
പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
പൂര്‍ത്തിയാക്കിയവയില്‍ ഒന്ന് ഒരു ഹിന്ദി ആന്തോളജി മൂവിയാണ്, ട്രിസ്റ്റ് വിത് ഡെസ്റ്റിനി. ഒന്നര വര്‍ഷം മുന്നെ അതിന്റെ ഷൂട്ടിങ് കഴിഞ്ഞതാണ്. സിനിമ പക്ഷേ ഇനി കുറെ ഫെസ്റ്റിവല്‍ ഒക്കെ പോയി വന്നാലേ തീയറ്ററിലെത്തുള്ളു. 'ഓക്കെ കമ്പ്യൂട്ടര്‍' എന്നൊരു വെബ്സീരീസിന്റെ ഷൂട്ട് കഴിഞ്ഞു. മലയാളത്തില്‍ കമല്‍ കെ.എം. സംവിധാനം ചെയ്ത പട എന്നൊരു മൂവി വരാനുണ്ട്. ഒരു ഹിന്ദി സീരീസിന്റെ ഷൂട്ട് തുടങ്ങാനിരിക്കുന്നുണ്ട്.
കൊമേഴ്സ്യല്‍ സിനിമകളില്‍ എന്തുകൊണ്ടാണ് കൂടുതല്‍ കനിയെ കാണാന്‍ കഴിയാത്തത്?
ഞാന്‍ കൂടുതലും കൊമേഴ്സ്യല്‍ സിനിമകളാണ് ചെയ്തിട്ടുള്ളത്. പക്ഷേ എല്ലാവരും വിചാരിക്കുന്നത് സമാന്തരസിനിമകളിലാണ് ഞാന്‍ കൂടുതലും അഭിനയിച്ചിട്ടുളളതെന്നാണ്. കേരള കഫേ, കോക്ക് ടെയില്‍, ഷിക്കാര്‍, നോര്‍ത്ത് 24 കാതം, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയതൊക്കെ കൊമേഴ്സ്യല്‍ സിനിമകളാണ്. ബിരിയാണി പോലെ ആര്‍ട് ഹൗസ് സിനിമകള്‍ ഞാന്‍ വളരെ കുറച്ചേ ചെയ്തിട്ടുള്ളൂ. ഇനി വരാനിരിക്കുന്നതും കൊമേഴ്സ്യല്‍ സിനിമകളാണ്.
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ കൊമേഴ്സ്യല്‍ സിനിമകളില്‍ നിന്നും ലഭിക്കാത്തത് കൊണ്ടാണോ അങ്ങനെയൊരു പൊതുധാരണ ഉള്ളത്?
കൊമേഴ്സ്യല്‍ സിനിമകളില്‍ എനിക്കു മാത്രമല്ല, എന്റെ കൂടെയുള്ള പല ആര്‍ടിസ്റ്റുകളെയും കാണുമ്പോള്‍ തോന്നിയിട്ടുള്ളത് ആര്ടിസ്റ്റിന്റെ പൊട്ടന്‍ഷ്യലിന് പറ്റിയ കഥാപാത്രങ്ങളല്ല ഞങ്ങള്‍ക്ക് കിട്ടുന്നതെന്നാണ്. ആ കഥാപാത്രം ഇല്ലാ എങ്കില്‍ പോലും കുഴപ്പമില്ലെന്ന് തോന്നുന്ന തരം കഥാപാത്രങ്ങളാണ് കൊമേഴ്സ്യല്‍ സിനിമകളില്‍ നിന്ന് വന്നിട്ടുള്ളത്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുള്ളത് സമാന്തര സിനിമകളിലാണ്. ചെറിയ വേഷം വലിയ വേഷം എന്നല്ല പറയുന്നത്. എന്റെ മുഴുവന്‍ പൊട്ടന്‍ഷ്യല്‍ ഉപയോഗിക്കാന്‍ പറ്റുന്ന, എനിക്ക് തന്നെ സാറ്റിസ്ഫാക്ഷനുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. അതല്ലാതെ കൊമേഴ്സ്യല്‍ സിനിമയില്‍ ഞാനില്ല എന്നല്ല എനിക്ക് തോന്നിയിട്ടുള്ളത്.
ഒരു സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ നമ്മള് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടാകില്ല. പക്ഷേ ആ ഘടകങ്ങള്‍ കൂടിയില്ലെങ്കില്‍ ആ സിനിമ നന്നാകില്ല. ഉദാഹരണത്തിന് ഒരു വീടിന്റെ നിറം/രൂപം പ്രേക്ഷകര്‍ ശ്രദ്ധിക്കണമെന്നില്ല. ആ നിറം/രൂപം ആണു സിനിമക്കു പൂര്‍ണത കൊടുക്കുന്നത്. പക്ഷേ ചിലത് നമുക്ക് അറിയാംഅതില്ലെങ്കിലും സിനിമ നന്നാകും. ഇപ്പോ നമ്മള് കറികളൊക്കെ ഉണ്ടാക്കുമ്പോ ചില ചേരുവകള്‍ ഇട്ടിട്ടില്ലെങ്കില്‍ ആ കറിയുടെ രുചി ഉണ്ടാവില്ലല്ലോ.. അതിന്റെ അളവ് എത്ര തന്നെയാണെങ്കിലും. അതേ സമയം ചിലത് ഇട്ടില്ലെങ്കിലും കറിക്ക് അതിന്റെ രുചിയുണ്ടാകുമല്ലോ.. അത് പോലെ. എന്റെ കാര്യമെടുത്താല്‍ ഷിക്കാര്‍ എന്ന സിനിമയില്‍ ഒരു ചെറിയ കഥാപാത്രമായിരുന്നു എനിക്ക്. പക്ഷേ അതിപ്പോഴും ഓര്‍ത്തിരിക്കുന്നവരുണ്ട്. ആ രീതിയില്‍ കുറച്ച് സിനിമകളെ കിട്ടിയിട്ടുള്ളൂ. നമ്മളില്ലെങ്കിലും ഉണ്ടെങ്കിലും ഒരു മാറ്റവും ആ സിനിമയില്‍ വരാത്ത ക്യാരക്റ്റര്‍ ചെയ്യുമ്പോള്‍ എനിക്ക് വിഷമം വരാറുണ്ട്. ചിലതെനിക്കറിയാം അങ്ങനെയാണുള്ളതെന്നു, എന്നിരുന്നാലും സാമ്പത്തിക സുരക്ഷ എന്ന നിലയിലാണ് ആ ക്യാരക്റ്റേഴ്സ് ഒക്കെ പോയി ചെയ്തിട്ടുള്ളത്. അതല്ലാതെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സാറ്റിസ്ഫാക്ഷന് ഉണ്ടാകാറില്ല. ശരിക്കും പറഞ്ഞാല്‍ മുഖ്യധാരസിനിമയില്‍ ഇല്ലാ എന്ന് തോന്നിക്കുന്നതിന്റെ കാരണം, കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഓഡിഷന് കാള്‍ കണ്ടിട്ട് അവരെ കോണ്ടാക്ട് ചെയ്ത് ഓഡിഷന് അയക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി കനിയെ ഞങ്ങള്‍ക്ക് അറിയാം. കനിക്കൊരു ഇമേജുണ്ട്. അത് ഞങ്ങള്‍ വേറെ വിളിക്കാമെന്ന് പറയും. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായാണ് ഏറ്റവും കൂടുതല്‍ ഇങ്ങനെയുണ്ടായിട്ടുള്ളത്. അത് അവരുടെ സ്വാതന്ത്ര്യമാണെങ്കിലും അതിന് മുമ്പ് ചെറിയ കഥാപാത്രങ്ങളെങ്കിലുമുണ്ടായിട്ടുണ്ട്.
അങ്ങനെയുള്ള സ്റ്റീരിയോടൈപ്പിങ് ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ബാധിക്കാറില്ലേ?
ഉറപ്പായും. എനിക്ക് മാത്രമല്ല. ഇവിടെയുള്ള നായികമാര്‍ക്ക് വരെ ഇതൊരു വിഷയമാണെന്നാണ് തോന്നിയിട്ടുള്ളത്. നായകന്മാര്ക്ക് മാത്രമാണ് അതില്‍ നിന്നൊരു വ്യത്യസ്ത അനുഭവം ഉള്ളതായി മനസിലാക്കുന്നത്. സ്റ്റീരിയോടൈപ്പിങ് എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് ഇമോഷണല്‍ എക്സിസ്റ്റന്‍സുമായി ബന്ധപ്പെട്ടിട്ടാണ്. ഒരേ ജോലി ചെയ്യുന്ന കഥാപാത്രം എന്നല്ല. എനിക്ക് എപ്പോഴും ഒരു ടീച്ചറായിട്ടുള്ള കഥാപാത്രമാണ് കിട്ടുന്നതെങ്കില്‍ അതല്ല അതിലെ പ്രശ്നം. നമ്മുടെ ജീവിതത്തില്‍ എത്ര തരത്തിലുള്ള ടീച്ചര്‍മാരെ നമുക്കു അറിയാം. എല്ലാ ടീച്ചര്‍മാരും വേറെ വേറെ ആളുകളായിരുന്നു. അപ്പോ കിട്ടുന്ന ടീച്ചര്‍ വേഷം വ്യത്യസ്തമാക്കാമെന്ന് വിചാരിക്കുമ്പോള്‍ അവര്‍ പറയും മുമ്പ് ചെയ്ത കഥാപാത്രത്തെ പോലെ മതിയെന്ന്. അതാണ് വിഷമം ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ആളുകള്‍ക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തന്നെ വീണ്ടും ചെയ്യാന്‍ നിര്‍ബന്ധിതരാകും. പോസ്റ്റര്‍ ഡിസൈനില്‍ പോലും അങ്ങനെയാണ്. ഒരെണ്ണത്തിന് സ്വീകാര്യത കിട്ടിയാല്‍ അത് ആളുകള്‍ക്ക് മടുക്കും വരെ റിപ്പീറ്റ് ചെയ്യും. റിസ്ക് എടുക്കാനുള്ള ടെന്‍ഷനാകാം. അങ്ങനെ പലപല കാരണങ്ങള്‍ അതിന് ഉണ്ടാകും. പക്ഷേ ആര്‍ടിസ്റ്റ് എന്ന നിലയില്‍ സങ്കടകരമായ കാര്യമാണത്. ചില പ്രത്യേക കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ വിളിക്കുകയുള്ളൂ. ചിലപ്പോഴൊക്കെ ഓഡിഷന് തന്നെ വേണ്ടാന്ന് പറയും. എന്നെ സംബന്ധിച്ചിടത്തോളം കാസ്റ്റ് ചെയ്യുന്നത് വേണ്ടാന്ന് വെക്കുന്നതൊക്കെ മനസിലാക്കാം. പക്ഷേ ഒരു ആക്ടറിന് ഓഡിഷന് പങ്കെടുക്കാനുള്ള അവസരം വേണ്ടാന്ന് വെക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല.
നാടകത്തിലുള്ള പരിചയം എത്രത്തോളം സിനിമാ അഭിനയത്തെ സഹായിക്കുന്നുണ്ട്?
നാടകം സീരിയസായി തുടങ്ങിയിട്ട് 20 വര്‍ഷമായി. കേരളത്തില്‍ അന്ന് നാടക നടിയായിട്ട് പെണ്‍കുട്ടികള്‍ വരുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടും ആരേയും കിട്ടാത്തത് കൊണ്ടും ഒരു കോമ്പറ്റീഷനൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു. ആദ്യമൊക്കെ അഭിനയത്തോട് ഇഷ്ടം തോന്നിയിട്ടൊന്നുമല്ല. പെണ്‍കുട്ടിയുടെ കഥാപാത്രമുണ്ടെങ്കില്‍ ഞാനത് ചെയ്യും. പിന്നീട് അതൊരു രസമായി തോന്നി. അത് കഴിഞ്ഞ് രണ്ടാമത് ഒരു നാടകം ചെയ്യുമ്പോഴാണ് നാടകം പഠിക്കണമെന്നും അഭിനയത്തെക്കാളും നാടകം ഒരു രസമുള്ള കാര്യമാണെന്നുമൊക്കെ തോന്നിത്തുടങ്ങിയത്. അന്ന് ഡ്രാമ സ്കൂളിലാണോ പോകേണ്ടതെന്നൊന്നും അറിയില്ലായിരുന്നു. ഡ്രാമ സ്കൂളില്‍ നല്ല സിലബസും ക്യാംപസുമൊക്കെയായിരുന്നെങ്കിലും പ്രോപ്പര്‍ ആയുള്ള പഠനമുണ്ടായിരുന്നില്ല. പക്ഷേ അവിടെ നല്ല ഒരു ലൈബ്രറിയുണ്ടായിരുന്നു. തീയററ്റിക്കലി അവിടുന്ന് സ്വന്തമായി പഠിക്കാനുള്ള അവസരമുണ്ടായിരുന്നു. പിന്നെ മറ്റു രാജ്യങ്ങളിലെ ചില യൂണിവേഴ്സിറ്റികളുമായി കൊളാബറേറ്റ് ചെയ്ത ചില നാടകങ്ങളും ഡ്രാമ സ്കൂളില്‍ നടക്കാറുണ്ടായിരുന്നു. അങ്ങനെ ചെയ്ത 'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകത്തിന്റെ സംവിധായകനായ അഭിലാഷ് പിള്ളയാണു പാരീസിലെ സ്കൂള്‍ എന്റെ ഉപരി പഠനത്തിനായി നിര്‍ദ്ദേശിക്കുന്നത്. നാടകത്തില്‍ പലതരം അവതരണ, അഭിനയശൈലികളുണ്ട്. പപ്പറ്റ്, മാസ്ക്, ക്ലൗണിങ്, ഫിസിക്കല്‍, സ്റ്റെയിലൈസ്ഡ് ആക്ടിങ് എന്നൊക്കെ പറഞ്ഞ് ഒരുപാട് രീതികള്‍ ഉണ്ട്. എനിക്ക് റിയലിസ്റ്റിക് ആയുള്ള അഭിനയത്തോട് അത്രക്ക് ഇഷ്ടമില്ലായിരുന്നു. ജിം കാരിയെ പോലുള്ള അഭിനേതാക്കളെയാണ് എനിക്കിഷ്ടം. അതിന് പറ്റുന്ന സ്കൂളായിരുന്നു പാരീസിലേത്. വളരെ എക്സ്പെന്സീവായുള്ള സ്കൂളായിരുന്നുഅത്. പ്രൈവറ്റ് സ്കൂളായത് കൊണ്ട് സ്കോളര്‍ഷിപ്പ് കിട്ടുമായിരുന്നില്ല. അതിന് വേണ്ടി ബേബി സിറ്റിങ് ഒക്കെ ചെയ്തിട്ടുണ്ട്. സ്ഥിര ജോലിയൊന്നും ചെയ്യാന്‍ താല്പര്യമില്ലാതിരുന്ന എന്റെ അമ്മ ജയശ്രീ ചേച്ചി ലോണൊക്കെ എടുത്താണ് പഠിപ്പിച്ചത്. പക്ഷേ അത് വളരെ നല്ല തീരുമാനം ആയിരുന്നു. എനിക്ക് നാടകത്തില്‍ എന്താണ് ഇഷ്ടമെന്ന് ഒരു ക്ലാരിറ്റി അവിടുന്ന് കിട്ടി.
അത് പോലെ അഭിനയ എന്ന നാടകസംഘത്തിനൊപ്പമാണ് പഠിക്കാന്‍ പോകുന്നതിന് മുമ്പ് വരെ വര്‍ക്ക് ചെയ്തിരുന്നത്. അവിടെ ഡ്രാമ സ്കൂളില്‍ നിന്ന് വന്നവരും എന്‍എസ്ഡിയില്‍ നിന്ന് വന്നവരും പല തരത്തില്പഠിച്ചവരും ഡയറക്ടര്‍മാരും, ദിവസക്കൂലിക്ക് പണിക്ക് പോകുന്ന ആളുകളുമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ പലതരത്തിലുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്തത് വേറൊരു തരം എക്സ്പോഷറും പല തരത്തില്‍ പഠനമുള്ള ആളുകള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ എങ്ങനെയാണ് ഒരു ബാലന്‍സ് കൊണ്ടുവരുന്നത് എന്നൊക്കെയുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള അവസരവും അവിടെയുണ്ടായിട്ടുണ്ട്. നാടകത്തിനോടുള്ള ഇഷ്ടം കഴിഞ്ഞാണ് അഭിനയത്തോടുള്ള ഇഷ്ടമുണ്ടാകുന്നത്. അഭിനയം സിനിമയിലെ പോലെയല്ലല്ലോ നാടകത്തില്‍ എന്നൊക്കെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അഭിനയം നന്നായി രണ്ടിലും ഒരേ ആക്റ്ററിനു ചെയ്യാന്‍ പറ്റും. അതിന്റെ മീഡിയം മാത്രമേ മാറുന്നുള്ളൂ. ആ ഒരു തരത്തില്‍ സിനിമയുടെ ഭാഷയിലെ എക്സ്പീരിയന്‍സ് എനിക്ക് കുറവുണ്ട്. പക്ഷേ നാടകത്തില്‍ എനിക്ക് രംഗഭാഷ കൂടിയറിയാം. എന്നാലും നാടകത്തിലെ എക്സ്പീരിയന്‍സ് തന്നെയാണു എന്റെ സിനിമയിലെ അഭിനയത്തിനെ സഹായിക്കാറുള്ളത്.
ഇരുണ്ട നിറമുള്ള നായികാ സങ്കല്പം മലയാള സിനിമയില്‍ അത്രകണ്ട് പരിചിതമല്ല. തൊലിയുടെനിറം അവസരങ്ങള്‍ ഇല്ലാതാകുന്നതിന് കാരണമായിട്ടുണ്ടോ?
കാഴ്ചയിലുള്ള/ നിറത്തിലുള്ള ഡിസ്ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു. അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്പോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്പോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്.
പക്ഷേ ഞാനത് ശരിക്കും അനുഭവിച്ചത് പതിനൊന്നാം ക്ലാസില്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ്. 'കമല' എന്ന നാടകത്തിലെ ബ്രോഷറില്‍ എന്റെ പടം കണ്ടിട്ട് നാടക സംഘത്തിലെ ഒരു ചേട്ടന് നീ ഇപ്പോള്‍ സ്മിതാ പാട്ടീലിനെ പോലെയായല്ലോ എന്ന് പറഞ്ഞു. അന്നെനിക്ക് സ്മിതാ പാട്ടീല്‍ ആരാണെന്ന് പോലും അറിയില്ല. അപ്പോ മറ്റൊരു ആള് അവിടെ പറഞ്ഞത് അതൊക്കെ ആയേനെ, പക്ഷേ അവള്‍ക്ക് ഇത്തിരി കൂടി നിറവും പിന്നെ മൂക്കിന് ഒരിത്തിരി കൂടി നീളവുമുണ്ടായിരുന്നെങ്കില് ഓക്കെയായേനെ എന്നാണ്. അത് അവിടെ ഉണ്ടായിരുന്ന മറ്റ് സോ കാള്‍ഡ് പ്രോഗ്രസീവ്കാരും ശരി വെച്ചതോടെ എവിടേങ്കിലും എത്തിപ്പെടണമെങ്കില്‍ കുറച്ചുകൂടി നിറവും നീളമുള്ള മൂക്കും വേണമെന്നുള്ള കാര്യമാണ് മനസില്‍ ഉറച്ചത്. ആക്ടര്‍ എന്ന തലത്തില്‍ ഞാനിങ്ങനെ 'കാണാന്‍' ഇരിക്കുന്നത് കൊണ്ട് എനിക്ക് ഒരു പരിധിയുണ്ടെന്നും അതിനെന്റെ കഴിവോ, ഹാര്‍ഡ് വര്‍ക്കോ ഒരു മാനദണ്ഡമാകില്ലെന്നൊരു ധാരണയും അങ്ങനെ എനിക്കുണ്ടായി. പക്ഷേ പാരീസില്‍ പഠിക്കാന്പോയതോടെയാണ് അതൊക്കെ മാറിയത്. അവിടുത്തെ സൗന്ദര്യസങ്കല്പം തന്നെ വേറെയായിരുന്നു. അതിന് ശേഷമാണ് എന്റെ രൂപമോ നിറമോ ഒരു ലിമിറ്റേഷന്‍ അല്ലാന്ന് സ്വയം തിരിച്ചറിയുന്നത്. നിറത്തിന്റെയോ രൂപത്തിന്റെയോ പേരില്‍ നമുക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നത് നമ്മള് അറിയുക പോലുമില്ല. എന്നേക്കാള്‍ നിറം കുറഞ്ഞ, കഴിവുള്ള എത്രയോ ആര്ടിസ്റ്റുകള് അവസരങ്ങള്‍ ലഭിക്കാതെ ഇന്നും പോകുന്നുണ്ട്.
അംഗീകാരത്തിന്റെ നിറവില്‍ നില്ക്കുമ്പോള് മലയാളത്തിലെ ആദ്യ അഭിനേത്രിയെ, അവരുടെ ചരിത്രത്തെ ഓര്‍ക്കുക എന്നതിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?

സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോഴല്ല പി.കെ റോസി എന്റെ മനസില്‍ വന്നത്. മോസ്കോ ബ്രിക്സ് ഫിലിംഫെസ്റ്റിവലില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നോട്ട് എഴുതി അയക്കാമോന്ന് അവര്‍ ചോദിച്ചിരുന്നു. എഴുതിക്കോണ്ടിരുന്നപ്പോള് പെട്ടെന്നാണ് പികെ റോസി മനസിലോട്ട് വന്നത്. അല്ലാതെ ആലോചിച്ച് എഴുതിയതല്ലത്. ഹിന്ദു ദിനപത്രത്തില്‍ അത് വന്നിരുന്നു. പക്ഷേ അന്ന് അത് അധികമാരും ശ്രദ്ധിച്ചില്ല. മൃദുലാദേവി ചേച്ചി വിളിച്ച് സംസാരിച്ചിരുന്നു. സ്റ്റേറ്റ് അവാര്‍ഡ് കേരളത്തിനെ സംബന്ധിച്ച് ഒരുപാട് പ്രസ്റ്റീജ് ആയത് കൊണ്ട് അവസരം കിട്ടിയപ്പോള്‍ ഞാനത് പറയുകയും കൂടുതല്‍ വിസിബിലിറ്റി വാക്കുകള്‍ക്ക് കിട്ടുകയുമാണ് ചെയ്തിരിക്കുന്നത്. പക്ഷേ അപ്പോഴും നമ്മളെയാണ് ആഘോഷിക്കപ്പെടുന്നത്. പറഞ്ഞകാര്യത്തിനെ ആരും വില കല്പിക്കുന്നില്ല. ഒരു പോളിസി മേക്കിങും നടക്കുന്നില്ല. അകറ്റി നിര്ത്തലുകളൊക്കെ കോണ്‍സ്റ്റന്റ്ലി റിമൈന്‍ഡ് ചെയ്യുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അത് ഒറ്റ ദിവസം കൊണ്ട് ഉണ്ടായ ചിന്തയൊന്നുമല്ല. ടാലന്റ് റെപ്രസന്റ് ചെയ്യാനുള്ള ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ നമുക്കില്ല. ടാലന്റ് മാനേജ്മെന്റ് ഒന്നുമില്ലാത്തത് കൊണ്ട് തോന്നിയത് പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്. അതുപോലെ തന്നെയാണ് സ്ത്രീകളോടുള്ള ഡിസ്ക്രിമിനേഷന്‍. രണ്ടും ഞാന്‍ നിരന്തരം കാണുന്നതാണ്. അതുപോലെ തന്നെ ക്രിയേറ്റീവ് അബ്യൂസ് എന്നൊരു വിഷയവുമുണ്ട്. നമ്മള് സ്ത്രീകളാണെങ്കിലോ പിന്നോക്ക വിഭാഗത്തില്‍ നിന്നാണെങ്കിലോ നമ്മള് പറയുന്ന കാര്യം വിലയ്ക്കെടുക്കില്ല. അത് ഇതേ സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ ഒബ്സര്‍വ് ചെയ്യുന്നതാണ്. അസിസ്റ്റന്റ് ആയ സ്ത്രീകളെ, അവരുടെ അഭിപ്രായങ്ങളെ കളിയാക്കുക, പുച്ഛിക്കുക, അപമാനിക്കുക ഒക്കെ സിനിമയില്‍ എപ്പോഴും കാണുന്നതാണ്. അവര്‍ പറയുന്ന കാര്യം എടുക്കാന്‍ കഴിയില്ലെങ്കില്‍ അത് മര്യാദക്ക് പറയാമല്ലോ. മൊത്തത്തില്‍ സമൂഹം മാറിയതിന്റെ ഒരു ചെറിയ വ്യത്യാസം ഉണ്ട് എന്ന് മാത്രമേ ഉള്ളൂ. കേസ് ആകുമെന്നൊക്കെ കൊണ്ടുള്ള പേടി കൊണ്ടാകാം ആളുകളുടെ നേരിട്ടുള്ള ആക്ഷേപം കുറവാണ്. ബാക്കി എല്ലാവിധത്തിലും അവഹേളനങ്ങള്‍ ഇപ്പോഴും സംഭവിക്കുന്നുണ്ട്.
തീരെ പ്രതീക്ഷിക്കാത്ത ആളുകള്‍ പോലും നമ്മളോട് റേസിസ്റ്റായിട്ടുള്ള കമന്റുകള്‍ തരാറുണ്ട്. ഈ അടുത്ത്സിനിമ ഓഡിഷന് പോയപ്പോള്‍ ഒരു ഡയറക്ടര്‍ പറഞ്ഞത്, കണ്ടിട്ട് ഇപ്പോ ഒരു ദളിതായിട്ട് തോന്നുന്നില്ല. നിന്നെ കണ്ടാല്‍ ഇപ്പോള്‍ ഒരു നായര്‍ കുട്ടിയെ പോലുണ്ട്. അതുകൊണ്ട് വേണ്ട എന്നാണ്.
നിറത്തിന്റെ, ജാതിയുടെ രാഷ്ട്രീയം പറയുന്ന ദ് ഡിസ്ക്രീറ്റ് ചാം ഓഫ് സവര്ണയിലേക്ക് എങ്ങനെയാണ്എത്തിച്ചേര്ന്നത്?

രാജേഷിനെ ഫെയ്സ്ബുക്കിലൂടെ വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ അറിയാമായിരുന്നു. 'ഇന്എഡിബിള് ഇന്ത്യ' എന്ന പേജിന്റെ പിറകിലുള്ള ആളുകളുടെ ഇന്റര്‍വ്യൂ വന്നപ്പോഴാണ് രാജേഷ് അതിലുണ്ട് എന്നറിയുന്നത്. അതുകഴിഞ്ഞ് കുറച്ച് നാള് കഴിയുമ്പോഴാണ് രാജേഷ് എന്നോട് വന്ന് ഒരു ഷോര്‍ട് ഫിലിമില്‍ അഭിനയിക്കാന്‍ ആരെയെങ്കിലും അറിയാമോ എന്ന് ചോദിക്കുന്നത്. 'എന്നെ വേണ്ട' എന്നതു തീരുമാനിച്ചതു കൊണ്ടാണൊ എന്നെ വിളിച്ചിട്ട് വേറെ ആക്ടേഴ്സിനെ അറിയാമോ എന്ന് ചോദിക്കുന്നതെന്ന് ഞാന്‍ അന്ന് തിരിച്ച് ചോദിച്ചു. ചെറിയ ഫിലിമുകളില്‍ അഭിനയിക്കുമോ എന്ന് രാജേഷ് ചോദിക്കുമ്പോ എനിക്കങ്ങനെ ഒന്നുമില്ല എന്ന് പറയുകയായിരുന്നു. രാജേഷിനോട് അങ്ങോട്ട് ചോദിച്ച് വാങ്ങിയ റോളാണ് ഡിസ്ക്രീറ്റ് ചാം ഓഫ് സവര്ണയിലേത്. ശരിക്കും പറഞ്ഞാല്‍ കോമഡി ചെയ്യാനാണ് എനിക്കിഷ്ടം. പക്ഷേ കോമഡി ആരും തരുകയേ ഇല്ല. എല്ലാവരും സീരിയസായ കഥാപാത്രങ്ങളാണ് എനിക്ക് തരുന്നത്. ഇനിയും കോമഡി ചെയ്യാന്‍ എനിക്ക്ഇഷ്ടമാണ്. ആരെങ്കിലും കോമഡി റോളുകള്‍ തരൂവെന്നാണ് എന്റെ അവസ്ഥ. ഡിസ്ക്രീറ്റ് ചാം ഓഫ് സവര്‍ണ രാജേഷ് കുറിക്ക് കൊള്ളുന്നത് പോലെയാണ് എഴുതിയിരിക്കുന്നത്. പക്ഷേ അതിനൊത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റിയിട്ടില്ല. വളരെ പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ത്തതിന്റെ പ്രശ്നങ്ങള്‍ അതിനുണ്ട്.
മെമ്മറീസ് ഓഫ് എ മെഷീന് എന്ന ഷോര്‍ട് ഫിലിം പീഡോഫീലിയയെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന വാദങ്ങള്‍ അവാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന് വീണ്ടും വന്നിരുന്നല്ലോ.. എന്താണ് അവയോടുള്ള പ്രതികരണം?
ഒന്നാമതായി ആ ഷോര്‍ട്ഫിലിമില്‍ പീഡോഫീലിയേയോ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസിനെയോ നോര്‍മ്മലൈസ് ചെയ്യാന്‍ അതിന്റെ സംവിധായിക ആലോചിച്ചിട്ടില്ല. ഷൈലജ എഴുതിയ ഫീച്ചര്‍ ഫിലിമിലെ ഒരുഭാഗം മാത്രമാണ് അത്. തനിക്കു ഉണ്ടാകുന്ന അബ്യൂസ് ഏതാണ് പ്ലഷര്‍ ഏതാണ് എന്ന തിരിച്ചറിവിലേക്ക് ട്രാന്‍സ്ഫോം ചെയ്യുന്ന ഒരു സ്ത്രീയുടെ കഥയാണത്. അതിന് പ്രൊഡ്യൂസേഴ്സിനെ കാണിക്കാന്‍ വേണ്ടി മൂന്ന് സീനുകള്‍ 'വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്' പൊലെ എടുക്കാനായിരുന്നു പ്ലാന്‍. കളഞ്ഞു കിട്ടുന്ന ഒരു ക്യാമറയില്‍ നിന്നുള്ള വിഷ്വല്‍സുകള്‍ പോലെ സീനുകള്‍ പറഞ്ഞു പോകാന്‍ ആണു സംവിധായിക തീരുമാനിച്ചത്.
സീന്‍ ഷൂട്ട് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷൈലജ അത് ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ അയക്കാന്‍ തീരുമാനിച്ചു. അതിന് എന്നെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ അതൊരു ഷോര്‍ട് ഫിലിമിന്റെ ഗ്രാമര്‍ ഇല്ലാത്ത സീനാണെന്നും മിസ് കമ്യൂണിക്കേറ്റ് ആകാനുള്ള സാധ്യത കൂടുതലാണെന്നും ഞാന്‍ പറഞ്ഞു. പക്ഷേ അത് ഷൈലജ തീരുമാനിക്കേണ്ട കാര്യമായിരുന്നു. ഒരു കരാറും ചെയ്യാതെയാണ് ഞാനത് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ആ ഒരു തീരുമാനമെടുക്കുന്നതില്‍ റോളില്ലായിരുന്നു. അങ്ങനെയാണു ആ സീന്‍ മെമ്മറീസ് ഓഫ് എ മെഷീന് എന്ന ഷോര്‍ട്ട് ഫിലിം ആയി മാറിയത്. അത് പിന്നീട് പല പല ഫെസ്റ്റിവലുകളില്‍ പോയിട്ടുണ്ട്. അവാര്‍ഡുകളും കിട്ടിയിട്ടുണ്ടെന്നാണ് എന്റെ ഓര്മ. അതിനും ഒരുപാട് നാളുകള്‍ കഴിഞ്ഞാണ് ഷൈലജ അത് യൂട്യൂബില്‍ ഇടുന്നത്. പക്ഷേ ഔട്ട് ഓഫ് കൊണ്ടസ്റ്റ് ആയി വന്നപ്പോള്‍ അതിന്റെ അര്‍ത്ഥം മാറിപ്പോയി. ഞാന്‍ അതിത് വരെയും പബ്ലിക് പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്തിട്ടില്ല. എനിക്കും അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. രാജേഷ് രാജാമണി, ഷെറിന് ബീയസ്, റാഷ് തുടങ്ങിയവരുടെ വിമര്‍ശനാത്മകമായ വായനയുള്ള ആര്‍ട്ടിക്കിളുകള്‍ മാത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നത്. പ്രത്യേകിച്ച്എന്റെ ഉള്‍ക്കാഴ്ചയോട് ചേര്‍ന്ന് പോകുന്നവ. മെമ്മറീസ് ഓഫ് എ മെഷീന് ശേഷം എക്സ്ട്രീം സൈബര്‍ അറ്റാക്കാണ് എനിക്ക് നേരെയുണ്ടായിട്ടുള്ളത്. ഫേസ്ബുക്ക് പേജ് ബ്ലോക്ക് ആകുന്നു. കേസ്കൊടുക്കുന്നു. ആ സമയത്ത് സത്യത്തില്‍ എനിക്കെന്റെ ഭാഗം, അതായത് ഞാന്‍ ഇത് കരാര്‍ ആയി ചെയ്തതല്ല, ഇതു ഒരു ഷോര്‍ട്ട് ഫിലിം ആയിരുന്നില്ല തുടങ്ങിയവ പറയാന്‍ തോന്നിയില്ല.
ഞാന്‍ ആലോചിച്ച ഒരു കാര്യം, ഷൈലജ എന്നൊരു സ്ത്രീക്ക് അങ്ങനൊരു കാര്യം ഫിക്ഷനില്‍ കൂടി പറയാന്തോന്നി. അത് പറയാനുള്ള അവകാശം ഇവിടെ ഒരു സ്ത്രീക്ക് ഇല്ലേ? എന്റെയോ മറ്റുള്ളവരുടെയോ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായ ചിന്തയെ, കാഴ്ചപ്പാടിനെ തുറന്ന് പറയാനുള്ള സ്പേസില്ലേ? അതിനെതിരെ ഇത്രയും ആണുങ്ങള്‍ക്ക്, അവരുടെ ഏജന്‍സികള്‍ക്ക് സ്ത്രീയുടെ സെക്ഷ്വാലിറ്റിയുടെ നേരെ എത്രത്തോളം അസഹിഷ്ണുതയാണു എന്ന് തോന്നി. അതുകൊണ്ടു അന്നു എനിക്ക് ഷൈലജയുടെ കൂടെ നില്ക്കാന് തോന്നി. ആലോചിച്ച മറ്റൊരു കാര്യം, ഒരു സര്വ്വൈവറിനു ആ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന ട്രിഗര്‍ ആണ്. അതു എന്നെ നന്നായി അലട്ടി. ഷൈലജക്ക് ഒരു ട്രിഗര്‍ വാര്‍ണിംഗ് എങ്കിലും വെക്കാമായിരുന്നു എന്ന് തോന്നി.
ഒരുപക്ഷേ ആ കഥാപാത്രം കരഞ്ഞോണ്ടാണ് സംഭവങ്ങള്‍ വിവരിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടായിരിക്കുമൊ? അപ്പോള്‍ വിഷമം മുഖത്തു കാണിക്കാത്ത രീതിയില്‍ ഒരാള്‍ സംസാരിച്ചാല്‍ അബ്യൂസ്, നോര്‍മ്മലൈസ് ആകുമൊ? കാഴ്ചക്കാര്‍ എന്നുള്ള രീതിയില്‍ നമ്മുടെ ജനത ലീനിയര്‍ നറേഷന് മാത്രമേ മനസ്സിലാക്കുന്നുള്ളുവോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം മെമ്മറിസ് ഒഫ് എ മഷിന്, 'ഇതു ശെരി ഇത് തെറ്റ്' എന്ന് പറഞ്ഞ് വെക്കുന്നില്ല. എന്ന് മാത്രമല്ല അതു അബ്യൂസിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. 'അബ്യൂസ് നൊര്മ്മ്ലൈസ്' ചെയ്യുന്ന ഒരൊറ്റ വായന മാത്രമേ അതിലുള്ളോ? 'ഒരു സ്ത്രീക്കു അവരുടെ നേര്‍ക്കുള്ള അബ്യൂസ് എന്താണ്, പ്ലഷര്‍ എന്താണ്' എന്ന് തുടങ്ങി കുറച്ചു കൂടി കോംപ്ലക്സ് ആയ വായനയും അതിലില്ലെ? ലോകത്തും ഇന്ത്യയിലെ തന്നെ മറ്റിടങ്ങളില്‍ നിന്നും അത്തരം പല വായനകള്‍ ഒരുപാട് മുന്നോട്ട് വന്നിരുന്നു. കേരളത്തില്‍ ആണു 'ഒരൊറ്റ വായന' കൂടുതല്‍ ആയി വന്നത്. ഇനിയിപ്പൊള്‍ ഉദ്ദേശിച്ചത് കമ്മ്യുണിക്കേറ്റ് ചെയ്യുന്നതില്‍ ആ ഷോര്‍ട്ട് ഫിലിം പരാജയപ്പെട്ടാലും അതിന്റെ സംവിധായികയേയും നടിയേയും ഇത്രയും ടോര്‍ച്ചര്‍ ചെയ്യുന്ന ഒരു ജനത ആണോ നമ്മള്? എന്ന് മാത്രമല്ല അത് പീഡോഫിലിയയെ നോര്‍മ്മലൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരൊക്കെയൊ തീരുമാനിച്ച് എന്തൊ അജണ്ടയൊക്കെയായി എടുത്തതാണു എന്ന മുദ്ര കുത്തലും. ഇത്തരം മുന്‍വിധികള്‍ക്ക് മുന്നേ എന്തുകൊണ്ട് ആളുകള്‍ സത്യം അന്വേഷിക്കുന്നില്ല?
പിന്നെ എന്റെ നിലപാടുകള്‍ എനിക്ക് ബോധ്യമായവ ആണ്. അല്ലെങ്കില്‍ ഞാന്‍ നിരന്തരം അന്വേഷിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്ന ഒന്നാണ്. നിലപാടുകളെ മതം പോലെ ആചരിക്കുന്ന ഒരാളാകാന്‍ താല്പര്യമില്ല. ആഴത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മാത്രമേ മറുപടി കൊടുക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ.