇന്ത്യയിലെ ആദ്യ നിയമമന്ത്രി എന്നിങ്ങനെയെല്ലാം അംബേദ്കർ ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ നിർമിതിയിൽ അനന്യമായ സംഭാവനകൾ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്താനായി അദ്ദേഹം കൊണ്ടുവന്നതാണ് ഹിന്ദുകോഡ് ബിൽ. ലിംഗസമത്വത്തിനുവേിയുള്ള ഉറച്ച നിലപാടിനു വേണ്ടി രാഷ്ട്രീയാധികാരംത്യജിക്കാനും അംബേദ്കറുടെ നീതിബോധം അദ്ദേഹത്തെ സജ്ജനാക്കിയിരുന്നു. ഇതു വ്യക്തമാക്കുന്നത് കേവലം രാഷ്ട്രീയാധികാരം നിലനിർത്താനും ഭരണകേന്ദ്രത്തിൽ കടിച്ചുതൂങ്ങാനുമുള്ള ദേശീയവാദമല്ല ,മറിച്ച് സാമൂഹ്യ സമത്വവും മതേതരത്വവും ലിംഗസമത്വവും സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യവും ജനായത്തവും നിറഞ്ഞ ഒരു ക്ഷേമരാഷ്ട്രമായി ഇന്ത്യയെ പരിവർത്തിപ്പിക്കുന്ന നൈതികമായ ദേശരാഷ്ട്ര നിർമിതിയാണ് അംബേദ്കറുടെ അമൂല്യമായ സംഭാവനയെന്നുമാണ്.

നൂറ്റാണ്ടുകളായി വർണ-ജാതി പ്രത്യയശാസ്ത്രവും പൗരോഹിത്യ ആൺകോയ്മയും കോളനിവൽക്കരിച്ച ഒരു പരമ്പരാഗത സമൂഹത്തെ വിദ്യാഭ്യാസപരമായും നിയമപരമായും ഒരാധുനിക ജനായത്ത സമൂഹവും രാഷ്ട്ര വുമാക്കി എന്നതാണ് അദ്ദേഹത്തിന്റെ അമൂല്യമായ രാഷ്ട്രമീമാംസ. അധീശ ജാതി, മതസ്വത്വങ്ങളേയോ പ്രദേശത്തേയോ ഭാഷയേയോ കേന്ദ്രീകരിക്കുന്ന ദേശീയവാദമായിരുന്നില്ല അംബേദ്കറുടെ ജനായത്തപരവും ഉദാരവുമായ ദേശീയബോധം. അതു മതേതരവും ജനായത്തപരവും സമത്വ പൂർണവുമായ ഒരാധുനിക സമൂഹത്തേയും ക്ഷേമരാഷ്ട്രത്തേയും നിർമിച്ചെടുക്കാനുള്ള തത്വവും പ്രയോഗവുമായിരുന്നു. ഉപദേശീയത കളേക്കുറിച്ചും ചെറുദേശീയതകളെ കുറിച്ചും അധോദേശീയതകളെ കുറിച്ചും അക്കാലത്തു തന്നെ അദ്ദേഹം ബോധവാനായിരുന്നു. ഈയർത്ഥത്തിൽ അധീശ-വരേണ്യ ദേശീയവാദപരമായ സംസ്കാര ദേശീയവാദത്തേയും വ്യാജഭൂരിപക്ഷവാദത്തേയും ചെറുക്കുന്ന ജനായത്തപരമായ വികേന്ദ്രീകൃത മതേതര ദേശീയബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നു കാണാം. ലോകത്തെ സംഘർഷങ്ങളെ നേരിടുകയും അവകാശ സമരം ചെയ്യുകയും ചെയ്യുന്ന എല്ലാ ജനവിഭാഗങ്ങളേയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു വിമോചന പോരാട്ടമായിരുന്നു അംബേദ്കറുടെ ഈ ദേശരാഷ്ട്ര നിർമിതി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക ജനായത്ത മൂല്യങ്ങളെ അടിത്തറയാക്കുന്ന ഒരു സമൂഹത്തേയും രാഷ്ട്രത്തേയും ഇന്ത്യയിൽ കെട്ടിപ്പടുത്തത് അംബേദ്കറുടെ ഉൾക്കൊള്ളലിന്റേയും പ്രാതിനിധ്യത്തിന്റേയും തത്വദർശനമാണ്. തുല്യതയിലും മനുഷ്യാവകാശങ്ങളിലും ആധാരമാക്കുന്ന ഒരു സമൂഹത്തേയും ജനതയേയും അദ്ദേഹം ഭാവന ചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. വൈവിധ്യങ്ങളുടെ സഹവർത്തിത്തത്തിലൂന്നുന്നതായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യ ജനായത്ത സങ്കൽപ്പം. ലോകത്തെ മനുഷ്യാവകാശ, പൗരാവകാശ പ്രക്ഷോഭങ്ങളുമായെല്ലാം ഈരീതിയിൽ സാഹോദര്യവും പാരസ്പര്യവും സൃഷ്ടിക്കാൻ ഇന്ത്യയിലെ ബഹിഷ്കൃതരുടെ സാംസ്കാരിക രാഷ്ട്രീയ മുന്നേറ്റത്തിനായിട്ടുണ്ട്. യൂറോപ്പിലെ ദലിതരായ റോമകൾ ഇന്ന് ബാബാസാഹേബിന്റെ നവയാനത്തെ ആശ്ലേഷിക്കുകയാണ്. പ്രാദേ ശിക ദേശീയതകളെ അതിവർത്തിക്കുന്ന അതിന്റെ ആഗോളവും രാജ്യാന്തരവുമായ തത്വദർശനമാണിതു വെളിപ്പെടുത്തുന്നത്. പ്രാദേശിക വരേണ്യതയെ പുനരുൽപ്പാ ദിപ്പിക്കുന്ന ഇടുങ്ങിയ കുലീനദേശീയ വാദത്തേയും സമഗ്രാധിപത്യപരമായ സംസ്കാര ദേശീയവാദത്തേയും പൂർണമായും തള്ളിക്കളയുകയും നിശിതമായി വിമർശിക്കുകയും പാശ്ചാത്യവും പൗരസ്ത്യവുമായ ലോകത്തിന്റെ വിമോചന പാരമ്പര്യങ്ങളേയും പ്രബുദ്ധതയുടെ വിവിധ ദേശീയ-പ്രാദേശിക-ആഗോള ധാരകളേയും വിവേചന ബോധത്തോടെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിമോചന പ്രത്യയശാസ്ത്രമാണ് അംബേദ്കറുടെ രാഷ്ട്രീയ ചിന്ത. തികച്ചും ജനായത്തപരവും നൈതികവുമാണ് അതിന്റെ പ്രയോഗം. സാമൂഹ്യനീതിയിലും സാംസ്കാരികവും രാഷ്ട്രീയവുമായ വിമോചനത്തിലുമധിഷ്ഠിതമായ ഈപ്രത്യയശാസ്ത്രത്തേയാണ് അംബേദ്കറിസം എന്നു പറയുന്നത്.

അംബേദ്കറുടെ വേഷഭൂഷാദികളിൽ തന്നെ ഈവിമർശബോധവും ഉദാര മാനവികമായ രാജ്യാന്തരവാദവും ആഗോള വിശാലതയും കാണാം. പ്രാദേശീയവും ദേശീയവുമായ ബ്രാഹ്മണവാദത്തിന്റേയും വർണവ്യവസ്ഥ യുടേയും ഇന്ത്യൻ ജാത്യാചാരങ്ങളുടേയും സംസ്കാര ദേശീയതയുടേയും പരിപൂർണമായ നിരാസവും വിടുതിയും കൂടിയാണ് അംബേദ്കറുടെ ആധുനികമായ പുതിയ രൂപവും ഭാവവും. ദമിതമായ ഹിന്ദുദേശീയവാദ പരിപ്രേക്ഷ്യത്തിൽ നിന്നുള്ള പൂർണമായ വിടുതിയാണ് അംബേദ്കറുടെ മതേതരമായ രാജ്യാന്തര ആധുനികതയും ഭരണഘടനാപരമായ സാമൂഹ്യ ജനായത്ത സങ്കൽപ്പവും. ജനായത്ത സങ്കൽപ്പം കേവലം പാശ്ചാത്യം മാത്രമല്ലെന്നും ഇന്ത്യയിലും ജനായത്തത്തിന്റെ പൂർവരൂപങ്ങളുണ്ടെന്നെും അതു സാമൂഹ്യ ഉച്ചനീചത്വത്തെ വെല്ലുവിളിച്ച നൈതികമായ ബുദ്ധസംഘങ്ങളിലാണു കാണുന്നതെന്നും തന്റെ ജനായത്ത സങ്കൽപ്പം തദ്ദേശീയമായ പ്രബുദ്ധതയുടെ സംസ്കാരമായ ബുദ്ധധമ്മത്തിൽ നിന്നാണു താൻ ആഴത്തിൽ വികസിപ്പിക്കുന്നതെന്നും ജീവിതാന്ത്യത്തിനു തൊട്ടുമുമ്പു നടത്തിയ ഒരു ബി. ബി. സി. ഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കുകയുായി. ഇന്ത്യയിലെ ജനങ്ങൾക്ക് മാർക്സിനോടോ ക്രിസ്തുവിനോടോ ബുദ്ധനോടോ താരതമ്യം ചെയ്യാവുന്ന ലോകോത്തര വ്യക്തിത്വവും വിമോചന കർതൃത്വവുമാണ് അംബേദ്കർ. ലോകക്ഷേമത്തിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു ബോധിസ്വത്വനായാണ് ബുദ്ധിസ്റ്റുകൾ അദ്ദേഹത്തെ കാണുന്നത്. ഇന്ത്യയുടെ നവബുദ്ധനായും സി. അയ്യപ്പന്റെ "സ്മാരകം'' എന്നകഥയിലേതു പോലെ ഭാവിസൂര്യനായും തന്നെയാണ് കോടിക്കണക്കായ ബഹുജനങ്ങൾ അദ്ദേഹത്തെ അറിയുന്നത്. ഇന്ന് ഇന്ത്യയിലെ ഓരോ ചേരിയുടേയും കോളനിയുടേയും മുമ്പിൽ അംബേദ്കറുടെ ശില്പം ഉയർന്നു വന്നിരിക്കുന്നു. ഓരോ ചെറുകുടിലിലും അദ്ദേഹത്തിന്റെ ചിത്രം ബുദ്ധന്റേയോ ക്രിസ്തുവിന്റേയോ ഒപ്പം ജനങ്ങളുടെ മനുഷ്യ ഭാവിയിലുളള വിശ്വാസവും സ്വപ്നവും പ്രതീക്ഷയുമായി പ്രകാശിക്കുന്നു. ആയിരത്താണ്ടുകളുടെ മൃഗീയമായ ജാതിപീഡനത്തിൽ നിന്നും അപമാനവീകരണത്തിൽ നിന്നുമുള്ള രക്ഷയും മോചനവുമാണ് ബാബാസാഹേബ്. ഭാവിയുടെ വിമോചന ശിശുവാണു ബാബാ. ബുദ്ധനെ കുട്ടനെന്നും ജിനനെ നാണുവെന്നും പ്രബുദ്ധരായ പ്രാചീന കേരളമക്കൾ വിളിച്ചപോലെയാണ് അദ്ദേഹത്തെ കുട്ടാ അഥവാ ബാബാ എന്നടിത്തട്ടിലുള്ള ജനത വിളിച്ചത്.

ലോകോത്തര മാതൃകയായി അദ്ദേഹം നമുക്കു തന്ന ഭരണഘടന ഇന്ന് അനുദിനം റദ്ദാക്കപ്പെടുകയാണ്. ഇന്ത്യൻ നിർമാണഘടനയുടെ കാതലായ സാമൂഹ്യനീതി സങ്കൽപ്പത്തിന് കടകവിരുദ്ധമായ സാമ്പത്തിക നിർണയനവാദവും സാമ്പത്തിക സംവരണവാദവും ജാതിഹിന്ദു സമവായ വലതുപക്ഷ ശക്തികൾ ഇടതിലൂടെ പോലും കേരളത്തിൽ നടപ്പാക്കിയപ്പോൾ തന്നെ ഇന്ത്യയുടെ നിർമാണഘടന റദ്ദാക്കപ്പെട്ടുപോയി. കേന്ദ്രത്തിൽ ഹിന്ദുദേശീയവാദ കക്ഷി തിരഞ്ഞെടുപ്പു തുറുപ്പായി സാമ്പത്തിക സംവരണം എന്ന ചരിത്ര മൗഢ്യം പ്രഖ്യാപിക്കുന്നതിനും മൂന്നുമാസം മുമ്പത്രേ ഈപ്രകടന പത്രികാവകാശവാദം മലയാളകുലീനർ നാലഞ്ചു ദിവസംകൊണ്ട് നിയമമാക്കിയെടുത്തത്.

അടിസ്ഥാന ജനായത്ത പ്രാതിനിധ്യമായ സാമൂഹ്യ സംവരണം സർവീസിന്റെ കാര്യക്ഷമത തകർക്കുമെന്ന് ഭരണഘടന നിലവിൽവന്നതിനു തൊട്ടുപിന്നാലേ അമ്പതുകളിൽ തന്നെ എഴുതിവിട്ടതും ഇടതുപക്ഷത്തെ കോളനീകരിച്ച ബ്രാഹ്മണിക പിതൃരൂപങ്ങളാണ്. ഇന്നു ജാതിഹിന്ദുവിന്റെ അമിത പ്രാതിനിധ്യത്തിന്റെ കുത്സിത വേലക്കായി വരേണ്യരായി കൈയ്യടിക്കുന്നവരറിയുന്നില്ല നാളെ ന്യൂനപക്ഷാവകാശങ്ങൾ റദ്ദാക്കപ്പെടുമെന്ന്.

ഫെഡറലിസവും മതവിഷയങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഇതിനകം തരിപ്പണമാക്കി കഴിഞ്ഞു. വർഗ ന്യൂനീകൃത ലളിതയുക്തി വിട്ട് ഇന്ത്യൻ സാമൂഹ്യ ചരിത്ര യാഥാർഥ്യമായ ജാതിയുടെ സമഗ്രാധിപത്യത്തെ അതിനാധാരമായ ബ്രാഹ്മണിസത്തെ മാർക്സിസം കാണേണ്ടതുണ്ട്. മനുഷ്യനെ അപരവൽക്കരിച്ച് മൃഗവൽക്കരിച്ച് അടിച്ചു കൊല്ലുന്ന ഫാഷിസത്തെ ചെറുക്കാൻ കേവല വർഗസമരവും തൊഴിലാളി ഐക്യവും കൊണ്ട് സാധ്യമല്ല. സാംസ്കാരിക ഘടനകളിലുള്ള പഠനവും ഇടപെടലുകളും നീതിബോധവും ആവശ്യമാണ്. ബ്രാഹ്മണ്യത്തെ ഇല്ലാതാക്കാതെ വർണാശ്രമധർമത്തേയും ജാതിയേയും ഇല്ലാതാക്കാനാവില്ല. ജാതിയുടെ മതമാണ് ഇന്ത്യയിൽ കൊലപാതകത്തെ സാധൂകരിക്കുന്നത്. സഹോദരനും അംബേദ്കറും പറഞ്ഞതു പോലെ ജാതിയെ സാധൂകരിക്കുന്ന മതത്തെ തന്നെ ഇല്ലായ്മ ചെയ്താൽ മാത്രമേ ജാതി നിർമൂലനം സാധിക്കൂ. ഇന്ത്യയിൽ സമഭാവനയെ ബുദ്ധകാലത്തിനു ശേഷം തിരികെ കൊണ്ടുവരാൻ അങ്ങനെ മാത്രമേ കഴിയൂ. വർഗമാത്രവാദം സാമ്പത്തിക സംവരണവാദത്തിലേക്കു വന്നു കൂപ്പുകുത്തും. കാരണം അത് സാമൂഹ്യചരിത്രത്തെ കുറിച്ചുള്ള യാഥാർഥ്യത്തേയും സ്ഥിതിവിവരക്കണക്കുകളേയും കുറിച്ചുള്ള അജ്ഞതയാണ്. വിവേചനത്തിന്റേയും അസമത്വത്തിന്റേയും അടിസ്ഥാന സത്യങ്ങളേയും നീതിയേയും അതു കാണുന്നില്ല. ചുരുങ്ങിയത് ആധുനിക ഇന്ത്യയിലെങ്കിലും വർഗരാഷ്ട്രീയവും വർഗസമരവും ജാതിവിരുദ്ധ പോരാട്ടത്തേയും ജനായത്തത്തിലെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാന സാക്ഷരതയേയും അറിഞ്ഞു മാറേണ്ടതുണ്ട്.

സാമ്പത്തികം പോലെ തന്നെ മനുഷ്യരെ ആഴത്തിൽ നിർണയിക്കുന്ന തലങ്ങളാണ് ഇന്ത്യയിൽ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ യാഥാർഥ്യങ്ങളും ചരിത്ര വർത്തമാനങ്ങളും. വർഗത്താലല്ല ജാതിയാലാണ് കൊലയും കൊല്ലും മാനഭംഗങ്ങളും നടമാടുന്നത്. വർഗശ്രേണിയിൽ മാറ്റം സാധ്യമാകുമ്പോൾ ജാതി മാറാനാവാത്ത ഊരാക്കുടുക്കായി മനുഷ്യരെ വിഭജിക്കയും പരസ്പരം തല്ലിക്കൊല്ലിക്കുകയും ചോരകുടിക്കുകയും ചെയ്യുന്നു. ലോകത്തെ മാറ്റിപ്പണിയാൻ മാർക്സിനെ പോലെ ഒരു സാമ്പത്തിക സിദ്ധാന്തം മാത്രമല്ല അംബേദ്കർ ആവിഷ്കരിച്ചത്. സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഘടനകളിലുള്ള പൊളിച്ചെഴുത്തും നവനിർമിതിയും അദ്ദേഹത്തിന്റെ ദർശനത്തിലും ജീവിത പ്രയോഗത്തിലും കാണാം. മനുവിന്റെ മനുഷ്യവിരുദ്ധമായ ബ്രാഹ്മണിക നിയമാവലിയെ അദ്ദേഹം ആധുനികവും നൈതികവും ശാസ്ത്രയുക്തിക്കും മാനവികതയ്ക്കും നിരക്കുന്നതുമായ പുത്തൻ പരിഗണനകൾകൊണ്ട് പരിപൂർണമായും മാറ്റിത്തീർത്തു. ഫാഷിസമായി മാറുന്ന സംസ്കാര ദേശീയവാദത്തിന്റെ തികഞ്ഞ വിമർശമാണ് അദ്ദേഹത്തിന്റെ സാമൂഹ്യ ജനായത്ത ദർശനവും ജീവിത പ്രയോഗവും. മനുഷ്യനെ തെരുവിൽ തല്ലിക്കൊല്ലുമ്പോൾ നാം മൂകരാവരുത്. നമ്മുടെ നീതിനിയമ സംവിധാനമായ നിർമാണഘടനയില്ലെങ്കിൽ ഈ രാജ്യം കുട്ടിച്ചോറാവും. അതിന്റെ സാമൂഹ്യനീതി സങ്കൽപ്പത്തെ അട്ടിമറിക്കാനുള്ള എല്ലാ ദേശീയവാദ ഗൂഢാലോചനകളേയും നാം ചെറുക്കേണ്ടതുണ്ട്. നീതിയേയും നേരിനേയും വിമർശബോധത്തേയും ഉയർത്തിപ്പിടിച്ച് അതിദേശീയതയുടെ സമഗ്രാധിപത്യത്തെ നമുക്കു ചെറുക്കാം. അതിനാദ്യം ഇന്ത്യയുടെ നവബുദ്ധനായ അംബേദ്കറും കേരളത്തിൽ സഹോദരനും അറിഞ്ഞാദരിച്ചപോലെ അധീശത്തം ചവിട്ടിത്താഴ്ത്തിയ ഇന്ത്യൻ പ്രബുദ്ധതയുടെ വിമോചനസംസ്കാരത്തെ തിരിച്ചറിഞ്ഞ് കാലികമായി വിമർശാത്മകമായി വീണ്ടെടുക്കേണ്ടതുണ്ട്. ബുദ്ധനിലാരംഭിക്കുന്ന സമതയുടേയും മൈത്രിയുടേയും മധ്യമാർഗവും കൂടിയാണ് സമകാലിക ഇന്ത്യയോട് ബാബാസാഹേബ് പറയുന്നത്. ബഹുജനങ്ങൾ തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം തിരിച്ചറിഞ്ഞാൽ ഹിന്ദുത്വവും ബ്രാഹ്മണ്യവും ആവിയായിപ്പോകും. പ്രബുദ്ധമായ ഭാവിഭാരതം വിജയിക്കട്ടെ. നവയാനം നമ്മെ നയിക്കട്ടെ.

അടിയന്തിരമായി കൊല്ലുന്ന ദൈവങ്ങളുടെയാനങ്ങളും പാരായണങ്ങളും നാം അവസാനിപ്പിക്കേണ്ടതുണ്ട്. കൊല്ലുന്നവനില്ല ശരണ്യതെയന്നും അവൻ മൃഗത്തിനു തുല്യനെന്നും ഗുരു 1914 ൽ തന്നെ ജീവകാരുണ്യപഞ്ചകത്തിൽ എഴുതിയിട്ടുണ്ട്. രാമകൃഷ്ണ പ്രഹേളികയിൽ ബാഹാസാഹേബും അത്തരം ദൈവബിംബങ്ങളുടെ മാനവികതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാമാദികളുടെ കാലത്തെങ്കിൽ ശംബൂകന്റെ ഗതിയാവും നമുക്കുണ്ടാവുക എന്നും 1914 ൽ ഗുരു അസന്ദിഗ്ധമായി വ്യക്തമാക്കി. അയ്യാവൈകുണ്ഠസ്വാതിയുടെ പുലിമടയിലെ അനുഭവവും ആറാട്ടുപുഴയുടെ ധീര രക്തസാക്ഷിത്തവും അദ്ദേഹത്തിനു ബോധ്യമായിരുന്നു.

മദനമോഹനമാളവ്യ തിരുനക്കര മൈതാനത്തു വന്നു 'ജയ് റാം' വിളിക്കാനാഹ്വാനം ചെയ്തപ്പോൾ ശംബൂകനെന്ന ശൂദ്രമുനിയെ കൊന്ന രാമൻ കേരളത്തിന്റെ ദൈവം പോയിട്ട് മനുഷ്യൻ പോലുമാകുന്നില്ല എന്നു മറുപടി കൊടുത്തത് ഗുരുശിഷ്യനായ സഹോദരനാണ്. 1910 കളിൽ തന്നെ ഗുരുവും ശിഷ്യരും അയ്യനും അപ്പച്ചനുമടക്കമുള്ള ദലിത് നവോത്ഥാന ജനനേതാക്കളും കൊലപാതകിയെ മനസ്സിലാക്കി തിരിച്ചറിഞ്ഞു തള്ളിയ രാമനെയാണ് ഗാന്ധിയുടേയും മറ്റും സത്യബോധമായും മിഥ്യാ ബോധമായും ഇളിച്ചും ചിരിച്ചും വളഞ്ഞുകുത്തി മറിഞ്ഞ് ജാതിവാലന്മാർ വീണ്ടും പട്ടത്താനങ്ങളിലൂടെ പുനരാനയിച്ച് കേരളത്തിൽ ശൂദ്ര ലഹളയ്ക്കുള്ള നിലമൊരുക്കിയത്.


"ദൈവത്തെ പിശാചായും
പിശാചിനെ ദൈവമായും
വർണിക്കും ബ്രാഹ്മണന്റെ
വൈഭവം ഭയങ്കരം"
എന്നു സഹോദരൻ എഴുതിയിട്ടുണ്ട്.

ശൂദ്രത്തവും ബ്രാഹ്മണ്യത്തോട് മൽസരിച്ച് കീഴാളരെയും സ്ത്രീകളേയും ദമനക്രിയാതന്ത്രങ്ങളിലൂടെ ഹൈന്ദവീകരിക്കാൻ ഒരുമ്പെടുകയാണിന്ന്. ഭരണഘടനയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. നീതിയെ അംഗീകരിക്കാത്ത കിരാതമായ കൊലയാളി വംശീയതയാണ് ജനായത്തത്തേയും ഭരണഘടനയേയും ഗൂഢമായ സൗന്ദര്യാത്മക സാഹിത്യ വരേണ്യ ഗീർവാണങ്ങളിലൂടെ അട്ടിമറിച്ച് മുഖ്യമന്ത്രിമാരെ പോലും തെരുവിൽ ജാതിത്തെറി വിളിച്ച് അമിത പ്രാതിനിധ്യത്തിന്റെ സാമ്പത്തിക സംവരണം കൊയ്യുന്നത്. മുലക്കരം പോലും സാമ്പത്തിക പ്രശ്നമായിരുന്നു. കാരണം ചേർത്തല നങ്ങേലിക്ക് മുലക്കരം കൊടുക്കാൻ പണമില്ലായിരുന്നു എന്നാണ് സർക്കാരിലെ ജൻഡർ ഉപദേശക ജനപഥം വാരികയിൽ എഴുതിവിട്ടത് (ജനുവരി 2019 ലക്കം).രാമൻ ശംബൂകനെ എന്ന പോലെ ഇന്ത്യയുടെ തലയാണവർ കൊയ്തത്. ബാബായുടെ സാമൂഹ്യ ജനായത്ത സാമൂഹ്യനീതി സങ്കൽപ്പത്തിലാണ് ഇന്ത്യൻ നിർമാണഘടന നിൽക്കുന്നത്. കൊലയേയും വംശഹത്യയേയും കാമഭോഗങ്ങളേയും ആഘോഷിക്കുന്ന ഹൈന്ദവ പുരാണപാരായണങ്ങളും പട്ടത്താനങ്ങളും നാമവസാനിപ്പിച്ചേ തീരൂ.

ബൗദ്ധമായ വർഷാവാസമെന്ന പ്രജ്ഞാ പഠനത്തെയാണ് കഴിഞ്ഞ മുപ്പതു വർഷത്തിനിടെ രാമായണ മാസാചരണമായി ജാതിഹിന്ദുവരേണ്യർ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയത്. മാവാരത പട്ടത്താനങ്ങളും ഗീതാഗിരിയും സംഘകാലം മുതൽ പുകൾപെറ്റ ചവരിമാനുകളെന്ന മ്ലാവുകൾ മേഞ്ഞ ചവരിമലയെ ശബരിമലയാക്കി രാമവൽക്കരിക്കുന്ന വിശ്വാസി-തീണ്ടാരി-നാമജപ-ശൂദ്ര ലഹളകളെ പെരുന്ന വഴി ഉൽപ്പാദിപ്പിച്ച് നീതിയുടെ കരാറായ ഭരണഘടനയെ അട്ടിമറിക്കുമെന്നു വീണ്ടും വീണ്ടും വ്യക്തമായിക്കഴിഞ്ഞു. യാഗയജ്ഞകൂടോത്ര വാങ്മയ സൗന്ദര്യാത്മകതയിലൂടെയാണവർ വേദകാലം മുതൽ സൈന്ധവ നാഗരികതയുടെ വേരറുത്തത്.

കൊല്ലുന്ന മൃഗതുല്യരായ രാജാക്കൾക്കും നേതാക്കൾക്കും തമ്പുരാക്കളായ ദൈവങ്ങൾക്കും വേണ്ടിയുള്ള പഥസഞ്ചലനങ്ങളും പണിയെടുപ്പുകളും ബഹുജനങ്ങൾ അവസാനിപ്പിച്ചാലേ ഇന്ത്യൻ ജനായത്തം പുലരൂ. വൈകിയ വേളയിലെങ്കിലും അടിസ്ഥാന ജനത തങ്ങളുടെ ചരിത്രപരമായ ധർമങ്ങൾ നിറവേറ്റട്ടെ. നീതിക്കുവേണ്ടിയുള്ള സമരം ഗൂഢവരേണ്യ സൗന്ദര്യാത്മക ഗീർവാണങ്ങളെ തകർക്കട്ടെ. വിളക്കു പോലെ സത്യത്തെ ചേർത്തു പിടിക്കുക. നാം നമ്മുടെ വെളിച്ചമാകട്ടെ. അപ്പ ദീപോ ഭവ എന്ന പുത്തരുടെ തായ്മൊഴി ജാതിഹിന്ദുയിരുട്ടിന്റെ, രാമനിരുട്ടിൻ്റെയിടയിൽ നമുക്കു കരുത്തുപകരട്ടെ. നീതിയാണ് ഓർക്കുന്തോറും നിറയുന്ന സൗന്ദര്യം. അറിവും അനുകമ്പയും നമ്മുടെ അരുളാകട്ടെ. സാഹോദര്യം വളരട്ടെ.

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 6:52 pm INDIA