ഇച്ചാപ്പി

റോട്ടിൽ നിന്ന്
മുന്നൂറ്‌ വാര
കുത്തനെ നടന്നാൽ
ഇച്ചാപ്പിയുടെ
വീട്ടിലെത്താം

തൊട്ട് തൊട്ട് നിൽക്കുന്ന
വീടുകൾക്കിടയിൽ
നീളത്തിലൊരൊറ്റവരി പാത,
ഇച്ചാപ്പിയെപ്പോലെ
മെലിഞ്ഞു നീണ്ടങ്ങനെ

ഇച്ചാപ്പി സഞ്ചി ചുമ്മുന്നത്
കല്യാണി വെള്ളം ചുമ്മുന്നത്;
വെളുക്കനെ മുതൽ
ഇരുട്ടണ വരെ
ജീവിതമൊരൊറ്റവരി
പാതയിലൂടുള്ള യാത്ര മാത്രം


മൂന്നാമത്തെ ഗർഭവും
അലസിയപ്പോൾ
കല്യാണി കോരു നിർത്തി,
ഒരു കൈയ്യിൽ സഞ്ചിയും
മറു കൈയിൽ വെള്ളവും
ഇച്ചാപ്പി മത്സരിച്ചു

ഒടുവിൽ കണ്ണൻ
ആ വീട്ടിൽ
മോണ കാട്ടി ചിരിച്ചു;
ഒരു കൈയിൽ സഞ്ചിയും
മറു കൈയിൽ വെള്ളവും
തോളത്തു കണ്ണനും
ഇച്ചാപ്പി ഒരത്ഭുതം തന്നെ


ചാവടക്കാൻ
ആറടി മണ്ണ് വേണം
സ്കൂൾ വരാന്തയിൽ
കണ്ണനെ ഇറക്കുമ്പോൾ
അത്രയേ ഇച്ചാപ്പി
പറഞ്ഞുള്ളൂ

വെളുത്ത യൂണിഫോമിൽ
ഒരു കറുത്ത പൊട്ടെന്ന്
മലയാളം മാഷ്
ഉപമ ചൊല്ലി,
ബ്ലാക്ക് ആൻഡ് വൈറ്റെന്ന്
സോഷ്യൽ മാഷ്,
തിന്നാൻ വന്നവൻ
പഠിക്കണതെങ്ങനെ?
ഹിന്ദി ടീച്ചർ ഊറിച്ചിരിച്ചു
കിണ്ണായെന്ന് ഈണത്തിൽ
കണക്ക് മാഷ്
കുട്ടികൾ ഏറ്റുപാടി

കണ്ണന് സ്കൂളിൽ പോണ്ട
അവൻ കരഞ്ഞോണ്ടേയിരുന്നു,
ചാവടക്കാൻ നമുക്ക്
മണ്ണ് വേണ്ടേ?
ഇച്ചാപ്പിയും കരഞ്ഞു

കരഞ്ഞു കരഞ്ഞു
കണ്ണൻ മിണ്ടാതെയായി,
മണ്ടനെന്ന് ഇംഗ്ലീഷ് ടീച്ചർ
സ്‌ഥലം പോരായെന്ന് പറഞ്ഞ്
സയൻസ് ടീച്ചർ
ഒറ്റയ്ക്കൊരു ബെഞ്ചിൽ
അവനെയിരുത്തി.

ചാവടക്കാൻ
കുറച്ചു മണ്ണ്മതിയപ്പാ
എന്നെഴുതി അവനുറങ്ങി,
കല്യാണി മയങ്ങി വീണു

അടുക്കളപ്പുറത്ത്
ഇച്ചാപ്പി തന്നെ കുഴിയെടുത്തു
എന്നിട്ട് കുടിച്ചു മയങ്ങി
വന്നവർ ചിലർ
ഉണ്ണാതെ മടങ്ങി
പിടിപ്പുകേടെന്ന്
സ്റ്റാഫ്റൂം പരമ്പര

പുല മാറും മുന്നേ
ഇച്ചാപ്പി നടന്നു
ഒരു കൈയിൽ സഞ്ചിയും
മറു കൈയിൽ വെള്ളവും
തല നിറയെ ഭാരവും ;
വിളക്ക് വെക്കേണ്ടിടത്ത്
അടുപ്പ് കൂട്ടി അവരുണ്ട് മയങ്ങി

പുസ്തകങ്ങളിൽ
കണ്ണീരു പറ്റിച്ചു
മല മൊത്തോം
വെള്ളം ചുമന്ന്
അടുക്കളയിൽ ചാവടക്കി
ഇച്ചാപ്പിയുടെ പരമ്പര

വംശീയതയുടെ
അരികുകളിൽ
പിടിപ്പുകേടിന്റെ
തിയറികൾ
നമുക്കിതൊന്നും
അന്യമല്ലലോ...


വര - സജന നാരായണൻ
Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 8:18 pm INDIA