ജൈവ വാസനകളുടെ, സാംസ്കാരിക നിർമിതികളെന്ന നിലയിലുള്ള പരിവർത്തനം മനുഷ്യന്റെ സാമൂഹിക പരിണാമങ്ങളിൽ സംഭവിച്ചതും ഇന്നും തുടരുന്നതുമായ ഒരു പ്രക്രിയയാണ്. കാമം, ക്രോധം തുടങ്ങി മറ്റെല്ലാ വികാരങ്ങളും ഇപ്രകാരം പരിവർത്തനപരമായ സങ്കീർണതകളെ ഉള്ളക്കം ചെയ്തിരിക്കുന്ന രീതിയിലാണ് പുതിയ കാലത്തെ നമ്മിലുള്ളത്. മനുഷ്യന്റെ അഭ്യസ്ത വൃത്തിയായ ഭാഷ (ഭാഷ സഹജമാണെന്ന ചോംസ്കിയൻ വാദവും നിലവിലുണ്ട്) നിർമിതമായ ക്രിത്രിമത്വങ്ങളെ - സംസ്കാരത്തെ - തലമുറകളിൽ പകർത്തിയെഴുതുന്നതിന് പൂർണമായും ഉപയോഗപ്രദവുമാണ്.

ഇത്തരത്തിൽ സാംസ്കാരിക നിർമിതിയായി പരിണമിക്കപ്പെട്ട/സങ്കീർണമാക്കപ്പെട്ട ഒരു ജൈവിക പ്രതിഭാസം തന്നെയാണ് നാമിന്ന് കാണുന്ന ഹാസ്യവും. പാശ്ചാത്യ ലോകത്ത് ആദ്യമായി ഹാസ്യത്തിന്റെ സൈദ്ധാന്തികവൽകരണം നടന്നുകാണുന്നത് ഗ്രീസിലാണ്. യവന തത്വചിന്തകരായ പ്ലേറ്റോയിലൂടെയും അരിസ്റ്റോട്ടിലിലൂടെയുമാണ് അത് സംഭവിക്കുന്നത്. ഇന്ത്യയിലാകട്ടെ അത് ഭരതമുനിയുടെ നാട്യശാസ്ത്രത്തിലൂടെയാണ് സംഭവിച്ചു കാണുന്നത്. 'നാട്യശാസ്ത്രം' എന്ന ഗ്രന്ഥത്തിൽ നവരസങ്ങളിൽ ഒന്നായി 'ഹാസ്യവും' അതിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടേണ്ടതായ 'ഹാസവും' സ്ഥാനം നേടുന്നുണ്ട്.

മനുഷ്യരെ ചിരിയിലേക്ക് നയിക്കുക എന്നതാണല്ലോ ഹാസ്യത്തിന്റെ പ്രാഥമിക ധർമം.എന്നാൽ ഹാസ്യം ഒരു കലാരൂപമായിക്കൂടി വളർന്നതോടെ അതിന് മറ്റു സർഗരൂപങ്ങൾക്കു സമാനമായ സാമൂഹിക പ്രതിബദ്ധതയും വിമർശനോന്മുഖതയും കൈവരുകയുണ്ടായി. കേരളത്തിലേക്കു വരുമ്പോൾ, മറ്റുള്ളവയേക്കാൾ ഏറെ മുൻപേ വിമർശന സാധ്യതയേറ്റെടുത്ത ഒന്നായി ഹാസ്യം മാറുന്നത് കുഞ്ചൻ നമ്പ്യാരിലൂടെ നാം കാണുകയും ചെയ്തു.

ഹാസ്യത്തിന്റെ വിമർശനപരത സറ്റയറുകളായും സർക്കാസങ്ങളായും ചിന്തയെക്കൂടി സമന്വയിപ്പിച്ചുകൊണ്ടു തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. ഓഷോ ഫലിതങ്ങളും സിസക്കിയൻ തമാശകളും അതിന്റെ സാധ്യതകൾ വെളിവാക്കുകയും ചെയ്യുന്നു.
ഹാസ്യത്തിന്റേതായ ഇത്തരം പുരോഗമന സാധ്യതകൾ പക്ഷേ ചെറു ന്യൂനപക്ഷത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്നത് ഒരു വസ്തുതയാണ്. സമൂഹത്തെ പൊതുവിൽ സ്വാധീനിക്കുകയും സമൂഹം പൊതുവായി കണ്ടാസ്വദിക്കുകയും ചെയ്യുന്ന ഹാസ്യങ്ങൾ വിഭിന്നമായ മറ്റുചില സ്വഭാവങ്ങളാണ് നിലവിൽ പുലർത്തിപ്പോരുന്നത്. ഉദാഹരണമായി, ഒരു സ്റ്റാൻഡപ് കൊമേഡിയൻ സദസ്സിനു മുൻപിൽ ഒരു ചോദ്യമെറിയുന്നു.

"എന്തുകൊണ്ടായിരിക്കാം ഹോളിവുഡ് സിനിമകളിൽ ഒരു ഇന്ത്യൻ വില്ലൻ ഇല്ലാത്തത്?"

ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിൽ ബോംബുകൾ സ്ഥാപിച്ച ശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സിനോട് പത്ത് മില്ല്യൻ യു.എസ് ഡോളർ ആവശ്യപ്പെടുന്ന 'രതീഷ്' എന്ന ഇന്ത്യൻ വില്ലനെ തുടർന്നയാൾ പരിഹാസാത്മകമായി അവതരിപ്പിക്കുന്നു.

"പത്ത് മില്ല്യണോ! ഇപ്പോൾ കടുത്ത സാമ്പത്തിക ഞെരുക്കമാണ്. അത്രയും തരാൻ കഴിയില്ല" എന്ന യു.എസ് ഒഫിഷ്യലിന്റെ തന്ത്രം കേട്ട ശേഷം; "പിന്നെ എത്ര കാണും" എന്ന് ചോദിക്കുന്ന ഇന്ത്യൻ ദാരിദ്ര്യവാസിയെ അവതരിപ്പിച്ച് ഷോ അവസാനിക്കുന്നു. സദസ്സിൽ വലിയ ആരവങ്ങളും പൊട്ടിച്ചിരികളും ഉയരുകയും ചെയ്യുന്നു.

ഇന്ത്യയെന്ന മൂന്നാംലോക രാജ്യത്തിന്റെ അവശതകളെ നേരിട്ടുതന്നെ പരിഹസിക്കുന്ന ഈ അവതരണം ഭൂരിപക്ഷത്തേയും 'രസിപ്പിക്കുക' മാത്രം ചെയ്യുന്നത് എന്തുകൊണ്ടാകാം? ഇംഗ്ലീഷിൽ അവതരിപ്പിക്കപ്പെട്ട ഈ സ്റ്റാന്റപ് കോമഡി ഇംഗ്ലീഷ് അറിയുന്ന ഇന്ത്യൻ യുവത (ഭൂരിപക്ഷവും യുവാക്കൾ) കാണുമ്പോൾ അവർ യാഥാർത്ഥ്യത്തിൽ നിന്ന് വേറിട്ടതായ ഒരു സ്വത്വം തങ്ങളിൽ സ്വയമാരോപിക്കുന്നു എന്നതു തന്നെയാണ് അതിന് കാരണമാകുന്നത്.ഇന്ത്യക്കാരൻ തന്നെയായ (!) അവതരകനിലും സമാനമായ/അപഹാസ്യമായ ആഗോള പൗരത്വ പ്രതീതി പ്രകടമാവുകയും ചെയ്യുന്നു.

കേരളത്തിൽ വ്യാപകമായി പ്രചാരമുള്ള ടെലിവിഷൻ കോമഡി ഷോകളിലൂടെ വമിക്കുന്ന ദളിത്-ആദിവാസി-അടിസ്ഥാനവർഗ-അസവർണ ഹിംസകളെ ഇതേ പരിസരത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്. കറുത്ത ശരീരമുള്ള മനുഷ്യരെ അപരവൽകരിക്കുകയെന്നത് കാലാകാലങ്ങളായി ഇത്തരം പരിപാടികൾ തുടർന്നുവരുന്ന ഒരു കച്ചവട തന്ത്രമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന വർണവെറിയെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുക എന്നതിനോടൊപ്പം നിലവിലുള്ളതിനെ ഊട്ടിയുറപ്പിക്കപ്പെടുന്നതിനും ത്വരിതപ്പെടുന്നതിനും കൂടി ഇത്തരം പരിപാടികൾ കാരണമാവുന്നുണ്ട്.

ഇതേ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ വളരെ മുൻപുതന്നെ ജനാധിപത്യ വാദികളിൽ നിന്ന് ഉയർന്നു വന്നിട്ടുള്ളതുമാണ് ('Stop Media Violence' എന്ന പേരിൽ ഓൺലൈൻ മുന്നേറ്റങ്ങളും നടന്നു വരുന്നുണ്ട്). എന്നാൽ ഈ വിഷയത്തിൽ ടെലിവിഷൻ അധികാരികൾ നൽകിപ്പോരുന്ന വിശദീകരണം; ഇത്തരം പരിപാടികളുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും അഭിനയിക്കുന്നതുമടക്കം കീഴാള പശ്ചാത്തലത്തിൽ നിന്നുള്ളവർ തന്നെയാണെന്നാണ്. ഇത് വാസ്തവവുമായിരിക്കാം. എന്നാൽ മേൽപ്പറഞ്ഞ സ്റ്റാന്റപ് കൊമേഡിയന്റേതിനു സമാനമായി, ടെലിവിഷൻ സെലിബ്രിറ്റികൾ എന്ന സ്വയം അണിഞ്ഞ സ്വത്വമാണ് ഇത്തരക്കാരെ നയിക്കുന്നത്.

തങ്ങളുടെ ചർമമോ മറ്റു സാംസ്കാരിക സവിശേഷതകളോ പറിച്ചെറിയാനാവാത്ത വിധം തുന്നിച്ചേർക്കുന്ന പതിത്വത്തെ നിഷേധിക്കാനുള്ള അനുകമ്പാർഹമായ ശ്രമങ്ങളിലാണ് ഇത്തരക്കാരെന്നും അനുമാനിക്കാവുന്നതാണ്. ഇപ്രകാരം ടെലിവിഷൻ വിളമ്പുന്ന പിന്തിരിപ്പൻ പരിപാടികളുടെ സ്ഥിരം കാഴ്ചക്കാരിൽ ഭൂരിപക്ഷവും അവശ വിഭാഗങ്ങൾ തന്നെയാണ് എന്നതാണ് മറ്റൊരു വൈരുദ്ധ്യം. അവരാകട്ടെ ഇവ ആസ്വദിച്ചു വരികയും ചെയ്യുന്നു. തങ്ങളെ താന്താങ്ങളുടെ സ്വത്വങ്ങളിൽ നിന്ന് വേറിട്ടുകാണുന്നതോ കൂട്ടായ്മാപരമായ ഒരു സ്വത്വബോധമില്ലാത്തതോ ആയ ഒരു അവസ്ഥയാണ് ഇതിൽ നിന്നും മനസ്സിലാക്കാനാവുന്നത്.

ആധിപത്യപരമായ ശരി-തെറ്റുകളെ സമൂഹമൊന്നാകെ ശിരസ്സാ വഹിക്കുന്നു എന്ന വ്യാഖ്യാനം കൂടി ഇവിടെ ഉചിതമാണ്. സ്റ്റാന്റപ് കോമഡിയുടെ പ്രേക്ഷകരിൽ അത് ആഗോളമാണെങ്കിൽ കേരളീയ പരിഹാസങ്ങളുടെ ആസ്വാദകരിൽ അത് തദ്ദേശീയമാണെന്നു മാത്രം. പഴയൊരു മലയാളം സിനിമയിൽ തന്റെമേൽ ചെളി തെറിപ്പിച്ച് പാഞ്ഞുപോകുന്നൊരു കാറിലേക്ക് നോക്കി "എന്തൊരു സ്പീഡ്"എന്ന് അത്ഭുതം കൂറുന്ന ഭരത് ഗോപി കഥാപാത്രത്തെപ്പോലെ മൂന്നാം ലോകത്തിന്റെ ദൈന്യതാ വൈവിധ്യങ്ങൾ തുടരുന്നു.

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 8:36 pm INDIA