പൂന ഉടമ്പടിയെ കുറിച്ചും ഗാന്ധിയെക്കുറിച്ചും സംസാരിക്കുന്നു.

ബിബിസി: ഗാന്ധിയെ കുറിച്ച് ?

അംബേദ്കർ: 1929 ലാണ് ഞാൻ ആദ്യമായി ഗാന്ധിയെ കണ്ടത്. എന്റെ ഒരു സുഹൃത്ത്, ഞങ്ങളുടെ ഒരു പൊതുസുഹൃത്ത്, എന്നെ കാണാൻ ഗാന്ധിയോട് ആവശ്യപ്പെട്ടു. അങ്ങനെ എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു അദ്ദേഹം എനിക്ക് കത്തെഴുതി. ഞാൻ പോയി അദ്ദേഹത്തെ കണ്ടു. വട്ടമേശ സമ്മേളനത്തിന് പോകുന്നതിനു തൊട്ടുമുമ്പായിരുന്നു അത്. തുടർന്ന് അദ്ദേഹം രണ്ടാം വട്ടമേശ സമ്മേളനത്തിന് വന്നു, ആദ്യത്തേത്തിന് വന്നിരുന്നില്ല. അഞ്ചാറ് മാസം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ പോയി കണ്ടിരുന്നു. പിന്നെ രണ്ടാം വട്ടമേശ സമ്മേളനയിടത് വെച്ചും കണ്ടു. അത് കഴിഞ്ഞ് പൂന ഉടമ്പടിയിൽ ഒപ്പുവെച്ചതിനുശേഷം അദ്ദേഹം എന്നോട് വന്നു കാണാൻ ആവശ്യപ്പെട്ടു. അതിനാൽ അന്നും കാണാൻ പോയി. അന്ന് അദ്ദേഹം ജയിലിലായിരുന്നു. സത്യത്തിൽ ഇത്രയും തവണയേ ഗാന്ധിയെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളൂ. പക്ഷേ ഞാൻ എപ്പോഴും പറയുന്നത് പോലെ മിസ്റ്റർ ഗാന്ധിയെ ഒരു എതിരാളി എന്ന നിലയിൽ കണ്ടുമുട്ടിയപ്പോൾ എനിക്ക് അദ്ദേഹത്തെ മറ്റുള്ളവരേക്കാൾ നന്നായി അറിയാമെന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. കാരണം അദ്ദേഹം തന്റെ യഥാർത്ഥ ദംഷ്ട്രകൾ എനിക്ക് മുന്നിൽ തുറന്ന് കാണിച്ചിരുന്നു. അയാളുടെ ഉള്ള് ഞാൻ കണ്ടതാണ്. ഭക്തരായി അവിടെ പോയ മറ്റുള്ളവർക്ക് അദ്ദേഹത്തിന്റെ മഹാത്മാവായി അവതരിപ്പിച്ച ബാഹ്യരൂപമല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഞാൻ, ഒരു മനുഷ്യൻ എന്ന നിലയിൽ അയാളുടെ ശേഷിയേയും അയാളിലെ നഗ്നനായ മനുഷ്യനേയും കണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന മിക്ക ആളുകളേക്കാളും ഞാൻ അദ്ദേഹത്തെ മനസ്സിലാക്കിയിരുന്നു എന്ന് പറഞ്ഞത്.

ബിബിസി: ഒന്ന് സമഗ്രഹിച്ചു പറയുകയാണെങ്കിൽ…?

അംബേദ്കർ: തുടക്കത്തിൽ തന്നെ പറയാം. പുറം ലോകം, പ്രത്യേകിച്ചും പാശ്ചാത്യ ലോകം മിസ്റ്റർ ഗാന്ധിയോട് കാണിക്കുന്ന താൽപ്പര്യം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു. എന്റെ വിധിന്യായത്തിൽ അദ്ദേഹം ഇന്ത്യൻ ചരിത്രത്തിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നു. ഒരിക്കലും ഒരു യുഗത്തിന്റെ നിർമാതാവ് ഒന്നും ആയിരുന്നില്ല. ഈ രാജ്യത്തിന്റെ ഓർമ്മയിൽ‌ നിന്നും ഗാന്ധി ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വാർ‌ഷികത്തിൽ കോൺഗ്രസ് പാർട്ടി അവധിദിനം നൽകുന്നു, അദ്ദേഹത്തിന്റെ ജന്മദിനത്തിലോ അല്ലെങ്കിൽ‌ ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ദിവസത്തിലോ, എല്ലാ വർഷവും ഒരു ആഘോഷം നടക്കുന്നു, അതും ആഴ്ചയിൽ 7 ദിവസത്തേക്ക്. സ്വാഭാവികമായും ആൾക്കാരുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നു. ഈ കൃത്രിമ ശ്വസനം നൽകിയില്ലെങ്കിൽ, ഗാന്ധി വിസ്മൃതിയിൽ ആകുമെന്ന് ഞാൻ കരുതുന്നു.

ബിബിസി: അദ്ദേഹം അടിസ്ഥാനപരമായി ജനങ്ങളുടെ കാഴ്ചപാടുകളിൽ മാറ്റം വരുത്തിയെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

അംബേദ്കർ: ഇല്ല, ഒരിക്കലും ഇല്ല. വാസ്തവത്തിൽ, മിസ്റ്റർ ഗാന്ധി എല്ലായ്‌പ്പോഴും ഇരട്ടത്താപ്പൻ ആയിരുന്നു. അയാൾ രണ്ട് പ്രസിദ്ധീകരണങ്ങൾ നടത്തിയിരുന്നു, ഒന്ന് ഇംഗ്ലീഷിൽ ഹരിജൻ. 'യങ്‌ ഇന്ത്യയ്ക്ക്' മുമ്പ് ഗുജറാത്തിയിൽ, മറ്റൊരു പ്രസിദ്ധീകരണം നടത്തി, പേര് 'ദീൻ ബന്ദു' (പാവങ്ങളുടെ സുഹൃത്ത്) എന്നെങ്ങാൻ ആയിരുന്നു. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും വായിച്ചാൽ മിസ്റ്റർ ഗാന്ധി ജനങ്ങളെ എങ്ങനെ വഞ്ചിച്ചുവെന്ന് കാണാം. ഇംഗ്ലീഷ് പത്രത്തിൽ, ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും എതിരാളി എന്ന നിലയിൽ താൻ ജനാധിപത്യവാദിയാണെന്ന് അയാൾ സ്വയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഗുജറാത്തി മാഗസിൻ വായിച്ചാൽ നിങ്ങൾക്ക് അദ്ദേഹത്തെ കൂടുതൽ യാഥാസ്ഥിതിക മനുഷ്യനായി കാണാൻ കഴിയും. ജാതിവ്യവസ്ഥയെ, വർണാശ്രമ ധർമത്തെ, മറ്റൊരു തരത്തിൽ പറഞ്ഞാൽ യുഗങ്ങളായി ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങി കിടക്കുന്ന എല്ലാ യാഥാസ്ഥിതിക പിടിവാശികളെയും അയാൾ പിന്തുണയ്ച്ചിരുന്നു. ഗാന്ധി തന്റെ ഹരിജനിലും ഗുജറാത്തി പ്രസിദ്ധീകരണത്തിലും നടത്തിയ പ്രസ്താവനകളെക്കുറിച്ചു താരതമ്യപഠനം നടത്തി ആരെങ്കിലും മിസ്റ്റർ ഗാന്ധിയുടെ ജീവചരിത്രം എഴുതേണ്ടതുണ്ട്. അതിൽ ഏഴ് വാല്യങ്ങളുണ്ട്. പാശ്ചാത്യ ലോകം ഇംഗ്ലീഷ് പ്രബന്ധം മാത്രമേ വായിക്കുന്നുള്ളൂ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാശ്ചാത്യ ജനങ്ങളുടെ അന്തസ്സിൽ തുടരാൻ ഗാന്ധി ജനാധിപത്യ ആശയങ്ങൾ വാദിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ പ്രാദേശിക ഭാഷയിൽ യഥാർത്ഥത്തിൽ ആളുകളോട് എന്താണ് സംസാരിച്ചതെന്ന് നിങ്ങൾ കാണണം, ആരും അതൊന്നും പരാമർശിക്കുന്നെ ഇല്ല. മിസ്റ്റർ ഗാന്ധിയെക്കുറിച്ച് എഴുതിയ എല്ലാ ജീവചരിത്രങ്ങളും അദ്ദേഹത്തിന്റെ 'ഹരിജനേ'യും 'യങ് ഇന്ത്യ'യേയും ആസ്പദമാക്കിയുള്ളതാണ്. ഗുജറാത്തി രചനകളെ അടിസ്ഥാനമാക്കിയുള്ളതല്ല.

ബിബിസി: പട്ടികജാതിക്കാരുടെയും ഈ നിലനിൽക്കുന്ന ഘടനയുടെയും ഒക്കെ ദൈവം എന്ന നിലയിൽ നിന്ന് കൊണ്ട് അദ്ദേഹത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു?

അംബേദ്കർ: അദ്ദേഹത്തിന് വേണ്ടിയിരുന്നത്..... നിങ്ങൾ നോക്കു.. പട്ടികജാതിക്കാരെ സംബന്ധിച്ചു രണ്ട് കാര്യങ്ങളാണ് ഉള്ളത്, തൊട്ടുകൂടായ്മ ഇല്ലാതാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതേ സമയം ഞങ്ങൾക്ക് തുല്യ അവസരം നൽകപ്പെടണം. അങ്ങനെയെങ്കിലെ മറ്റു വിഭാഗങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഞങ്ങൾ ഉയരൂകയുള്ളു. കേവലം തൊട്ടുകൂടായ്മ ഇല്ലാതാക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ഉദ്ദേശം. കഴിഞ്ഞ 2000 വർഷമായി ഞങ്ങൾ തൊട്ടുകൂടാത്തവരായി ജീവിക്കുക്കുന്നു. ആരും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നിങ്ങൾ നോക്കു.... ആരും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതെ, ഇതെല്ലാം വളരെ വികലവും ക്രൂരവുമാണ്. ഉദാഹരണത്തിന് ആളുകൾക്ക് വെള്ളം എടുക്കാൻ കഴിയുന്നില്ല, ആളുകൾക്ക് കൃഷിചെയ്യാനും ഉപജീവനമാർഗം നേടാനും ഭൂമിയില്ല. ഇതിലുമൊക്കെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൂടിയുണ്ട്, അതായത് അവർക്ക് രാജ്യത്ത് തുല്യ പദവി ഉണ്ടായിരിക്കുക, അവർക്ക് ഉയർന്ന പദവികൾ വഹിക്കാനുള്ള അവസരമുണ്ടായിരിക്കുക, അതുവഴി അവരുടെ അന്തസ്സ് ഉയരുക മാത്രമല്ല, സ്വന്തം ജനതയെ സംരക്ഷിക്കാൻ തക്ക നയതന്ത്രപ്രധാനമായ സ്ഥാനം അവർക്ക് ലഭിക്കും. പക്ഷെ മിസ്റ്റർ ഗാന്ധി ഇതെല്ലാം പൂർണമായും എതിർത്തു. പൂർണമായും നിരാകരിച്ചു..

ബിബിസി: ക്ഷേത്ര പ്രവേശനം പോലുള്ള കാര്യങ്ങളിൽ അദ്ദേഹം സംതൃപ്തനായിരുന്നു.

അംബേദ്കർ: ക്ഷേത്ര പ്രവേശനം, അത് മാത്രമായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത്. ഇപ്പോൾ ആരാണ് ഹിന്ദു ക്ഷേത്രങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നത്.. അസ്പൃശ്യർ ബോധവാന്മാരായിരിക്കുന്നു, ക്ഷേത്രത്തിൽ പോകുന്നത് കൊണ്ട് ഒരു കാര്യവുമില്ല എന്നവർ മനസിലാക്കി. ക്ഷേത്രത്തിൽ പോയാലും ഇല്ലെങ്കിലും അവൻ അസ്പൃർക്കായുള്ള ക്വാട്ടേഴ്‌സ്കളിൽ തന്നെ തുടരണം. മുൻപ് തൊട്ട് കൂടായ്മ കാരണം അസ്പൃശ്യരെ ട്രെയിനിൽ പോകാൻ അനുവദിച്ചിരുന്നില്ല. ഇപ്പോൾ പിന്നെ റെയിൽ‌വേ പ്രത്യേക ക്രമീകരണങ്ങളൊന്നും നടത്താത്തതിനാൽ തന്നെ ഹിന്ദുക്കൾ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ല. എന്നാൽ ട്രെയിനിൽ ഒരുമിച്ചു യാത്ര ചെയ്യുന്നുണ്ടെന്ന് വെച്ച് ഹിന്ദുക്കൾ അവരുടെ ഗ്രാമീണ ജീവിതത്തിൽ ഇത് ആരംഭിക്കാൻ ശ്രമിച്ചു എന്നല്ല. റെയിൽവേ ഹിന്ദുക്കളെയും അസ്പൃശ്യരെയും ഒരുമിച്ചിരുത്തിയപ്പോൾ എല്ലാം അവർ‌ അവരുടെ പഴയ റോളുകൾ‌ ഏറ്റെടുക്കുന്നതായി നമുക്ക് കാണാൻ കഴിയും.

ബിബിസി: അപ്പോൾ നിങ്ങൾ പറയുന്നത് ഗാന്ധി ഒരു യാഥാസ്ഥിതിക ഹിന്ദുവാണെന്നാണോ?

അംബേദ്കർ:

Oswald Garrison Villard

അതെ, അദ്ദേഹം തികച്ചും യാഥാസ്ഥിതിക ഹിന്ദുവായിരുന്നു. മിസ്റ്റർ ഗാന്ധി ഒരിക്കലും ഒരു പരിഷ്കർത്താവായിരുന്നില്ല, അയാൾ ഒട്ടും ചലനാത്മകമായിരുന്നില്ല. തൊട്ടുകൂടായ്മയെക്കുറിച്ചുള്ള അയാളുടെ സംഭാഷണങ്ങളെല്ലാം തൊട്ടുകൂടാത്തവരെ കോൺഗ്രസിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമായിരുന്നു, അതൊരു കാര്യം.

രണ്ടാമതായി, അസ്പൃശ്യർ തന്റെ സ്വരാജ് മൂവ്മെന്റിനെ എതിർക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന് അസ്പർശ്യരുടെ ഉന്നമനം എന്നൊരു ലക്ഷ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ കറുത്തവർഗക്കാർക്ക് വേണ്ടി പോരാടിയ ഗാരിസണിനെ (ഓസ്വാൾഡ് ഗാരിസൺ വില്ലാർഡ്) പോലെ ഒരാൾ അല്ല മിസ്റ്റർ ഗാന്ധി.

ബിബിസി: ഗാന്ധിയില്ലാതെ ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

അംബേദ്കർ: ഓ. തീർച്ചയായും. എനിക്ക് ഉറപ്പുണ്ട്. അത് വളരെ പതുക്കെയുള്ള ഒരു പരിണാമം ആയിരുന്നേനെ. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നിയത് സ്വരാജ് ഇന്ത്യയിൽ വളരെ പതുക്കെ വന്നിരുന്നെങ്കിൽ അതിവിടുത്തെ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം ആവുമായിരുന്നു. ദുർബല വിഭാഗങ്ങൾക്കോ അല്ലെങ്കിൽ ഗ്രൂപ്പുകൾക്കോ ബ്രിട്ടീഷുകാരിൽ നിന്ന് അധികാരം കൈമാറുന്ന ഒരു ഘട്ടത്തിൽ സ്വയം പരിഷ്‌ക്കരിക്കപ്പെടാൻ കഴിയുമായിരുന്നു. ഇപ്പോൾ എല്ലാം കൂടി വെള്ളപ്പൊക്കം പോലെ വന്നിരിക്കുന്നു. ആളുകൾ അത്ര തയ്യാറായിരുന്നില്ല. ഇംഗ്ലണ്ടിലെ ലേബർ പാർട്ടി ഏറ്റവും വിവേകശൂന്യമായ പാർട്ടിയായിട്ടാണ് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്.

ബിബിസി: ഗാന്ധി ആണോ അതോ കോൺഗ്രസ് പാർട്ടിയാണോ അക്ഷമ കാണിച്ചത്?

അംബേദ്കർ: അല്ല. വ്യക്തിപരമായി പറയുകയാണെങ്കിൽ മിസ്റ്റർ അറ്റ്ലി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ സമ്മതിച്ചതെങ്ങനെയെന്ന് എനിക്കറിയില്ല. മിസ്റ്റർ അറ്റ്ലി ഒരു ദിവസം തന്റെ ആത്മകഥയിൽ ആ രഹസ്യം വെളിപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു.

ആരും അതത്ര പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള ഒരു മാറ്റമായിരുന്നു. എന്റെ ഒരു വിശകലനത്തിൽ ഈ തീരുമാനമെടുക്കാൻ ലേബർ പാർട്ടിയെ നയിച്ചത് രണ്ട് കാര്യങ്ങളാണ്. അതിലൊന്ന് സുഭാഷ് ചന്ദ്രബോസ് ഉയർത്തി കൊണ്ട് വന്ന നാഷണൽ ആർമി (ഐ.എൻ.എ) ആണ്. രാജ്യത്ത് എന്തു സംഭവിച്ചാലും രാഷ്ട്രീയക്കാർ എന്തുതന്നെ ചെയ്താലും അവർക്കൊന്നും സൈനികരുടെ വിശ്വസ്തത തകർക്കാൻ ഒരിക്കലും കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്നത്. അതിന്റെ താങ്ങിൽ ആണവർ ഭരണനിർവ്വഹണം നടത്തിക്കൊണ്ടിരുന്നത്. അത് പൂർണ്ണമായും തകർന്ന് തരിപ്പണമായി.

Clement Attlee

ബ്രിട്ടീഷുകാരെ തുരത്താൻ ഒരു പാർട്ടി അല്ലെങ്കിൽ ബറ്റാലിയൻ രൂപീകരിക്കുന്നതിന് സൈനികർ വശീകരിക്കപ്പെട്ടേക്കാം എന്ന് അവർ മനസിലാക്കി. എനിക്ക് തോന്നുന്നത് അപ്പോഴേക്കും ബ്രിട്ടീഷുകാർ അങ്ങനെ ഒരു നിഗമനത്തിൽ എത്തിയിരുന്നു, അതായത് ഇന്ത്യ ഭരിക്കുകയാണെങ്കിൽ അവർക്ക് ഭരിക്കാനുള്ള ഏക അടിസ്ഥാനം ബ്രിട്ടീഷ് സൈന്യത്തിന്റെ പരിപാലനമാണെന്ന്. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യൻ സൈനികർ 1857ൽ പ്രക്ഷോഭം നടത്തി. ഇന്ത്യയ്ക്ക് മേൽ നിയന്ത്രണം നിലനിർത്താൻ ആവശ്യമായ യൂറോപ്യൻ സംഘത്തെ നൽകാൻ ബ്രിട്ടീഷുകാർക്ക് ഒരിക്കലും സാധ്യമല്ലെന്ന് അവർ കണ്ടെത്തി. രണ്ടാമതായി, സൈന്യത്തെ പിരിച്ചുവിടണമെന്ന് ബ്രിട്ടീഷ് പട്ടാളക്കാർ ആഗ്രഹിച്ചു. കാരണം അവർക്ക് സിവിൽ ജോലികൾക്ക് പോകണമായിരുന്നു. സൈന്യത്തിന്റെ ക്രമേണയുള്ള പിരിച്ചുവിടൽ എത്രമാത്രം രോഷം ഉണ്ടാക്കിയിരുന്നുവെന്ന് അറിയുമോ... കാരണം, പിരിച്ചുവിടാത്തവർ കരുതിയത് പിരിച്ചുവിടപെട്ടവർ തങ്ങളുടെ ജോലി ഒക്കെ കരസ്ഥമാക്കികളയും എന്നാണ്. തങ്ങൾക്ക് എന്ത് സംഭവിക്കും എന്നൊക്കെ ആയിരുന്നു അവരുടെ ചിന്ത. അതുകൊണ്ട് ഇന്ത്യയെ താഴെയിറക്കാൻ വേണ്ടത്ര ബ്രിട്ടീഷ് സൈന്യം ഉണ്ടോ ഇല്ലയോ എന്നൊന്നും അവർക്ക് ചിന്തിക്കാനായില്ല... ഇതെല്ലാം എന്റെ ചിന്തകളാണ്.
ഇന്ത്യയിൽ നിന്ന് അവർക്ക് ലഭിച്ചത് വാണിജ്യമാണ്. സിവിൽ സർവീസുകാരുടെ ശമ്പളമോ സൈനിക വരുമാനമോ അല്ല. അതൊക്കെ ചെറുതായിരുന്നു. കൂടുതൽ ലാഭകരമായ എന്തെങ്കിലും കിട്ടുന്നതിനായി അതൊക്കെ ത്യാഗം ചെയ്യുന്നതാണ് നല്ലത്. ഏറ്റവും പ്രധാനം വാണിജ്യ-വ്യവസായം ആയിരുന്നു. ഇന്ത്യ സ്വതന്ത്രമായി തുടർന്നാലും ഇല്ലെങ്കിലും, അഥവാ ഇന്ത്യ ആധിപത്യ പദവിയോ, അതിൽ കുറഞ്ഞതോ ആയ എന്തെങ്കിലും സ്വീകരിക്കുകയോ ചെയ്തിരുന്നെങ്കിലും വാണിജ്യ-വ്യവസായം അതേപടി തുടരുക തന്നെ ചെയ്തേനെ. അത്ര ആധികാരികം ഒന്നും അല്ല... എന്നാലും ലേബർ പാർട്ടിയുടെ ലോകോത്തര പരിണാമം ഇങ്ങനെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ബിബിസി: ‘പൂന ഉടമ്പടി’യുമായി ബന്ധപെട്ടു താങ്കളും ഗാന്ധിയുമായുള്ള സംഭാഷണങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടോ?

അംബേദ്കർ : ഓ! തീർച്ചയായും ഓർക്കുന്നുണ്ട്. ബ്രിട്ടിഷ് സർക്കാർ മക്ഡൊണാൾഡ്ന്റെ നേതൃത്വത്തിൽ നൽകിയ യഥാർത്ഥ കമ്മ്യൂണൽ അവാർഡ് ശരിക്കും ഞാൻ മുന്നോട്ട് വെച്ച നിർദ്ദേശമായിരുന്നു. ഹിന്ദുക്കൾക്ക് വേണ്ടത് കോമൺ ഇലക്ടറേറ്റ് ആയിരുന്നു. പട്ടികജാതിക്കാരും ഹിന്ദുക്കളും തമ്മിൽ അന്തരം ഉണ്ടാകാതിരിക്കാൻ ഒരു പൊതു സ്ഥാനാർഥി ഉണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിച്ചു. കോമൺ ഇലക്ടറേറ്റ് നിലവിൽ വന്നാൽ ഞങ്ങൾ അടിച്ചമർത്തപ്പെടും എന്ന കൃത്യ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഹിന്ദുക്കളാൽ തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതിക്കാരുടെ പ്രതിനിധികൾ യഥാർത്ഥത്തിൽ ഹിന്ദുക്കളുടെ അടിമകളായിരിക്കും. അവർ ഒരിക്കലും സ്വാതന്ത്രരായിരിക്കില്ല. ഞാൻ മിസ്റ്റർ റാംസെ മക്ഡൊണാൾഡിനോട് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് സെപ്പറേറ്റ് ഇലക്ടറേറ്റ് വേണം, കൂടാതെ പൊതുതെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് രണ്ടാമതൊരു വോട്ട് കൂടി നൽകുകയും ചെയ്യുക. ഇതായിരുന്നു എന്റെ നിർദേശം. അങ്ങനെ എങ്കിൽ പൊതുതിരഞ്ഞെടുപ്പിൽ നിന്നും “ഞങ്ങൾ വിട്ടുനിന്നു” എന്ന് ഗാന്ധിക്ക് പറയാൻ കഴിയില്ല.

Ramsay MacDonald

പ്രധാനമായി എന്റെ വാദം ഇതായിരുന്നു: അഞ്ചുവർഷം ഞങ്ങൾ ഹിന്ദുക്കളുമായി എല്ലാത്തരത്തിലും, സാമൂഹികമായും ആത്മീയമായും പരസ്പരബന്ധമില്ലാതെ വേർപിരിഞ്ഞു ജീവിക്കുക. നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെട്ട അസ്പൃശ്യതയുടെ ദൃഢമായ ഈ പുറംതോട് ഇല്ലാതാക്കാൻ ഒരു ദിവസത്തെ കോമൺ ഇലക്ടറേറ്റ്ന് എങ്ങനെ കഴിയും? ഒരു പൊതു പോളിംഗ് ബൂത്തിൽ രണ്ടുപേർ ഒരുമിച്ച് വോട്ട് ചെയ്താൽ അവരുടെ ഹൃദയം മാറും എന്നൊക്കെ ചിന്തിക്കുന്നത് തന്നെ വിഢിത്തമാണ്. അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല.
മിസ്റ്റർ ഗാന്ധി സ്വയം ഭ്രമിച്ചിരിക്കുകയായിരുന്നു. അതവിടെ ഇരിക്കട്ടെ. ഇത്തരം ഒരു സംവിധാനം വഴി തൊട്ടുകൂടാത്തവർക്ക് വോട്ടവകാശം നൽകുക. അതുവഴി അവർക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിത്യം ലഭിക്കും. അങ്ങനെ വന്നാൽ മൂല്യം വോട്ടുകൾക്കായിരിക്കും മറിച്ചു പ്രതിനിധികൾക്കാവില്ല, അതുകൊണ്ട് ഗാന്ധിയും മറ്റുള്ളവരും ചിലപ്പോൾ പരാതിപ്പെടാതിരിക്കും.. അത് മക്‌ഡൊണാൾഡ് അംഗീകരിക്കുകയും ചെയ്യും.

കമ്മ്യൂണൽ അവാർഡ് ശരിക്കും എന്റെ നിർദ്ദേശമായിരുന്നു. നേപ്പിൾസിൽ നിന്നും ഒരു കത്ത് ഞാൻ അദ്ദേഹത്തിന് എഴുതി. ഞങ്ങൾക്ക് വേണ്ടത് ഇതാണെന്നും ഒരു കുഴപ്പവും ഉണ്ടാവില്ലെന്നും പറഞ്ഞു ഞാൻ അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തി. അദ്ദേഹം ഞങ്ങൾക്ക് സെപ്പറേറ്റ് ഇലക്ട്രെറ്റും പൊതു വോട്ടർമാരിൽ ഒരു വോട്ടും നൽകി. എന്നാൽ ഞങ്ങൾ ഞങ്ങളുടെ രണ്ട് പ്രതിനിധികളെ അയക്കുന്നതിൽ ഗാന്ധിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. കമ്മ്യൂണൽ അവാർഡിലെ സെപ്പറേറ്റ് ഇലക്ടറേറ്റ് എന്ന സമ്പ്രദായം തന്നെ ഗാന്ധി എതിർത്തിരുന്നു. തുടർന്ന് അദ്ദേഹം നിരാഹാരം ആരംഭിച്ചു. എല്ലാവരും എന്റെ നേർക്ക് തിരിഞ്ഞു. ഞാൻ കമ്മ്യൂണൽ അവാർഡ് നിരസിച്ചാൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഞങ്ങൾ നൽകിയത് ഞങ്ങളായി ഉപേക്ഷിക്കില്ല. എല്ലാം പരിഗണിച്ചു നോക്കി ഇതാണ് മികച്ച സംവിധാനമെന്ന് ഞങ്ങൾ ഉറപ്പു വരുത്തിയിരുന്നു. ഇതായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റെ നിലപാട്. റാംസെ മക്ഡൊണാൾഡിന്റെ കത്ത് നിങ്ങൾ വായിക്കണം, അത് വളരെ വ്യക്തമായ ഒരു പ്രസ്താവനയാണ്: “വിഭജനത്തെ വഷളമാക്കാൻ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല, വാസ്തവത്തിൽ ഒരു പൊതു തിരഞ്ഞെടുപ്പ് പട്ടികയിൽ രണ്ട് വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്”. എന്നാൽ ഗാന്ധിയുടെ ലക്ഷ്യം ഞങ്ങൾക്ക് സ്വതന്ത്ര പ്രാതിനിധ്യം ലഭിക്കരുത് എന്നായിരുന്നു. അതിനാൽ ഞങ്ങൾക്ക് പ്രതിനിധ്യം നൽകേണ്ടതില്ലെന്നായിരുന്നു റൗണ്ട് ടേബിൾ കോൺഫറൻസിൽ അദ്ദേഹത്തിന്റെ നിലപാട്.

ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിങ്ങനെ മൂന്ന് സമുദായങ്ങളെ മാത്രമാണ് ഞാൻ അംഗീകരിക്കുന്നതെന്ന് ഗാന്ധി പറഞ്ഞു. ഭരണഘടനയിൽ രാഷ്ട്രീയ അംഗീകാരം ലഭിക്കുക ഈ മൂന്ന് സമുദായങ്ങൾക്ക് മാത്രമായിരിക്കുമത്രേ. ക്രിസ്ത്യാനികൾക്കോ ആംഗ്ലോ-ഇന്ത്യക്കാർക്കോ പട്ടികജാതിക്കാർക്കോ ഭരണഘടനയിൽ സ്ഥാനമില്ല, അവർ പൊതുസമൂഹത്തിൽ ലയിക്കണം, അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ മനോഭാവം വിഢിത്തമാണെന്ന് അദ്ദേഹത്തിൻറെ എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തോട് പറഞ്ഞു. ഈ വിഷയത്തിൽ ഗാന്ധിയുടെ സുഹൃത്തുക്കൾ അദ്ദേഹവുമായി വഴക്കിട്ടിരുന്നു. ചരിത്രപരമായി രാഷ്ട്രീയ-സാമ്പത്തിക ശേഷിയിൽ പട്ടികജാതിക്കാരെക്കാൾ ആയിരം മടങ്ങ് മുന്നിലായ സിഖുകാർക്കും മുസ്‌ലിംങ്ങൾക്കും പ്രത്യേക പ്രാതിനിധ്യം നൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പട്ടികജാതിക്കാർക്ക് എങ്ങനെ അത് നിഷേധിക്കാനാകും? ഞങ്ങളുടെ പ്രശ്നം നിങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ഗാന്ധി എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്.

Horace Alexander

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സാണ്ടർ (ഹോറസ് അലക്സാണ്ടർ) പോലും ഇതിന്റെ പേരിൽ അദ്ദേഹത്തോട് ഗുരുതരമായ വഴക്കുണ്ടാക്കി. ഗാന്ധിയുടെ ശിഷ്യയായ ഒരു ഫ്രഞ്ച് വനിത, അവരുടെ പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല, അവരും വലിയ വഴക്കുണ്ടാക്കിയിരുന്നു. ഈ മനോഭാവം ഞങ്ങൾക്ക് മനസ്സിലാകുന്നില്ല, ഒന്നുകിൽ ഒരു പൊതു നിയമം കൊണ്ടുവന്ന് ആർക്കും ഒന്നും നൽകില്ലെന്ന് നിങ്ങൾ പറയുക. അപ്പോൾ അത് ഒരു ജനാധിപത്യപരമായ കാര്യമാണെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയും! നിങ്ങൾ പറയുന്നു മുസ്ലീങ്ങൾക്ക് നൽകാമെന്ന്... സിഖുകൾക്ക് നൽകാമെന്ന്... എന്നാൽ ദളിതർക്ക് നൽകരുത് എന്ന്. അതെന്തൊരു അസംബന്ധമാണ്....? ഇതിന് അയാൾ ഒരിക്കലും ഉത്തരം നൽകിയില്ല.

ഞങ്ങൾ ഈ രീതി നിർദ്ദേശിച്ച സമയം തന്നെ ഗാന്ധി പട്ടികജാതികാർക്ക് പ്രാതിനിധ്യം വേണ്ട എന്ന് പറഞ്ഞ് റാംസെ മക്ഡൊണാൾഡിന് കത്തയച്ചു. ആരും തന്നെ ഇക്കാര്യത്തിൽ പിന്തുണയ്ക്കില്ല എന്ന് ഗാന്ധിയുടെ സുഹൃത്തുക്കൾ വരെ അദ്ദേഹത്തോട് പറഞ്ഞു..
അവസാനം മാളവ്യയയും (മദൻ മോഹൻ മാളവ്യ) മറ്റു ചിലരും എന്റെയടുക്കൽ വന്നു പറഞ്ഞു: "ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയില്ലേ?"
എന്റെ മറുപടി ഇങ്ങനെയായിരുന്നു : "ബ്രിട്ടീഷ് പ്രധാനമന്ത്രിയിൽ നിന്ന് ഞങ്ങൾ നേടിയത് ത്യജിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."

ബിബിസി : അപ്പോൾ നിങ്ങൾ…?

അംബേദ്കർ: ഞാൻ മറ്റൊരു നിർദേശം മുന്നോട്ട് വെച്ചു. അത് പക്ഷെ സെപ്പറേറ്റ് ഇലക്ടറേറ്റ് ഉപേക്ഷിച്ചു കൊണ്ടല്ല. എങ്കിലും ചില പരിഷ്കരിക്കാരങ്ങൾക്ക് ഞാൻ സ്വയം തയ്യാറെടുത്തിരുന്നു. ഈ രീതിയിൽ... നോക്കു, അതായത് പട്ടികജാതിക്കാർക്ക് വേണ്ടി അവസാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ആദ്യം പട്ടികജാതിക്കാർ തന്നെ തിരഞ്ഞെടുക്കണം, പ്രാഥമിക തിരഞ്ഞെടുപ്പിൽ അവർ നാല് പേരെ തിരഞ്ഞെടുക്കണം, തുടർന്ന് ഈ നാലുപേരും പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും. ഏറ്റവും മികച്ചവർ തന്നെ തിരഞ്ഞെടുക്കപ്പെടട്ടെ. അതുവഴി നിങ്ങൾ (ഹിന്ദുക്കൾ) നിങ്ങളുടെ സ്വന്തം നോമിനികളെ ഉൾപ്പെടുത്തുന്നില്ല എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാം. പാർലമെന്റിൽ ഞങ്ങളുടെ ശബ്ദമാവാനുള്ള ആളുകളെ ഗാന്ധി സ്വീകരിക്കേണ്ടിവരും. അവസാനം അദ്ദേഹമത് അംഗീകരിച്ചു. എന്നാൽ അതിന്റെ ഗുണം ഒരു തിരഞ്ഞെടുപ്പിൽ മാത്രമാണ് ഉണ്ടായത്. അതായത് 1937ലെ തിരഞ്ഞെടുപ്പ്. അവിടെ ഫെഡറേഷൻ (ഷെഡ്യൂൾഡ്കാസ്റ്റ് ഫെഡറേഷൻ) വോട്ടുകൾ തൂത്തുവാരി വിജയിച്ചു, ഗാന്ധിക്ക് തന്റെ പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയെ പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല.

ബിബിസി: അപ്പോൾ... അവസാനം വരെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് വിലപേശൽ ഉണ്ടായോ?

അംബേദ്കർ: ഓ, തീർച്ചയായും അയാൾ വിലപേശി. ഞാൻ അയാളോട് ഒന്നും പറഞ്ഞില്ല. ഇത്രമാത്രം "നിങ്ങൾ അധികം കടുപ്പിച്ചില്ലേൽ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞാൻ ശ്രമിക്കാം. പക്ഷെ എന്റെ ജനതയുടെ ജീവിതത്തിന്റെ വില കൊടുത്ത് നിങ്ങളുടെ ജീവൻ ഞാൻ രക്ഷിക്കില്ല" നിങ്ങൾ തന്നെ നോക്കു... ഞാൻ ഇതിനെല്ലാം വേണ്ടി എത്രമാത്രം അധ്വാനിച്ചു. എനിക്ക് കൃത്യ ബോധ്യങ്ങൾ ഉണ്ടായിരുന്നു. അയാളുടെ ചപലതയ്ക്ക് വേണ്ടി എന്റെ ജനതയുടെ താൽപ്പര്യങ്ങൾ ത്യജിക്കാൻ എനിക്ക് കഴിയില്ല. അതൊക്കെ അയാളുടെ ചപലത മാത്രമായിരുന്നു. അയാൾ വെറും ചപലനായിരുന്നു. ഒരു ദിവസത്തെ പൊതുതെരഞ്ഞെടുപ്പ് എങ്ങനെയാണ് നിലനിൽക്കുന്ന സാഹചര്യത്തെ മാറ്റുന്നത്...? ലളിതമായി പറഞ്ഞാൽ അതൊന്നും ഒരിക്കലും സംഭവിക്കില്ല.

ബിബിസി: അതിനുത്തരം ആയി അദ്ദേഹം എന്ത് പറഞ്ഞു?

അംബേദ്കർ: അയാൾ ഒന്നും പറഞ്ഞില്ല. പട്ടിക ജാതിക്കാർ സിഖുകളേയും മുസ്ലീങ്ങളേയും പോലെ സ്വതന്ത്ര ശരീരമായാൽ ഈ മൂന്ന് വിഭാഗങ്ങൾ ഒത്തുചേർന്നുള്ള പോരാട്ടത്തിൽ ഹിന്ദുക്കൾ ഒറ്റയ്ക്കാകുമെന്നും അയാൾ ഭയപ്പെട്ടു. ഇതായിരുന്നു അയാളുടെ മനസിലിരിപ്പ്. ഹിന്ദുക്കൾ സഖ്യകക്ഷികൾ ഇല്ലാതെ ദുർബലപ്പെട്ട് പോകുന്നത് അയാൾ ആഗ്രഹിച്ചിരുന്നില്ല.

ബിബിസി: സത്യത്തിൽ അദ്ദേഹം.... അദ്ദേഹം പൂർണ്ണമായി ഒരു രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചിരിക്കണം.

അംബേദ്കർ: രാഷ്ട്രീയക്കാരനെന്ന നിലയിൽ അയാൾ ഒരിക്കലും മഹാത്മാവായിരുന്നില്ല. അയാളെ മഹാത്മാ എന്ന് വിളിക്കാൻ തന്നെ ഞാൻ വിസമ്മതിക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ അയാളെ മഹാത്മാ എന്ന് വിളിച്ചിട്ടില്ല, ആ പദവിക്ക് അയാൾ അർഹനല്ല. ധാർമികതയുടെ കണ്ണിൽ നോക്കിയാൽ പോലും അയാൾ ഒരു മഹാത്മാവായിരുന്നില്ല!!!Interview source:
https://www.youtube.com/watch?v=KDqkCy9jPec&t=517s&app=desktop
https://www.constitutionofindia.net/historical_constitutions/poona_pact_1932__b_r_ambedkar_and_m_k_gandhi__24th%20September%201932
'ദീൻബന്ധു' ആയിരുന്നില്ല. അംബേദ്കർ ഉദ്ദേശിച്ചത് 'ഹരിജൻബന്ധു' എന്ന ഗാന്ധിയുടെ ഗുജറാത്തി പ്രബന്ധം ആയിരുന്നു.
Ref: https://www.gandhiheritageportal.org/
http://www.ihr.org/jhr/v03/v03p407_Borra.html
Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
April 22, 2021, 7:02 pm INDIA