
'കൊന്നിട്ടും നിങ്ങളെന്തിനാണ് എന്റെ മക്കളെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് ?' വാളയാറില്‍ സംശയാസ്പദമായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരികളുടെ അമ്മ ഭാഗ്യവതി കേരളത്തോട് ചോദിക്കുന്ന ചോദ്യമാണിത്. പതിമൂന്നും ഒമ്പതും വയസുള്ള രണ്ട് ദളിത് സഹോദരികള്‍ 52 ദിവസത്തെ ഇടവേളയില്‍ തൂങ്ങിമരിച്ച സംഭവം പ്രഥമ ദൃഷ്ടിയാല്‍ തന്നെ സംശയമുണര്ത്തുന്നതും കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അവര്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെട്ടതുമാണ്. എന്നിട്ടും നീതി വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് ഇന്നും ലഭിച്ചിട്ടില്ല.

പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടി മരിക്കുന്നത് 2017 ജനുവരി 13നാണ്. പിറ്റേദിവസം നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ അണുബാധയുണ്ടെന്നും ലൈംഗീകപീഡനം നടന്നിരിക്കാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും ഉണ്ടായിരുന്നു. എന്നാല്‍ അസ്വഭാവികമരണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് ആത്മഹത്യയെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു കേസന്വേഷിച്ച എസ് ഐ പിസി ചാക്കോ. മരണം നടന്ന അതേ ദിവസം വീട്ടില്‍ നിന്ന് രണ്ട് പേര് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടി മൊഴി നല്‍കിയിരുന്നു. കൃത്യം 52 ദിവസങ്ങള്‍ കഴിഞ്ഞ് മാര്‍ച്ച് 4ന് ഇളയകുട്ടി മൂത്തകുട്ടി മരിച്ചതു പോലെ തന്നെ തൂങ്ങിമരിച്ചതായി കണ്ടെത്തി. അതോട് കൂടിയാണ് കേസില്‍ മാധ്യമങ്ങളുടെ ശ്രദ്ധ പതിയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയമായി എന്ന് തെളിഞ്ഞതോടെ പോലീസ് പോക്സോ ചുമത്തി ബലാല്‍സംഗക്കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
'പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈയില്‍ തന്നിരുന്നെങ്കില്‍ എങ്ങനെയാണ് മൂത്തമകള്‍ മരിച്ചതെന്ന് ഞങ്ങള്‍ എങ്ങനെയെങ്കിലും മനസിലാക്കാന്‍ ശ്രമിക്കുമായിരുന്നു. ഇളയമകള്‍ രണ്ട് പേര് വീട്ടില്‍ നിന്നിറങ്ങി പോകുന്നതു കണ്ടുവെന്ന് മൊഴി നല്കിയതു കൊണ്ടാണ് അവളെയും അവര്‍ ഇല്ലാതാക്കിയത്.' അമ്മ ഭാഗ്യവതി പറയുന്നു.
മൂത്തകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗീക പീഡനത്തെ പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികളെടുത്തില്ല എന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണങ്ങളുണ്ടാകുകയും, പാലക്കാട് നര്‍ക്കോട്ടിക്സ് സെല്‍ ഡിവൈഎസ്പി എംജി സോജന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കേസ് ആദ്യമന്വേഷിച്ച വാളയാര്‍ എസ് ഐ പിസി ചാക്കോയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇളയകുട്ടിയുടെ മരണത്തിന് ശേഷം എഎസ്പി പൂങ്കുഴലിയാണ് തുടരന്വേഷണം നടത്തിയത്. പിന്നീട് ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിലായി അന്വേഷണം. കുട്ടികളുടെ ബന്ധുക്കളടക്കം ഏഴ് പേരെ കേസില്‍ പ്രതി ചേര്‍ത്തു. ഐപിസി 305(ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍), ഐപിസി 376(ബലാല്‍സംഗം), എസ്.സി/എസ്ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട്, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ ചുമത്തി കേസ് ചാര്‍ജ് ചെയ്തത്. അതില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കേസന്വേഷണത്തിനിടയില്‍ ആത്മഹത്യ ചെയ്തു.
എന്നാല്‍ കേസിന്റെ വിചാരണക്കൊടുവില്‍ പാലക്കാട് ഫസ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്സോ) ഒന്നാം പ്രതി വി. മധു, രണ്ടാം പ്രതി ഷിബു, നാലാം പ്രതി എം മധു എന്നിവരെ കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപിനെ ഇതേ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാനായ അഡ്വ. എന്‍ രാജേഷ് ഹാജരായതും ഇന്നും സംശയാസ്പദമാണ്.
കേസന്വേഷണത്തിന്റെ നാള് വഴികള്‍ പരിശോധിച്ചാല്‍ കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ പല കാലത്തായി പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് ഉണ്ടായതായി കാണാന്‍ കഴിയും. പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഭാഗ്യവതിക്ക് വാക്ക് കൊടുത്തതാണ്. എന്നാല്‍ പ്രതികള്‍ രക്ഷപ്പെടുകയും അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്നതിനാണ് ഭാഗ്യവതിക്ക് ദൃക്സാക്ഷിയാകേണ്ടി വന്നത്.
'കേസന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ വെറുതെ വിട്ടയയ്ക്കുന്നതിന് കാരണമായത്. നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണമാണ് ഞങ്ങളുടെ ആവശ്യം. മക്കളെയില്ലാണ്ടാക്കിയവര്ക്ക് ജീവന് നല്‍കിയും ശിക്ഷ വാങ്ങി നല്‍കും. പ്രതികളായിരുന്നവരുടെ ബന്ധുക്കള്‍ ഞങ്ങള്‍ക്ക് ഇനി ബാക്കിയുള്ള മകനെയും ഇല്ലാണ്ടാക്കുമെന്ന ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ക്ക് എത്ര സ്വത്തുണ്ട് പണമുണ്ടെന്ന് ആരും ചോദിക്കില്ലല്ലോ.. നിങ്ങള്‍ക്ക് എത്ര മക്കളാണ് എന്നാണ് എല്ലാവരും ചോദിക്കുക. അവര്‍ തന്നെയാണ് നമ്മുടെ സ്വത്തും. ഇനി ഒരു അച്ഛനുമമ്മയും തെരുവില്‍ ഇരുന്ന് കരയേണ്ടി വരരുത്. ഇന്നെനിക്ക് സംഭവിച്ചത് നിങ്ങളിലാര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് തന്നെ എല്ലാവരുടെയും പിന്തുണ എന്റെ മക്കളെ ഇല്ലാണ്ടാക്കിയവര്ക്ക് ശിക്ഷ നേടി കൊടുക്കാനും നീതി ലഭിക്കാനും വേണം.' ഭാഗ്യലക്ഷ്മി പറയുന്നു.

അച്ഛനും അമ്മയും നവംബർ 9 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് സംസാരിക്കുന്നു
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴാണ് കേരളത്തിലെ വാളയാറില്‍ നിന്നും ഭാഗ്യവതി തിരുവനന്തപുരത്തേക്ക് സമരവുമായി എത്തിയത്. ദളിതുകളോട് ഒരു സവര്‍ണ വലതുപക്ഷ ഭരണകൂടങ്ങള്‍ കാണിക്കുന്ന അതിക്രമങ്ങളും അനീതികളും ചോദ്യം ചെയ്യുന്നതിനൊപ്പം ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ ദളിത് ജീവതങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ.
*PhotoCredit : Sunil Kaimanam, Social media