സി പി എമ്മിന്റെ സവര്‍ണ്ണതയും ബ്രാഹ്മണ കമ്മ്യൂണിസവും

'സവര്‍ണ്ണ സമുദായ സംവരണം' നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ മറുപടി പാർട്ടി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് തങ്ങളുടെ നയമാണെന്നുമാണ്. അതേ, അതുതന്നെയാണ് കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതും ചോദ്യം ചെയ്യുന്നതും. സി പി എമ്മിനും ആര്‍ എസ് എസ്സിനും ബി ജെ പിയ്ക്കും കോണ്‍ഗ്രസ്സിനും സവര്‍ണ്ണ രാഷ്ട്രീയ വക്താക്കള്‍ക്കും ഒരേനയവും കാഴ്ചപ്പാടും രൂപപ്പെടുന്നു; അത് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കപ്പെടുന്നു. സവര്‍ണ്ണ രാഷ്ട്രീയത്തോടുള്ള ഈ യോജിപ്പ് ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലൊക്കെത്തന്നെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രൂപപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകൃതമാകുന്നത് മുതല്‍ ( ബ്രാഹ്മിന്‍സ് ബോയ്സ് എന്ന അംബേദ്കറുടെ സംബോധന പ്രസിദ്ധമാണല്ലോ ), പിന്നീടവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു 'പാര്‍ശ്വവൽകൃതരുടെ വിമോചനം' എന്ന പേരില്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണം, ലക്ഷം വീട് കോളനി, ഹരിജന്‍ കോളനി തുടങ്ങിയ കോളനിവല്‍ക്കരണ പദ്ധതി മുതലിങ്ങോട്ട്‌ ഏറ്റവുമൊടുവില്‍ ആദിവാസികളും ദലിതരും ഉള്‍പ്പെടെയുള്ള പാര്‍ശ്വവൽകൃതരുടെ ഭൂമി, സ്വത്തുടമസ്ഥത, വിഭവാധികാരം എന്നിവ നിഷേധിച്ചുകൊണ്ട് വീണ്ടും അടിസ്ഥാന ജനതയെ കോളനിവല്‍ക്കരിക്കുകയും സാമൂഹികമായും രാഷ്ട്രീയമായും പുറംന്തള്ളുകയും ചെയ്യുന്ന ലൈഫ് ഫ്ലാറ്റ് പദ്ധതി, തോട്ടംകുത്തകകള്‍ക്കും ഫ്യൂഡലുകള്‍ക്കും വേണ്ടി തോട്ടംഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കുന്നത്, സവർണ്ണ സമുദായ സംവരണം വരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ സി പി എം പിന്തുടരുന്നത് സവര്‍ണ്ണ ബോധ്യങ്ങളില്‍ നിന്നുള്ള രാഷ്ടീയ നയങ്ങളും പദ്ധതികളുമാണെന്നു കാണാന്‍ കഴിയും. രാഷ്ട്രീയ പദ്ധതികളിലും നയപരിപാടികളിലും സംഘടനാ പ്രാതിനിധ്യത്തിലും ഈ വരേണ്യത കാണാന്‍ കഴിയും.

സ്വയംഭരണാവകാശം, വനാവകാശ നിയമം, ഭൂവിതരണം തുടങ്ങിയ അവകാശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ ആദിവാസിസമൂഹം 162 ദിവസം നടത്തിയ നിൽപ് സമരം.

സി പി എം പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് അവശേഷിക്കുന്ന ഈഴവ - തിയ്യ പ്രാതിനിധ്യം കൂടി ക്രമേണ ഇല്ലാതാകുന്നു എന്നതാണ് ഗൗരവമേറിയ മറ്റൊരു വിഷയം. കേരളത്തില്‍ സി പി എമ്മിന്റെ ബഹുജന അടിത്തറ ഈഴവരും തീയ്യരും പട്ടികജാതി സമൂഹവും പിന്നാക്ക സമൂഹങ്ങളുമാണ്. എന്നാല്‍ നിലവിലെ നേതൃത്വനിര പരിശോധിച്ചാല്‍ പിണറായി വിജയനു ശേഷം പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതൃനിരയില്‍ കോടിയേരി ബാലകൃഷ്ണന്‍ മുതലിങ്ങോട്ട്‌ ബഹുഭൂരിപക്ഷവും നായര്‍ - സവര്‍ണ്ണ വിഭാഗങ്ങളാണെന്നു കാണാന്‍ കഴിയും. പി രാജീവും, ബാലഗോപാലും, ശ്രീരാമകൃഷണനും, എം ബി രാജേഷും തുടങ്ങി എം സ്വരാജ് വരെയുള്ള അടുത്ത തലമുറ നേതൃത്വമാകട്ടെ നായര്‍ - സവര്‍ണ്ണ വിഭാഗങ്ങളുടെ സമുദായകൂട്ടമായി മാറുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ എടുത്ത് പറയത്തക്ക ഈഴവ - തീയ്യ യുവജന നേതൃത്വം നന്നേ കുറയുന്നു. പട്ടികജാതിക്കാരുടെ അവസ്ഥ പിന്നെ പണ്ടേ പ്രസിദ്ധമാണല്ലോ. ലോക്കല്‍ - ഏരിയ കമ്മറ്റി വരെ പ്രാദേശിക രാഷ്ട്രീയത്തിന് അനുസരിച്ചും ജനസംഖ്യാ അടിസ്ഥാനത്തിലും പിന്നോക്ക സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കും. അങ്ങനെയാണവര്‍ അടിത്തട്ടു ശക്തിപ്പെടുത്തി നിര്‍ത്തുന്നത്. അതാണ് തന്ത്രവും. എന്നാല്‍ പാർട്ടിയുടെ മുകളിലേക്ക് വരുംതോറും അതിന്റെ സ്വഭാവവും ഘടനയും മാറും. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബൌദ്ധിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ സവര്‍ണ്ണര്‍ ആണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സി പി എമ്മിന്റെ നയപരിപാടികളില്‍ പ്രതിഫലിക്കുന്നത് ഈ ബോധ്യങ്ങളുടെ കാഴ്ചപ്പാടുകളാണ്. ബി ജെ പിയാകട്ടെ വളരെ തന്ത്രപൂര്‍വ്വം ഈഴവ - തിയ്യ നേതാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ രാഷ്ട്രീയ കളികള്‍ ആരംഭിച്ചിട്ട് കുറച്ചു വര്‍ഷങ്ങളാകുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തില്‍ മറ്റൊരു ധ്രുവീകരണം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് അവര്‍ ശ്രമിക്കുന്നത്.

സവര്‍ണ്ണ സമുദായ സംവരണം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ രാഷ്ട്രീയ വിവാദം ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ സജീവമായി രംഗത്തുള്ളത് ബി ജെ പിയോ, ആര്‍ എസ് എസ്സോ, സവര്‍ണ്ണ സമുദായ പ്രതിനിധികളോ അല്ല ; സി പി ഐ എമ്മും ഇടതുപക്ഷ സര്‍ക്കാര്‍ വക്താക്കളുമാണ്. ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ രൂപപ്പെടുന്ന വൈരുദ്ധ്യമല്ലിത്. സി പി ഐ എമ്മിന്റെ ആന്തരിക സത്തയില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് ഈ സവര്‍ണ്ണത തന്നെയാണ്. അടിസ്ഥാന ജനതയുടെ പാര്‍ട്ടിയാണെന്ന് പറയുമ്പോഴും സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മറ്റിയിലും പോളിറ്റ്ബ്യൂറോയിലും സവര്‍ണ്ണര്‍ ബഹുഭൂരിപക്ഷമായി മാറുന്നത് സി പി എം ഈ സത്തയിലും ബ്രാഹ്മണിക് മൂല്യങ്ങളിലുമാണ് നിലനില്‍ക്കുന്നത് എന്നതുകൊണ്ടാണ്.

ബി ജെ പിയും ആര്‍ എസ് എസ്സും സംഘപരിവാറും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലത് പാര്‍ട്ടികള്‍ ഇന്ത്യയില്‍ സ്ഥാപിച്ചെടുത്ത 'സാമ്പത്തിക സംവരണം', സംവരണതത്വത്തിനും സാമൂഹിക നീതി കാഴ്ച്ചപ്പാടിനുമെതിരായി, ഭരണഘടനാവിരുദ്ധമായി ഇന്ത്യയില്‍ ആദ്യമായി മുന്നോട്ട് വെച്ചത് 1958ല്‍ ഇ എം എസ് നമ്പൂതിരിപ്പാട് ചെയര്‍മാനായ ഒന്നാം ഭരണപരിഷ്ക്കാര കമീഷനാണ്. ക്രീമിലയറിനു വേണ്ടി ശക്തിയുക്തം വാദിച്ചതും ഇ എം എസ് നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ദേശീയ നേതൃത്വമാണ്. അദ്ദേഹം പറഞ്ഞത് തന്റെ വാദങ്ങളാണ് ക്രീമിലയറിനായി എടുത്തിട്ടുള്ളത് എന്നാണ്. ഇതൊക്കെ ഇ എം എസ് നമ്പൂതിരിമാര്‍ക്ക് അങ്ങനെ വെറുതെ തോന്നുന്നതൊന്നുമല്ല. അവരുടെ ചരിത്ര ബോധ്യത്തിന്റെയും ജാതിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്.

കേരള സർക്കാരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍

"കേരളത്തിനു മാത്രമല്ല ഇന്ത്യക്കാകത്തന്നെ ആര്യബ്രാഹ്മണരില്‍ നിന്ന് കിട്ടിയ വലിയൊരു സംഭാവനയാണ് ജാതി" എന്നാണ് ഇ എം എസ് 'കേരളം മലയാളിയുടെ മാതൃഭൂമി' എന്ന ചരിത്ര പുസ്തകത്തില്‍ എഴുതിയത്. "ജാതി സമ്പ്രദായം നടപ്പിലായത് ഇന്ത്യയുടെ സാമൂഹിക വളര്‍ച്ചയില്‍ അതിപ്രധാനമായ സ്ഥാനം വഹിക്കുന്ന ഒരു സംഭവമാണ്. ആളുകളെ തങ്ങളുടെ ജോലിക്കനുസരിച്ചു വേറെ വേറെ ജാതികളായി തിരിക്കാന്‍ തുടങ്ങിയത് മുതല്‍ക്കാണ് കൃഷിയും കൈത്തൊഴിലുകളും കച്ചവടവും കലയും സാഹിത്യവും ആയോധനമുറയും മറ്റും വളര്‍ന്നു വരുവാന്‍ തുടങ്ങിയത്. അച്ഛന്റെ തൊഴില്‍തന്നെ മകനും അനുസരിക്കുക; തന്റെ കുടുംബത്തൊഴിലില്‍ പരിശീലനം നേടി വിദഗ്ദനാകാനുള്ള ആഗ്രഹം ഓരോ ബാലനിലും ഉളവാക്കുക" എന്നാണ് അതേ പുസ്തകത്തില്‍ ഇ എം എസ് എഴുതിയിരിക്കുന്നത്. "ജാതിക്കെതിരെ" ഇ എം എസ് സംസാരിക്കുന്നു എന്ന് പറയുമ്പോഴും നമ്പൂതിരിപ്പാടിന്റെ ജാതിയെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാട് ജാതീയതയില്‍ അധിഷ്ഠിതമാണ്. കേരള നവോന്ഥാനത്തിനു നെടുംതൂണായി മാറിയ മഹാത്മ അയ്യന്‍കാളിയെക്കുറിച്ച് ഇ എം എസ് നമ്പൂതിരിപ്പാടിന് 'കേരളം മലയാളിയുടെ മാതൃഭൂമി' എന്ന ചരിത്ര പുസ്തകത്തിൽ ഒരക്ഷരം പോലും കുറിക്കാന്‍ കഴിയാതെ പോയത് ഈ ജാതി ബോധ്യങ്ങളുടെ ഉള്‍ക്കാഴ്ചകളില്‍ പെടുന്നതുകൊണ്ടാണ്. ചുരുക്കത്തില്‍ കായസ്ഥ ജോതിബസു ബംഗാളില്‍ മുപ്പത് കൊല്ലം തുടര്‍ച്ചയായി ഭരിക്കുന്നതും ബ്രാഹ്മണനായ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതും ആഗ്രഹാരങ്ങള്‍ കോളനികളെ പോലെ നശിച്ചു പോയെന്നു കോടിയേരി ബാലകൃഷ്ണന് തോന്നുന്നതും യാദൃശ്ചികം ആയി സംഭവിക്കുന്നതല്ലെന്ന് ചുരുക്കം.

മുന്നോക്ക സമുദായ സംവരണം കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാകുന്നതുമായി ബന്ധപ്പെട്ടു വിവാദം ഉയര്‍ന്നപ്പോള്‍ എല്‍ ഡി ഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ പറഞ്ഞത് പാർലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ നടപ്പിലാക്കാതെ ഇരിക്കാന്‍ കഴിയും എന്നാണ്. ഇന്ത്യയില്‍ സാമ്പത്തിക സംവരണം പാര്‍ലമെന്റു പാസാക്കുന്നതിന് മുന്‍പ് ഇന്ത്യയില്‍ ആദ്യമായി മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കിയത് കേരളത്തിലാണ്. അതും "പുരോഗമന" ഇടതുപക്ഷ സര്‍ക്കാര്‍. 96 ശതമാനം സവര്‍ണ്ണര്‍ക്ക് പ്രാതിനിധ്യമുള്ള ദേവസ്വം ബോഡിലാണ് പിന്നേം 10 ശതമാനം കൂടി മുന്നോക്ക സമുദായ സംവരണം നല്‍കുന്നത് എന്നുകൂടി ഓര്‍ക്കണം. മാത്രമല്ല ഭരണഘടനാ ഭേദഗദി കൊണ്ടവന്നു ഇതുപോലെ മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കാന്‍ ബി ജെ പിക്കും കേന്ദ്ര സർക്കാരിനും തന്റെടമുണ്ടോ എന്ന് പാര്‍ട്ടി സെക്രട്ടി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. നോക്കണേ സി പി എമ്മിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും ആത്മാര്‍ത്ഥത.

സംസ്ഥാനങ്ങളിലെ സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി പത്ത് ശതമാനം വരെ സംവരണം നടപ്പിലാക്കാം എന്നാണ് നിയമം പറയുന്നത്. അതായത് സംസ്ഥാനങ്ങളിലെ മുന്നോക്കകാരുടെ പിന്നോക്കാവസ്ഥയ്ക്ക് അനുസരിച്ച് സംവരണം നടപ്പിലാക്കാം എന്നാണ്. അതിനു ആദ്യം ചെയ്യേണ്ടത് സംസ്ഥാനത്തെ മുന്നോക്കക്കാരായ നായര്‍ സമുദായത്തിന്റെയും നമ്പൂതിരിമാരുടെയും മറ്റ് മുന്നോക്ക ഹിന്ദു സമുദായങ്ങളുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും സാമൂഹിക പിന്നോക്കാവസ്ഥ എന്തെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ - പൊതുമേഖല മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യക്കുറവുണ്ടോ എന്നത് സംബന്ധിച്ച പഠനം നടത്തുകയാണ് വേണ്ടത്. ഇത്തരമൊരു പഠനം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

സവർണ്ണരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനു മാനദണ്ഡം നിശ്ചയിക്കാൻ നിയോഗിച്ച റിട്ടേഡ് ജഡ്ജ് കെ ശശിധരൻ നായർ ചെയർമാനായ കമീഷൻ നൽകിയ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താൻ ആധികാരികമായ സ്ഥിതിവിവരണ കണക്കുകളോ സർവ്വേകളോ ഇല്ലായെന്നതാണ് കമീഷൻ നേരിട്ട പ്രധാന ബുദ്ധിമുട്ടെന്ന്. പിന്നെങ്ങനെയാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സര്‍ക്കാര്‍ കണ്ടെത്തിയത് ? അവർക്ക് 10 ശതമാനം സംവരണം തന്നെ നൽകണമെന്ന് നിശ്ചയിച്ചത് ?

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്ക് പുറത്ത് വിട്ടാല്‍ ഈ ന്യൂനത പരിഹരിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിനു തയ്യാറാകുകയില്ല. കാര്യം വളരെ വ്യക്തമാണ്. സര്‍ക്കാര്‍ മേഖലയില്‍ എന്നല്ല പൊതുമേഖലയിലും സ്വകാര്യമേഖലയിലും മൃഗീയ ഭൂരിപക്ഷമുള്ളത് ( പ്രാതിനിധ്യമുള്ളത് ) സവര്‍ണ്ണ സമുദായങ്ങള്‍ക്കാണ്.
ശാസ്ത്ര സാഹിത്യ പരീക്ഷത് നടത്തിയ കേരള പഠനത്തിൽ നായർ സമുദായത്തിന്റെ പ്രാതിനിധ്യം +40ഉം മറ്റു മുന്നോക്ക സവർണ്ണ സമുദായങ്ങളുടെ പ്രാതിനിധ്യം +56ഉം ആണ് കിസ്ത്യാനികളുടെത് +11മാണ്. പുറത്ത് വന്നൊരു മറ്റൊരു കണക്ക് ദേവസ്വം ബോഡിലേതാണ്. അവിടെ 82 ശതമാനം നായര്‍ സമുദായവും 14ശതമാനം മറ്റു മുന്നോക്കര്‍ക്കുമാണ് പ്രാതിനിധ്യമുള്ളത്. അതായത് 96 ശതമാനവും മുന്നോക്കക്കാരുള്ള ദേവസ്വം ബോര്‍ഡിലാണ് 10 സംവരണം സവര്‍ണ്ണ സംവരണം വീണ്ടും സി പി ഐ എമ്മും ഇടതുപക്ഷ സർക്കാരും നടപ്പിലാക്കിയത്!

മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും ആവര്‍ത്തിച്ചു പറയുന്നത് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ഓപ്പന്‍ ക്വാട്ടയായ 50 ശതമാനത്തില്‍ നിന്നാണെന്നും അതുകൊണ്ട് സംവരണ വിഭാഗങ്ങളുടെ 50 ശതമാനം സംവരണത്തിനു ഒരുകുറവും സംഭവിക്കില്ലായെന്നുമാണ്. അതായത് ഓപ്പന്‍ ക്വാട്ടയിലെ 50 ശതമാനത്തിന്‍റെ 10 ശതമാനം എന്ന് പറയുമ്പോള്‍ മൊത്തം സീറ്റിന്‍റെ 5 ശതമാനം. പക്ഷെ ഇത് തികച്ചും അടിസ്ഥാന രഹിതമായ കാര്യാമാണെന്നും മുന്നോക്ക സംവരണത്തിന്റെ മറവില്‍ നടക്കുന്നത് പിന്നോക്ക വിഭാഗങ്ങളുടെ സംവരണ അട്ടിമറിയാണെന്നും മെഡിക്കല്‍, എഞ്ചിനീറിംഗ്, ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ കണക്ക് പുറത്ത് വന്നതില്‍ നിന്ന് മനസ്സിലാകുന്നതാണ്. മെഡിക്കല്‍ സീറ്റ് പ്രവേശനത്തില്‍ ദേശീയ ക്വാട്ട സീറ്റ് മാറ്റിയിട്ടുള്ള 1045 സീറ്റില്‍ 130 സീറ്റും മാറ്റി വെച്ചിട്ടുള്ളത്‌ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് വേണ്ടിയാണ്. അലോട്ട്മെന്റ് നടന്ന 1,62,815 ഹയര്‍ സെക്കന്ററി സീറ്റില്‍ 16711 സീറ്റും നീക്കി വെച്ചിരിക്കുന്നത് മുന്നോക്കക്കാരായ പിന്നോക്കക്കാര്‍ക്കാണ്. എഞ്ചിനീറിംഗ് സീറ്റുകളുടെ അവസ്ഥയും സമാനമാണ്. ചുരുക്കത്തില്‍ മൊത്തത്തില്‍ ഉള്ള സീറ്റിന്‍റെ പത്തു ശതമാനം, അതായത് 50 ശതമാനം സംവരണ വിഭാഗങ്ങളുടെ സീറ്റുകൂടി എടുത്താണ് മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. മാത്രമല്ല പത്തു ശതമാനത്തില്‍ നിന്ന് മുകളിലാണ് ഈ സീറ്റുകളുടെ ശതമാനമെന്ന് കാണാനും കഴിയും.

വിവരാവകാശ രേഖപ്രകാരം 1,17,267 കരാര്‍ നിയമനങ്ങളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയിട്ടുള്ളത്. ആയിരക്കണക്കിന് സംവരണ സീറ്റുകളാണ് ഇതിലൂടെ ദലിത് ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടത്. 59 വകുപ്പുകളിലായി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ 1674 ഒഴിവുകള്‍ രേഖപ്പെടുത്തിയെങ്കിലും 99 ശതമാനവും നികത്തപ്പെട്ടിട്ടില്ലെന്നും ഈ കാര്യത്തില്‍ വീഴ്ചപറ്റിയെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികജാതിക്കാരുടെ ഒഴിവുകള്‍ നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആഗസ്റ്റ് 20 നു ചേര്‍ന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യ അവലോകന യോഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. എസ് സി, എസ് ടി വകുപ്പിന് കീഴില്‍ പട്ടികജാതിക്കാരുടെ പ്രത്യേക ഘടക പദ്ധതി ഫണ്ട് കൊണ്ട് നിര്‍മ്മിച്ചതും പ്രവര്‍ത്തിക്കുന്നതുമായ പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വലിയ സംവരണ അട്ടിമറിയാണ് എ കെ ബാലനും ഇടതുപക്ഷ സര്‍ക്കാരും സി പി ഐ എമ്മും നടത്തുന്നത്. മാത്രമല്ല പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ വികസനത്തിനായും പദ്ധതികള്‍ക്കായും വിനിയോഗിക്കേണ്ടുന്ന കോടിക്കണക്കിനു തുകയാണ് വകമാറ്റുന്നത്. അതുകൊണ്ടാണ് ബാഡ്ജറ്റില്‍ വകയിരുത്തുന്നതിന്റെ പകുതി പോലും ഇടതുപക്ഷ സര്‍ക്കാര്‍ ചിലവഴിക്കാത്തത്. 2019 - 20 20 സാമ്പത്തിക വര്‍ഷം ബാഡ്ജക്റ്റില്‍ വകയിരുത്തിയതിന്റെ 42 ശതമാനം മാത്രമാണ് ചിലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഇതുവരെ 27 ശതമാനം തുക മാത്രമേ ചിലവാക്കിയിട്ടുള്ളൂ. എവിടേയ്ക്കാണ് ഈ തുകകള്‍ പോകുന്നത് ?

സാമ്പത്തിക സംവരണം നിലവില്‍ വന്നതിന് ശേഷം മറ്റ് ഏത് സംസ്ഥാനത്തെക്കാളും ധൃതിയിലും വേഗത്തിലുമാണ് പുരോഗമന ഇടതുപക്ഷ സര്‍ക്കാര്‍ അവ നടപ്പിലാക്കുന്നത്, അതും യാതൊരുവിധ പഠനങ്ങളോ കണക്കുകളോയില്ലാതെ. കേന്ദ്ര നിയമം വന്നാല്‍ നടപ്പിലാക്കേണ്ടതല്ലേ എന്ന നിഷ്ക്കളങ്ക ചോദ്യമാണ് "പുരോഗമന വാദികള്‍" ഉന്നയിക്കുന്നത്. എന്നാല്‍ ആദിവാസികളുടെ സവിശേഷാധികാരമായ ഭരണഘടന 244 ഷെഡ്യൂള്‍ 5 ല്‍ വിഭാവനം ചെയ്യുന്ന സ്വയംഭരണ അധികാരം നടപ്പിലാക്കണമെന്നു ഇവര്‍ക്ക് തോന്നുന്നേയില്ല. ആദിവാസികളുടെ വനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഇവര്‍ക്ക് തോന്നുന്നേയില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള 1975ലെ നിയമം നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല നായനാര്‍ സര്‍ക്കാര്‍ ഈ നിയമം അട്ടിമറിക്കുക കൂടി ചെയ്തു. ദലിത് ആദിവാസി പിന്നാക്ക സമൂഹമുള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്കും ചേരിനിവാസികള്‍ക്കും കോളനിവാസികള്‍ക്കും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അധികാരം ഉറപ്പിക്കാന്‍ ഭൂ-വിഭവങ്ങളുടെ പുനര്‍വിതരണം നടപ്പിലാക്കാന്‍ കഴിയുന്ന നിവേദിത പി ഹരന്‍ മുതല്‍ ഡോ. രാജമാണിക്യം ഐ എ എസ് വരെയുള്ള ആറു കമീഷന്‍ റിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. കേരളം ഊറ്റം കൊള്ളുന്ന പൊതുമേഖല വിദ്യാഭാസത്തിന്റെ സിംഹഭാഗവും - കോളേജുകളുടെ 72 ശതമാനവും സ്കൂളുകളുടെ 58 ശതമാനവും - നിലനില്‍ക്കുന്നത് എയിഡഡ് മേഖലയിലാണ്. ഇവിടുത്തെ ദലിത് ആദിവാസി പ്രാതിനിധ്യം 0.38 ശതമാനമാണ്. കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനത്തിന്റെ 14 ശതമാനം ഉപയോഗിക്കുന്നത് ഈ എയിഡഡ് മേഖലയിലാണ്. ആദിവാസികളുടെയും ദളിതരുടെയും അര ശതമാനം പോലും പ്രാതിനിധ്യം ഇവിടെയില്ല. ഇവര്‍ക്കെന്തേ സര്‍ക്കാര്‍ പൊതുപണം മുടക്കുന്നിടത്ത് സംവരണം നടപ്പിലാക്കണമെന്നും അതിനായി എന്തെങ്കിലും ചെയ്യണമെന്നും ഈ നിയമങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നടപ്പിലാക്കണമെന്നും തോന്നാത്തത് ? തോന്നില്ല, അതാണ്‌ ജാതിയുടെ യുക്തി. ഈ നിയമങ്ങളും റിപ്പോര്‍ട്ടുകളും നടപ്പിലാക്കാന്‍ തോന്നാത്ത മനോഘടനയാണ് ജാതി. ബഹുഭൂരിപക്ഷം വരുന്ന പിന്നോക്കക്കാര്‍ അതിപിന്നാക്കാവസ്ഥയില്‍ കിടന്നാലും കുഴപ്പമില്ല ജനസംഖ്യയുടെ 20 ശതമാനം വരുന്ന സവര്‍ണ്ണരിലെ ഒരു ശതമാനം പോലും വരാന്‍ സാധ്യതയില്ലാത്ത പിന്നോക്കക്കാര്‍ക്ക് വേണ്ടി ഭരണഘടന തന്നെ പൊളിച്ചെഴുതണമെന്നു തോന്നുന്ന സങ്കടത്തിന്റെയും ധാമ്മിക രോക്ഷത്തിന്റെയും പേരാണ് ജാതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സവര്‍ണ്ണര്‍ക്ക് സാമ്പത്തിക പാക്കേജുകളോ, പ്രത്യേക പദ്ധതികളോ, പഠനത്തിനുള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് ധന സഹായമോ സാമ്പത്തിക പദ്ധതികളോ അല്ല വേണ്ടത്; ജാതിയുടെ അസമത്വം കൊണ്ട് സാമൂഹികമായി പുറംന്തള്ളപ്പെട്ടു പോയവര്‍ക്ക് സാമൂഹിക നീതിക്കായി ഭരണഘടനാപരമായി ഉറപ്പു നല്‍കിയ സംവരണം തന്നെ നല്‍കണമെന്ന് തോന്നുന്ന ബോധ്യമാണ് ജാതി.

വര - ഇ.വി അനിൽ

ജനാധിപത്യസംവിധാനത്തിനുള്ളിലും പാര്‍ട്ടിക്കുള്ളിലും ജാതിയുടെ അധികാര ബന്ധങ്ങളെയും പ്രിവില്ലേജുകളെയും ഉപയോഗിക്കാന്‍ കഴിയുകയും എന്നാല്‍ തന്ത്രപൂര്‍വ്വം അവയെ അദൃശ്യവല്‍ക്കരിക്കാനും അടിസ്ഥാന ജനതയുടെ വികസനമെന്ന പേരില്‍ സവര്‍ണ്ണ നയങ്ങള്‍ നടപ്പിലാക്കാനും അവയ്ക്ക് ജനകീയമുഖം നല്‍കാനും സി പി എമ്മിനും മുഖ്യധാര ഇടതുപക്ഷത്തിനും കഴിയുന്നു എന്നതാണ് അവരുടെ വിജയം. അതൊരു ജാതി വിജയം കൂടിയാണ്. പക്ഷെ എത്രനാള്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയെ ജാതി അധികാരത്തിനു അടിച്ചമര്‍ത്താനും സാമൂഹിക വിമോചനത്തില്‍ നിന്ന് തടയാനും കഴിയും ?

കെ സന്തോഷ്‌ കുമാർ

Cover Image Courtesy : Brahmin Marxism - S.K Biswas

Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 7:28 pm INDIA