
______________________
കണ്ണു തുറക്കുന്നു.
അടുത്തുകൂടി ട്രെയിൻ ഓടുന്നു.
അല്ല, അലാറമാണ്.
സ്കൂളിൽ പോകാൻ നേരമായെന്ന്
അമ്മ വിളിക്കുന്നു.
നനഞ്ഞ മുടി ധൃതിയിൽ പിന്നി,
ചുവന്ന റിബൺ വെച്ചു കെട്ടുന്നു.
ഞെട്ടിയുണരുമ്പോൾ,
വീണ്ടും കിടക്കയിൽ.
അലാറമല്ല, പരശുറാം പോയതാണ്.
അമ്മ എന്നേ മരിച്ചു പോയി.കോട്ടയം വഴി എറണാകുളം വരെ പോകുന്ന
ഇന്റർസിറ്റി..
ദൈവമേ നേരം പോയല്ലോ.
സമയത്തിനു പഞ്ച് ചെയ്തില്ലേൽ,
ഉച്ച വരെയുള്ള അറ്റൻഡൻസ്
കട്ട് ചെയ്യും. കാലമാടൻ.
പൊതു കക്കൂസിൽ
ഊഴം വെച്ചു കുളിച്ചു.
സാരിയുടുത്ത്
ജോളി സിൽക്സിന്റെ വർണ്ണക്കൂടാരത്തിലേക്ക്.
ആരുടെയോ ചോറ്റുപാത്രം,
കൈതട്ടി താഴെവീണ്, ഉരുണ്ട്,
തുറന്നു.
പാത്രമല്ല, അലാറമാണ്.
വീണ്ടും കിടക്കയിൽ.മലന്ന് കെടക്കുവാന്നോ?
എണീറ്റ് കാപ്പിയിട്.
പ്രാകി തിരിഞ്ഞു കിടക്കുന്നു,
പുറം നിറച്ചും ചുരുണ്ട രോമമുള്ളൊരാൾ.
കല്യാണസാരി വാരിയുടുത്ത്
കക്കൂസിൽ മുള്ളാൻ പോകുമ്പോ,
വേദന.
സഹിക്കാൻ പറ്റുന്നില്ല. ആ ആ.
കുക്കർ വിസിലടിക്കുന്നു.
കടലക്കറിയുടെ മണം.
അയ്യോ, അത് കുക്കറല്ല.
നേത്രാവതി!
ഉച്ചയായല്ലോ ദൈവമേ.റെയിൽവേ സ്റ്റേഷനിലിരുന്ന്
മയങ്ങിപ്പോയാൽ,
ട്രെയിൻ കേറിയിറങ്ങി ചതയുന്ന
എത്രയോ സ്വപ്നാടനങ്ങൾ!