കൊറേഗാവ് - മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പ്

അതി സൂഷ്മമായ ഒരു രോഗാണു ലോകത്തെ ഉപാധികൾ ഇല്ലാതെ പൂട്ടിയിടുമ്പോൾ മനുഷ്യാവകാശ പ്രവർത്തകരെ തടവറയിലാക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം. കോവിഡ് മഹാവ്യാധിയുടെ കാലത്ത് യുഎപിഎ എന്ന കരിനിയമം ചുഴറ്റി ബുദ്ധിജീവികളേയും ആക്ടിവിസ്റ്റുകളേയും മനുഷ്യാവകാശ പ്രവർത്തകരേയും നിരന്തരം വേട്ടയാടുകയാണ് മോദി സർക്കാർ. രാജ്യത്തിന്റെ മഹത്തായ നിയമ സംവിധാനവുമായി ഒളിച്ചുകളിക്കുന്ന ഈ ഗവർണമെന്റിന്റെ മുന്നിലുള്ള സുരക്ഷിതമായ മറയാണ് കോവിഡ്-19 എന്ന പകർച്ചവ്യാധിയും ലോക്ഡൗണും.

ഭീമാ കൊറേഗാവ് സംഭവവും അതിനോടനുബന്ധിച്ച് നടക്കുന്ന മനുഷ്യ വേട്ടയും ഇന്ത്യൻ ജനാധിപ്യവ്യവസ്ഥക്കു നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ്. പരസ്പരം ഹസ്തദാനം ചെയ്യാനും അടുത്തിരുന്ന് ആശ്വസിപ്പിക്കാനും കഴിയാത്തവിധം മനുഷ്യൻ സാമൂഹിക അകലങ്ങളിലേക്ക് മാറിനിൽക്കുന്ന അവസരത്തിലാണ് ഭരണകൂടം മനുഷ്യാവകാശ പ്രവർത്തകരെ ദേശവിരുദ്ധർ എന്ന് മുദ്രകുത്തി ജയിലുകളിൽ പൂട്ടിയിടുന്നത്. അറുപത് വയസിന് മുകളിൽ പ്രായമുള്ള വരവര റാവു, തൊണ്ണൂറ് ശതാനവും അംഗപരിമിതമായ സായിബാബ ഗർഭിണിയായ സഫൂറ സർഗാർ എന്നിവർ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനം അനുഭവിച്ചവരാണ്. ഏറ്റവും ഒടുവിലായി വന്ധ്യവയോധികനായ സ്റ്റാൻ സാമി എന്ന വൈദികനും അഴികുള്ളിൽ ആയിക്കഴിഞ്ഞു. ഇത്രയും വലിയ മനുഷ്യവേട്ട നടന്നിട്ടും ജനങ്ങൾ കാണിക്കുന്ന മൗനം അപകടകരമാണ്.

മലയാളി ആക്ടിവിസ്റ്റുകളായ റോണ വിൽസൺ, ഹാനിബാബു എന്നിവർക്ക് പുറമെ സുധ ഭരദ്വാജ് , ഗൗതം നവലഖ്, ആനന്ദ് തെൽത്തുമ്പ്ഡെ, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരും ഇതിനോടകം വിചാരണ തടവുകാരായി ഈ കോവിഡ് കാലത്തും ജയിലിൽ കഴിയുകയാണ്. അഴികൾക്കുള്ളിൽ അടക്കാനുള്ള ഇരകളുടെ പട്ടികയിൽ ഇനിയും ധാരാളം ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഉണ്ടെന്നുള്ളതും കോവിഡ് പ്രോട്ടോക്കോളുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതും കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഉണ്ടാക്കിയിരിക്കുന്നത്.

2018 ലെ ഭീമാ കൊറേഗാവ് സംഭവവും അതിനോട് അനുബന്ധിച്ചുനടക്കുന്ന അറസ്റ്റുകളും കേവലം മാവോയിസ്റ്റ് വേട്ടയോ ദേശവിരുദ്ധർക്കെതിരെയുള്ള പടപ്പുറപ്പാടോ അല്ല. കൃത്യമായ അജണ്ടളോടെ രാജ്യത്ത് ഉയർന്നുവന്ന ദളിത് മുന്നേറ്റങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട ഗൂഢാലോചനയാണ് കൊറേഗാവ് കലാപത്തിലൂടെ വെളിപ്പെട്ടത്. രണ്ടായിരത്തി പതിനാല് മുതൽ രണ്ടായിരത്തി പതിനെട്ട് വരെ രാജ്യത്ത് വർധിച്ചുവന്ന ദളിത്/ മത ന്യൂനപക്ഷ പീഡനങ്ങളും അതിനെതിരെ ഉണ്ടായ സാമുദായിക മുന്നേറ്റങ്ങളും വസ്തുതാപരമായി വിശകലനം ചെയ്യുമ്പോൾ ഭീമാ കൊറേഗാവ് സംഭവം സ്റ്റേറ്റ് സ്പോൺസർഷിപ്പിൽ നടന്ന പ്രതികാര നടപടിയാണ് എന്ന് വ്യക്തമാകും.

എന്താണ് ഭീമാ കൊറേഗാവ്?

1818 ജനുവരി ഒന്നാം തീയതി മഹാരാഷ്ട്രയിലെ പൂനക്ക്‌ സമീപത്തുള്ള കൊറേഗാവ് ഗ്രാമം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. പൂനയിലെ പേഷ്വാ രാജാവ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടുമ്പോൾ ചരിത്രത്തിലെ അപൂർവതകളിൽ ഒന്നായി മാറുകയായിരുന്നു അത്. പേഷ്വാ സൈന്യത്തിൽ കടുത്ത ജാതിവിവേചനം നിലനിന്നിരുന്ന കാലമായിരുന്നു. ഉയർന്ന ജാതിലിയിലുള്ള മാറാത്തകൾ ദളിതരായ മഹറുകളെ ക്രൂരമായ ജാതി പീഡനത്തിന് ഇരകളാക്കി.വിവേചനങ്ങളിൽ അസഹിഷ്ണരായ മഹറുകൾ കൊറേഗാവ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തോട് ഒപ്പം ചേർന്ന് പേഷ്വാ സൈന്യത്തിനെതിരെ പോരാടി. ഇരുപത്തിയെണ്ണായിരം പേരടങ്ങുന്ന പേഷ്വാ സൈന്യത്തിലെ സവർണ വിഭാഗം കേവലം അറുനൂറ് പേർ മാത്രമുള്ള ബ്രിട്ടീഷ് മെഹർ സൈന്യത്തോട് ദയനീയമായി പരാജയപ്പെട്ടു. ഇത് ജാതീയമായി തങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സവർണ്ണ ജനതയ്ക്കുമേൽ ദലിതർ നേടുന്ന അവിസ്മരണീയവും അപൂർവ്വവുമായ വിജയമായി മാറി. തുടർന്ന് ഓരോ വർഷവും ജനുവരി ഒന്നാം തീയതി ദളിതർ ഭീമാ കൊറേഗാവിൽ സമ്മേളിക്കുകയും ചരിത്ര വിജയത്തിന്റെ മധുരമായ ഓർമ്മപുതുക്കലും ചെയ്തുപോന്നു.

ഭീമാ കൊറേഗാവ് സംഭവവും അതിനോട് അനുബന്ധിച്ചുനടക്കുന്ന
അറസ്റ്റുകളും കേവലം മാവോയിസ്റ്റ് വേട്ടയോ
ദേശവിരുദ്ധർക്കെതിരെയുള്ള പടപ്പുറപ്പാടോ അല്ല.
കൃത്യമായ അജണ്ടളോടെ രാജ്യത്ത് ഉയർന്നുവന്ന
ദളിത് മുന്നേറ്റങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട
ഗൂഢാലോചനയാണ് കൊറേഗാവ് കലാപത്തിലൂടെ വെളിപ്പെട്ടത്

2018 ജനുവരി 1, ഭീമാ കൊറേഗാവ് വിജയത്തിന്റെ ഇരുന്നൂറാം വാർഷികം പതിവിലും വിപുലമാക്കുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അഞ്ചുലക്ഷത്തോളംവരുന്ന ദളിതുകൾ പൂനയിൽ ഒത്തുകൂടി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദളിത് സമ്മേളം ആകുകയായിരുന്നു അത്. ആഘോഷങ്ങളുടെ ഇടയിലേക്ക് കാവിക്കൊടിയും ജയ്ശ്രീറാം വിളികളുമായി അക്രമികൾ ഇരച്ചു കയറിയതോടെ അനുസ്മരണ സമ്മേളനവും റാലിയും സംഘർഷത്തിൽ കലാശിച്ചു. കലാപത്തിൽ ദലിതർ വ്യാപകമായി ആക്രമിക്കപ്പെടുകയും അവരുടെ വീടുകൾക്ക് കലാപകാരികൾ തീയിടുകയും ചെയ്തു. രാഹുൽ ഫദംഗേൽ എന്ന ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തോടെ കലാപം അവസാനിച്ചു.

ബാബ സാഹിബ് ഡോ അംബേദ്കർ ഭീമാ കൊറേഗാവിൽ

ആക്രമണങ്ങൾക്ക് പിന്നിൽ ഹിന്ദുത്വ നേതാക്കളായ ഭീഡെ ഗുരുജിയും മെലിന്ത് എക്‌ബോർട്ടെയുമാണെന്ന് പരക്കെ ആക്ഷേപമുയർന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഡെ ഗുരുജിക്കെതിരെ മൊഴി കൊടുത്ത പൂജ സാകേത് എന്ന പെൺകുട്ടിയുടെ മൃതദേഹം ദിവസങ്ങൾക്കകം അഭയാർത്ഥി ക്യാമ്പിന്റെ അടുത്തുള്ള കിണറ്റിൽ നിന്നും കണ്ടെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നതും എൽഗാർ പരിഷത്തിലും കൊറേഗാവ് ആഘോഷത്തിലും പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തകരുടെ നേരെ അന്വേഷണം തിരിയുന്നതുമായ നാടകീയ സംഭവങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിച്ചു.

2002ൽ ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുക്കുകയും നൂറോളം മുസ്ലീങ്ങളെ കൊന്നുതള്ളുകയും ചെയ്ത ഹിന്ദു തീവ്രവാദിയായ ബജ്റംഗിയെ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെട്ട് ജയിൽ മോചിതനാക്കിയ കഥ രാജ്യം നിസ്സഹായതയോടെ കണ്ടതാണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന അതേ വ്യക്തിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. കൊറേഗാവ് കലാപത്തിലെ മുഖ്യ ആസൂത്രകൻ ഭീഡെ ഗുരുജി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗുരുവാണ്. കേസ് അട്ടിമറിക്കപ്പെടാൻ ഇനിയും എന്ത് കാരണമാണ് വേണ്ടത് !

എൽഗാർ പരിഷത്ത്.

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ നിലനിർത്തുന്ന അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് വിയോജിക്കാനുള്ള സ്വാതന്ത്ര്യം. അത് റദ്ദ് ചെയ്യപ്പെടുമ്പോൾ ജനാധിപത്യത്തിനു തന്നെ ശിഥിലീകരണം സംഭവിക്കുന്നു. അതേസമയം ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തനം ഇത്തരം എതിർ ശബ്ദങ്ങളെ അടിച്ചമർത്തി കൊണ്ടാണ്.

മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ദളിതർക്കും മുസ്ലിംങ്ങൾക്കും എതിരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിനും ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഐക്യപ്പെടുന്നതിനും രണ്ടായിരത്തി പതിനേഴ് ഡിസംബർ മുപ്പതിന് പൂനെയിൽവെച്ച് ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി. ജി. കോൽസേ പാട്ടീലും, സുപ്രീം കോടതി ജഡ്ജിയായിരുന്ന പി. ബി. സാവന്ദുമാണ് പരിഷത്ത് വിളിച്ചുചേർത്ത് എന്ന് അവരുതന്നെ പല പ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ്. ഗുജറാത്തിലെ ദളിത് എം എല്‍‌ എ ജിനേഷ് മേവാനി, ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ആക്ടിവിസ്റ്റ് സോണി സൂരി, അംബേദ്കറുടെ ചെറുമകനും ദളിത് ആക്ടിവിസ്റ്റുമായ പ്രകാശ് അംബേദ്കർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യംകൊണ്ടുതന്നെ എൽഗാർ പരിഷത്ത് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ അതിനോടകം എത്തപ്പെട്ടിരുന്നു.

മന്ത്രിസഭയെ അട്ടിമറിക്കാനും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കുറ്റം പരിഷത്തിനെതിരെ ആരോപിക്കപ്പെട്ടു. ദേശവിരുദ്ധ പ്രസംഗങ്ങൾ നടന്നു എന്ന പോലീസിന്റെ അസത്യ പ്രചാരണം പിന്നീട് തള്ളിക്കളയേണ്ടി വന്നെങ്കിലും സംഘാടകരുടെമേൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് എൻ ഐ എ ക്ക് കൈമാറി.പുതിയ കാലത്തെ പേഷ്വാകളെ ( ഹിന്ദുത്വ സർക്കാറിനെ) രാഷ്ട്രീയമായി നേരിടുവാൻ ജനങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് പരിഷത്തിൽ നടന്നതെന്ന് വീഡിയോ ടേപ്പുകളിൽനിന്നും വ്യക്തമാണെങ്കിലും കലാപത്തിന് പ്രേരണ നൽകുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് അവിടെ നടന്നതെന്ന് എൻ ഐ എ ഉറപ്പിച്ചു പറയുന്നു.

ദളിത് മുന്നേറ്റങ്ങളെ ഭയക്കുന്ന സംഘപരിവാർ.

രാജ്യത്ത് ഫാസിസം പിടിമുറുക്കുന്നത് പല ഘട്ടങ്ങളിലൂടെയാണ് എന്നതിന് ചരിത്രം സാക്ഷി. ജനങ്ങളെ അതി വൈകാരികമായ ദേശീയബോധത്തിലേക്ക് പടിപടിയായി തളച്ചിടുകയും പ്രതികരണശേഷിയില്ലാത്ത ജഡബിംബങ്ങളാക്കി മാറ്റുകയും ചെയ്യുന്ന അതേ തന്ത്രമാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടവും കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്നത്. രാജ്യത്ത് ഉയർന്നുവരുന്ന അതിതീഷ്ണമായ മതാത്മക ദേശീയതയുടെ മറപിടിച്ച്‌ ദളിതരെയും മുസ്ലീങ്ങളെയും നിരന്തരം പീഢിപ്പിക്കുന്ന സർക്കാർ നടപടികൾക്കെതിരെ പൗരമുന്നേറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് സ്വാഭിവികമായ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമാണ്.

വ്യാപകമായ കോർപ്പറേറ്റ് വത്കരണത്തിലൂടെയും ഗോവധ നിരോധന നിയമത്തിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലായ കർഷകരും ചെറുകിട കച്ചവടക്കാരും ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ നടത്തുന്നതും അവയിൽ ചിലത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതും കൊറേഗാവ് കലാപത്തിലേക്ക്‌ നയിച്ച രാഷ്ട്രീയ/ സാമൂഹിക/സാമ്പത്തിക കാരണങ്ങളായി വിലയിരുത്താൻ സാധിക്കും.

ഉന ദാദ്രി സംഭവങ്ങളും റോഹിത് വെമൂലയും.

ചത്ത മൃഗത്തിന്റെ തോലിയുരിയാനും മലം ചുമാക്കാനും ഇനി ഞങ്ങളെ കിട്ടില്ല എന്ന പ്രഖ്യാപനവുമായി ഒരുകൂട്ടം ദളിതരും കർഷകരും സംഘടിത ശക്തിയായി തുടർസമരങ്ങൾ നടത്തുന്നത് രണ്ടായിരത്തി പതിനാറിലും പതിനേഴിലും മോദി സർക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്നമായി ഉയർന്നുവന്നു. ഇങ്ങനെ പുതുരൂപം ആർജിച്ച ദളിത് മുന്നേറ്റങ്ങൾ 'യോഗ ദിനാചരണം', 'ഉറി സർജിക്കൽ സ്ട്രൈക്ക്' തുടങ്ങിയ ശ്രദ്ധതിരിക്കൽ തന്ത്രങ്ങളേയും മറികടന്ന് വലിയൊരു സമരമായി മാറുകയായിരുന്നു.

മഹാരാഷ്ട്രയിലെ വ്യാപകമായ കർഷക ആത്മഹത്യകൾ ദേശീയമാധ്യമങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുകയും മഹാരാഷ്ട്രയെ കർഷകരുടെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നാൽപ്പത് ലക്ഷം ഹെക്ടർ ഭൂമിയിലെ പരുത്തി കൃഷിയിൽ ഉണ്ടായ ഭീമമായ നഷ്ടത്തെ തുടർന്ന് കർഷക ആത്മഹത്യകളുടെ എണ്ണം ഭയാനകമായി വർദ്ധിച്ചത് മോദി സർക്കാർ പ്രകടന പത്രികയിൽ എണ്ണമിട്ട് പറഞ്ഞ കാർഷിക പാക്കേജുകൾ നിയമസഭയിൽ നിഷ്ക്കരുണം തഴഞ്ഞതിനെ തുടർന്നായിരുന്നു. കാർഷിക മേഖലയെ കോർപ്പറേറ്റുകളും കുത്തക മുതലാളികളും കൈയടക്കുന്ന അവസരത്തിൽ വിവിധ കർഷക സംഘടനകൾ വിളകൾക്ക് താങ്ങുവില ആവശ്യപ്പെടുകയും കൃഷിക്കാർക്ക് സ്വന്തമായി അഞ്ചേക്കർ ഭൂമി വീതം നൽകണമെന്ന നിർദ്ദേശത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തത് പാർലമെൻറിൽ സർക്കാറിനെ പ്രതിരോധത്തിലാക്കി. ഗോ രക്ഷാസമിതിയിലെ ആളുകൾ ചേർന്ന് പശു മാംസം സൂക്ഷിച്ചു എന്നാരോപിച്ച് യുപിയിലെ ദാദ്രിയിലും ഗുജറാത്തിലെ ഉനയിലും ദളിതരെയും മുസ്ലീങ്ങളെയും ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ഇത് സർക്കാരിൻ്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചു.

ബാബറി മസ്ജിദ് സംഭവത്തിനും ഗുജറാത്ത് കലാപത്തിനും ശേഷം രാജ്യത്തെ ജനങ്ങൾ ഹിന്ദുത്വ ഭീകരതയുടെ മറ്റൊരു മുഖം നടുക്കത്തോടെയാണ് കണ്ടുതുടങ്ങിയത്. ജയ്ശ്രീറാം വിളികൾ ആക്രമണത്തിനുള്ള ആഹ്വാനങ്ങൾ ആണെന്ന് അവർ തിരിച്ചറിഞ്ഞു. ദളിത് മുസ്ലിം ജനവിഭാഗങ്ങൾ സത്വബോധത്തോടെ ഉയർന്നു വരുന്നതും, ഭരണകൂടവിരുദ്ധ പ്രക്ഷോഭ പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്നതും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വലിയൊരു സമരത്തിന്റെ വിളംബരമാണെന്ന് മോദി സർക്കാർ തിരിച്ചറിഞ്ഞു.2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇത്തരം ജനകീയ മുന്നേറ്റങ്ങൾ മോദി സർക്കാർ ഭയത്തോടെയാണ് നിരീക്ഷിച്ചത്.

ബാബറി മസ്ജിദ് സംഭവത്തിനും ഗുജറാത്ത് കലാപത്തിനും ശേഷം
രാജ്യത്തെ ജനങ്ങൾ ഹിന്ദുത്വ ഭീകരതയുടെ മറ്റൊരു മുഖം
നടുക്കത്തോടെയാണ് കണ്ടുതുടങ്ങിയത്.
ജയ്ശ്രീറാം വിളികൾ ആക്രമണത്തിനുള്ള
ആഹ്വാനങ്ങൾ ആണെന്ന് അവർ തിരിച്ചറിഞ്ഞു.

രാജ്യത്തിൻ്റെ തെക്കൻ സംസ്ഥാനങ്ങളിലും ഭരണകൂടവിരുദ്ധ ദളിത് സമരങ്ങൾ നടന്നു.കേരളത്തിലെ വടയമ്പാടിയിൽ ജാതിമതിലിനെതിരെ നടന്ന ദളിത് സമരങ്ങളും ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ആയിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയോട് അനുബന്ധിച്ചുണ്ടായ സാമൂഹിക സാമുദായിക പ്രക്ഷോഭങ്ങളും കേന്ദ്ര,സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധ നടപടികൾക്കെതിരെ ജനങ്ങളുടെ അസംതൃപ്തി രേഖപ്പെടുത്തുന്നതിൽ വിജയിച്ചു.

ദളിത് രാഷ്ട്രീയത്തിന്റെ ഉയർച്ചയും ഭീം ആർമിയും

ഗുജറാത്ത് കലാപത്തിനുശേഷം ശേഷം ഭാരതീയ ജനതാപാർട്ടിയോട് അനുഭാവം കാണിച്ചിരുന്ന അവിടുത്തെ ദളിതർ മോദി സർക്കാരിന്റെ വ്യാപകമായ ദളിത് പീഡനങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്നും പിന്മാറിയതും ജിഗ്നേഷ് മേവാനി എന്ന കമ്മ്യൂണിസ്റ്റ് ദളിത് നേതാവ് ഗുജറാത്തിലെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതും സംഘപരിവാർ ശക്തികളെ പ്രതികാര നടപടിയിലേക്ക് നയിക്കുന്നതിന് കാരണമായി. കോറേഗാവ് സംഭവത്തിലെ എണ്ണപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ഇതെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

യുപിയിൽ വർദ്ധിച്ചുവന്ന ദളിത് പീഡനങ്ങളിൽ പ്രതിഷേധിച്ച് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ദളിത് മുന്നേറ്റങ്ങൾ ഉണ്ടാവുന്നതും ഭരണകൂടം ആശങ്കയോടെ നോക്കിക്കണ്ട രാഷ്ട്രീയ മുന്നേറ്റങ്ങളാണ്. സർവകലാശാലയിൽ ആളിപ്പടരുന്ന ഹിന്ദുത്വ വിരുദ്ധ പ്രചരണ പരിപാടികളെ രാജ്യം ആവേശത്തോടെ നോക്കിക്കാണുകയും ദലിതർ സത്വ ബോധത്തോടെ ഉയർത്തെഴുനേൽക്കുന്നതും മോദി സർക്കാരിനെ ക്രൂരമായ പ്രതികാര നടപടികൾക്ക് പ്രേരിപ്പിച്ചു എന്നും കണക്കാക്കാവുന്നതാണ്.

രാജ്യം കണ്ട ഏറ്റവും വലിയ ദളിത് ഒത്തുകൂടലായ ഭീമ കൊറേഗാവ് വാർഷിക ആഘോഷം തങ്ങൾക്ക് എതിരെയുള്ള ദളിത് രാഷ്ട്രീയ മുന്നേറ്റം ആണെന്ന് മോദി അമിത് ഷാ സഖ്യം മനസ്സിലാക്കുകയും കൃത്യമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ റാലിയിൽ സംബന്ധിച്ച മനുഷ്യാവകാശ പ്രവർത്തകരെ അഴികൾക്കുള്ളിലാക്കുകയും ചെയ്തു.

വായടപ്പിക്കുന്ന ഫാസിസം.

രാജ്യത്തെ ജയിലുകൾ രാഷ്ട്രീയ തടവുകാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദലിതർ സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ ചതിക്കുഴികളെ തിരിച്ചറിയുന്നതും സംഘടികുന്നതും ഭരകൂടം ഭയപ്പെടുന്നു. അങ്ങനെയുള്ള എല്ലാ ശ്രമങ്ങളും ആർഎസ്എസ് സ്പോൺസർഷിപ്പിൽ കലാപങ്ങളായും വംശഹത്യകളായും മുളയിലേ നുള്ളിക്കളയുന്നു. രാജ്യത്ത് യുഎപിഎ അല്ലാതെ മറ്റ് നിയമങ്ങളും ഉണ്ട് എന്ന് മറന്നുപോയതുപോലെ അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പൂർണമായും തകർന്ന ഇന്ത്യൻ ഇക്കണോമിയെ കുറിച്ച് നിങ്ങൾ അവരോട് ഒന്ന് ചോദിച്ചുനോക്കൂ മാവോയിസ്റ്റ് വേട്ട, സർജിക്കൽ സ്ട്രൈക്, അതിർത്തിയിലെ യുദ്ധം , എൽഗാർ പരിഷത്ത്, പൗരത്വ നിയമം തുടങ്ങിയ ഗിമ്മിക്കുകൾ പറഞ്ഞ് അവർ നിങ്ങളുടെ വായടക്കും.

കോവിഡ് കാലത്ത് വിചാരണ തടവുകാർക്ക് നൽകാവുന്ന ഇളവുകൾ അപ്പാടെ റദ്ദ് ചെയ്തുകൊണ്ടാണ് മനുഷ്യാവകാശ പ്രവർത്തകരെയും ബുദ്ധിജീവികളെയും ജയിലിൽ അടച്ചിടികുന്നത്.

ലോകം പൂട്ടിയിട്ടിരിക്കുകയാണ്. കാശ്മീർ അതിനും എത്രയോ മുമ്പുതന്നെ പൂടിയിരിക്കുന്നു. രാജ്യത്ത് ചലനാത്മകമായി ഒന്നേയുള്ളൂ, ക്രൂരമായ മനുഷ്യ വേട്ട.


Illustration by : Siddhesh gautam

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 8:03 pm INDIA