
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള ഇന്ത്യയിലെയും കേരളത്തിലെയും ആദ്യത്തേതും ഒരേയൊരു മെഡിക്കല്‍ കോളേജുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് ( IIMS ) എന്ന പാലക്കാട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ 2014 സെപ്റ്റംബര്‍ 1നു പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനങ്ങളും മുഴുവന്‍ അനുബന്ധ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് പരിപൂര്‍ണ്ണമായും പട്ടികജാതി സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനായി പ്രത്യേകം വകയിരുത്തിയിട്ടുള്ള സ്പെഷ്യല്‍ കംപോണന്റ് ഫണ്ട് ( SCP ) ഉപയോഗിച്ചു കൊണ്ടാണ്. എസ് സി, എസ് ടി വിദ്യാർത്ഥികള്‍ക്ക് 80 ശതമാനം സീറ്റ് സംവരണം ചെയ്തു മെഡിക്കല്‍ പഠനത്തിനു കൂടുതല്‍ അവസരം സൃഷ്ടിക്കുക, മെഡിക്കല്‍ പഠനം കഴിയുന്ന എസ് സി, എസ് ടി ഉദ്യോഗാർത്ഥികൾക്ക് 50 മുതല്‍ 75 ശതമാനം വരെ ഉദ്യോഗം സംവരണം ചെയ്തു തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടിയാണ് പാലക്കാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്.
പ്രവര്‍ത്തനം ആരംഭിച്ചു ആറുവര്‍ഷം കഴിയുമ്പോള്‍ ഈ ലക്ഷ്യങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സംവരണ അട്ടിമറിയുടെയും, ദലിത് ആദിവാസികള്‍ക്ക് നിയമനം നിഷേധിക്കുന്നതിന്റെയും, യോഗ്യതയില്ലാത്ത സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമവിരുദ്ധമായി നിയമിക്കുന്ന സ്വജനപക്ഷപാതത്തിന്റേയും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്ന ജാതീയതയുടെയും, ആത്യന്തികമായി ലക്ഷ്യങ്ങളില്‍ നിന്നകന്നു പട്ടികജാതി വികസന ഫണ്ട് ദുരുപയോഗം ചെയ്യുന്ന സ്ഥാപനമായി പാലക്കാട് മെഡിക്കല്‍ കോളേജിനെ മാനേജുമെന്റും പട്ടികജാതി പട്ടിക്കവർഗ്ഗ വികസന വകുപ്പും സര്‍ക്കാരും മാറ്റി. മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥ നിയമനത്തിൽ 75 ശതമാനം എസ് സി, എസ് ടി സംവരണം നടപ്പിലാക്കണമെന്ന കേരള സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷൻ റിപ്പോര്‍ട്ടും, ദേശീയ പട്ടികജാതി കമ്മീഷന് നിര്‍ദ്ദേശവും സര്‍ക്കാരും ഉദ്യോഗസ്ഥരും നടപ്പിലാക്കിയില്ല. എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് എം ബി ബി എസിനു അഡ്മിഷൻ നൽകുന്നതിനു മാത്രമേ ഇപ്പോൾ 75 ശതമാനം സംവരണതത്വം പാലിക്കുന്നുള്ളു. പട്ടികജാതി പ്രത്യേക ഘടക പദ്ധതി ഫണ്ട് ഉപയോഗിക്കണമെങ്കില്‍ മാനദണ്ഡപ്രകാരം ഏറ്റവും കുറഞ്ഞത് 50 ശതമാനമെങ്കിലും ഗുണഭോക്താക്കള്‍ പട്ടികജാതിക്കാര്‍ ആയിരിക്കണം. ഗുണഭോക്താക്കള്‍ എന്ന് പറയുമ്പോള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല; മാനേജ്മെന്റും, അദ്ധ്യാപകരും, അനദ്ധ്യാപകരുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനെയെല്ലാമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.
പട്ടികജാതി ഫണ്ട് കൊണ്ട് വാങ്ങിയ ഭൂമിയില്‍, പട്ടികജാതി ഫണ്ടുകൊണ്ട് നിര്‍മ്മിച്ച കോളേജില്‍, പട്ടികജാതി ഫണ്ടുകൊണ്ടു പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന, പട്ടികജാതി വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ ദി മാനേജ്മെന്റ് ഓഫ് ഇന്റര്‍ഗ്രേറ്റഡ് ഇസ്റ്റിറ്റൂട്ട് ഓഫ് മാനേജുമെന്റിന് ഭരണച്ചുമതലയുള്ള മെഡിക്കല്‍ കോളേജില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് യാതൊരു അധികാരവും നിയന്ത്രണവുമില്ല. മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പൊതു സംവരണ തത്വപ്രകാരമുള്ള 10 ശതമാനം സംവരണം പോലും ഇവിടെ നടപ്പിലാക്കാന്‍ സര്‍ക്കാരും മാനേജുമെന്റും തയ്യാറാകുന്നില്ല. വിവിധ പോസ്റ്റുകളില്‍ 2 ശതമാനവും 7 ശതമാനവും സംവരണം മാത്രമാണുള്ളത്. കേരളത്തിലെ സംഘടിത സമുദായങ്ങള്‍ തങ്ങളുടെ ഭരണഘടനാ അവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിയമനം 50 ശതമാനം അതത് സമുദായ സംവരണവും 50 ശതമാനം പൊതു യോഗ്യതയുടെ ( Open Merit ) അടിസ്ഥാനത്തിലാണെങ്കിലും അത്തരം സ്ഥാപനങ്ങളില്‍ ഏതാണ്ട് പൂര്‍ണ്ണമായും ആ സമുദായ അംഗങ്ങളാണ് തൊഴില്‍ എടുക്കുന്നത്. അവിടെ സര്‍ക്കാര്‍ യാതൊരുവിധ ഇടപെടലുകളും നടത്തുന്നില്ല. പാലക്കാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഇത് നേരെ തിരിച്ചാണ്. മെഡിക്കല്‍ കോളേജിന്റെ ഭരണച്ചുമതലയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലെ മാനേജുമെന്റില്‍ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് യാതൊരുവിധ പ്രാതിനിധ്യവും അധികാരവുമില്ല! പൊതുവായ സംവരണതത്വം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. ദലിത് ആദിവാസ്കള്ക്ക് മേല്‍ അധികാരം പ്രയോഗിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്ത് അനീതി നടത്തിയാലും സംരക്ഷിക്കപ്പെടുമെന്നുമുള്ള ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും ജാതീയ ബോധ്യങ്ങളാണ് ഇത്തരത്തില്‍ അനീതി നടത്തുവാന്‍ പ്രേരിപ്പിക്കുന്നത്.
പാലക്കാട് മെഡിക്കല്‍ കോളേജ് ; ചരിത്ര പശ്ചാത്തലം.
സംസ്ഥാനത്ത് നിരവധി പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നുണ്ടെങ്കിലും സീറ്റിന്റെ അപര്യാപ്തതമൂലം അവര്‍ക്ക് എല്ലാവർക്കും അഡ്മിഷന് നല്‍കുമാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. 2011ല്‍ നടന്ന പഠനപ്രകാരം 5 വര്‍ഷത്തിനിടയ്ക്ക് 1651 എസ്. സി, എസ്. ടി. വിദ്യാർത്ഥികള്‍ മെഡിക്കല്‍ പഠനത്തിനു യോഗ്യത നേടിയെങ്കിലും സംവരണ തത്വപ്രകാരം 582 വിദ്യാർത്ഥികള്‍ക്ക് മാത്രമേ ഈക്കാലയലവില്‍ അഡ്മിഷന് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ അസമത്വത്തെയും സാമൂഹിക പുറംതള്ളലിനേയും പരിഹരിക്കുന്നതിന് വേണ്ടിയാണ് 2012ൽ യു. ഡി. എഫ്. സര്‍ക്കാര്‍ പാലക്കാട് ജില്ലയിലെ യാക്കരയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടികജാതി എസ്.സി.പി. ഫണ്ട് ഉപയോഗിച്ചുകൊണ്ട് പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുന്നത്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി പാലക്കാട് തിരഞ്ഞെടുക്കുന്നതിന് പ്രധാനമായും ഉണ്ടായിരുന്ന കാരണങ്ങള്‍ 1. പട്ടികജാതി ജനസംഖ്യ ഏറ്റവും അധികമുള്ള ജില്ലയാണ്. 2011ലെ സെന്‍സസ് പ്രകാരം പട്ടികജാതിക്കാരുടെ 16 ശതമാനവും അധിവസിക്കുന്നത് ഇവിടെയാണ്. 2. ജില്ലയില്‍ 1.5 ശതമാനം ആദിവാസികള്‍ താമസിക്കുന്നുണ്ട്. മാത്രമല്ല പോഷക ആഹാരക്കുറവ് കൊണ്ടും പട്ടിണികൊണ്ടും ശിശുമരണവും നിരവധി ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന അട്ടപ്പാടി ബ്ലോക്ക് പാലക്കാട് ജില്ലയില്‍ ആണ്. ഇവര്‍ക്ക് വേണ്ട അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാക്കാന്‍ ജില്ലയില്‍ തന്നെ ആധുനിക ചികിത്സാ സംവിധാനമൊരുക്കുക. 3. കേരളത്തിലെ വലിയ ജില്ലകളില്‍ ഒന്നായ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇല്ല.
ഇത്തരം സാമൂഹിക കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനു യോഗ്യരായ എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് നല്കുവാന് കുറഞ്ഞത് 100 സീറ്റെങ്കിലുമുള്ള മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് നിര്‍മ്മിക്കുക, അവിടെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ടെക്നിക്കൽ സ്സ്റ്റാഫിനെയും നിയമിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ നിര്‍മ്മിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി 2012 മെയ് 26 ലെ ഉത്തരവിലൂടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ് സുബ്ബയ്യയെ സ്പെഷ്യല്‍ ഓഫീസറായി യു ഡി എഫ് സര്‍ക്കാര്‍ നിയമിക്കുന്നത്.
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഷെഡ്യുൾഡ് കാസ്റ്റസ് ആൻഡ് ഷെഡ്യുൾഡ് ട്രൈബ്സ് റെസിഡെൻഷ്യൽ എഡ്യൂക്കേഷൻ സോസൈറ്റി എന്ന ട്രസ്റ്റ് കീഴിലാണ് പാലക്കാട് മെഡിക്കൽ കോളേജ് 2014ൽ പ്രവർത്തനം ആരംഭിക്കുന്നത്. 70 ശതമാനം എസ് സി സംവരണം, 2 ശതമാനം എസ് ടി സംവരണം, 15 ശതമാനം ആള് ഇന്ത്യ ക്വാട്ട, 13 ശതമാനം ഓപ്പന്‍ ക്വാട്ട എന്നിങ്ങനെയായിരുന്നു അഡ്മിഷനായി നിഷ്ക്കര്ഷിച്ചിരുന്ന മാനദണ്ഡം. ആദിവാസി വിഭാഗത്തിനു മതിയായ സംവരണം സര്‍ക്കാര്‍ നല്‍കാതെ പൊതു സംവരണ തത്വപ്രകാരമുള്ള 2 ശതമാനം മാത്രമാണ് നല്‍കിയത്.
സ്പെഷ്യൽ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളിലായി 305 തസ്തികകള്‍ നിര്‍മ്മിക്കപ്പെട്ടു. അതില്‍ 181 അനദ്ധ്യാപക തസ്തികകളും 124 അദ്ധ്യാപക തസ്തികകളും ആയിരുന്നു ഉണ്ടായിരുന്നത്. 2019 ആകുമ്പോഴേക്കും അദ്ധ്യാപക പോസ്റ്റില്‍ ആവശ്യമുണ്ടായിരുന്നത് 168 പേരെയായിരുന്നു. എന്നാല്‍ 161 പേരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇതില്‍ 17 പേര് മാത്രമായിരുന്നു പട്ടികജാതിക്കാര്‍. അതായത് 10 ശതമാനം. പൊതുസംവരണ തത്വം നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. 75ശതമാനം സംവരണം നല്‍കേണ്ട സ്ഥാനത്താണ് പട്ടികജാതി ഫണ്ടില്‍ മാത്രം പ്രവര്‍ത്തിക്കുന്ന, പട്ടികജാതി പട്ടികവികസന വകുപ്പിന് കീഴിലുള്ള മാനേജുമെന്റ് ഭരണം നടത്തുന്ന മെഡിക്കല്‍ കോളേജില്‍ ഇത്തരം അട്ടിമറി നടന്നിരിക്കുന്നത്.
മെഡിക്കല്‍ കോളേജിലെ സംവരണ അട്ടിമറിയും ദലിത് വിരുദ്ധതയും
ദലിത് ഡോക്ടേഴ്സ് അസോസിയേഷന് ( DDA ) 2018 ഡിസംബറില്‍ പാലക്കാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ മുന്പില് പരാതിയായി അവതരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുഗന് 2019 ഫെബ്രുവരി 7 ന് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നത്. ദലിത് ഡോക്ടേഴ്സ് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഡോ. ബാബുരാജ് എന്‍ പി ദേശീയ പട്ടികജാതി കമ്മീഷനും, സംസ്ഥാന പട്ടികജാതി കമ്മീഷനും, വകുപ്പ് മന്ത്രിയ്ക്കും രേഖാമൂലം നല്കിയ പരാതില്‍ പ്രധാനമായും ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഇവയാണ്,
- 1. എസ് സി ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ കുറഞ്ഞത് 50 - 75 ശതമാനം സംവരണം നടപ്പിലാക്കുക
- 2. ഇതിനായി സ്പെഷ്യല്‍ റൂള്‍ നിര്‍മ്മിച്ചു സ്ഥിരനിയമനം നടപ്പിലാക്കുക. സ്പെഷ്യല്‍ റൂള്‍ കരട് നിര്‍മ്മാണ സമിതിയില്‍ DDA പ്രതിനിധിയേയും ഉള്‍പ്പെടുത്തുക.
- 3. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരഅംഗീകാരം നേടുക
- 4. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ( KUHS ) അഫിലിയേഷന് നേടിയെടുക്കുക
- 5. അദ്ധ്യാപക അപര്യാപ്തത പരിഹരിക്കുക
- 6. മെഡിക്കല്‍ കോളേജിനു ആവശ്യമായ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അപര്യാപ്തത പരിഹരിക്കുക തുടങ്ങിയവയായിരുന്നു.
മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരഭിച്ചു അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളെങ്കിലും നടപ്പിലാക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സര്‍വ്വകലാശാലയുടെയും അംഗീകാരവും അഫിലിയേഷനും നേടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പരാതി നല്‍കേണ്ടി വരുന്നതന്ന് തീര്‍ത്തും ദയനീയവും പരിതാപകരമായ സ്ഥിതിവിശേഷമാണ്.
പരാതിയെ തുടര്‍ന്ന് സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ബി എസ് മാവോജി ഐ എ എസ് പരാതിയ്ക്ക് ആധാരമായ വിഷയങ്ങള്‍ അന്വേഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കുകയും ചെയ്യുന്നത്. 2019 ജൂണ്‍ 22ന് ഇറക്കിയ ഉത്തരവില്‍ 75 ശതമാനം എസ്. സി, എസ്. ടി. സംവരണം നിയമനത്തില്‍ പാലിക്കണമെന്നും ഇതിനായി സ്പെഷ്യല്‍ റൂള്‍ നടപ്പിലാക്കണമെന്നും വ്യക്തമായി പറയുകയും ഡയറക്ടര്‍, ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് പാലക്കാട്; പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെടുകയോ നടപ്പിലാക്കുകയോ ചെയ്തില്ല.
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് വേണ്ടി ജോ.സെക്രട്ടറി ഷര്‍മിള സി നല്കിയ റിപ്പോര്‍ട്ട് പ്രകാരം, 2019 ആഗസ്റ്റ് വരെ അദ്ധ്യാപക പോസ്റ്റില്‍ 161 പേരെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് 17 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 2 മാത്രമാണുള്ളത്. പ്രഫസര്‍ തസ്തികയിലേക്ക് 19 പേരെ നിയമിക്കാന്‍ അനുവദിച്ചെങ്കിലും 16 പേരെ മാത്രമേ നിയമിച്ചുള്ളൂ. ഇതില്‍ 5 പേര് മാത്രമാണ് പട്ടികജാതിക്കാര്‍. അസോസിയേറ്റ് പ്രഫസര്‍മാരായി 26 പേരെ നിയമിക്കണമെന്നിരിക്കെ 21 പേരെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 2 പേര് മാത്രമാണ് പട്ടികജാതിക്കാര്‍. അസ്സിസ്റ്റന്റ് പ്രഫസര്‍മാരായി 42 പേരെ നിയമിക്കേണ്ടതില് 41 പേരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ഒരേയൊരു ആള് മാത്രമാണ് പട്ടികജാതിയില്‍ നിന്നുള്ളത്. സീനിയര്‍ റെസിഡന്റ് തസ്തികയില്‍ 24 പേരുടെ ഒഴിവ് ഉണ്ടെങ്കിലും 17 പേരെ നിയമിച്ചിട്ടുള്ളൂ. ഇതില്‍ 3 പേര് മാത്രമാണ് പട്ടികജാതിക്കാര്‍. ജൂനിയര്‍ റെസിഡന്റ് / ട്യൂട്ടര്‍ തസ്തികയില്‍ അനുവദിക്കപ്പെട്ട 69 സീറ്റില്‍ 65 പേരെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 5 പേര് മാത്രമാണ് പട്ടികജാതി ജാതിക്കാര്‍. പല തസ്തികകളിലും എസ് സി, എസ് ടി വിഭാഗങ്ങളുടെ പൊതുസംവരണ മാനദണ്ഡമായ 10 ശതമാനം പോലും തികച്ചിട്ടില്ല. അസിസ്റ്റന്റ് പ്രഫസർ പോസ്റ്റിൽ വെറും 2.43 ശതമാനവും അസോസിയേറ്റ് പ്രഫസർ പോസ്റ്റിൽ 7.69 ശതമാനവും റെസിഡന്റ്/ ട്യൂട്ടര്‍ പോസ്റ്റിൽ 7.24 ശതമാനവും മാത്രമാണ് എസ് സി, എസ് ടി പ്രാതിനിധ്യം.
മെഡിക്കല്‍ കോളേജിലെ പ്രഫസര്‍ പോസ്റ്റിലുള്ള അഞ്ച് പേരും റിട്ടേഡ് ഡോക്ടര്‍മാരാണ്. അവര്‍ക്ക് ഇനി അധികനാള്‍ ചുമതലയുമില്ല. പ്രഫസര്മാരായും ഭരണച്ചുമതലയുള്ള പോസ്റ്റുകളിലേക്കും എത്തേണ്ടുന്ന അസ്സിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ റെസിഡന്റ്, ജൂനിയര്‍ റെസിഡന്റ് / ട്യൂട്ടര്‍ എന്നീ പോസ്റ്റുകളിലെ എസ് സി, എസ് ടി പ്രാതിനിധ്യം വളരെ വളരെ കുറവാണ്. കാര്യങ്ങള്‍ വ്യക്തമാണ്, അധികാരം ലഭിക്കുന്ന ഇത്തരം തസ്തികകളിലേക്ക് ഈ വിഭാഗങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തരുത്. 75 ശതമാനം നിയമനം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നായിരിക്കണം എന്നിരിക്കെയാണ് ഈ സംവരണ അട്ടിമറി. ദേശീയ പട്ടികജാതി കമ്മീഷന് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച വേളയില്‍ കണ്ടെത്തിയ അദ്ധ്യാപക നിയമനത്തിലെ ഈ അസമത്വവും അട്ടിമറിയും പരിഹരിക്കാൻ സ്പെഷ്യൽ റൂൾ നടപ്പിലാക്കി എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടും സർക്കാരോ മാനേജുമെന്റോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

ഉയര്‍ന്ന ശമ്പളവും അധികാരവും നിയന്ത്രണവുമുള്ള തസ്തികകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ നിയമിക്കാതെ ഇരിക്കുന്നത് എന്തിനെന്നു വ്യക്തമാണ്. പൊതുസംവരണതത്വം പേരിനു നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാരും മാനേജുമെന്റും ചെയ്തിരിക്കുന്നത്. എന്നാല്‍ ശമ്പളവും അധികാര പദവിയും കുറഞ്ഞ അനദ്ധ്യാപിക തസ്തികകളില്‍ 50 ശതമാനം സംവരണം കൊണ്ടുവരാന്‍ മാനേജ്മെന്റും സര്‍ക്കാരും തയ്യാറായിട്ടുണ്ട്. അനദ്ധ്യാപിക തസ്തികകളിൽ നിയമിക്കപ്പെട്ട 234 പേരില്‍ 126 പേര് പട്ടികജാതിക്കാരും 3 പേര് പട്ടികവർഗ്ഗക്കാരുമാണ്.

ഇവിടെയാണ് അട്ടിമറിയുടെ തന്ത്രം ഒളിഞ്ഞിരിക്കുന്നത്. മൊത്തത്തില്‍ മെഡിക്കല്‍ കോളേജിന്റെ ഉദ്യോഗസ്ഥ അനുപാതം നോക്കുമ്പോള്‍ ഏകദേശം 37 - 40 ശതമാനത്തോളം സംവരണ തസ്തികകള്‍ വരും. എന്നാല്‍ നിര്‍ണ്ണായക പോസ്റ്റുകളില്‍ പത്ത് ശതമാനം പോലും സംവരണവുമില്ല. മെഡിക്കല്‍ കോളേജ് ഭരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും മാനേജുമെന്റ് തലത്തിലും പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം വട്ടപ്പൂജ്യമാണ്. ആര് ആരെയാണ് ഭരിക്കേണ്ടുന്നതെന്ന് സര്‍ക്കാരിനും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനും നല്ല ബോധ്യമുണ്ട്.
ദേശീപട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുഗന് പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു നല്കിയ റിപ്പോർട്ടില്‍ അവിടുത്തെ അപര്യാപ്തതകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. അദ്ദേഹം അന്ന് അവിടെ നടത്തിയ യോഗത്തില്‍ അഡീഷണല്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, ഡയറക്ടര്‍, പ്രിന്‍സിപ്പാള്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തിരിന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് എത്രമാത്രം നിരുത്തരവാദപരമായും നിസ്സംഗതയോടും ദലിത് വിരുദ്ധതയോടും കൂടിയാണ് സര്‍ക്കാരും മാനേജുമെന്റും ഇടപെടുന്നതെന്നും നടപടി സ്വീകരിക്കുന്നതെന്നുമാണ്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഫണ്ടിന്മേല് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങളില്‍ അവരുടെ സാമൂഹിക നീതിയെ ഉറപ്പിക്കുവാന്‍ കഴിയുംവിധം പ്രാതിനിധ്യം ഉറപ്പിക്കുവാന്‍ വ്യക്തമായ സ്പെഷ്യല്‍ റൂളുകളില്ല. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തങ്ങള്ളുടെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും തരാതരം പോലെ നിയമിക്കാന്‍ കഴിയുന്നത് ഇതുകൊണ്ടാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്സിലും സമാനമാണ് സാഹചര്യം. ഹരിജന്‍ വെല്‍ഫയര്‍ വകുപ്പിന് കീഴിലെ തസ്തികകളില്‍ 50 ശതമാനം എസ് സി, എസ് ടി സംവരണം നടപ്പിലാക്കണമെന്നു 1958ൽ ഒരു ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹരിജന്‍ വെല്‍ഫയര്‍ വകുപ്പ് മാറി പ്രത്യേകം പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പ് ആകുന്നതോട് കൂടി ഈ ഉത്തരവ് റദ്ദ് ചെയ്യപ്പെട്ടു. എന്ത് കാരണത്താലാണ് ഉത്തരവ് റദ്ദ് ചെയ്തത് എന്നത് അവ്യക്തമാണ്. ഉത്തരവ് റദ്ദ് ചെയ്തുവെങ്കിലും പുതിയ ഉത്തരവ് ഇറക്കാന്‍ മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞതേയില്ല. കാരണം അത് അവരുടെ പരിഗണനാവിഷയമേ ആയിരുന്നില്ല.
പാലക്കാട് മെഡിക്കല്‍ കോളേജില്‍ സ്പെഷ്യല്‍ റൂള്‍ ഇല്ലാത്തത് കൊണ്ട് സ്പെഷ്യല്‍ ഓഫീസറും സെലക്ഷന് കമ്മിറ്റിയും മാനേജുമെന്റും സര്‍ക്കാരും തങ്ങള്‍ക്ക് തോന്നുംപടിയാണ് നിയമനങ്ങള്‍ നടത്തുന്നത്. ദേശീയ പട്ടികജാതി കമ്മീഷനും, സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷനും 75 ശതമാനം സംവരണം ഉറപ്പിക്കുന്ന തരത്തില്‍ സ്പെഷ്യല്‍ റൂള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരേയും നടപ്പിലാക്കപ്പെട്ടിട്ടില്ല. എന്തു ലക്ഷ്യത്തോട് കൂടിയാണോ മെഡിക്കല്‍ കോളേജ് ആരംഭിച്ചത് ആ ലക്ഷ്യത്തിലേക്കല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.
താല്‍ക്കാലിക നിയമനവും എസ് സി,എസ് ടി നിയമന നിരോധനവും
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി. എസ്. സി. വഴിയല്ലാതെ സ്പെഷ്യല്‍ ഓഫീസര്‍ നിയമിച്ചവരാണ് ഇന്ന് പാലക്കാട് മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപക - അനദ്ധ്യാപക തസ്തികളില്‍ ജോലിയെടുക്കുന്ന ബഹുഭൂരിപക്ഷവും. ഇവരില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് കണ്ടു ഈ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാലക്കാട് വിജിലന്‍സ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്. ഫാക്കല്‍റ്റി പോസ്റ്റുകളില്‍ ജോലി നോക്കുന്നവര്‍ക്ക് പോലും മതിയായ യോഗ്യതകള്‍ ഇല്ല. ബഹുഭൂരിപക്ഷം പോസ്റ്റുകളിലേക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡം പാലിക്കാതെയാണ് നിയമനം നടന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയ സ്പെഷ്യൽ ഓഫീസറെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ വിജിലന്‍സ് ടീമും നിയമനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വളരെ ആസൂത്രിതമായ ഗൂഢശ്രമങ്ങളിലൂടെയാണ് നിയമനം നടത്തുന്നത്. താല്‍ക്കാലിക നിയമനത്തിനുള്ള അറിയിപ്പ് പാലക്കാട് ജില്ലയില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന രീതിയില്‍ പത്രങ്ങളിൽ പരസ്യം നല്‍കും. താല്‍ക്കാലിക നിയമനം ആയതുകൊണ്ടു ആകർഷണീയമായ ശമ്പളവുമായിരിക്കുകയില്ല പരസ്യത്തില്‍ നല്‍കുന്നത്. സ്വാഭാവികമായും, കഷ്ടപ്പെട്ടു മെഡിക്കൽ പഠനം പാസ്സായി ഉയര്‍ന്ന ശമ്പളത്തില്‍ സുരക്ഷിത ജോലി നോക്കുന്ന ദലിത് ഉദ്യോഗർത്ഥികളും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജോലി നോക്കുന്നവരും താരതമ്യേന ശബളം കുറവായ താൽക്കാലിക പോസ്റ്റിനായി അപേക്ഷിക്കില്ല. അല്ലെങ്കിൽ അപേക്ഷിക്കുന്നവർ കുറവായിരിക്കും. ഈ അവസരം മുതലെടുത്തു കൊണ്ട് സ്വന്തക്കാരെയും ഇഷ്ടക്കാരെയും പാർട്ടിക്കാരെയും മുൻ തീരുമാനപ്രകാരമെന്നപോലെ അപേക്ഷിക്കുവാന്‍ ആവശ്യപ്പെടുകയും നിയമിക്കുകയുമാണ് ചെയ്യുന്നത്. കുറച്ചു മാസങ്ങൾ കഴിയുമ്പോൾ അവരുടെ ശമ്പളം താല്‍ക്കാലിക വേതനത്തില്‍ നിന്ന് കൂട്ടിക്കൊടുക്കും. പിന്നെ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളായി. ഇതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടോയെന്നു അന്വേഷിക്കപ്പെടേണ്ടതാണ്. ഇത്തരത്തിൽ കയറിയ ആളുകളെക്കൂടിയാണ് സർക്കാർ ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് വേണ്ടി റിപ്പോര്‍ട്ട് നല്കിയ ജോ. സെക്രട്ടറി ഷര്‍മിള സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ വേണ്ടത്ര അപേക്ഷിക്കാത്തത് കൊണ്ടാണ് നിയമനം നല്‍കാത്തത് എന്നാണ്! തൊഴില്‍ സുരക്ഷിതമായ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ജോലി ഒഴിവ് കണ്ടിട്ടും പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് അപേക്ഷിക്കാന്‍ പോകുന്നത് ? എസ് സി, എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുവാന്‍ സാധ്യതയില്ലാത്ത വിധം സ്ഥിരനിയമനം നടത്താതെയിരിക്കുന്ന പട്ടികജാതി പട്ടികവഗ്ഗ വകുപ്പിന്റെ സമീപനങ്ങളും മാനേജുമെന്റിന്റെ നടപടികളുമല്ലേ ചോദ്യം ചെയ്യപ്പെടേണ്ടത് ? ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടും അവരെ സ്ഥിരംനിയമനങ്ങളില് നിന്ന് അകറ്റി നിര്‍ത്തുകയും കുറ്റം അവരുടെമേല്‍ ആരോപിക്കുക്കുകയും ചെയ്യുന്ന സമീപനം ദലിത് വിരുദ്ധവും വരേണ്യവുമാണ്. ജാതിയിൽ താഴ്ന്നവരെ നിരന്തരം കുറ്റക്കാരായി നിലനിർത്തുന്ന ശ്രേണീകൃത അധികാര ബന്ധമാണ് ജാതീയത. അതേ വാദങ്ങൾ തന്നെ പട്ടികജാതി വകുപ്പും മാനേജുമെന്റും സ്വീകരിക്കുന്നത്.
2014ലെ അനധികൃത നിയമനത്തെ തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ശക്തമായ സമരങ്ങള്‍ നടത്തിയിരുന്ന ഡി വൈ എഫ് ഐയും അവരുടെ മാതൃസംഘടനയായ സി പി ഐമ്മും ഇന്ന് അധികാരത്തിലാണ്. 2016 ഫെബ്രുവരിയില്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുന്നതിന് തൊട്ടുമുന്‍പ് 2014ല്‍ നിയമനം നടത്തിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് അതേ വർഷം അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഡിസംബറില്‍ റദ്ദ് ചെയ്തു. റദ്ദ് ചെയ്ത അന്നത്തെ ലിസ്റ്റിലുള്ള അതേ ജീവനക്കാരിലെ 153 അദ്ധ്യാപകരെയാണ് ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ 2019 ജൂണ്‍ 3ലെ മറ്റൊരു ഉത്തരവിലൂടെ സ്ഥിരപ്പെടുത്തുന്നത്. ഇതിനു പറയുന്ന ന്യായം സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷന് റദ്ദാക്കപ്പെടും എന്നാണ്. അധികാരത്തില്‍ വന്നു നാലു വർഷം കഴിഞ്ഞിട്ടും സ്പെഷ്യല്‍ റൂള്‍ നടപ്പിലാക്കി സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ സ്ഥിരനിയമനം നടത്താനോ, യോഗ്യരായ പാട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗാർഥികളെ നിയമിക്കാനോ, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനോ, കെട്ടിടം പണി സമയബന്ധിതമായി നടപ്പിലാക്കാനോ തയ്യാറാകാതിരുന്ന സര്‍ക്കാരാണ് അഫിലിയേഷന് റദ്ദാക്കപ്പെടും എന്ന ഒഴിവ് കഴിവ് പറഞ്ഞു സൂത്രത്തില്‍ രക്ഷപെടുന്നത്.
ഇടതുപക്ഷ സര്‍ക്കാരിന് പാലക്കാട് മെഡിക്കല്‍ കോളേജ് വികസിപ്പിക്കുന്നതിനോ അടിസ്ഥാന സൗകര്യവിസനം നടപ്പിലാക്കുന്നതിനോ സ്ഥിരം നിയമനം നടത്തുന്നതിനോ യാതൊരുവിധ താല്പര്യങ്ങളുമില്ലെന്നു കഴിഞ്ഞ നാല് വര്‍ഷത്തെ നടപടി ക്രമങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മെഡിക്കല്‍ കോളേജിനായി 2012ലാണ് പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ത്യന്‍ ടെലഫോണ്‍ ഇന്റുസ്റ്ററീസ് ലിമിറ്റഡില്‍ നിന്ന് 77.80 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് പദ്ധതി രൂപകല്പന ചെയ്തെങ്കിലും 77.80 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനായി പ്രത്യേകം വകയിരുത്തിയിട്ടുള്ള എസ്. സി. പി. ഫണ്ട് ഉപയോഗിച്ചു കൊണ്ടാണ് യാക്കരയില്‍ ഈ ഭൂമി ഏറ്റെടുത്തത്. 2013 ഫെബ്രുവരി 2ലെ മറ്റൊരു ഉത്തരവിലൂടെ 50 ഏക്കര്‍ ഭൂമി എസ് സി, എസ് ടി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയെങ്കിലും 27.80 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പിന് കീഴില്‍ നിലനിര്‍ത്തുകയായിരുന്നു. മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമിയും ഇപ്പോള്‍ ഉപയോഗിച്ചു കഴിഞ്ഞു. ഭൂമിയുടെ അപര്യാപ്തത മൂലം ട്രോമ കെയര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, ഫാര്‍മസി കോളേജ്, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നേഴ്സിംഗ് കോളേജ്, പി ജി കോഴ്സുകള്‍ക്കും പാരമെഡിക്കല്‍ കോഴ്സുകള്‍ക്കും ആവശ്യമായ കെട്ടിട അനുബന്ധ സൗകര്യങ്ങള്‍, ഹോസ്റ്റലുകള്‍, റസിഡെന്‍ഷ്യല്‍ കോപ്ലെക്സ് എന്നിവ തുടങ്ങുവാനോ നിര്‍മ്മിക്കുവാനോ കഴിഞ്ഞിട്ടില്ല. ഈ അപര്യാപ്തതകള്‍ മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സര്‍വ്വകലാശാലയുടെയും അംഗീകാരത്തിനു തടസ്സമാകുകയും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്തതു. ഇത് പരിഹരിക്കുന്നതിനാണ് കോളേജ് ഡയറക്ടര്‍ പത്മനാഭന് എം എസ് മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത ബാക്കി 27.80 ഏക്കര്‍ ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് സി, എസ് ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് 2019 ജൂണ്‍ 28നു കത്തയക്കുന്നത്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മെഡിക്കല്‍ കോളേജ് പേരന്റ്സ് ആന്റ് ടീച്ചേഴ്സ് അസോസിയേഷന് നിരവധി തവണ കോളേജ് ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പിനും അധികാരികള്‍ക്കും കത്തയച്ചിട്ടുണ്ട്. കാരണം, മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ദലിത് ആദിവാസികള്‍ ബഹുഭൂരിപക്ഷമുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ഗുണനിലവാരത്തെയുമാണ് ആത്യന്തികമായി ബാധിക്കുക. പക്ഷെ ഇവയൊന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ പരിഗണനാവിഷയമായി വന്നതേയില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഭൂമി പാലക്കാട് മെഡിക്കല്‍ കോളേജിനു ഇല്ലെന്നിരിക്കെ കോളേജിനായി ഏറ്റെടുത്ത ഭൂമി വകമാറ്റി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിനു കീഴില്‍ 56.72 കോടി രൂപയ്ക്ക് കള്‍ച്ചറല്‍ കോപ്ലെക്സ് നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയായ എ കെ ബാലന് തന്നെയാണ് അദ്ദേഹത്തിന് കീഴിലുള്ള സാംസ്കാരിക വകുപ്പിനായി ഭൂമി വകമാറ്റി കൊടുക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വവും പ്രതിബദ്ധതയും എത്രത്തോളമുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മെഡിക്കല്‍ കോളേജിന്റെ 50 ഏക്കറില്‍ ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഭൂമി പോലും വി. ടി. ഭട്ടതിരിപ്പാടിന്റെ സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിനായി മാറ്റി. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

2014 ല്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ഉപകരണങ്ങളും ടീച്ചിംഗ് ഹോസ്പിറ്റലും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇല്ലായിരുന്നു. നിബന്ധനകളോടെയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കുന്നതും അഡ്മിഷനു അനുമതി നല്‍കുന്നതും. എന്നാല്‍ ആദ്യബാച്ച് വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിച്ചു പുറത്തിറങ്ങുന്ന 2019 ല്‍ പോലും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമോ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ അഫിലിയേഷനോ മെഡിക്കല്‍ കോളേജിനു ലഭിച്ചിരുന്നില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ കോളേജില്‍ ഉണ്ടോയെന്നു പരിശോധിക്കുന്നതിനായി ഓരോ വര്‍ഷവും പരിശോധനാ സമിതികളെ നിയമിക്കാറുണ്ട്. 2018 - 19, 2019 - 20 തുടര്‍ അഫിലിയേഷന് നല്‍കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയില്‍ അദ്ധ്യാപകരുടെ കുറവ്, ഉപകരണങ്ങളുടെയും കെട്ടിടങ്ങളുടെയും അപര്യാപ്തത, അടിസ്ഥാന സൗകര്യക്കുറവ് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിനു അഫിലിയേഷന് നല്‍കുന്നത് തടഞ്ഞിരുന്നു. സൗകര്യങ്ങള്‍ ഒരുക്കുന്ന മുറയ്ക്ക് തുടര്‍ വര്‍ഷത്തേയ്ക്ക് അഡ്മിഷന് നല്‍കാമെന്നാണ് ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ രജിസ്ട്രാര്‍ ദേശീയ പട്ടികജാതി കമ്മീഷനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ഥികളില്‍ 84 ശതമാനവും വിജയിച്ച വര്‍ഷത്തില്‍ പോലും കോളേജിനു അംഗീകാരം ഇല്ലാതെ ഇരിക്കുന്നത് എത്ര ദയനീയമായ അവസ്ഥയാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി തീര്‍ന്നു. ഇതിനെ തുടര്‍ന്നാണ് 'ചില' സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറായത്.
ജോ. സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡ പ്രകാരം "അവശ്യ സൗകര്യങ്ങള്‍" ഒരുക്കിയതിനെ തുടര്‍ന്ന് എം. സി. ഐയുടെ സ്ഥിരഅംഗീകാരവും സര്‍വ്വകലാശാലയുടെ അഫിലിയേഷനും ലഭിച്ചു എന്നാണ്. "അവശ്യ സൗകര്യങ്ങള്‍" മാത്രമാണ് നടപ്പിലാക്കിയത്. കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും അപര്യാപ്തത ഇപ്പോഴും തുടരുന്നു. വേണ്ടത്ര ലാബുകളോ ചികിത്സ സൗകര്യങ്ങളോ ഇതുവരെയും ഒരുക്കിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്തുന്നതിനു ടീച്ചിംഗ് ഹോസ്പിറ്റല്‍ ഇല്ലാത്തതുകൊണ്ട് പാലക്കാട് ജില്ലാ ഹോസ്പിറ്റലാണ് ടീച്ചിംഗ് ഹോസ്പിറ്റലായി അനുവദിച്ചിരിക്കുന്നത്. ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിന് മെഡിക്കല്‍ കോളേജിനു സ്വന്തമായി വാഹനം ഇല്ലാത്തതുകൊണ്ട് സ്വകാര്യ വാഹനത്തെ കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ എടുക്കുകയായിരുന്നുവെന്നും വിദ്യാത്ഥികളുടെ പഠനത്തിനു മതിയായ ഹോസ്റ്റല്‍ സൗകര്യവും മെസ്സും ഇല്ലായെന്നും ദേശീയ പട്ടികജാതി കമീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ച 2012 മുതല്‍ 2019 വരെ പട്ടികജാതി സ്പെഷ്യല്‍ കംപോണന്റ് ഫണ്ടില്‍ നിന്ന് 346.95 കോടി രൂപയാണ് നിർമ്മാണത്തിനും പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 273.45 കോടി രൂപ മാത്രമാണ് ചിലവാക്കിയിരിക്കുന്നത്. അതായത് 73.5 കോടി രൂപ ഇനിയും ചിലവാക്കാനായുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അടിസ്ഥാന സൗകര്യ വികസനം പോലും നടപ്പിലാക്കാതെ, അവശ്യത്തിനു ഉപകരണങ്ങള്‍ സജ്ജീകരിക്കാതെ, വേണ്ടത്ര കെട്ടിടങ്ങള്‍ നിര്‍മ്മിക്കാതെ പാലക്കാട് മെഡിക്കല്‍ കോളേജിനെ സര്‍ക്കാരും മാനേജുമെന്റും അവഗണിക്കുന്നത് എന്നതിന്റെ കാരണമാണ് അന്വേഷിക്കപ്പെടെണ്ടത്. നൂറ്റാണ്ടുകളായി ഇന്ത്യ അനുവത്തിച്ചുവരുന്ന സാമൂഹിക അധികാരമേല്‍ക്കോയ്മയുടെയും ജാതീയ ബോധ്യങ്ങളുടെയും പ്രതിഫലനങ്ങള്‍ തന്നെയാണ് പട്ടികജാതി ഫണ്ടില്‍, 75ശതമാനവും പാടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിനോടുള്ള അവഗണനയുടെ അടിസ്ഥാന കാരണം.
പാലക്കാട് മെഡിക്കല്‍ കോളേജിനെ ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ എന്ത് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ മെഡിക്കല്‍ കോളേജ് ആരംഭിച്ചത് അവ അട്ടിമറിക്കപെടും. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എന്ന പോലെയുള്ള പ്രാതിനിധ്യം മാത്രമായിരിക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇവിടെ ലഭിക്കുക. പട്ടികജാതി ഫണ്ട് ഉപയോഗിക്കുകയും ചെയ്യാം. റിട്ടേഡ് അഡീഷണല്‍ സെക്രട്ടറി സദാശിവന് പിള്ളയെ സ്പെഷ്യല്‍ റൂളിന്റെ കരട് തയ്യാറാക്കുന്നതിനായി ഇപ്പോൾ നിയമിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടു പരാതി ഉന്നയിച്ച ദലിത് ഡോക്ടേഴ്സ് അസ്സോസിയേഷനെയും എസ് സി, എസ് ടി പ്രതിനിധികളെയും കേള്‍ക്കാതെയാണ് സ്പെഷ്യല്‍ റൂള്‍ കരട് തയ്യാറാക്കിയിരിക്കുന്നത്. ദലിത് ഡോക്ടേഴ്സ് അസ്സോസിയേഷന് പ്രതിനിധിയെ കരട് നിര്‍മ്മാണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. നിയമനങ്ങളില്‍ 75 ശതമാനം സംവരണം നടപ്പിലാക്കണമെന്ന റിപ്പോര്‍ട്ടിനെയും അവകാശത്തെയും അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. സ്പെഷ്യല്‍ റൂൾ ഡ്രാഫ്റ്റിൽ പാട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 75 ശതമാനം സംവരണം ഉറപ്പാക്കുന്നില്ലെങ്കില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ദലിത് ആദിവാസി ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയും ചതിയും നീതി നിഷേധവുമായിരിക്കും.
ഒരുതുണ്ട് ഭൂമിയോ വാസയോഗ്യമായ പാർപ്പിടാമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ലക്ഷക്കണക്കിന് ദലിതരും ആദിവാസികളുമാണ് ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നത്. ഇവരുടെ അതിജീവനത്തിനായും ക്ഷേമ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കേണ്ടുന്ന കോടിക്കണക്കിനു രൂപ പാലക്കാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണങ്ങൾക്കായും പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നത് ദലിത് ആദിവാസി ജനത ഏക്കാലവും ആശ്രിത ജനതായി നിലനിൽക്കാൻ പാടില്ല എന്ന ലക്ഷ്യമുള്ളതു കൊണ്ടും സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തിൽ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സാമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഈ ലക്ഷ്യങ്ങളെയെല്ലാമാണ് സർക്കാരും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പും അതിന് കീഴിലെ മാനേജ്മെന്റും ചേർന്ന് അട്ടിമറിക്കുകയും തകർക്കുകയും ചെയ്യുന്നത്.

പട്ടികജാതി ഫണ്ട് ദുരുപയോഗം ചെയ്യുന്ന, ദലിത് ആദിവാസികള്‍ക്ക് നിയമനനിരോധനവും സംവരണ അട്ടിമറിയും നടത്തുന്ന, ദലിത് അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധതമായ നീക്കം ഉണ്ടാകാതിരിക്കാൻ ദലിത് ആദിവാസികള്‍ക്ക് ഭരണ പങ്കാളിത്തമുള്ള ഒരു മാനേജുമെന്റു ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനും പാലക്കാട് മെഡിക്കല്‍ കോളേജ് മാനേജുമെന്റിനും നിര്‍ദ്ദേശം നല്കിയ 75 ശതമാനം സംവരണം സ്പെഷ്യല്‍ റൂളില്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്, നിലവിലെ സംവരണ അട്ടിമറിയും നിയമനത്തിലെ അപര്യാപ്തതയും പരിഹരിക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന് നിർദ്ദേശിച്ച സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് അടിയന്തിരമായി നടത്തേണ്ടതുണ്ട്, ദലിത് ആദിവാസി ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കെട്ടിടങ്ങളും ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ദലിത് ആദിവാസി ഭൂരിപക്ഷ പ്രാതിനിധ്യമുള്ള ഗവേണിംഗ് ബോഡിരൂപീകരിക്കേണ്ടതുണ്ട്, ജനസംഖ്യാ ആനുപാതികമായി കണക്കാക്കിയാല്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും സംവരണം എസ് ടി സംവരണമായി ഉറപ്പുവരുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദലിത് ആദിവാസികള്‍ക്ക് സാമൂഹിക നീതി ഉറപ്പിക്കുന്ന ലക്ഷ്യത്തിലേക്കും സാമൂഹിക ക്രമത്തിലേക്കും എത്താന്‍ കഴിയൂ. അതിനുള്ള ജാഗ്രതയും ഇടപെടലുകളുമാണ് ഉണ്ടാകേണ്ടത്.