കിം കി ഡുക് - ഓർമ്മകൾ

കിം കി ഡുക്കിൻ്റെ പല സിനിമകളും വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം തന്നെ പല സിനിമകളും അതിൻ്റെ വയലൻസിൻ്റെ അതിപ്രസരം കാരണം ഇഷ്ടപ്പെടാത്തവയുമാണ്. സിനിമകളോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാകുമ്പോഴും സിനിമയുടെ ഒരു വിഷ്വൽ നരേറ്റീവ് രൂപപ്പെടുത്തുന്നതിൽ, സംഭാഷണങ്ങൾക്കപ്പുറം ദൃശ്യഭാഷകൊണ്ട് സിനിമയെ സംവേദനയമവാക്കുന്നതിൽ, വൈവിധ്യപൂർണമായ പ്രമേയങ്ങൾ ആവിഷ്കരിക്കുന്നതിൽ ഒക്കെ കിം കി ഡുക് എന്ന സംവിധായകൻ എന്നെ ഏറെ സ്വാധീനിച്ച ഫിലിം മേക്കർമാരിൽ ഒരാൾ ആണ്. പിൽക്കാലത്ത് സ്ത്രീവിരുദ്ധ നിലപാടുമായി അദ്ദേഹത്തിൻ്റെ മേൽ ആരോപിക്കപ്പെട്ട് നിയമ പോരാട്ടം നടക്കുമ്പോൾ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ അത്തരം ആരോപണവിധേയമായ കാലങ്ങളൊട് വിയോജിപ്പ് നിലനിൽക്കുമ്പോഴും സിനിമയ്ക്ക് അദ്ദേഹം നൽകിയ സിനിമകളെ നമ്മുക്ക് തമസ്കരിക്കാൻ സാധിക്കില്ല.

ചിത്രകാരൻ ഇ വി അനിലിന്റെ വര

സ്പ്രിങ്, സമ്മർ, ഫാൾ, വിൻ്റെർ, ആൻ്റെ, സ്പ്രിങ് എന്ന സിനിമയാണ് കിം കി ഡുക്കിൻ്റെതായി ഞാൻ ആദ്യം കാണുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, ഞാൻ സിനിമാരംഗത്തേക്ക് എത്തുന്നതിന് മുൻപുള്ള കാലമാണത്. എൻ്റെ വിദ്യാർത്ഥി ജീവിതകാലം. സംവിധായകൻ ആരാണെന്നോ എന്താണെന്നോ അറിയാതെയാണ് ആ സിനിമ കാണുന്നത്. ആ സിനിമയുടെ ദൃശ്യഭംഗി എന്നെ വളരെ സ്വാധീനിക്കുകയുണ്ടായി വളരെ കുറച്ച് സംഭാഷണങ്ങൾ, ദൃശ്യങ്ങളിലൂടെ കഥ പറയുന്നരീതി, മനോഹരമായ ഫ്രെയിമുകൾ, സിനിമയുടെ ദൃശ്യ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ ഒരു സിനിമ. ഒപ്പം ബുദ്ധ ദർശനങ്ങളും സന്നിവേശിപ്പിക്കുന്ന ഒരു ചിത്രം. ആ സിനിമ കണ്ടതിനു ശേഷമാണ് പിന്നീട് കിം കി ഡുക് എന്ന ചലച്ചിത്രകാരനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചതും.

കിം കി ഡുക്കിനെ ആദ്യമായി നേരിട്ട് കാണുന്നത് 2012 ൽ ആണ്. ചൈനയിൽ ഷാങ്ഹായ് ചലച്ചിത്രമേളയിൽ വെച്ച്. 'ആകാശത്തിൻ്റെ നിറം' എന്ന സിനിമ ഷാങ്ഹായ് മേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായാണ് ഞാൻ ഷാങ്ഹായിയിൽ എത്തിയത് കിം കി ഡുക്കിൻ്റെ ‘ആരിരാംഗ്’ എന്ന സിനിമക്ക് ഷാങ്ഹായി മേളയിൽ പ്രതേക പ്രദർശനം ഉണ്ടായിരുന്നു. മേളയിൽ വെച്ച് കിമ്മിനെ പരിചയപ്പെടാം എന്ന് കരുതിയിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ കിമ്മിനെ കാണാൻ സാധിച്ചിരുന്നില്ല. കിമ്മിൻ്റെ സിനിമ കാണുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് ഹൗസ്ഫുൾള്ളായതിനാൽ ടിക്കറ്റ് കിട്ടിയിരുന്നില്ല.

ഞാൻ ഇന്ത്യയിൽ നിന്നാണ് എന്നറിഞ്ഞ കിമ്മിന് സന്തോഷമായി
കേരളത്തെപ്പറ്റി അദ്ദേഹത്തിന് അത്ര പരിചയമില്ല.
കേരളത്തിൽ കിമ്മിൻ്റെ സിനിമയ്ക്ക്
വലിയ ആരാധകവൃന്ദമാണുള്ളത്
എന്ന് പറഞ്ഞപ്പോൾ കിം അതിശയപ്പെട്ടു

എങ്കിലും, സ്ക്രീനിംഗിന് കിം എത്തിയാൽ പുറത്ത്വെച്ചെങ്കിലും പരിചയപ്പെടാം എന്നുകരുതി ഞാൻ തീയറ്ററിലെത്തി. അവിടെ അനേകം ആരാധകരാൽ പൊതിഞ്ഞു നിൽക്കുന്ന കിം, അതിനിടയിലൂടെ ഞാൻ ഒരു വിധത്തിൽ കിമ്മിനടുത്തെത്തി പരിചയപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത കിം ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംസാരിക്കുന്നത്.
ഞാൻ ഇന്ത്യയിൽ നിന്നാണന്നറിഞ്ഞത് കിമ്മിന് സന്തോഷമായി. കേരളത്തെപ്പറ്റി അദ്ദേഹത്തിന് അത്ര പരിചയമില്ലായിരുന്നു. എന്നാൽ കേരളത്തിൽ കിമ്മിൻ്റെ സിനിമയ്ക്ക് വലിയ ആരാധകവൃന്ദമാണുള്ളത് എന്ന് പറഞ്ഞപ്പോൾ കിം അതിശയപ്പെട്ടു. അദ്ദേഹത്തിൻ്റെ സിനിമയുടെ സ്ക്രീനിംഗ് ആരംഭിക്കാൻ സമയമായി എന്ന് ഒരാൾ വന്നറിയിച്ചപ്പോൾ കിം എന്നെയും സിനിമ കാണാൻ ക്ഷണിച്ചു. കിമ്മിനോടൊപ്പമിരുന്നാണ് "ആരിരാംഗ്" സിനിമ കണ്ടത്.

പിന്നീട് കിമ്മ്മായുള്ള വ്യക്തിപരമായ അടുപ്പം ഏറെ വർദ്ധിച്ചു പല ചലച്ചിത്രമേളകളിലും ഞങ്ങൾ പരസ്പരം കണ്ടിരുന്നു. പല സ്ഥലങ്ങളിലും ഞങ്ങളുടെ സിനിമകൾ ഒരേസമയം പ്രദർശിപ്പിക്കുമ്പോൾ അവിടെയൊക്കെ കിമ്മും കാണുകയും, ഒന്നിച്ച് യാത്രചെയ്യുകയും ഭക്ഷണം കഴിക്കുകയും, പാർട്ടികളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്തു. റഷ്യയിൽ, ഖസാക്കിസ്ഥാനിൽ, ഗോവയിൽ. 2013 ൽ കിം കി ഡുക് കേരള ചലച്ചിത്രമേളയിലും എത്തിയിരുന്നു. കിമ്മിനെ കാണുവാനും, സിനിമകൾ കാണുവാനുമായിയെത്തിയ ജനക്കൂട്ടം അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു കളഞ്ഞു.

2013 ൽ കിം കി ഡുക് കേരള ചലച്ചിത്രമേളയിൽ ആരാധകരുടെ നടുവിൽ

ലോകസിനിമയിൽ കാൻ, ബർലിൻ, വെനിസ് തുടങ്ങി എല്ലാ പ്രധാന ചലച്ചിത്രമേളകളിലും കിമ്മിൻ്റെ സിനിമകൾ പുരസ്കാരം നേടി. ഇതേ സമയം തന്നെ കൊറിയയിൽ ചില ലൈംഗിക ആരോപണങ്ങളും കിമ്മിൻ്റെ ജീവിതത്തിൽ നിഴൽ വീഴ്ത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കിം കി ഡുക് കൊറിയക്ക് പുറത്തായിരുന്നു താമസിച്ചിരുന്നത്. ഹോങ്കോങ്ങിലും, പിന്നീട് റഷ്യയിലും, ലാത്വിയയിലുമായി ആണ് അദ്ദേഹം കഴിഞ്ഞ ഏതാനും വർഷങ്ങൾ കഴിച്ചുകൂട്ടിയത്.

ഏറ്റവും ഒടുവിൽ ചെയ്ത "ഡിസ്സോൾവ്" എന്ന സിനിമ, റഷ്യൻ ഭാഷയിലാണ് ചെയ്തത്. കിം കി ഡുക്കിനെ ഞാൻ അവസാനമായി കാണുന്നതും ആ സിനിമയുടെ ചർച്ച കസാക്കിസ്ഥാനിൽ വെച്ച് നടക്കുമ്പോഴാണ്, അൽമാറ്റി ചലച്ചിത്രമേളയിൽ 2018 ൽ. ഒരു സിനിമയിൽ അഭിനയിക്കാമോ എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചിരുന്നു. അടുത്ത സിനിമകൾ തീർത്ത ശേഷം അഭിനയിക്കാം എന്ന് അദേഹം വാക്ക് തരുകയും ചെയ്തിരുന്നു.

ലാത്വിയയിൽ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടും, അവിടെ സ്ഥിരതാമസമാക്കുന്നതിനുള്ള ആലോചനയിൽ ആയിരുന്നു കിം. ലാത്വിയ നഗരത്തിൽ ഒരു ചെറിയ വീട് വാങ്ങി താമസിക്കുവാനും അവിടുത്തെ സിറ്റിസൺഷിപ്പിന് അപേക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. 2020 നവംബർ 8 ന് ആണ് കിം കി ഡുക് എസ്റ്റോണിയയിലെ താലിൻ നഗരത്തിൽ നിന്ന് ലാത്വിയയിലേക്ക് ബസ് കയറിയത്.

2021 വസന്ത കാലത്ത് അദ്ദേഹം തൻ്റെ പുതിയ സിനിമ "ക്ലൗഡ്സ്, റെയിൻ,സ്സോ,ഫോഗ്" ചിത്രീകരിക്കുവാൻ ഒരുക്കങ്ങൾ ചെയ്തുവരികയായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി മരണം കിം കി ഡുക്കിനെ അപഹരിച്ചു.

ഇനി കിം കി ഡുക് മാജിക്ക് സ്പർശമുള്ള സിനിമകൾ നമുക്കില്ല. എത്രയോ സിനിമകൾ ബാക്കിവെച്ചിട്ടാണ് കിം യാത്രയായത്. ചലച്ചിത്ര വിദ്യാർത്ഥികൾക്കും, സിനിമയെ സ്നേഹിക്കുന്നവർക്കും എക്കാലത്തെയും പാഠപുസ്തകങ്ങൾ പോലെ എത്രയോ സിനിമകൾ.

കിമ്മിനെപ്പറ്റി “കിം കി ഡുക്ക് സിനിമയും ജീവിതവും” എന്ന ഒരു പുസ്തകം ഞാൻ എഴുതിയിരുന്നു. 2014 ൽ കേരളത്തിൽ വന്നപ്പോൾ ഒരു ആഴ്ചപ്പതിപ്പിന് വേണ്ടി അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്യുകയും ചെയ്തിരുന്നു ലോകസിനിമയിലെ ഒരു മാസ്റ്റർ ഫിലിംമേക്കറോടൊപ്പം വ്യക്തിപരമായ സൗഹൃദം പങ്കിടാൻ സാധിച്ചു, അദ്ദേഹത്തോടൊപ്പം ഒന്നിച്ച് ചലച്ചിത്രമേളയിൽ പങ്കെടുക്കുവാനും യാത്രകൾ ചെയ്യുവാനും സാധിച്ചു എന്നതൊക്കെ ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നു.


Illustration by : E V Anil

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 7:18 pm INDIA