'താനാലേ പെണ്‍കള്‍ വരാങ്ക്‌ന അത്‌ക്ക്‌ തടൈ വെക്കാത്‌ങ്ക': ഇസൈവാണി


ഗാനാ പാട്ടുകള്‍, സ്വപ്‌നങ്ങള്‍, രാഷ്ട്രീയം എന്നിവയെപ്പറ്റി ഇസൈവാണി. ബിബിസിയുടെ 2020ല്‍ ലോകത്തെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടികയില്‍ പേര്‌ വന്ന ഗായിക ഇസൈവാണിയുമായുള്ള
അഭിമുഖം.

എങ്ങനെയാണ്‌ ഇസൈവാണി ഗാനാ പാട്ടുകാരിയാകുന്നത്‌?

എന്റെ അച്ഛന്‍ ശിവകുമാര്‍ ഗായകനും ഹാര്‍മോണിയസ്‌റ്റുമാണ്‌. ആറ്‌ വയസുമുതല്‍ അച്ഛനോടൊപ്പം ഞാന്‍ പാടാന്‍ തുടങ്ങി. ലൈറ്റ്‌ മ്യൂസിക്‌ ഓര്‍ക്കസ്‌ട്രയോടൊപ്പം 17 വര്‍ഷമായി ഞാന്‍ പാടിയിരുന്നു. ചെറിയ പ്രായം മുതല്‍ തന്നെ ഗാനാ പാട്ടുകള്‍ ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. നിത്യജീവിതത്തിലെ സംഭവങ്ങളും അതിലെ പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങളും മാനുഷിക മൂല്യങ്ങളൊക്കെയാണ്‌ ഗാനാ പാട്ടുകളുടെ പ്രമേയമായിരുന്നത്‌. ഗാനാ പഴനി അങ്കിള്‍, ഗാനാ ഉലകനാഥന്‍ അങ്കിള്‍ ഒക്കെ എന്റെ ഫേവറൈറ്റ്‌ ഗാനാ പാട്ടുകാരായിരുന്നു. എന്റെ അച്ഛനും ഗാനാ പാട്ടുകള്‍ പാടാറുണ്ട്‌. പക്ഷേ, ഞാന്‍ ഗാനാ പാട്ടുകള്‍ പാടാന്‍ തുടങ്ങിയിട്ട്‌ വളരെ കുറച്ച്‌ വര്‍ഷങ്ങളെ ആകുന്നുള്ളൂ. 17 വര്‍ഷമായി ലൈറ്റ്‌ മ്യൂസിക്‌ പാടിയപ്പോള്‍ കിട്ടാത്ത സ്വീകാര്യതയാണ്‌ ഗാനാ പാട്ടുകള്‍ പാടാന്‍ തുടങ്ങിയപ്പോള്‍ എനിക്കുണ്ടായത്‌.


എന്തുകൊണ്ടാണ്‌ ഗാനാ പാട്ടു രംഗത്തേക്ക്‌ സ്‌ത്രീകള്‍ ഇത്ര കാലം കടന്നു വരാത്തത്‌?

ഗാനാ പാട്ടുകള്‍ പാടുന്ന നിരവധി സ്‌ത്രീകള്‍ എനിക്ക്‌ മുമ്പും ഉണ്ടായിരുന്നു. പക്ഷേ അവര്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഞാന്‍ പൊതുശ്രദ്ധയില്‍ വരാന്‍ കാരണം കാസ്റ്റലസ്‌ കളക്ടീവാണ്‌. ഇപ്പോള്‍ ഒരുപാട്‌ പെണ്‍കുട്ടികള്‍ ഗാനാ പാട്ട്‌ രംഗത്തേക്ക്‌ വരുന്നുണ്ട്‌. അതിന്‌ ഞാനൊരു പ്രചേദനമാകുന്നതില്‍ എനിക്ക്‌ ഒരുപാട്‌ സന്തോഷമുണ്ട്‌. ആദ്യമൊക്കെ ഞാന്‍ ശബ്ദം മാറ്റിയാണ്‌ പാടിക്കൊണ്ടിരുന്നത്‌. അതിനെ ഫോള്‍സ്‌ വോയിസ്‌ (faulse voice) എന്നാണ്‌ പറയാറ്‌. വളരെ അടുത്ത കാലത്തായാണ്‌ ഞാന്‍ എന്റെ യതാര്‍ത്ഥ ശബ്ദത്തില്‍ പാടാന്‍ തുടങ്ങിയത്‌. അതെനിക്ക്‌ ഗാനാ പാട്ടുകളില്‍ ഒരുപാട്‌ സഹായകമാകുന്നുണ്ട്‌.

കാസ്റ്റലസ്‌ കളക്ടീവില്‍ എത്തിപ്പെട്ടത്‌ എങ്ങനെയാണ്‌?

ഗാനാ പാട്ടുകള്‍ക്ക്‌ മ്യൂസിക്‌ കൊടുക്കുന്ന സബേഷ്‌ സാലമണാണ്‌ കാസ്റ്റലസ്‌ കളക്ടീവ്‌ എന്ന ബാന്‍ഡ്‌ ആരംഭിക്കുന്നുണ്ട്‌ നിനക്ക്‌ അത്‌ ഉപയോഗപ്രദമാകും എന്ന്‌ പറഞ്ഞ്‌ വിളിക്കുന്നത്‌. ഞാന്‍ ഓഡിഷന്‌ പോയപ്പോള്‍ അവിടെ നിറയെ ആണുങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തെന്‍മ അണ്ണന്‍ എന്നെ സെലക്ട്‌ ചെയ്‌തതായി അറിയിച്ചു. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണ്‌ അത്‌. ടീമില്‍ ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ നല്ലതായിരിക്കുമെന്ന്‌ പറഞ്ഞത്‌ പാ രഞ്‌ജിത്‌ അണ്ണനാണ്‌.

കാസ്റ്റലസ്‌ കളക്ടീവ്‌ ബാന്‍ഡ്‌ അംഗങ്ങളും ഡയറക്ടർ പാ രഞ്ജിത്തും

എന്റെ കഴിവ്‌ നാലാള്‌ അറിയാന്‍ ഒരു വഴിയുണ്ടാക്കി തന്നത്‌ അണ്ണനാണ്‌. എന്നിരുന്നാലും, ഒരു പെണ്ണാണെന്ന രീതിയില്‍ കാസ്റ്റലസ്‌ കളക്ടീവില്‍ എന്നെ ഇതുവരെയും ഒതുക്കി നിര്‍ത്തിയിട്ടില്ല. ബാന്‍ഡിന്റെ എല്ലാ പ്രവര്‍ത്തനത്തിലും എല്ലാവരെയും പോലെ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്‌. കാസ്റ്റലസ്‌ കളക്ടീവില്‍ എന്റെ ആദ്യത്തെ പാട്ട്‌ ബീഫ്‌ സോങ്‌ ആയിരുന്നു. ഒരുപാട്‌ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ലഭിച്ച പാട്ടായിരുന്നു അത്‌. ലോകന്‍ അണ്ണനാണ്‌ ബീഫ്‌ സോങിന്‌ വരികള്‍ എഴുതിയത്‌. വലിയ സ്‌റ്റേജ്‌ ഷോകളില്‍ പാടണം, സിനിമയില്‍ പാടണം എന്നൊക്കെയായിരുന്നു എന്റെ സ്വപ്‌നം. കാസ്റ്റലെസ്‌ കളക്ടീവ്‌ വഴി എനിക്ക്‌ അതെല്ലാം സാധ്യമായി. ഇനി ഞാന്‍ ആഗ്രഹിക്കുന്നത്‌ സ്വന്തമായി ഗാനാ പാട്ടുകള്‍ എഴുതണമെന്നാണ്‌.

ബിബിസിയുടെ 2020ല്‍ ലോകത്തെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടികയില്‍ പേര്‌ വന്നതിനെ പറ്റി എന്താണ്‌ പറയാനുള്ളത്‌?

ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇതുപോലൊരു അവാര്‍ഡ്‌ എനിക്ക്‌ ലഭിക്കുമെന്ന്‌. പറഞ്ഞറിയിക്കാനാകാത്ത വിധമുള്ള സന്തോഷമാണ്‌ അതെനിക്ക്‌ നല്‍കിയത്‌. ഗാനാ പാട്ട്‌ പാടാന്‍ ആദ്യം എന്റെ വീട്ടില്‍ നിന്ന്‌ എനിക്ക്‌ എതിര്‍പ്പുണ്ടായിരുന്നു. രണ്ട്‌ ഷോ കഴിഞ്ഞപ്പോഴാണ്‌ അച്ഛന്‍ സമ്മതം തന്നത്‌.

പ്രശസ്ത മ്യൂസിക് ഡയറക്ടർ ഇളയരാജ 
അഭിനന്ദനങ്ങൾ അറിയിക്കുന്നു

ആ പ്രോഗ്രാമുകള്‍ കണ്ടിട്ട്‌ ഒരുപാട്‌ രക്ഷിതാക്കള്‍ എന്നെ വന്ന്‌ കണ്ടിരുന്നു. ഞങ്ങളുടെ മക്കളെ ഗാനാ പാടാന്‍ അനുവദിക്കാന്‍ ഇസൈവാണിയാണ്‌ പ്രചോദനമെന്ന്‌ അവര്‍ പറഞ്ഞ്‌ കേള്‍ക്കുമ്പോള്‍ അളവില്ലാത്ത സന്തോഷമാണ്‌ തോന്നിയിരുന്നത്‌.

ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക്‌ അവരുടെ ഇഷ്ടമുള്ള ജോലിയോ പാഷനോ സ്വയം തിരഞ്ഞെടുക്കാന്‍ അനുവാദം കാത്ത്‌ നില്‍ക്കേണ്ടി വരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ഞാന്‍ കരുതുന്നത്‌, വീട്ടുകാരുടെ പിന്തുണയില്ലാതെ എനിക്ക്‌ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ പറ്റിയെങ്കില്‍ വീട്ടുകാരുടെ പിന്തുണയോടെ ഇനിയും നേട്ടങ്ങള്‍ പെണ്‍കുട്ടികള്‍ക്ക്‌ നേടാന്‍ സാധിക്കുമെന്നാണ്‌. എനിക്ക്‌ അച്ഛനമ്മമാരോടും പറയാനുള്ളതും അത്‌ തന്നെയാണ്‌. 'താനാലേ പെണ്‍കള്‍ വരാങ്ക്‌ന അത്‌ക്ക്‌ തടൈ വെക്കാത്‌ങ്ക' (പെണ്‍കുട്ടികള്‍ സ്വന്തം താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ മുന്നോട്ട്‌ വരുമ്പോള്‍ അതിന്‌ തടസം നില്‍ക്കാതിരിക്കൂ). സ്‌ത്രീകളോട്‌ പറയാനുള്ളത്‌ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച്‌ നിങ്ങള്‍ ജീവിക്കണമെന്നതാണ്‌. വീട്ടുകാരുടെ പിന്തുണ ഇല്ലെങ്കിലും നമുക്ക്‌ ശരിയെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ നൂറ്‌ ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്‌താല്‍ നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.

വര : ഇ വി അനിൽ

ശാസ്‌ത്രീയമായി സംഗീതം പഠിച്ചിട്ടുണ്ടോ?

ഇല്ല. അച്ഛനാണ്‌ എന്റെ ഗുരു. പ്ലസ്‌ ടുവിന്‌ പഠിക്കുമ്പോള്‍ സംഗീതം കൂടുതലായി മനസിലാക്കാനും പഠിക്കാനുമായി ഒരു മ്യൂസിക്‌ സ്‌കൂളില്‍ പോയിരുന്നു. അവിടെ അവര്‍ എന്റെ ജാതി സര്‍ട്ടിഫിക്കറ്റ്‌ ചോദിച്ചു. ഒരാളുടെ കഴിവ്‌ പ്രകടിപ്പിക്കുന്നതിന്‌ എന്തിനാണ്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ ചോദിക്കുന്നതെന്ന്‌ എനിക്ക്‌ മനസിലായില്ല. എനിക്ക്‌ അത്‌ വല്ലാത്ത മാനസിക വിഷമമാണ്‌ ഉണ്ടാക്കി. അംബേദ്‌കറെ ജാതി നേതാവായാണ്‌ ആളുകള്‍ കണക്കാക്കുന്നത്‌. പക്ഷേ ജാതിയേ വേണ്ട എന്ന്‌ പറഞ്ഞ നേതാവാണ്‌ അംബേദ്‌കര്‍. ഒരു വ്യക്തി സ്വന്തം അദ്ധ്വാനം കൊണ്ട്‌ പഠിച്ച്‌ ഒരു നാടിന്‌ ഭരണഘടന എഴുതുന്നത്‌ വരെ എത്തുന്ന എത്ര വലിയ കാര്യമാണ്‌. 'കര്‍പി ഒണ്‍ട്ര്‌ സേര്‍, പുരട്‌ചി സെയ്യ്‌' (വിദ്യ സ്വായത്തമാക്കൂ, വിപ്ലവം സൃഷ്ടിക്കൂ) എന്നാണ്‌ അംബേദ്‌കര്‍ അയ്യാ പറഞ്ഞിട്ടുള്ളത്‌. അങ്ങനെയുള്ള ഒരു നേതാവിനെ പിന്തുടരുന്ന എനിക്ക്‌ അത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെ പഠിക്കാന്‍ ചേരാതെ തിരിച്ചുപോന്നു. സംഗീതമെന്നത്‌ കേട്ട്‌ പഠിക്കുന്ന ഒന്നാണ്‌. കേള്‍വി ജ്ഞാനമാണ്‌ അതിന്‌ വേണ്ടത്‌. അതെനിക്ക്‌ ഉണ്ടെന്ന ധൈര്യത്തിലാണ്‌ അന്ന്‌ ഞാന്‍ തിരിച്ചു പോന്നത്‌.

പാടിയിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്‌ ഏതാണ്‌?

"അയാം സോറി അയ്യപ്പാ" ആണ്‌ പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ട്‌. സ്‌ത്രീകളുടെ അവകാശത്തെക്കുറിച്ചുള്ള പാട്ടാണ്‌ അത്‌. ആ പാട്ടിറങ്ങിയ സമയത്ത്‌ ഒരുപാട്‌ പേര്‍ പാട്ടിന്റെ ആദ്യ വരി കേട്ട്‌ അയ്യപ്പനോട്‌ സോറി പറയുന്ന പാട്ടായാണ്‌ മനസിലാക്കിയിരുന്നത്‌. അത്‌ അങ്ങനെയല്ല എന്ന്‌ പറഞ്ഞ്‌ മനസിലാക്കിക്കാന്‍ തന്നെ ഒരുപാട്‌ കഷ്ടപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ ആ പാട്ട്‌ വൈറലായിരുന്നു. നമ്മുടെ വേദനകള്‍ നമുക്ക്‌ ഒരുപാട്‌ ഇഷ്ടമുള്ള മീഡിയത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ തന്നെ വേറെയാണ്‌.

YouTube Featured

Spotify Profile


Illustration by : E V Anil

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 8:20 pm INDIA