പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപപ്പെടുത്തിയ സെക്കുലർ ജനാധിപത്യ ഉള്ളടക്കമുള്ള വിദ്യാഭ്യാസ സംബ്രദായത്തെ പൂർണ്ണമായും തള്ളിക്കളയുകയും പ്രാചീന ത്രൈവർണ്ണിക മൂല്യങ്ങൾക്കും കോർപ്പറേറ്റ് മൂലധനത്തിൻ്റെയും താല്പര്യാനുസരണം ഒരു വിദ്യാഭ്യാസ രീതിയെ അടിച്ചേൽപിക്കുകയും ചെയ്യുന്നു. ജനാധിപത്യ മതേതര ഉള്ളടക്കമില്ലാത്ത സമഗ്രാധിപത്യ ഹിന്ദുത്വ ഭരണകൂടത്തെ നിർമ്മിച്ചെടുക്കാനുള്ള ബോധന ശാസത്ര പദ്ധതിയാണ് ഈ വിദ്യാഭ്യാസ നയം എന്ന് ഈ വിദ്യാഭ്യാസ നയരേഖയിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവസര സമത്വത്തിലും സാമൂഹിക നീതിയിലും സ്ഥാനപ്പെടുത്തിയുള്ള ഒരു വിദ്യാഭ്യാസ നയമല്ല നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പാർലിമെൻ്റിൽ ചർച്ച ചെയ്ത് ഒരു ജനാധിപത്യ പ്രക്രിയയിലൂടെ സംവാദാത്മകമായി രൂപപ്പെട്ട നയമല്ല ഇത്.ഒരു സർക്കാർ രേഖയായി പുറത്തു വന്നിരിക്കുന്ന ഈ വിദ്യാഭ്യാസ നയം സമ്പന്നരും ത്രൈവർണ്ണികരുമായ മധ്യവർഗ്ഗ വരേണ്യരുടെ 21ാം നൂറ്റാണ്ടിലെ ഒരു വിദ്യാഭ്യാസ പദ്ധതിയായാണ് അവതരിച്ചിരിക്കുന്നത്. എന്നാലിക്കാര്യം സൗന്ദര്യാത്മക പദാവലി കൾ കുത്തി നിറച്ച് സാങ്കേതിക ഭാഷയും ആദർശപ്പൊലിമ കൊണ്ടലങ്കരിച്ച നിറം പിടിപ്പിച്ച വ്യാജവാദങ്ങൾ കൊണ്ട് ഈ നയരേഖയിൽ വിദഗ്ധമായി മറച്ചു വച്ചിരിക്കുന്നു. അഭിവാസി ദലിത് മുസ്ലിം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിനുള്ള ഭരണഘടനാവകാശത്തെ പൂർണ്ണമായും റദ്ദാക്കുന്ന ഒരു നയരേഖയാണിത് എന്ന് എളുപ്പം മനസ്സിലാക്കാൻ കഴിയും. സൗന്ദര്യവൽക്കരിച്ചതും സാങ്കേതിക പദാവലി കൊണ്ടലങ്കരിച്ചതുമായ ഈ രേഖയിലെ വിദ്യാഭാസത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകൾ ഇന്ത്യയിൽ സാമൂഹിക അസമത്തവും ഘടനാപരമായ വിവേചനവും പരിഗണിച്ച് വിദ്യാഭ്യാസത്തെ സമീപിക്കുന്ന സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. പാർശ്വവൽകൃത സമൂഹങ്ങളെ വിദ്യാഭ്യാസ രംഗത്തു നിന്നും സ്ഥാപനപരമായി പുറം തള്ളുന്ന രീതിയിലാണ് ഈ നയം നടപ്പായാൽ വിദ്യാഭ്യാസ രംഗം പ്രവർത്തിക്കുക. ഈ നയ രേഖ വിദ്യാഭ്യാസത്തെ മതനിരപേക്ഷ ശിക്ഷണവും ശസ്ത്രാഭിമുഖ്യ അനുശീലനവുമുള്ള ഒരു പൗരസമൂഹത്തെ നിർമ്മിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നില്ല. മാത്രമല്ല ഭരണഘടന സംരക്ഷണമുള്ള പട്ടിക വിഭാഗ ജനസമൂഹങ്ങളുടെ വിദ്യാഭ്യാസ അവകാശമായ സംവരണവ്യവസ്ഥകളെ ഈ വിദ്യാഭ്യാസ നയം പരിഗണിക്കുന്നില്ല. മാനവിക ബോധ്യമുള്ള മൂലധനമായി തുല്യ പൗരത്വ സമൂഹത്തെ വാർത്തെടുക്കുന്ന ബോധന പദ്ധതിയായി വിദ്യാഭ്യാസത്തെ ഇത് പരിഗണിക്കുന്നില്ല. രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളൽ ജനാധിപത്യ കാഴ്ച്ചപ്പാടും ഉൾകൊള്ളൽ വികസനവും ത്വരിതപ്പെടുത്തുന്ന സാമൂഹിക നീതി സങ്കല്പവും ഈ വിദ്യാഭ്യാസ നയത്തിനില്ല. ഫെഡറൽ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന സമീപനങ്ങൾക്കു പകരമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്നതും സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ രംഗത്തുള്ള ഓട്ടോണമിയെ പുറം തള്ളുന്ന കേന്ദ്രികരണവുമാണുള്ളത്. സമഗ്രാധിപത്യ സ്വഭാവമുള്ള വിദ്യാഭ്യാസ ഭരണരീതിയും സ്ക്കൂൾ സർവ്വകലാശാല മാനേജ്മെൻറ് രീതിയുമാണിത് ലക്ഷ്യം വയ്ക്കുന്നത്.പ്രാധമിക തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ,ഭരണം, നിയന്ത്രണം, ധനവിനിയോഗം, ബോധനക്രമം, ആശയ പ്രസരണം, പഠനലഷ്യങ്ങൾ മുതലായവ ചിട്ടപ്പെടുത്തിയിരിക്കുന്നത് ചില പ്രത്യേക സാമുദായിക മത വിഭാഗങ്ങളെ സ്ഥാപനപരമായി വിദ്യാഭ്യാസ രംഗത്തു നിന്നു പുറന്തള്ളാനാണെന്ന് മനസ്സിലാക്കാം.

പാർശ്വവൽകൃതസമൂഹങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ രംഗത്തു നിന്നുള്ള പുറത്താവൽ എന്നത് ഈ വിദ്യാഭ്യാസ നയം നടപ്പായാൽ സംഭവിക്കുന്ന സ്വാഭാവിക പരിണിത യാണ്.പുറം തള്ളൽ രീതി എന്നത് പുറത്തു പോകാനുള്ള സ്വാതന്ത്ര്യമായി ഈ നയത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. കോർപ്പറേറ്റ് മൂലധത്തിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ അറിവ് സമൂഹത്തെ (knowledge society)വരേണ്യ മധ്യവർഗ്ഗ വിഭാഗങ്ങളിൽ നിന്ന് സൃഷ്ടിക്കുന്ന തരത്തിലാണ് ദേശിയ പാഠ്യപദ്ധതിയെപ്പറ്റിയുള്ള കാഴ്ച്ചപ്പാട് നിർമ്മിച്ചിരിക്കുന്നത്. പുറത്താക്കലും കൊഴിഞ്ഞുപോക്കും വിദ്യാഭ്യാസത്തിൻ്റെ വഴക്കമുള്ള (flexibility ) സ്വഭാവമായും തൊഴിൽ വൈദഗ്ധ്യത്തിനനുസരിച്ച് ജോലി തെരഞ്ഞെടുക്കലുമായും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. വിദ്യഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണം കോർപ്പറേറ്റ് മൂലധനം പൂർണ്ണമായി നിയന്ത്രിക്കുവാൻ വഴി തുറക്കുന്ന ഒന്നായി വിദ്യാഭ്യാസ രംഗത്തെ മാറ്റി തീർത്തുകൊണ്ടാണ് ഈ പുറം തള്ളൽ രീതികൾ അവലംബിക്കുന്നത്. ഇതു മൂലം വാണിജ്യ ലക്ഷ്യത്തോടെയും തൊഴിൽ നിപുണതയും സാങ്കേതിക വൈദഗ്ധ്യവും ലക്ഷ്യം വച്ചും വിദ്യാഭ്യാസത്തെ കാണുന്ന രീതിയാണിതിൽ മുന്നിട്ടു നിൽക്കുന്നത്. ഇന്ത്യയിലെ സാമൂഹിക അസമത്വത്തെയും ചൂഷണക്രമത്തെയും ജാതി ലിംഗഭേദങ്ങളെയും അഭിമുഖീകരിച്ചു കൊണ്ട് പുറത്താക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും ജാതികളെയും ഗോത്ര സമൂഹങ്ങളെയും സ്ത്രികളെയും മുസ്ലിംന്യൂനപക്ഷങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് അവരെ ശാക്തികരിക്കാനുള്ള സവിശേഷവും പ്രത്യേകവുമായ പദ്ധതികളും നയവും ഈ വിദ്യാഭ്യാസ നയ രേഖയിലില്ല. ദലിതരുടെയും ആദിവാസികളുടെയും മുസ്ലീംന്യൂനപക്ഷ സമുദായങ്ങളുടെയും ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശത്തെ റദ്ദാക്കുന്ന രീതിയിലാണ് വിദ്യഭ്യാസ രംഗത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭാസ രംഗത്തെ ഭരണഘടനാപരമായ സംവരണാവകാശത്തെപ്പറ്റി ഈ നയം മൗനം പാലിക്കുന്നു. ജാതി അതിക്രമങ്ങൾക്കും സാമൂഹിക പുറന്തള്ളലിനും വംശഹത്യയ്ക്കും വിധേയമായ ജനസമൂഹങ്ങളൾക്ക് പാർശ്വവൽകൃത മുസ്ലീം സമൂഹങ്ങൾക്ക് ഉൾക്കൊള്ളൽ വിദ്യാഭ്യാസവും അവസരസമത്വവും ഉറപ്പാക്കുന്ന ഒരു കാഴ്ച്ചപ്പാടൊ പദ്ധതിയെ ഈ വിദ്യാഭ്യാസ നയത്തിലില്ല .ജാതി അസമത്വത്തെയും ലിംഗവിവേചനത്തെയും 'സാമൂഹികകവും പ്രദേശപരവുമായ പിന്നോക്കാവസ്ഥ' എന്നു മാത്രമായി സൂചിപ്പിക്കുകയാണ് ഈ നയരേഖയിൽ. അതുവഴി ഈ വിദ്യാഭ്യാസ നയരേഖ ജാതിമർദ്ദനങ്ങൾക്കും സ്ഥാപനമായ സാമൂഹിക പുറം തള്ളലിനും വിധേയരാകുന്ന സമൂഹങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെയും അവരുടെ അവസരസമത്വത്തെയും റദ്ദാക്കുന്നു. കീഴാള പിന്നോക്ക മുസ്ലീം ന്യൂനപക്ഷ സമൂഹങ്ങൾ തങ്ങളുടെ സമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹിക നീതിയെ മുൻനിർത്തിയുളള ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തെ (inclusive education) പരിഗണിക്കാതെ ഈ രേഖ തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് . ജനാധിപത്യദേശരാഷ്ട്രമെന്ന നിലയിൽ സെക്കുലർ ജനാധിപത്യ മൂല്യങ്ങളെയും ജനാധിപത്യ ആശയങ്ങളെയും മതനിരപേക്ഷ ബോധനത്തെയും വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമായി ഈ രേഖ അതിൻ്റെ അന്തസത്തയിൽ കാണുന്നില്ല. രേഖയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭംഗിവാക്കുകൾക്കപ്പുറത്ത് ഭരണഘടന അവകാശമായി നിലനിർത്തേണ്ടതും വിദ്യാഭ്യാസത്തിലൂടെ നിർമ്മിച്ചെടുക്കേണ്ടതുമായ ആശയങ്ങളും മൂല്യവുമായി ഭരണഘടന ധാർമ്മികതയും ഭരണഘടന മൂല്യവും തുല്യ പൗരത്വ സങ്കല്പവും ഈ നയരേഖയിൽ കടന്നു വരുന്നില്ല. സാമൂഹിക നീതി സ്ഥാപിച്ചെടുക്കുന്നതിന് വിദ്യാഭ്യാസം അടിത്തറയായി വർത്തിക്കേണ്ട ആവശ്യകതയെപ്പറ്റിയും അത് പ്രായോഗിമായി നടപ്പാക്കേണ്ട നയങ്ങളും പദ്ധതിക ളും കർമ്മ പരിപാടിയും ഈ രേഖയിൽ ഇല്ല. സംവരണവും അവസരസമത്വവും ഇന്ത്യൻ വിദ്യാഭ്യാസത്തിൻ്റെ അടിത്തറയായാൽ മാത്രമെ സാമൂഹിക നീതിയും ഉൾക്കൊള്ളൽ വികസനവും പങ്കാളിത്ത ജനായത്തമായും നിർമ്മിച്ചെടുക്കാൻ കഴിയു. ഇതിനെ ലക്ഷ്യം വയ്ക്കുന്ന സാമൂഹിക നീതി നിലനിർത്തുന്ന ഒരു പദ്ധതിയും ഈ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നില്ല. സാമൂഹിക നീതിക്കും സംവരണത്തിനും എതിരായ ബോധനം നിർമ്മിക്കുന്ന രീതിയിലാണ് സ്കൂൾ തല വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ക്രമപ്പെടുത്തിയിരിക്കുന്നത്.

തന്മൂലം ഹിന്ദുത്വ സാംസ്കാരിക ദേശിയതയെ മുൻനിർത്തി ഹിന്ദു രാഷ്ട്ര നിർമ്മിതിക്കാവശ്യമായ സാംസ്കാരിക ബോധന പ്രക്രിയയെ നിർമ്മിക്കുന്ന ഒരു രാഷ്ട്രീയ രേഖയായി ഈ വിദ്യാഭ്യാസ നയം മാറുന്നു. കോർപ്പറേറ്റ് മൂലധനത്തിനാവശ്യമായ മനേജീരിയൽ വിഭാഗത്തെയും ടെക് നോക്രാറ്റുകളെയും സാങ്കേതിക വിദഗ്ധരെയും വരേണ്യ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് സൃഷ്ടിക്കാനാണ് ഈ നയ രേഖ ലക്ഷ്യമിടുന്നത്. തൊഴിൽ പ്രാവീണ്യം തൊഴിൽ നിപുണത എന്നിവ കൈതൊഴിൽ കരകൗശല കർഷക സമൂഹങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികളിൽ നിർമ്മിച്ച് സ്കൂൾ തലത്തിൽ തന്നെ സു ധാര്യവും വഴക്കമുള്ളതുമായ രീതിയിൽ കൊഴിഞ്ഞുപോക്ക് സ്കൂൾ വ്യവസ്ഥയിൽ തന്നെ സൃഷ്ടിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തോടെ ജാതി / സാമുദായിക തൊഴിലുകളിലേക്ക് കീഴാള സമൂഹങ്ങളിലെ കുട്ടികളിൽ മാറുന്ന രീതിയിൽ പാരമ്പര്യ തൊഴിലുകളിൽ നിപുണതയും പ്രാവീണ്യവും സൃഷ്ടിച്ചു കൊണ്ട് അവർക്ക് അനുയോജ്യവും അഭിലഷണീയവുമായി കൊഴിഞ്ഞുപ്പോക്കിനെ വ്യവസ്ഥപ്പെടുത്തുന്നതാണ് ഈ വിദ്യാഭ്യാസ പദ്ധതി. ഇത്തരം കൊഴിഞ്ഞുപോക്കിനെ ഒരു തരത്തിലുള്ള വഴക്കവും( flexibility ) അനുഗുണമായ പുറത്തു പോകലുമായി (exit) സ്ഥാനപ്പെടുത്തുന്നു. വരേണ്യതയും കീഴാളത്തവും എന്നത് തൊഴിൽ നിപുണതയുള്ള വിദ്യാർത്ഥിയും പഠന മനന ശേഷിയുള്ള അനുഗ്രഹീത(gifted child) വിദ്യാർത്ഥിയുമായി വിദ്യാർത്ഥികളെ രണ്ടു തരമായി വേർതിരിക്കുകയും വർണ്ണ ജാതി മൂല്യങ്ങളുടെയും ഗുണകർമ്മ സങ്കല്പങ്ങളുടെയും മൂല്യങ്ങളെ വിദ്യാഭ്യാസത്തിലൂടെസ്ഥാപനവൽക്കരിക്കുകയും ചെയ്യുന്നു. കോർപ്പറേറ്റ് മൂലധനം നിയന്ത്രിക്കുന്ന മാർക്കറ്റിന് അനുഗുണമായ സാങ്കേതിക വിദഗ്ധരെയും മാനേജിരിയൽ വിഭാഗങ്ങളെയും ടെക്നോ ക്രാറ്റുകളായ കമ്പനി വിദഗ്ധരെയും വരേണ്യ കുടുംബങ്ങളിൽ നിന്നു വരുന്ന അനുഗ്രഹീത വിദ്യാർത്ഥികളിലൂടെ സൃഷ്ടിക്കുകയും ചെറുകിട ഇടത്തരം കൈതൊഴിൽ കരകൗശല സംരംഭങ്ങളും കുടിൽ വ്യവസായവും ജാതി- പാരമ്പര്യതൊഴിലുകളും സേവന തൊഴിലുകളും കീഴാളർക്കും ദലിത് ആദിവാസി സമൂഹങ്ങളിലെ വിദ്യാർത്ഥികൾക്കും തെരഞ്ഞെടുക്കാൻ മാത്രം അവർക്ക് മുന്നിൽ അവസരം സൃഷ്ടിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ പദ്ധതി സ്ക്കൂൾ തലം മുതൽ ചിട്ടപ്പെടുത്തുന്നത്. ഇതാണ് ഈ വിദ്യാഭ്യാസ നയത്തിൻ്റെ വിവേചനപരമായ സാമൂഹിക വശമായി പ്രവർത്തിക്കുന്നത്.എന്നാൽ ഇത് പ്രവർത്തിക്കുന്നത് സുധാര്യത, വഴക്കം (flexible) എപ്പോൾ വേണമെങ്കിലും വിദ്യാഭ്യാസത്തിൽ പ്രവേശിക്കാനും പുറത്തു പോകാനുമുള്ള (exit) അവസരമായി സൗന്ദര്യവൽക്കരിച്ചും സാങ്കേതിക ഭാഷ പൊലിമ കൊണ്ട് ആ ലങ്കാരികമാക്കിയുമാണ് ഈ വിദ്യാഭ്യാസ നയരേഖയിൽ വിവരിച്ചിരിക്കുന്നത്. പാരമ്പര്യ ജാതി സാമുദായിക തൊഴിൽ മേഖലയിൽ പ്രാവീണ്യം നല്ക്കുന്ന പരിശീലന രീതിയും ജാതി അസമത്വം ചരിത്രപരമായി അനുഭവിക്കുന്ന സമൂഹങ്ങളിലെ കുട്ടി കളെ കീഴാളത്വത്തിൽ ചാക്രികായി ബന്ധിപ്പിച്ചു നിർത്തുന്ന ബോധന രീതിയും കരിക്കുലം ഘടനയുമാണ് ലക്ഷ്യം വയ്ക്കുന്നത്. കീഴാളരെ വിധേയത്വത്തിൽ നിലനിർത്തുന്നതിന്നും ആ സമൂഹത്തിലെ വിദ്യാർത്ഥികളെ നിരന്തരംകൊഴിഞ്ഞു പോകുന്നതിനുള്ള അന്തരീക്ഷം വ്യവസ്ഥാപിതമായി സൃഷ്ടിക്കുകയും ചെയ്യുന്ന ഈ വിദ്യാഭ്യാസ രീതി സാമൂഹിക പുറന്തള്ളലിന് സമാന്തരമായി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ വിദ്യാർത്ഥികളെ അനുയോജ്യമായ തെരഞ്ഞെടുപ്പ് എന്ന രീതിയിൽ നിരന്തരം ജാതി തൊഴിലുകളിലേക്ക് പുറം തള്ളുന്നു. അനുസരണയുള്ള വിധേയരായി ദലിത്- ഗോത്രസമൂഹങ്ങളിലും മുസ്ലിംങ്ങളിലെയും വിദ്യാർത്ഥികളെ അനുശീലിപ്പിക്കുന്ന പദ്ധതിയായി ഈ വിദ്യാഭ്യാസ രീതി വിവേചനവും ചൂഷണ വ്യവസ്ഥയുടെ സാധുകരണവും ആ വ്യവസ്ഥയെ നിരന്തരം പുനരുല്പാദിപ്പിക്കുന്ന സംസ്കാരവുമായി നിലനില്ക്കും.

ഡോ: കെ.എസ് മാധവൻ

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 6:47 pm INDIA